മുട്ടിന് താഴെ മുറിച്ചു മാറ്റപ്പെട്ട അവന്റെ കാൽ ചൂണ്ടി കാണിക്കുമ്പോഴും ആ മുഖത്ത് ചിരി മാത്രമായിരുന്നു…….

എഴുത്ത്:- സൽമാൻ സാലി

”എടാ..നമ്മുടെ അജിനാസ് എന്തേയ് ഗ്രൂപ്പിൽ ഇല്ലാത്തത് …?

എന്റെ ചോദ്യത്തിന് ആരും മറുപടി തരാതെ ഗ്രൂപ്പ് സയലന്റ് ആയി …

വഹട്സപ്പ്‌ ഗ്രൂപ്പ് തുടങ്ങിയ സമയത്താണ് പഴയ ഡിഗ്രി ബാച്ചിന്റെ ഗ്ഗ്രൂപ്പ് തുടങ്ങി അതിന്റെ തുടക്കത്തിലേ ബഹളങ്ങൾക്ക് ശേഷമാണ് എന്നെ ആഡ് ചെയ്യുന്നത്.. ഡിഗ്രി കഴിഞ്ഞതിന് ശേഷം ഉമ്മാടെ വീടിനടുത്തേക്ക് താമസം മാറിയതുകൊണ്ട് തന്നെ ആരുമായും കോണ്ടാക്ട് ഇല്ലായിരുന്നു അതാണ് ഞാൻ ഗ്രൂപ്പിൽ എത്താൻ വൈകിയത് ..

”എടാ സാലി ….അപ്പൊ നീ അറിഞ്ഞില്ലേ ….അജിനസിനു ഒരു ആക്സിഡന്റ് ഉണ്ടായി ….ഒരു കാല് നഷ്ട്ടപെട്ടു ..

ക്‌ളാസ്സിലെ വിനീത് എന്റെ ചോദ്യത്തിന് പ്രൈവറ്റായി മറുപടി തന്നപ്പോൾ ആദ്യം ഞാൻ ഒന്ന് ഞെട്ടി …

”എടാ ..ഞാനറിഞ്ഞില്ല ..എപ്പൊഴാടാ സംഭവിച്ചത് ..

കോളേജിൽ ന്റെ ഏറ്റവും അടുത്ത ചങ്ക് ആയിരുന്നു അജിനാസ് ….എന്റെ മാത്രം അല്ല കോളേജിൽ എല്ലാവരുടേം ചങ്ക് ആയിരുന്നു ഓൻ ….എപ്പൊഴും എന്തേലും സംസാരിച്ചുകൊണ്ടേ ഇരിക്കും ..പെണ്കുട്ടികളായാലും ആൺകുട്ടികളായാലും അവന് ഒരേപോലെയാണ് ..

””അവന്റെ കല്യാണം വിളിക്കാൻ ബന്ധു വീട്ടിൽ പോകുമ്പോൾ എതിരെ വന്ന ബസ്സ് തട്ടിയതാ ..കാലിൽ ടയർ കേറി കാല് മുറിക്കേണ്ടി വന്നെടാ …

”അവൻ ഉണ്ടായിരുന്നു ഗ്രൂപ്പിൽ പക്ഷെ എന്തോ അവൻ പെട്ടെന്നു ഗ്രൂപ്പ് വിട്ട് പോയി …

വിനീതിന്റെ മറുപടി കേട്ട് എന്തോ തലകറങ്ങുംപോലെയായി എനിക്ക് ..

എന്നും ഓടിച്ചാടി നടക്കുന്ന അവൻ കാലില്ലാതെ എങ്ങിനെയായിരിക്കും എന്നാലോചിച്ചു അന്ന് കിടന്നിട്ട് ഉറക്കം വന്നില്ല ….

പിറ്റേദിവസം രാവിലെ കെട്യോളോട് കാര്യം പറഞ്ഞു അവന്റെ വീട്ടിലേക്ക് പോകുമ്പോൾ ഒരൊറ്റ ചിന്ത മാത്രമായിരുന്നു അവനെ കാണുമ്പോൾ എന്ത് പറയും എന്നത് ..

അജിനുവിന്റെ വീട്ടിൽ കോളേജിൽ പഠിക്കുമ്പോൾ ഒരുപാട് വട്ടം വന്നിട്ടുണ്ടെങ്കിലും ഇപ്പൊ ഏഴ് വർഷം കഴിഞ്ഞിട്ടാണ് വരുന്നത് ..വീട് ഒരുപാട് മാറിയിരിക്കുന്നു ..നിറയെ ചെടികളും പൂക്കളും നിറഞ്ഞു നിൽക്കുന്ന മുറ്റം ..റോഡിനോട് ചേർന്ന് ഒരു കട വന്നിട്ടുണ്ട് ….ഞാൻ വണ്ടി സൈഡ് ആക്കി വീട്ടിലേക്ക് കേറാൻ നേരം പിന്നിൽ നിന്നുമൊരു വിളി ..

