മുടിവെട്ടികൊണ്ടിരിക്കുമ്പോൾ ഒറ്റ ചിന്ത മാത്രമാണ്.. എങ്ങിനെ ഷേവ് ചെയ്യാൻ പറയും.. പറഞ്ഞാൽ ചെയ്തു തരുമോ……

എഴുത്ത്:-സൽമാൻ സാലി

ഒരു പതിനഞ്ചു വർഷങ്ങൾക്ക് മുൻപ്.. അതായത് പത്താം ക്ലാസ്സിൽ
പടിച്ചോണ്ടിരിക്കുന്ന സമയം..

അടുത്തിരിക്കുന്ന ജാഫറിനും വിനീതിനും കുറച്ചു താടിയൊക്കെ മുളച്ചു പഹയന്മാർ മുടിവെട്ടുന്ന ദിവസം ഷേവും ചെയ്തു ക്ലാസ്സിൽ വരും.. മരുന്നിനുപോലും ഒരു രോമം മുഖത്ത് ഇല്ല എങ്കിലും അന്ന് വീട്ടിൽ പോയി കണ്ണാടിയുടെ മുന്നിൽ നിന്ന് സ്കാൻ ചെയ്തു നോക്കും ഒരു രോമമെങ്കിലും മുഖത്തെവിടെയേലും മുളച്ചോ എന്ന്..

എവിടെ… എന്നും നിരാശ മാത്രം..

അങ്ങിനെ ഇരിക്കെയാണ് വിനീതിന്റെ ഉപദേശം

”ഡാ… താടി വരാൻ ആദ്യം ഒന്ന് വെറുതെ ഷേവ് ചെയ്യണം.. മുഖത്തെ ആ വെളുത്ത പൂച്ചരോമമൊക്കെ പോയി.. നല്ല കറുത്ത രോമം അപ്പോഴാണ് വരിക..

അന്ന് വീട്ടിലേക് പോകുമ്പോൾ ഒറ്റ ചിന്ത മാത്രം.. എങ്ങിനെ ഷേവ് ചെയ്യും.. ബാത്‌റൂമിൽ കണ്ണാടി ഇല്ല.. ഷേവിങ് സെറ്റ് ഇല്ല.. ബ്ളെടെവെച്ചു ചെയ്യാന്നു വെച്ചാൽ ശീലമില്ലാത്ത പണിയാണ് ഒന്ന് പാളിയാൽ മുഖം സീനാകും…

രണ്ടു ദിവസത്തെ ആലോചനക്ക് ശേഷം ഒരു തീരുമാനത്തിലെത്തി.. മുടിവെട്ടുന്ന ദിവസം കണാരേട്ടനെക്കൊണ്ട് താടി വടിപ്പിക്കാം..

സ്കൂൾ വിട്ട് വന്നു സൈക്കിളുമെടുത് കണാരേട്ടന്റെ ‘സീസൺ ‘സലൂണിലേക് ചവിട്ടി വിട്ടു.. കടയുടെ മുന്നിലെത്തിയതും ബ്രേക് പോലും പിടിക്കേണ്ടി വന്നില്ല സൈക്കിൾ നിന്നു..കാരണം അയൽവാസി അമ്മദ്ക്കയും നാണുവേട്ടനും പിന്നെ വേറെയും മൂന്ന് പേര്.. അവിടെ കയറി ഷേവ് ചെയ്യാൻ പറഞ്ഞാൽ ഉള്ള അവസ്ഥ ഓർത്തു സൈക്കിളുമായി അവിടെ നിന്നും വിട്ടു..

അങ്ങിനെ നാല് അറ്റംപ്ട് പരാചയപെട്ടതിന് ശേഷമാണ് മനസിലായത്.. അവിടെ ആളില്ലാത്ത സമയം എപ്പോയാണ് എന്ന് ആദ്യം കണ്ടെത്തണം എന്ന്.. ഒരാഴ്ചത്തെ പരിശ്രമത്തിന് ശേഷം മനസിലായി ഉച്ചക്ക് രണ്ട് മണിമുതൽ നാല് മണിവരെ അവിടെ ആൾ കുറവായിരിക്കും എന്ന്..

പിറ്റേ ദിവസം ചോറും തിന്നു ഉമ്മാനോട് ഇരുപത് ഉറപിയായതും വാങ്ങി “സീസൺ സലൂൺ ലക്ഷ്യമാക്കി സൈക്കിൾ ചവിട്ടി..

ഭാഗ്യം.. ആരും ഇല്ല കണാരേട്ടൻ ഊണ് കഴിഞ്ഞു പേപ്പർ വായനയിലാണ്..

വേഗം കയറി ഇരുന്നു മുടിവെട്ടാൻ പറഞ്ഞു..

