പ്രണവപല്ലവി ~ ഭാഗം 09, എഴുത്ത്: ആർദ്ര നവനീത്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

എല്ലാവരുടെയും അടക്കിപ്പിടിച്ചുള്ള ചിരി കണ്ട് പ്രണവ് എല്ലാവരെയും ഇരുത്തി നോക്കി.

നാളെ മാമന്റെ കൂടെ കിടക്കാം. ഇന്ന് അമ്മ മോന് കഥ പറഞ്ഞുതരാം.. വന്നേ പ്രകൃതി ഋഷിയെ വിളിച്ചു.

വേണ്ട… പവിയാന്റി വേണം.. മാമൻ വേണം.. ഋഷിക്കുട്ടൻ കരച്ചിൽ നിർത്താൻ തയ്യാറല്ലായിരുന്നു.

പവിയും ചിരി അടക്കാൻ പാട് പെടുന്നുണ്ടായിരുന്നു.

വേണ്ട ചേച്ചീ മോനെ കരയിപ്പിക്കേണ്ട. അവനിന്ന് എന്റെ കൂടെ കിടന്നോട്ടെ… എന്നും പറഞ്ഞ് പവി ശരത്തിന്റെ കൈയിൽ നിന്നും മോനെ വാങ്ങി. പവിക്ക് മോൻ കരഞ്ഞത് ആശ്വാസമായാണ് തോന്നിയത്. പ്രണവിന്റെ നോട്ടത്തെ നേരിടാൻ തനിക്കാകില്ലെന്ന് അവൾക്കറിയാമായിരുന്നു.

അതുകൂടി ആയപ്പോൾ പ്രണവിന് തൃപ്തിയായി.

ഇന്നുവരെയില്ലാത്ത സ്നേഹമാ നിങ്ങളുടെ കുരിപ്പിന് ഇപ്പോൾ ഈ നിമിഷം മാമനോട് തോന്നിയത്. ഇനി എന്ത് കാണാൻ നിൽക്കുകയാ പൊയ്ക്കൂടേ. കൊച്ചിനെയും കൊണ്ട് രാത്രി ഇറങ്ങിയിരിക്കുന്നു ബാക്കിയുള്ളവരുടെ കഞ്ഞിയിൽ പാറ്റയിടാനായി… പ്രണവ് ശരത്തിനോട് പറഞ്ഞു.

പ്രത്യഷിന്റെയും പ്രരുഷിന്റെയും ചിരി ഉച്ചത്തിൽ മുഴങ്ങി.

എന്ത് കാണാനാടാ നീയൊക്കെ നിൽക്കുന്നത്. പോയിക്കിടന്നുറങ്ങാൻ സമയമായില്ലേ. അല്ലെങ്കിൽ ഒൻപത് അടിക്കേണ്ടല്ലോ സമയം ഉറങ്ങാൻ.. പ്രണവ് അവരോടും തന്റെ അമർഷം മറച്ചു വച്ചില്ല.

സംഗതി കൈവിട്ട് പോകുമെന്നായപ്പോൾ അവർ പതിയെ റൂമിലേക്ക് വലിഞ്ഞു.

മോൻ.. അവനെ ഞാനെടുക്കാം ഏട്ടാ.. പ്രകൃതി പറഞ്ഞതും പ്രണവിന് നേരിയ ആശ്വാസം തോന്നി.

പ്രകൃതി എന്തൊക്കെ പറഞ്ഞിട്ടും ഋഷി പോകാൻ കൂട്ടാക്കിയില്ല. തകർന്നു വീണിട്ടും ചേർത്ത് വച്ചുകൊണ്ടിരുന്ന കൊട്ടാരം ബോംബ് ബ്ലാസ്റ്റിൽ തകർന്നതുപോലെയായി പിന്നെയും പ്രണവിന്റെ അവസ്ഥ.