”ഡാ ..സാലി ….!!!

പെട്ടെന്നുള്ള ആ വിളിയിൽ ഞാൻ ഒന്ന് ഞെട്ടി ..

കാരണം കോളേജിൽ പഠിക്കുമ്പോൾ ഉള്ളതിൽ നിന്നും ഞാൻ ഒരുപാട് മാറിയിട്ടുണ്ടെന്ന് പലരും പറഞ്ഞിട്ടുണ്ട് ..തടിയും താടിയും ഉണ്ടായിട്ടും ആരാണ് ഇത്രയും ഉറപ്പോടെ വിളിച്ചതെന്നറിയാൻ ഞാൻ തിരിഞ്ഞു ആ കടയിലേക്ക് നോക്കി …

”ഡാ നീ വരുമെന്ന് എനിക്കറിയാമായിരുന്നു ..ഇങ്ങോട്ട് പോരെ …

ചിരിച്ചുകൊണ്ട് എന്നെ കടയിലേക്ക് വിളിക്കുന്ന അജിനുവിനെ കണ്ടപ്പോ എനിക്കൊരു സംശയം വിനീത് കള്ളം പറഞ്ഞതാണോ എന്ന്. ..

അവന്റെ കടയിലേക്ക് കേറി ചെല്ലുമ്പോൾ വാക്കിങ് സ്റ്റിക്ക് കുത്തിപൊടിച്ചു അവൻ എന്റെ അടുത്തേക്ക് വന്ന് എന്നെ കെട്ടിപിടിച്ചു …

”കള്ള സുബറെ ..ഇയ്യ്‌ വല്ലാണ്ട് അങ്ങട് കൊഴുത്തല്ലോ …!!!

എന്റെ ഫുട്‍ബോൾ പോലെ വീർത്ത വയറിൽ കുത്തികൊണ്ട് അവൻ ചിരിച്ചു സംസാരിക്കുമ്പോൾ എന്റെ മനസ്സ് വേറെ എവിടെയോ ആയിരുന്നു ..

അവനെ കാണും വരെ എന്തോ കാൽ ഇല്ലാത്ത അവനെ കാണുമ്പോൾ എങ്ങിനെ അവൻ പ്രതികരിക്കും എന്നറിയാതെ വിഷമിച്ചിരുന്ന എന്നെ അവൻ ശരിക്കും ഞെട്ടിച്ചു കളഞ്ഞു ……അജിനുവിന് ഒരു മാറ്റവും വന്നിട്ടില്ല ….പഴയ അതെ സംസാരവും കളിയും ചിരിയും …

””അതൊക്കെ പോട്ടെ ഞാൻ വരുമെന്ന് നിനക്കെങ്ങനെ അറിയാം …?

”ഹ ഹ ഹ …നീ ഗ്രൂപ്പിൽ വന്നതും എന്നെ തിരക്കിയതും ഗ്രൂപ്പിൽ ആരും മിണ്ടാത്തതും ഒക്കെ ഒരാൾ പറഞ്ഞു . ഞാനറിഞ്ഞു മോനെ …!!

”അതെന്താടാ കുതിരെ ആ ആൾക്‌ പേരില്ലേ ..?

”പേര് ഉണ്ട് നിനക്ക് നല്ലോണം അറിയേം ചെയ്യാം ..!

”അതാരാ ഡാ ..!!

”നൂറ ഫാത്തിമ …ന്തേയ് അനക്ക് അറിയോ ..?

മനസ്സിന്റെ അടിത്തട്ടിൽ മറവിയുടെ മണ്ണിട്ട് എത്ര തന്നെ മൂടിയാലും ഇടക്കിടക്ക്‌ മുളച്ചുപൊങ്ങുന്ന എന്റെ നഷ്ട്ടപ്രണയത്തിന്റെ പേര് ”നൂറാ ഫാത്തിമ …

”മ്മ്മ് …ഓള്..ണ്ടോ ആ ഗ്രൂപ്പിൽ …?

”നീ എന്നെ അന്വേഷിച്ചിട്ടും ഓളെ ഓർത്തില്ല ല്ലേ ..?

