മകൻ്റെ വിവാഹം നടക്കുന്നില്ല. മൂന്ന് വർഷമായി വരുന്ന ആലോചനകൾ എല്ലാം മുടങ്ങുന്നൂ……

അലിവ്

Story written by Suja Anup

“ഏതു നേരത്താണോ ഈ വഴിയിലൂടെ വണ്ടി എടുക്കുവാൻ തോന്നിയത്. ഗൂഗിൾ അമ്മായി കാരണം ഒരന്തോം കുന്തോം ഇല്ലാത്ത സ്ഥലത്താണല്ലോ ചെന്നെത്തിയത്..”

“അവളോട് ഞാൻ ഒരായിരം പ്രാവശ്യം പറഞ്ഞതാണ് വണ്ടിക്കു രണ്ടു ദിവസ്സമായി കുഴപ്പമുണ്ട്. അവധിക്കാലമല്ലേ, നീ കുട്ടികളുടെ കൂടെ അവിടെ അങ്ങു തറവാട്ടിൽ കൂടിക്കോ, എല്ലാ ആഴ്ചയും അങ്ങനെ വരുവാൻ പറ്റില്ല. അടുത്താഴ്ച ഞാൻ എന്തായാലും അങ്ങു വരാം. അവൾക്കായിരുന്നൂ നിർബന്ധം….”

“ഇപ്പോൾ എന്തായി ഒറ്റയ്ക്ക് ഞാൻ ഈ കാട്ടിൽ കുടുങ്ങി….”

ഇനി എങ്ങനെ മുന്നോട്ടു പോകുവാൻ പറ്റും. ആലോചിക്കുമ്പോൾ തല കറങ്ങുന്നൂ..

ചുറ്റിലും ഇരുട്ടു മൂടി തുടങ്ങി. ചെറിയ പേടി തോന്നി തുടങ്ങി.

ഇനി എങ്ങനെ ഗൂഢല്ലൂർ എത്തും….? വല്ല യക്ഷിയോ മറ്റോ വന്നാൽ….പണ്ട് വായിച്ച കഥകളിലെ എല്ലാ യക്ഷികളും ഇറങ്ങി വരുമോ…?

പെട്ടെന്ന് അകലെ നിന്നും വെളിച്ചം വരുന്നത് കണ്ടൂ…

“ഭാഗ്യം, ഈ കാട്ടുമുക്കിലും ഈ സമയത്തു ഒരു വണ്ടി വരുന്നുണ്ട്..”

കാർ അടുത്തെത്തിയതും നിന്നൂ. വണ്ടിയിൽ നിന്നും ഒരു യുവകോമളൻ ഇറങ്ങി.

പേടി കാരണം പ്രേതമാണോ മനുഷ്യനാണോ എന്നറിയുവാൻ വയ്യ…

“എന്താ ചേട്ടാ, ഒറ്റയ്ക്ക് ഈ നേരത്തു ഇവിടെ. പുലി ഇറങ്ങുന്ന സ്ഥലമാണ്..”

“എന്ത് പറയുവാനാണ്. ഗൂഢല്ലൂർക്ക് പോകുന്ന വഴിയാണ്. കാർ കേടായി. അടുത്തെങ്ങാനും വർക്ക് ഷോപ്പ് ഉണ്ടാകുമോ..?”

“ഈ നേരത്തു ഈ വഴിക്കു ആരും വരില്ല. ഞാൻ ഒരു ആവശ്യത്തിന് ടൗണിൽ പോയതാണ്. ചേട്ടൻ വിഷമിക്കേണ്ട, കാർ നന്നാക്കുവാൻ ടൗണിൽ നിന്നും നാളെ ആളെ വരുത്താം. എൻ്റെ വീട് ആ കാണുന്ന എസ്റ്റേറ്റിനുള്ളിൽ ആണ്. കൂടെ പോന്നോളൂ..”

ആദ്യം ചെറിയ പേടി തോന്നിയെങ്കിലും രാത്രി വെറുതെ പുലിക്ക് ഭക്ഷ്ണം ആവേണ്ടല്ലോ എന്ന് കരുതി അവൻ്റെ കൂടെ പോകുവാൻ തീരുമാനിച്ചൂ…

…………………………

കുറച്ചു ദൂരം മാത്രമേ അവിടെ നിന്ന് ആ വീട്ടിലേയ്ക്കു ഉണ്ടായിരുന്നുള്ളൂ. അമ്മയും മകനും രണ്ടു ജോലിക്കാരും മാത്രമുള്ള ഒരു ബംഗ്ലാവ്. രാത്രിയിലെ ഭക്ഷണം അവർ തന്നൂ.

പതിയെ ഓരോ വിശേഷങ്ങൾ പറഞ്ഞു തുടങ്ങി. വളരെ നല്ല ആളുകൾ.

അതിനിടയിൽ എപ്പോഴോ ആണ് ആ അമ്മ അവരുടെ സങ്കടം പറഞ്ഞത്.

“മകൻ്റെ വിവാഹം നടക്കുന്നില്ല. മൂന്ന് വർഷമായി വരുന്ന ആലോചനകൾ എല്ലാം മുടങ്ങുന്നൂ. ജാതകത്തിൽ മുഴുവൻ കുഴപ്പങ്ങൾ ആണ്. ഇനി ഒരു മാസത്തിനുള്ളിൽ ഒരു വിവാഹം നടന്നില്ലെങ്കിൽ ഈ ജന്മത്തിൽ അത് നടക്കില്ല.”

അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അവർ ഒത്തിരി കാര്യങ്ങൾ പറഞ്ഞു…

ഒരു ജന്മത്തിൻ്റെ കഷ്ടപ്പാട് മൊത്തം ആ വാക്കുകളിൽ ഉണ്ടായിരുന്നൂ. അവരുടെ ചെറുപ്പത്തിലേ തന്നെ ഭർത്താവു മരിച്ചു പോയിരുന്നൂ. അതിനു ശേഷം ആ മകനു വേണ്ടി അവർ സ്വന്തം ജീവിതം മാറ്റി വച്ചൂ. ഇപ്പോൾ അത് ഒരു കുറ്റമായി പെൺവീട്ടുകാർ കരുതുന്നൂ.

“ചെറുപ്പത്തിലേ വിധവയായ അമ്മയുള്ള വീട്ടിലേയ്ക്കു മകളെ കെട്ടിച്ചു നൽകുവാൻ ആളുകൾ മടിക്കുന്നൂ..”

ആ അമ്മയുടെ മുഖത്തു നോക്കിയപ്പോൾ എവിടെയൊക്കെയോ എൻ്റെ അമ്മയെ ഓർമ്മ വന്നൂ. അച്ഛൻ മരിച്ചതിനു ശേഷം ഞങ്ങളെ കഷ്ടപ്പെട്ട് വളർത്തിയത് അമ്മ ഒറ്റയ്ക്കാണ്.

വിശേഷങ്ങൾ ഓരോന്ന് പറഞ്ഞിരുന്നു നേരം പോയി….

രാവിലെ ഞാൻ എഴുന്നേറ്റു വരുമ്പോഴേയ്ക്കും അവൻ വണ്ടി ശരിയാക്കുവാനുള്ള ആളെ കൊണ്ട് വരുവാൻ പോയി.

വണ്ടിയെല്ലാം ശരിയാക്കി തറവാട്ടിൽ എത്തുമ്പോഴും അവർ പറഞ്ഞ കാര്യങ്ങൾ മനസ്സിൽ തങ്ങി നിന്നൂ.

വൈകീട്ട് ചേട്ടനോട് സംസാരിക്കുമ്പോൾ പെട്ടെന്ന് എനിക്ക് ചേട്ടൻ്റെ ഒരേ ഒരു മകൾ വീണയുടെ കാര്യം ഓർമ്മ വന്നൂ.വഴിയിൽ സംഭവിച്ചതെല്ലാം ഞാൻ ചേട്ടനോട് പറഞ്ഞു.

“ചേട്ടാ, നമ്മുടെ വീണയെ ആ പയ്യന് വേണ്ടി ആലോചിച്ചാലോ..”

“എനിക്ക് സമ്മതമാണ്. പക്ഷേ, അവൾക്കും ജാതകത്തിൽ പ്രശ്നങ്ങൾ ഉണ്ട്. ഇതു നടക്കുമോ..”

പിന്നെ ഒന്നും നോക്കിയില്ല. ചേട്ടൻ്റെ അനുവാദം മാത്രം മതി എനിക്ക്.

അവളുടെ ജാതകം അവർക്കു കൈമാറി. ഞങ്ങളെ ഞെട്ടിച്ചു കൊണ്ട് പത്തിൽ പത്തു പൊരുത്തം ഉണ്ടെന്നു ജോത്സ്യൻ പറഞ്ഞു.

“ഈ രണ്ടു ജാതകങ്ങളും ചേരേണ്ടതാണത്രേ…”

പിന്നെ ഒന്നും നോക്കിയില്ല. വിവാഹം ഉറപ്പിച്ചൂ. അടുത്ത മുഹൂർത്തത്തിൽ അതങ്ങു നടത്തി.

അവൾ പടി ഇറങ്ങി പോകുന്നത് കണ്ടപ്പോൾ തെല്ലു വിഷമം തോന്നി.

ആ സമയത്താണ് വലിയ ഗമയിൽ നടക്കുന്ന ഭാര്യയെ ശ്രദ്ധിച്ചത്. ഇവൾക്ക് ഇതെന്തു പറ്റി. താഴത്തൊന്നുമല്ലല്ലോ..

“എടീ, നിനക്കിതെന്തു പറ്റി..?”

“അതേ ഏട്ടാ, അവസാനം ഞാൻ മൂലം വീണമോളുടെ കല്യാണം നടന്നല്ലോ..?”

“നീ കാരണം..?”

“ഞാൻ അന്ന് വരുവാൻ പറഞ്ഞത് കൊണ്ടാണല്ലോ ഏട്ടൻ ആ വഴി വന്നതും ഈ കല്യാണം നടന്നതും..”

ഞാൻ ഒന്നും പറഞ്ഞില്ല. ഒരു കാര്യം മാത്രം മനസ്സിൽ വന്നൂ “പുലി എന്നെ പിടിച്ചു ചാപ്സ് ആക്കി അടിക്കുന്ന രംഗം..”

ഒരു പക്ഷേ വിധി എന്നൊന്ന് ഉണ്ടാകും. അല്ലെങ്കിൽ ഇത്ര കൃത്യമായി എങ്ങനെ ആ വഴിയിൽ വണ്ടി കേടാകുന്നൂ. അവനെ കണ്ടുമുട്ടുന്നൂ…

ആ അമ്മയുടെ കണ്ണുനീർ കണ്ടു ദൈവത്തിനു അലിവ് തോന്നിയാതാകും..