അളിയന്റെ ഫസ്റ്റ് നൈറ്റ്‌ നടക്കട്ടെ ഏതായാലും. കൊച്ചിനെ കളിപ്പിച്ചൊക്കെ പഠിക്ക് അളിയാ. അളിയന്റെ പോക്കനുസരിച്ച് പെട്ടെന്ന് പഠിക്കുന്നത് നല്ലതാ.ഏതായാലും ഞങ്ങൾ പോയി കിടക്കട്ടെ… ശരത് പ്രകൃതിയെയും വിളിച്ച് മുന്നോട്ട് നീങ്ങി.

അളിയോ.. ഒന്ന് നിന്നേ. പോകുന്നത് കൊള്ളാം. ഈ പോക്കിൽ ദേ ഇതുപോലെ ഒന്നിനെക്കൂടി കിട്ടിയാൽ അപ്പുറത്ത് ചെവിയോർത്ത് നിൽക്കുന്ന അവന്മാരുടെ വിവാഹത്തിന്റെ അന്ന് ഉപകരിക്കും.. പ്രണവ് പറഞ്ഞു.

വളിച്ച ചിരിയുമായി അവർ സ്ഥലം വിട്ടു.

പ്രണവ് ഡോർ ലോക്ക് ചെയ്തിട്ട് വന്നു.ഋഷി ആണെങ്കിൽ ഡോറയും ടോമുമൊക്കെ പവിയെ കേൾപ്പിക്കുന്നതിന്റെ തിരക്കിലാണ്. അവളാണെങ്കിൽ അതെല്ലാം കേട്ട് രസിക്കുന്നുമുണ്ട്.

മോന്റെ സംസാരം ശ്രദ്ധിക്കുകയാണെങ്കിലും അവൾ ഇടം കണ്ണിട്ട് പ്രണവിനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.അവന്റെ ഭാവം കണ്ട് അവൾക്ക് ചിരി വന്നെങ്കിലും അതടക്കി പിടിച്ചു.
നേരത്തത്തെ പ്രണവിന്റെ സമീപനം അതായിരുന്നു കുഞ്ഞിനെ വാങ്ങാൻ കാരണവും.

ഒടുവിൽ കഥ പറഞ്ഞ് രണ്ടുപേരും ഉറങ്ങുന്നത് വെറുതെ കണ്ട് നിൽക്കാനേ പ്രണവിനായുള്ളൂ.പവിയോട് ചേർന്നുള്ള അവന്റെ കിടപ്പ് പ്രണവിൽ അസൂയ പടർത്തി.

പിറ്റേന്ന് നേരം രാവിലെ പവി ഉറക്കമെഴുന്നേറ്റു. തന്റെ നെഞ്ചോട് ഒട്ടിക്കിടന്ന മോനെ അടർത്തി മാറ്റി അവന്റെ തലയിൽ വാത്സല്യപൂർവ്വം തഴുകി അവളെഴുന്നേറ്റു.

തൊട്ടടുത്തായി മുഖം ചരിച്ച് കിടന്നുറങ്ങുന്ന പ്രണവിൽ അവളുടെ നോട്ടം പതിഞ്ഞു.
അവന്റെ നീളൻ മുടിയിഴകൾ അവന്റെ ഭംഗി കൂട്ടിയിരുന്നു.

ഷെൽഫിൽ നിന്നും ഡ്രസ്സ്‌ എടുത്തുകൊണ്ട് അവൾ ഫ്രഷ് ആകാൻ പോയി.

ഫ്രഷ് ആയി വന്നപ്പോഴേക്കും പിന്നിൽ നിന്നും രണ്ടു കൈകൾ അവളെ ചേർത്തുപിടിച്ചിരുന്നു.

ആരാണെന്ന് മനസ്സിലായതും അവളുടെ ഹൃദയതാളം ഉയർന്നു.
വിറയൽ അവളെ കീഴടക്കി.

ചുമരോട് പവിയെ ചേർത്തു നിർത്തി പ്രണവ്.നനഞ്ഞ മുടിയുമായി വിറയ്ക്കുന്ന ശരീരത്തോടെ തന്റെ കരവലയത്തിൽ മുയൽക്കുഞ്ഞ് പോലെ ഒതുങ്ങി നിൽക്കുന്നത് കണ്ട് അവന് അവളോട് വല്ലാത്ത സ്നേഹം തോന്നി.