”ആ ….അത് പോട്ടെ …എന്താടാ നിനക്ക് പറ്റിയെ ..?

”എന്ത് പറ്റാൻ ഇതൊക്കെ തന്നെ …പറ്റിയത് .. അവൻ അതും പറഞ്ഞു മുണ്ട് നീക്കി അവന്റെ കാലിലേക്ക് ചൂണ്ടി …

മുട്ടിന് താഴെ മുറിച്ചു മാറ്റപ്പെട്ട അവന്റെ കാൽ ചൂണ്ടി കാണിക്കുമ്പോഴും ആ മുഖത്ത് ചിരി മാത്രമായിരുന്നു ..

””അന്ന് കല്യാണം വിളിക്കാൻ അമ്മായീടെ വീട്ടിലേക്ക് പോയതായിരുന്നു ബൈക്കിൽ ..മുന്നിൽ ഒരു ഓട്ടൊ പെട്ടെന്നു ചവിട്ടിയപ്പോൾ ഞാൻ ബൈക് ഒന്ന് വെട്ടിച്ചു ..ടയര് സ്ലിപ്പായി ബൈക് വീണതും ബാക്കിൽ ഉണ്ടായിരുന്ന ബസ്സിന്റെ ടയർ കാലിൽ കേറിയതും എനിക്ക് നല്ലവണ്ണം ഓർമ ഉണ്ട് ..

”ആളുകൾ ഓടിക്കൂടി വരുമ്പോൾ ഞാൻ എത്ര എഴുനേൽക്കാൻ ശ്രമിച്ചിട്ടും എനിക്ക് പറ്റുന്നുണ്ടായിരുന്നില്ല ..ആരുടെയോ വണ്ടിയിൽ എന്നെ എടുത്തിട്ട് ഹോസ്പിറ്റ ലിലേക്ക് പോകുമ്പോൾ കാലിലെ വേദന ഞാൻ അറിഞ്ഞിരുന്നില്ല. കണ്മുന്നിൽ ഉമ്മയും വാപ്പയും ഓളും ഒക്കെ മാറി മാറി തെളിഞ്ഞുകൊണ്ടിരുന്നു …

”ഒന്ന് ബോധം പോയിരുന്നെങ്കിൽ എന്നാഗ്രഹിച്ചുപോയ നിമിഷം …

ഹോസ്പിറ്റലിൽ എത്തിയത് എനിക്ക് ഓർമ്മ ഉണ്ട് ….പിന്ന ശരീരം കുത്തിവലിക്കുന്ന വേദനയുമായിട്ടാണ് എനിക്ക് ബോധം തെളിഞ്ഞത് ..

”നാല് ദിവസം കൊണ്ട് ആറ്‌ സർജറി കഴിഞ്ഞാണ് വീട്ടിലെത്തിയത് …

അത് പറയുമ്പോൾ അവൻ കാല് തടവിക്കൊണ്ടിരുന്നു ….അവന്റെ മുഖത്തുനിന്നും വായിച്ചെടുക്കാം അവൻ എത്രത്തോളം വേദന അനുഭവിചിട്ടുണ്ടെന്ന് ..

”പുറത്ത് നിന്നും മസിൽ എടുത്തും വലത് തുടയിൽ നിന്നും സ്കിൻ എടുത്തും മുട്ടിന് താഴെ തുന്നിച്ചേർത്തപ്പോൾ നീര് വന്നു പഴുപ്പ് വരാതിരിക്കാൻ നീര് വലിച്ചെടുക്കാൻ ഘടിപ്പിച്ച വാക്വം ഇടക്കിടക്ക് പ്രവർത്തിക്കുമ്പോൾ ദേഹത്ത് നിന്നും ഇറച്ചി കൊളുത്തി വലിക്കുന്ന ഒരു വേദന ..ണ്ട് …

”പാവം ന്റുമ്മ ….അത് കണ്ടു ബോധം കേട്ട് വീണ് രണ്ട് ദിവസം ഹോസ്പിറ്റലിൽ ആയിരുന്നു ….

”എല്ലാവരും സങ്കടത്തോടെയും സഹതാപത്തോടെയും എന്നെ നോക്കുമ്പോൾ ഒരിക്കൽ പോലും എന്റെ മുന്നിവച്ചു കണ്ണ് നിറക്കാതെ ഉരുക്കുപോലെ നിന്ന ഒരേ ഒരാളെ ഉണ്ടായിരുന്നുള്ളു ….ന്റെ വാപ്പച്ചി ..