മുടിവെട്ടികൊണ്ടിരിക്കുമ്പോൾ ഒറ്റ ചിന്ത മാത്രമാണ്.. എങ്ങിനെ ഷേവ് ചെയ്യാൻ പറയും.. പറഞ്ഞാൽ ചെയ്തു തരുമോ.. ചിന്തയിലിരുന്നത് കൊണ്ട് മുടിവെട്ടി കഴിഞ്ഞതറിഞ്ഞില്ല..

മുടി വെട്ടി കഴിഞ്ഞിട്ടും കസേരയിൽ തന്നെ ഇരിക്കുന്ന എന്നെ നോക്കി കണാരേട്ടന്റെ ചോദ്യം..

“എന്താ ഷേവ് ചെയ്യണോ..?

തേടിയ വള്ളി താടിക്ക് ചുറ്റി എന്ന് പറഞ്ഞതുപോലെയായി എന്റെ അവസ്ഥ.. 110വോൾട് ഫിലിപ്സ് ബൾബ് കത്തിച്ച പ്രകാശം മുഖത്ത് വിരിഞ്ഞു.. കണാരേട്ടന്റെ മുഖത്തുനോക്കി ഒന്ന് ചിരിച്ചു..

അയലിൽ കിടന്ന മഞ്ഞ ടർക്കി എടുത്തു കുടഞ്ഞു കഴുത്തിനു ചുറ്റും വിരിച്ചു നിവ്യ ക്രീമിന്റെ ഒഴിഞ്ഞ ഡപ്പിയിൽ കുത്തനെ വച്ച വെള്ള ബ്രെഷ് വെള്ളത്തിൽ മുക്കി അതിൽ
വി ജോൺ ക്രീം എടുത്തു മുഖത്തു തേക്കാൻ തുടങ്ങി..

എന്തോ.. എന്നിൽ അത് രോമാഞ്ചം ഉളവാക്കി..

ഷേവിങ് ബ്രഷ് മേശയിൽ വെച്ച് ഷേവിങ് കത്തിയിൽ ബ്ലേഡ് മാറ്റി മുഖത്തോട് അടുപ്പിച്ചതും കണാരാ എന്നും വിളിച്ചോണ്ട് ഹാജിക്ക കയറി വന്നു..

‘പടച്ചോനെ പണി പാളി.. എന്ന് മനസ്സിൽ വിചാരിച്ചു മുഖം തായോട്ട് താഴ്ത്തും തോറും കണാരേട്ടൻ മുഖം മുകളിലോട്ട് ഉയർത്തിപ്പിടിക്കാൻ തുടങ്ങി..

ഹാജിയാർ ഒന്ന് മുഖത്തോട്ട് തന്നെ നോക്കി പിന്നെ സ്വയം “തക്കാളിപ്പെട്ടിക്കും ഗോദറേജിന്റെ പൂട്ടോ” എന്നും പറഞ്ഞു അവിടെ പേപ്പർ വായനയിൽ മുഴുകി..

”തരിശ് ഭൂമിയാണ് വല്ലാതെ കിളക്കണ്ട ചോര പൊടിയും ..
ഇടക്ക് ഒന്ന് തിരിഞ്ഞു നോക്കിയിട്ട് ഹാജ്യാർ കണാരേട്ടനോടായി പറഞ്ഞു

അതുവരെ ഉണ്ടായിരുന്ന രോമാഞ്ചമെല്ലാം എവിടെയോ പറന്നു പോയിരുന്നു.. എങ്ങിനെയെങ്കിലും ഒന്ന് കഴിഞ്ഞാൽ മതി എന്നായിഎന്റെ അവസ്ഥ…ഒരു വിധം കന്നി ഷേവിങ് കഴിഞ്ഞു പോക്കറ്റില്നിന്നും ഇരുപതുരൂപ കണാരേട്ടന് കൊടുത്തു ബാക്കി രണ്ടുരൂപ വാങ്ങി പോക്കറ്റിലിട്ടു ഹാജിയാരുടെ കണ്ണിൽ പെടാതെ അവിടിന്നിറങ്ങാൻ തുടങ്ങിയതും ഹാജിയാർ

“”ഡാ.. ഉപ്പാപ്പനോട് വൈകിട്ടൊന്ന് വീട്ടിലേക് വരാൻ പറയണം ട്ടോ…

അവിടുന്നിറങ്ങി വീട്ടിലേക്ക് നടക്കുമ്പോൾ ഒറ്റ ചിന്ത മാത്രം എന്തിനായിരിക്കും ഹാജിയാർ ഉപ്പാപ്പനോട് വീട്ടിലേക് ചെല്ലാൻ പറഞ്ഞത്…?