മിഴികളിലൂടെ മൂക്കിൻത്തുമ്പിലൂടെ അരിച്ചിറങ്ങിയ അവന്റെ ചൂണ്ടുവിരൽ അവളുടെ അധരത്തിൽ തട്ടിനിന്നു.

പിടച്ചിലോടെ അവളവനെ നോക്കി.

അവന്റെ മുഖത്തെ കുസൃതിച്ചിരിയും മിഴികളിലെ പ്രണയവും അവളെ തളർത്തി തുടങ്ങിയിരുന്നു.അവന്റെ വലംകൈ അവളുടെ ഇടുപ്പിൽ അമർന്നതും അവളൊന്ന് ആഞ്ഞുയർന്നു.അവളുടെ ദേഹം തന്റെ ശരീരത്തോട് ചേർത്തപ്പോൾ പൂക്കൾ പോലെ മൃദുലമായി അവനനുഭവപ്പെട്ടു.

വലംകൈകൊണ്ട് അവളുടെ മുഖം അല്പം ഉയർത്തി അവന്റെ മുഖം താഴ്ത്തി.

ചുവന്നു വിടർന്ന അധരങ്ങളിൽ തേൻ നുകരാൻ വെമ്പിനിന്ന ചിത്രശലഭത്തെപ്പോൽ മൃദുവായി അവനവളുടെ കീഴ്ച്ചുണ്ട് നുകർന്നു.അവളുടെ നഖം അവന്റെ മുതുകിൽ ആഴ്ന്നിറങ്ങി.

ഏറെ നേരത്തിനൊടുവിൽ അവളെ സ്വാതന്ത്രയാക്കുമ്പോൾ അവൾ നന്നേ കിതച്ചിരുന്നു.

സ്റ്റാമിന പോരാ മോളേ.. പ്രണവിന്റെ പ്രണയം അത് താങ്ങാൻ ഈ സ്റ്റാമിന പോരാ.
എന്റെ പ്രണയം അത് മഴപോലെയാണ്. ചാറ്റൽ മഴയിലൂടെ തുടങ്ങി ആർത്തിരമ്പി പെയ്യുന്ന പെരുമഴപോലെ. ആ പെരുമഴ അത് എന്നിൽനിന്നും പൂർണ്ണമായ മനസ്സോടെ പൂർണ്ണ സംതൃപ്തിയോടെ വേണം നീ ആവാഹിച്ചെടുക്കേണ്ടത്. നിനക്കേ അതിനാകൂ.നിന്റെ മനസ്സ് അത് എനിക്കുള്ളതാണ്.എനിക്ക് നിന്നോടുള്ള സ്നേഹം അത് പ്രണയമാണ്. ഇതിനു മുൻപേ കണ്ടു മുട്ടേണ്ടവരായിരുന്നു നമ്മൾ.വിധി എനിക്കായി കരുതിവച്ച നിധി അത് നീയാണ്.പ്രണവ് എന്ന് പല്ലവിയോട് ചേർന്ന് പ്രണവപല്ലവിയാകുന്നോ അപ്പോൾ മാത്രമേ പൂർണ്ണമായും നീ എന്റേതാകുള്ളൂ.
എനിക്കറിയാം നിന്നെ. നിനക്കിഷ്ടമാണ് എന്നെ.പൂർണ്ണമായും എന്നോട് പൊരുത്തപ്പെട്ടിട്ട് മതി നിന്നെ എനിക്ക് നൽകുന്നത്. അതുവരെ ദേ ഇങ്ങനെ ചെറിയ കുസൃതികൾ അത് ഏത് നേരവും പ്രതീക്ഷിക്കണം എന്നിൽനിന്നും.
അവനവളുടെ മൂക്കിൽ തുമ്പിൽ മൂക്കുരസി പറഞ്ഞു നിർത്തി.