”അനക്കറിയോ ..കാല് വേഗത്തിൽ ഉണക്കം വരാൻ ദിവസം രണ്ട് നേരം കഴുകി മരുന്ന് വെച്ച് കെട്ടണം ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിക്കോ എന്ന് പറഞ്ഞപ്പോൾ അവനെ അതികം ഹോസ്പിറ്റലിൽ കിടത്തേണ്ട വീട്ടീന്ന് ഞാൻ ചെയ്തോളാം എന്നും പറഞ്ഞു വീട്ടിലേക്ക് കൊണ്ടുവന്നത് വാപ്പച്ചിയാണ് ..

അന്നുമുതല് ദിവസവും രണ്ട് നേരം കാൽ വൃത്തിയാക്കി മരുന്ന് വെച് കെട്ടുന്നതും എന്നെ കുളിപ്പിച്ചതുമൊക്കെ ആ മനുഷ്യനാണ് ….

വേദന സഹിക്കാനാവാതെ ഉറക്കം വരാതെ കിടന്ന രാത്രികൾ മുഴുവൻ എന്നോടൊപ്പം ഇരുന്നു എന്നെ സമാധാനിപ്പിക്കാൻ ഓരോന്ന് പറഞ്ഞു പാവം ഉള്ളിൽ കരയുകയയിരുന്നു …

”മോനെ ഒരു കാൽ പോയതല്ലേ …………മരിക്കതെ നിന്നെ ഞങ്ങൾക്ക് തിരിച്ചു കിട്ടിയല്ലോ ..

ഓപ്പറേഷൻ കഴിഞ്ഞു എനിക്ക് ബോധം വന്നപ്പോൾ എന്റടുത്ത് വന്നു തലയിൽ തലോടിക്കൊണ്ട് അന്ന് വാപ്പ പറഞ്ഞ ഒരൊറ്റ വാക്ക് ആയിരുന്നു എന്നെ ജീവിക്കാൻ പ്രേരിപ്പിച്ചത് ….

””അപ്പൊ നിന്റെ കല്യാണം …?

”ആക്സിഡന്റ് ആയി രണ്ട് ദിവസം കഴിഞ്ഞപ്പോ അവളുടെ വാപ്പ എന്നെ കാണാൻ വന്നിരുന്നു ….അന്ന് പോകുമ്പോൾ ഒന്നും പറഞ്ഞിരുന്നില്ല ..

””പിന്നെയും രണ്ട് മാസം കഴിഞ്ഞു അവളുടെ വാപ്പയും രണ്ട് പേരും വാപ്പാനെ കാണാൻ വന്നിരുന്നു ..

ഒരു കാൽ ഇല്ലാതെ കിടപ്പിലായ എനിക്ക് അവരുടെ മകളെ കെട്ടിച്ചു തരാൻ താല്പര്യമില്ല എന്നറിയിച്ചു അവർ തിരിച്ചു പോയി …

””അന്ന് ആദ്ധ്യമായി ന്റെ വാപ്പച്ചിയുടെ കണ്ണ് നിറഞ്ഞു ഞാൻ കണ്ടു ..

”ആ ആക്സിഡന്റിൽ മരിച്ചാൽ മതിയായിരുന്നു എന്ന് ചിന്തിച്ചു പോയ നിമിഷം …

അത് പറയുമ്പോൾ അവന്റെ മുഖത്ത് നേരത്തെ കണ്ട ചിരി മാഞ്ഞുപോയിരുന്നു …..

അവൻ ഒന്ന് നിർത്തിയിട്ട് വീണ്ടും തുടർന്നു ..

””അന്ന് രാത്രി പതിവില്ലാത്ത ഒരു തലവേദന തുടങ്ങി ..വേദനയുടെ ഗുളിക കുടിച്ചിട്ടും കാലിലെ വേദനക്കൊപ്പം തലവേദനയും സഹിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല ….

”ശരീരവും മനസ്സും ഒരുപോലെ വേദനിച്ച രാത്രി …

”എന്റെ വേദനകൊണ്ടുള്ള ഞരക്കം കേട്ട് ഉപ്പച്ചി അടുത്ത് വന്നിരുന്നു എന്റെ തലയെടുത്തു ആ മടിയിൽവെച്ച് പതിയെ തലോടിക്കൊണ്ട് എന്നെ ആശ്വസിപ്പിക്കാൻ തുടങ്ങി ..

”മോനെ അജിനു …പ്പാടെ കുട്ടി വിഷമിക്കരുത് ട്ടോ ..ഓളെ അനക്ക് പടച്ചോൻ വിധിച്ചിട്ടില്ലെന്ന് കൂട്ടിയാൽ മതി ..

”പ്പാടെ കുട്ടിക്ക് ഓളോടോ ഓൾടെ വാപ്പനോടോ ദേഷ്യം ഒന്നും തോന്നരുത് കേട്ടോ .അയാളുടെ സ്ഥാനത്ത് ഈ ഞാനാണേലും അങ്ങിനെയൊക്കെയേ ചിന്തിക്കൂ ….ആരും സ്വന്തം കുട്ടിയെ കഷ്ടപ്പാടിലാക്കാൻ നിക്കൂലല്ലോ …

””ന്റെ കുട്ടിക്ക് മോന്റെ കുറവുകൾ മനസ്സിലാക്കി സ്നേഹിക്കാൻ പറ്റുന്ന ഒരു മോളേ ഈ ദുനിയാവില് പടച്ചോൻ പടച്ചിട്ടുണ്ടാവും ..നേരാവുമ്പോ ഓളെ ഞമ്മക്ക് കിട്ടും ……ഇയ്യ് ഇപ്പൊ അതൊന്നും ആലോചിച്ചു മനസ്സ് വിഷമിക്കരുത് …

മനസ്സ് തകർന്നിരിക്കുമ്പോഴും വാക്കുകൾക്കൊണ്ടു എന്നെ സമാധാനിപ്പിക്കാൻ ആ പാവം വല്ലാതെ സങ്കടം കടിച്ചമർത്തുന്നുണ്ടായിരുന്നു …

”ഞാൻ ഉറങ്ങി എന്ന് കരുതിയാണ് വാപ്പ റൂമിലേക്ക് പോയത് …വേദനകൊണ്ട് ഉറക്കംവരാതെ കിടക്കുമ്പോളാണ് വാട്സാപ്പിൽ എനിക്കൊരു മെസ്സേജ് വരുന്നത് ..ഫോണെടുത്തു കോണ്ടാക്ട് നെയിം കണ്ടതും ഹൃദയമിടിപ്പ് കൂടി ..

”ഖദീജ ..കല്യാണം ഉറപ്പിച്ച പെണ്ണ് ….

”ഒരുപാട് തവണ അവൾക്ക് മെസ്സജ് അയക്കണമെന്ന് കരുതിയതാണ് പക്ഷെ കാൽ നഷ്ട്ടപെട്ട എന്നെ അവൾ ഇഷ്ടപ്പെടുമോ എന്ന ചിന്ത എന്നെ അതിൽനിന്നും പിന്തിരിപ്പിച്ചു …

കുറേനേരം ഫോൺ കയ്യിൽ പിടിച്ചു ഞാൻ കിടന്നു ..അവളുടെ നാലഞ്ച് വോയ്‌സ് മെസ്സേജുകൾ വന്നപ്പോൾ വിറക്കുന്ന കൈകളോടെ ഞാൻ വാട്സാപ്പ് ഓൺ ആക്കി …

”അവളുടെ മെസ്സേജുകൾ ഓരോന്ന് പ്ലൈ ചെയ്യാൻ തുടങ്ങി …

”’ അസ്സലാമു അലൈകും ..ഞാൻ ഖദീജയാണ് ..ഒരുപാട് നാളായി ഒന്ന് മെസ്സേജ് അയക്കണെമെന്ന് കരുതുന്നു ……..എന്ത് പറയണം എന്നറിയില്ലായിരുന്നു എനിക്ക് ..വാപ്പ അന്ന് കണ്ടു വന്നപ്പോൾ പറഞ്ഞിരുന്നു നിങ്ങൾ ഒരുപാട് വേദന സഹിക്കുന്നുണ്ടെന്ന് ..അതുകൊണ്ട് തന്നെ മെസ്സേജ് അയക്കാൻ പേടി ആയിരുന്നു ….

””പക്ഷെ എന്നും ഫോണിൽ മെസ്സേജോ ഫോണോ വരുമ്പോൾ നിങ്ങളാണോ എന്നോർത്തു ഓടി വന്നിട്ടുണ്ട് ….പക്ഷെ അതൊന്നും നിങ്ങളായിരുന്നില്ല …

അവളുടെ ശബ്ദം എന്റെ ഹൃദയം കീറിമുറിച്ചുകൊണ്ടിരുന്നു ..കണ്ണുനീർ കവിളിലൂടെ ഒലിച്ചിറങ്ങി തലയിണ നനഞ്ഞു കുതിർന്നു ..