അത്ഭുതത്തോടെ നോക്കുകയായിരുന്നു പവി അവനെ. ഇതുവരെ താൻ കണ്ട പ്രണവ് അല്ല അവനെന്ന് അവൾക്ക് തോന്നി. പക്വതപരമായി കാര്യങ്ങൾ മനസ്സിലാക്കി തന്ന.. പെരുമാറുന്ന പ്രണവ്.അതേ.. മനസ്സിന്റെ ഒരു കോണിൽ എപ്പോഴോ ആഗ്രഹിച്ചിരുന്നത് ഇതുപോലൊരാളിന് വേണ്ടിയാണെന്ന് അവളുടെ മനസ്സ് മന്ത്രിച്ചു.അവിടെ ശരീരത്തിനേക്കാൾ പ്രാധാന്യം മനസ്സിനായിരുന്നു.ഇരുമനസ്സുകളും ഒന്നാകുമ്പോൾ ഹൃദയം പോലും അവനായി തുടിക്കുമ്പോൾ തനുവിലെ ഓരോ അണുവിലും അവൻ നിറയുമ്പോൾ മഴപോലെ കുളിരായി ഒന്നാകണം ശരീരം കൊണ്ടും. ഒടുവിൽ അവന്റെ ജീവാംശത്തെ ഏറ്റുവാങ്ങണം തന്നിലേക്ക്..ആ നിമിഷം അവൾക്കവനോട് വല്ലാത്ത സ്നേഹം തോന്നി.പ്രണവ് എന്ന നാമത്തിനോട് പല്ലവിയെ ചേർത്തുവച്ച് പ്രണവപല്ലവിയായി ഹൃദയത്തുടിപ്പുകൾ പകർന്നു നൽകാൻ പവി തയ്യാറെടുപ്പിന്റെ ആദ്യഘട്ടത്തിലേക്ക് ചുവട് വച്ചു.

റെഡിയായി താഴേക്കിറങ്ങി ചെല്ലുമ്പോൾ അടുക്കളയിൽ അമ്മയും പ്രകൃതിയും നിൽപ്പുണ്ടായിരുന്നു.

ഇന്നലെ ഋഷി നിങ്ങളുടെ കൂടെ ആയിരുന്നു അല്ലേ മോളേ.. രമ്യ ചോദിച്ചു.

അതെ അമ്മേ… അത് പറയുമ്പോഴും അവളുടെ മുഖത്തെ സന്തോഷത്തിന് കുറവില്ലെന്ന് അവർ തിരിച്ചറിഞ്ഞു.

ഇങ്ങനൊരു പെണ്ണ്. ഇത്ര ബോധമില്ലേ. ഞാൻ വഴക്ക് കൊടുത്തിട്ടുണ്ട് . പ്രകൃതിയെ നോക്കി ശാസനപൂർവ്വം രമ്യ പറഞ്ഞു

അയ്യോ ഞാനാ അമ്മേ പറഞ്ഞത് മോൻ കിടക്കട്ടെയെന്ന്. കുഞ്ഞല്ലേ അവൻ. പ്രകൃതിയേച്ചിയെ ഒന്നും പറയേണ്ട.. പവി പറഞ്ഞു.

തലേന്നത്തെ സംഭവത്തിൽ പവിക്ക് നീരസം തോന്നുമോ എന്ന ഭയം പ്രകൃതിക്ക് ഉണ്ടായിരുന്നു. എന്നാൽ പവിയുടെ സംസാരം ആ ഭയത്തെ അകറ്റുകയാണുണ്ടായത്.
പവിയെ തന്റെ ഏട്ടന്റെ ഭാര്യയായി ലഭിച്ചതിൽ അവൾക്ക് സന്തോഷം തോന്നി. അതിലുപരി ഒരു കുഞ്ഞനുജത്തി കൂടിയാകുകയായിരുന്നു പവി അവൾക്ക്.