””എന്നും അഞ്ച് നേരം പടച്ചോനോട് ദുആ ചെയ്യാറുണ്ട് നിങ്ങളുടെ വേദനയെല്ലാം മാറി വേഗം ശരിയാവണേ എന്ന് …

””ഇന്ന് വാപ്പ അവിടെ വന്നത് ഞാൻ ഇപ്പോഴാണ് അറിഞ്ഞത് ..അതാണ് ഇപ്പൊ മെസ്സേജ് അയക്കുന്നത് …

ഖദീജയുടെ ശബ്ദമിടറുന്നത് എന്റെ കാതുകളിൽ മുഴങ്ങി ..തൊണ്ടവരണ്ടു പോയി ….ഒരു ഗ്ലാസ് വെള്ളം കിട്ടാനായി ഞാൻ ഉമ്മയെയും വാപ്പയെയും വിളിക്കാൻ ശ്രമിച്ചെങ്കിലും ശബ്ദം തൊണ്ടക്കുഴിയിൽ നിന്നും പുറത്തേക്ക് വരുന്നുണ്ടായിരുന്നില്ല .കൈകൾ തളരും പോലെ തോന്നി എനിക്ക്

അവളുടെ അവസാനത്തെ വോയ്‌സ് ഞാൻ പ്ലൈ ചെയ്തു ..

”നിങ്ങളുടെ മനസ്സിൽ എന്താനെന്ന് എനിക്കറിയില്ല ….എനിക്ക് കല്യാണത്തിന്ന് സമ്മതമാണ് .നിങ്ങളുടെ മറുപടി കിട്ടിയാൽ ഞാൻ വാപ്പച്ചിയെ പറഞ്ഞു സമ്മതിപ്പിച്ചോളാം ………!!!!!

അവളുടെ അവസാനത്തെ വോയ്‌സ് കേട്ടിട്ട് രണ്ട് കാലും ഉണ്ടെങ്കിൽ ഞാൻ തുള്ളിചാടിയേനെ ….കനലെരിയുന്ന ഹൃദയത്തിലേക്ക് ഒരു കുളിർക്കാറ്റ് പോലെ അവളുടെ ശബ്ദം എന്റെ ഹൃദയത്തിൽ പതിഞ്ഞിരുന്നു …

ഒരുപാട് ആലോചിച്ചിട്ടാണ് ഞാൻ അവൾക്ക് മറുപടി കൊടുത്തത് …

”’ഖദീജാ ..നിന്നോടൊപ്പമുള്ള ജീവിതം ഞാൻ ഒരുപാട് കൊതിച്ചതാണ് .പക്ഷെ നിന്നെ ഞാൻ ആദ്യമായി കാണുമ്പോൾ ഉള്ള അവസ്ഥ അല്ല എന്റെത് ഇപ്പോൾ ….എനിക്കൊരു കാല് നഷ്ടമായിരിക്കുന്നു ..മുന്നോട്ടുള്ള ജീവിതം എങ്ങനെ യായിരിക്കുമെന്ന് പോലും ഒരു നിശ്ചയവുമില്ല ..ഇനി അങ്ങോട്ടുള്ള എന്റെ ജീവിതത്തിന് പരിമിതികൾ ഉണ്ട് ..ഇതൊക്കെ അറിഞ്ഞിട്ടും നിനക്ക് ഇഷ്ട മാണെങ്കിൽ എനിക്ക് ആയിരം വട്ടം സമ്മതമാണ് …!

ഒരൊറ്റ ശ്വാസത്തിൽ പറഞു തീർത്ത് ഞാൻ ഫോൺ കിടക്കയിലേക്കിട്ടു …

കുറേനേരത്തേക്ക് അവളുടെ മറുപടി ഒന്നുമില്ലാതായപ്പോൾ അവൾക്ക് ഇഷ്ടമില്ലായിരിക്കും എന്ന് കരുതി ഞാൻ ഉറങ്ങാൻ ശ്രമിച്ചു ..

പെട്ടെന്നാണ് എന്റെ ഫോൺ റിങ് ചെയ്തത് ..അവളായിരുന്നു .. ഞാൻ ഫോണെടുത്തപ്പോൾ അപ്പുറത്ത് മൗനമായിരുന്നു കുറച്ചു കഴിഞ്ഞാണ് അവൾ സംസാരിച്ചു തുടങ്ങിയത് ….അന്ന് നേരംപുലരുവോളം ഞങ്ങൾ സംസാരിച്ചു ..