എല്ലാവരും ഒന്നിച്ചിരുന്നാണ് ബ്രേക്ക്‌ഫാസ്റ്റ് കഴിച്ചത്.അത് അവിടെ പതിവാണ്. പ്രദീപിനും അത് നിർബന്ധമാണ്.ഇടയ്ക്കിടെ തന്നെ തേടിയെത്തുന്ന പ്രണവിന്റെ മിഴികളെ പ്രണയപൂർവ്വം തന്നെ അവളും നേരിട്ടു. പ്രണവിൽ അത് പുത്തൻ ജീവിതത്തിന്റെ ശുഭപ്രതീക്ഷകൾ ആയിരുന്നു.ഇത്രമേൽ തന്നെ മാറ്റിയെടുക്കാൻ പല്ലവി എന്ന പേരിനുകൂടി മായാജാലം അറിയാമെന്ന് അവന് തോന്നി.ഹൃദയവും ഹൃദയവും കൈമാറുന്ന ചില ഭാഷകളുണ്ട്. അവിടെ വാക്കുകൾക്ക് പ്രാധാന്യമില്ല. മൗനമായും മിഴികൾ കൊണ്ടും ഹൃദയം കൊണ്ടും വരെ പ്രണയത്തിന് സംവദിക്കാൻ കഴിയും. പരസ്പരം പ്രണയിക്കുവാൻ മൊഴികളുടെ ആവശ്യമില്ല. ഒരു നോട്ടം മാത്രം മതിയാകും ചിലപ്പോൾ പ്രണയം കൈമാറുവാൻ.

ഇടയ്ക്ക് പവിയെയും പ്രണവിനെയും പ്രകൃതി ഗാർഡനിലേക്ക് വിട്ടു. അവർ കുറച്ചുനേരം സംസാരിക്കട്ടെ എന്ന് കരുതി.

അവരുടെ പിറകെ പോകാൻ നിന്ന പ്രരുഷിനെയും പ്രത്യഷിനെയും ഋഷിയെ ഏൽപ്പിച്ചു കൊണ്ട് പ്രകൃതി അങ്ങോട്ടേക്ക് പോകരുതെന്ന് താക്കീത് നൽകി.

നന്ദനയെ കുറിച്ചാണ് പ്രണവ് പറഞ്ഞത്. അവളെ ചുംബിച്ചെന്നറിഞ്ഞാൽ പവി എങ്ങനെ പ്രതികരിക്കുമെന്ന് ധാരണ ഇല്ലാത്തതിനാൽ അവൻ അത് മറച്ചുവച്ചു.

നന്ദനയെപ്പറ്റി പറഞ്ഞപ്പോൾ പ്രണവിനോടുള്ള ഇഷ്ടം അവൾക്ക് കൂടിയതേയുള്ളൂ.
സാർ എന്ന വിളിയിൽ നിന്നും പ്രണവേട്ടൻ എന്ന് അവൻ വിളിക്കാൻ പറഞ്ഞു.

വൈകുന്നേരം എലാവരും ഒത്തുകൂടിയപ്പോഴും സന്തോഷമാണ് നിറഞ്ഞുനിന്നത്. കളിചിരിയും ഋഷിയുടെ കുറുമ്പും ഒക്കെയായി സന്തോഷം മാത്രം നിറഞ്ഞുനിന്ന സായാഹ്നം.ഇങ്ങനൊരു സന്തോഷമാണ് താൻ ആഗ്രഹിച്ചതെന്ന് നിറഞ്ഞ മനസ്സോടെ പ്രദീപ് ഓർത്തു.

എല്ലാവരുടെയും പ്രിയപ്പെട്ടവൾ ആയി മാറാൻ പവിക്ക് അധികസമയം വേണ്ടി വന്നില്ല.അനിയന്മാർക്കും ഏട്ടത്തിയെ ജീവനായി.കർക്കശക്കാരിയായ ഏട്ടത്തിയല്ല മറിച്ച് സൗഹൃദഭാവം പുലർത്തുന്ന കൂട്ടുകാരിയെപ്പോലെയായി നിമിഷങ്ങൾക്കകം അവർക്ക് പവി.

തന്റെ അമ്മയെപ്പോലെ രമ്യയും തന്നെ മനസ്സിലാക്കുകയും സ്നേഹിക്കുകയും ചെയ്യുന്നുവെന്ന് പവിക്ക് അറിയാമായിരുന്നു.രണ്ട് പെൺമക്കളെയും തന്നോട് ചേർത്തു പിടിച്ചാണ് രമ്യ ഇരുന്നതും.