കുറെ നാളുകൾക്ക് ശേഷം ഞാൻ എന്റെ വേദനകൾ മറന്നു ചിരിച്ച നിമിഷങ്ങൾ ….സംസാരത്തിനിടെ അറിയാതെ രണ്ട് വട്ടം ഞാൻ എഴുനേൽക്കാൻ പോലും ശ്രമിച്ചിരുന്നു …

രണ്ട് ദിവസം കഴിഞ്ഞു ഖദീജയും ഉപ്പയും ഉമ്മയും എന്നെ കാണാൻ വന്നിരുന്നു ..ഞങ്ങൾ ഒന്നും സംസാരിച്ചില്ല കുറച്ചു നേരം അവൾ എന്നെയും എന്റെ കാലും നോക്കി ഇരുന്നു നിറഞ്ഞ കണ്ണുമായി റൂമിൽനിന്നും ഇറങ്ങിപ്പോയി ….!!

പിന്നെയും ഒന്നരമാസം എടുത്തു കാലിലെ മുറിവ് ഉണങ്ങി ഒന്ന് എണീറ്റ് നിൽക്കാൻ ……..പതിയെ വാക്കിങ് സ്റ്റിക്കിൽ ഊന്നി നടക്കാൻ തുടങ്ങിയപ്പോൾ ഖദീജയുടെ നിർബന്ധത്തിന് വഴങ്ങി അവളുടെ വാപ്പ അവളെ നിക്കാഹ് ചെയ്ത് തന്നു ….

അജിനാസ് അത് പറഞ്ഞു നിർത്തി എന്റെ മുഖത്തേക്ക് നോകുമ്പോൾ എന്റെ കണ്ണ് നിറഞ്ഞത് അവൻ കണ്ടിരുന്നു ..

”’എടാ കള്ള സുബറെ ഇയ്യെന്തിനാടാ കരയുന്നെ ..?

അവൻ അങ്ങിനെയാണ് എന്തും മുഖത്തടിച്ചു ചോദിക്കുന്ന സ്വഭാവം പണ്ടേ ഉള്ളതാണ് ..

””ഒന്ന് പോടാ കുരിപ്പേ …ഞാൻ കരഞ്ഞിട്ടൊന്നുമില്ല ..

””ന്റെ സാലീ ….ഒരു കണക്കിന് ആ ആക്സിഡന്റ് ആയത് നന്നായി എന്നാ ഞാൻ ഇപ്പൊആലോചിക്കുന്നത് ..ന്താ ..ന്നറിയോ നിനക്ക് ..

””അന്ന് ആക്സിഡന്റ് ആയില്ലേൽ ഓളേം കെട്ടി വർഷത്തിൽ ഒരു മാസം ലീവിന് വരുന്ന ഒരു പ്രാവാസി ആയേനെ ഞാനും ….

””ഇപ്പൊ ഒരു കാല് ഇല്ലെന്നേ ഉള്ളൂ ….ജീവിതം ഹാപ്പി ആണെടാ ….

”പടച്ചോൻ ന്റെ ഒരു കാല് അങ്ങോട്ട് എടുത്തിട്ട് പകരം രണ്ട് കാല് ആണ് എനിക്ക് തന്നത് ….ന്റെ ഖദീജയുടെ രൂപത്തിൽ ….

”നിനക്കറിയോ കല്യാണം കഴിഞ്ഞതിൽ പിന്നെ ഒരു ദിവസം പോലും ഓള് ന്നെ പിരിഞ്ഞിരുന്നിട്ടില്ല ..ഓൾടെ വീട്ടിൽ പോവണമെങ്കിൽ ഞാനും കൂടെ പോകണം അല്ലേൽ ഓള് പോവൂല…

”കല്യാണം കഴിഞ്ഞു കുറച്ചു ദിവസംകൊണ്ട് തന്നെ എന്റെ എല്ലാകാര്യങ്ങളും ഉപ്പച്ചിയിൽ നിന്നും ഓള് ഏറ്റെടുത്തിരുന്നു ….രാവിലെ ഓള് മുറ്റമടിക്കുമ്പോൾ എന്നെ മുറ്റത്ത് എവിടേലും കസേര ഇട്ട് ഇരുത്തും ..വൈകിട്ട് ചെടി നടാനുള്ള ചട്ടിയിൽ മണ്ണ് നിറക്കുന്നതും ചകിരി വെക്കുന്നതുമൊക്കെ എന്നെകൊണ്ട് ചെയ്യിച്ചും വീട്ടിലിരുത്താതെ എന്നെ ഈ കോലത്തിൽ മാറ്റിയെടുത്തത് അവളാണ് …

”അവളെ പോലെ തന്നെ അവളുടെ പൂക്കളെയും ചെടികളെയും സ്നേഹിച്ചുകൊണ്ട് ജീവിതം ഹാപ്പി ആയി മുന്നോട്ട് പോകുന്നു …