എല്ലാവരുടെയും മുഖത്തെ സന്തോഷം പ്രണവിന്റെ മനസ്സിൽ കുളിർ പരത്തി.
ഒരുപക്ഷേ താൻ നന്ദനയെ ആണ് വിവാഹം ചെയ്തിരുന്നുവെങ്കിൽ ഇത്ര മനോഹരമായ ഒരു നിമിഷം തനിക്ക് ലഭിക്കില്ലെന്ന് അവന് ഉറപ്പായിരുന്നു.
അച്ഛനോട് അവന് ബഹുമാനം കൂടിയതേയുള്ളൂ.

രാത്രി കിടക്കാൻ പോകും മുൻപ് പ്രണവ് അച്ഛന്റെ മുറിയിലെത്തി.

കട്ടിലിൽ ഇരിക്കുന്ന പ്രദീപിനോട് പവിയെ കിട്ടിയത് ഭാഗ്യമാണെന്ന് രമ്യ പറയുന്നത് കേട്ടുകൊണ്ടാണ് പ്രണവ് വന്നത്.

എന്താ മോനേ.. പ്രദീപ് തിരക്കി.

ആദ്യം തന്നെ അവൻ അച്ഛനെ കെട്ടിപ്പിടിച്ചു.ഒരുപാട് സ്നേഹത്തോടെ അതിലുപരി വാത്സല്യത്തോടെ പ്രദീപ് അവനെ തഴുകി.

അച്ഛന്റെ മകനായി പിറക്കാൻ കഴിഞ്ഞതാണ് എന്റെ ഏറ്റവും വലിയ ഭാഗ്യം.
എനിക്ക് എന്നും തെറ്റും ശരിയും മനസ്സിലാക്കി തരാൻ അച്ഛനുണ്ടായിരുന്നു.
ഒരു കൂട്ടുകാരനെപ്പോലെ തന്നെയായിരുന്നു അച്ഛൻ പെരുമാറിയിട്ടുള്ളതും.
നന്ദന എന്റെ ജീവിതത്തിലെ തെറ്റായിരുന്നു. അത് അച്ഛൻ പറഞ്ഞിട്ടും കേൾക്കാൻ ഞാൻ തയ്യാറായില്ല. ഒടുവിൽ അച്ഛനായിരുന്നു ശരി. യു ആർ ദി ബെസ്റ്റ് അച്ഛാ… അവൻ പറഞ്ഞു.

കൂടുമ്പോൾ ഇമ്പമുള്ളതല്ലേ മോനേ കുടുംബം. മരുമകളായി കയറി വരുന്ന പെൺകുട്ടി മാത്രമല്ല വീട്ടുകാരും നന്നായാൽ മാത്രമേ കുടുംബം ഇമ്പമുള്ളതാകുകയുള്ളൂ..നിന്റെ മനസ്സിലെ നന്മ അതുകൊണ്ടാണ് നന്ദനയുടെ കാപട്യം നീ തിരിച്ചറിഞ്ഞതും പവിമോൾ നിന്റെ ജീവിതത്തിലേക്ക് വന്നതും.. നിറഞ്ഞ മനസ്സോടെ പ്രദീപ്‌ പറഞ്ഞു.

എല്ലാം കേട്ടുകൊണ്ട് അവരുടെ സ്നേഹം കണ്ടുകൊണ്ട് നിറഞ്ഞ മനസ്സോടെ പല്ലവി നിൽപ്പുണ്ടായിരുന്നു.

പ്രദീപ് അവളെ കൈകാട്ടി വിളിച്ചു.തന്റെ ഇരുവശത്തുമായി രണ്ടുപേരെയും ചേർത്തുപിടിച്ച് അയാൾ പറഞ്ഞു. സന്തോഷമായിരിക്കണം മക്കളേ എന്നും. മനസ്സിൽ നന്മ നിലനിർത്തി എല്ലാവരെയും സ്നേഹത്തോടെ ചേർത്തുപിടിക്കണം.

നിറഞ്ഞ മനസ്സോടെ പവിയും പ്രണവും അച്ഛനെ ചേർത്തു പിടിച്ചു. ഒപ്പം എല്ലാം കണ്ടുകൊണ്ട് നിന്ന അമ്മയെയും..

തുടരും….