”ഈ കടപോലും അവളുടെ ബുദ്ധിയിൽ വിരിഞ്ഞതാണ് ..കേസ് ജയിച്ചു ഇന്ഷുറിൽ നിന്നും നല്ലൊരു തുക കിട്ടിയപ്പോൾ കടങ്ങൾ എല്ലാം വീട്ടി ടൗണിൽ ഒരു കട തുടങ്ങാനായിരുന്നു വാപ്പച്ചിയുടെ പ്ലാൻ ..ഓള് നിർബന്ധിച്ചതുകൊണ്ട് ഇവിടെ തുടങ്ങി ….ഇവിടെ ആവുമ്പോൾ ഒന്ന് ”ഖദീജാ എന്ന് വിളിച്ചാൽ മതി ഓള് ഓടി വരും …

അതും പറഞ്ഞു അജിനു ഖദീജയെ നീട്ടി വിളിച്ചു …

ചെടികൾക്കിടയിലൂടെ തട്ടം നേരെയാക്കികൊണ്ട് ഒരു മൊഞ്ചത്തി കടയിലേക്ക് കേറി വന്നു ……അവൾക്ക് എന്നെ പരിചയപെടുത്തികൊണ്ട് അവൻ എന്റെ പേര് പറഞ്ഞതും ഖദീജ അജിനാസിനെ ഒന്ന് നോക്കി …

”’നോക്കണ്ട ..ആ ആള് തന്നെയാണ് ……എന്ന് അജിനാസ് അവളോട് പറയുന്നത് കേട്ട് ഒന്നും മനസിലാവാതെ ഞാൻ അജിനുവിനെ നോക്കി ..

”നോക്കണ്ട …നൂറയും ഇവളും കട്ട കമ്പനിയാ ….അതുകൊണ്ട് തന്നെ എനിക്ക് എല്ലാം പറയേണ്ടി വന്നിട്ടുണ്ട് .. ഖദീജ കുടിക്കാൻ എന്തേലും എടുക്കാം എന്ന് പറഞ്ഞു പോയപ്പോളാണ് അവൻ പറയുന്നത് ….

കുറച്ചുകൂടി അവനോടൊപ്പം ഇരുന്നു ഇറങ്ങാൻ നേരം അവനും എന്നോടൊപ്പം വണ്ടിയുടെ അടുത്തേക്ക് വന്നു ..

”’ഡാ മോനെ കാട്ടുകോഴി ….ഇനി നീ നൂറയുടെ നമ്പർ കിട്ടാൻ ഗ്രൂപ്പിൽ തപ്പണ്ട ഞാൻ വാട്സാപ്പിൽ ഇട്ടേക്കാം ..നേരം കിട്ടുമ്പോൾ ഒന്ന് വിളിച്ചുനോക് …

അവനോട് യാത്ര പറഞ്ഞു വണ്ടി വീടെത്താനായപ്പോൾ അവന്റെ മെസ്സേജ് വന്നു ..

condact .Noora faathima …

സേവ് ചെയ്യാനായി നമ്പർ എടുത്തപ്പോൾ കുഞ്ഞു നൂറയുടെ ഫോട്ടോ പ്രൊഫൈൽ ആയി വെച്ചിട്ടുണ്ട് ..

noor muhammad ..കോണ്ടാക്ട് നെയിം സേവ് ചെയ്ത് ഞാൻ വീട്ടിലേക്ക് കേറി …………

അല്ലെങ്കിലേ നൂറ എന്ന് കേട്ടാൽ ഓൾക് കലിപ്പ് ആണ് ഇനി നമ്പർ കൂടി കണ്ടാൽ ന്റെ കാല് ഓള് തല്ലിയൊടിക്കും ബെർതെ എന്തിനാണ് …….

ശുഭം ….

ന്റെ പൊന്നാര ചങ്ങായിമാരെ ഇങ്ങനൊന്നും എഴുതാൻ കരുതിയതല്ല.. ന്തേലും കോമഡി ആണേൽ വേഗത്തിൽ എഴുതാമായിരുന്നു ..ഇങ്ങളെയൊക്കെ ഒന്ന് കരയിപ്പിക്കാൻ ബെല്യ പാടാണ് ന്ന് ഇപ്പൊ മനസിലായി …വായിച്ചിട്ട് ഇമോജി ഇടാതെ എന്തെങ്കിലും രണ്ട് വാക്ക് കുറിക്കാൻ മറക്കണ്ട …