മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….
ആഹ് പറയൂ നന്ദന.. എന്താ വിളിച്ചത്.. ഒരു നിമിഷത്തെ നിശ്ശബ്ദതയ്ക്കുശേഷം പ്രണവ് സംസാരിച്ചു തുടങ്ങി.
നന്ദു എന്ന വിളിയിൽ നിന്നും നന്ദന എന്ന അഭിസംബോധനയിലേക്കുള്ള അവന്റെ പരിവർത്തനം അവൾ ശ്രദ്ധിച്ചു.
നിന്റെ വിവാഹമാണോ പ്രണവ്… നീയെന്നെ ചതിക്കുകയായിരുന്നോ ആവശ്യത്തിലേറെ ദുഃഖം വാരിവിതറി നന്ദന ചോദിച്ചു.
പുച്ഛമാണ് പ്രണവിന് തോന്നിയത്.
അതേ.. നാളെ എന്റെ വിവാഹമാണ്.പ്രണവ് പറഞ്ഞു.
യു ചീറ്റ്.. നീയെന്നെ ചതിച്ചല്ലേ.. നന്ദന ചീറി. എപ്പോഴത്തെയും പോലൊരു പിണക്കം അത്രേയുള്ളൂ ഇതും. നീയെന്നെ തേടി വരുമെന്ന് പ്രതീക്ഷിച്ച ഞാൻ വിഡ്ഢിയായല്ലോ.. നന്ദന കരയാൻ തുടങ്ങി.
ഹും.. ചതി.. ആര് ആരെയാണ് ചതിച്ചതെന്ന് ഞാൻ പറയണോടീ. പലയിടങ്ങളിലും കറങ്ങി നടക്കുന്ന വല്ലവന്മാരുടെയും വിഴുപ്പിനെ ചുമക്കേണ്ട ഗതികേടൊന്നും പ്രണവ് വർമ്മയ്ക്കില്ല. പ്രണവ് ഉച്ചത്തിൽ പറഞ്ഞു.
പ്രണവ്… എന്ത് അനാവശ്യമാണ് നീ പറയുന്നത്. നിന്നോടൊപ്പമേ നന്ദന വന്നിട്ടുള്ളൂ. എന്നിൽനിന്നും നീയും അനുഭവിച്ചിട്ടുണ്ടല്ലോ പലതും.. നന്ദനയുടെ സ്വരത്തിൽ ദേഷ്യം നിറഞ്ഞു.
എന്റെ പെണ്ണാണെന്ന വിശ്വാസത്തിൽ നിന്നെ ഞാൻ കെട്ടിപ്പിടിച്ചിട്ടുണ്ട്. ചുംബിച്ചിട്ടുമുണ്ട്. അതിനുമപ്പുറം പ്രണവ് വർമ്മ തരം താഴ്ന്നിട്ടില്ല. കഴുത്തിലെ താലിക്ക് വിലകല്പിക്കണമെന്ന് പഠിപ്പിച്ച അച്ഛന്റെയും അമ്മയുടെയും മകനാടീ ഞാൻ.
അതുകൊണ്ട് തന്നെയാണ് വിവാഹം കഴിഞ്ഞ് മാത്രമേ നിന്നെ ഞാൻ പൂർണ്ണമായും സ്വന്തമാക്കുള്ളൂ എന്ന് വാശി പിടിച്ചിരുന്നതും. ഞാനെന്റെ കണ്ണ് കൊണ്ടാണെടീ കണ്ടത്. എന്റെ മുൻപിൽ വച്ചാണ് മറ്റൊരുത്തൻ നിന്നെ… ബാക്കി പറയാതെ പ്രണവ് പല്ലുകൾ ഞെരിച്ചു.
ഗോ ടു ഹെൽ മാൻ. നിന്റെ താലിയും കാഴ്ചപ്പാടും. അമ്മയും അച്ഛനും പറഞ്ഞതനുസരിച്ച് അവരുടെ ചൊൽപ്പടിക്ക് നിൽക്കാൻ പ്രണവ് വർമ്മ തയ്യാറായോ. എനിക്ക് എന്റേതായ കാഴ്ചപ്പാടുണ്ട്. എന്റെ ജീവിതം എനിക്ക് ആഘോഷിക്കണം. അതിന് നിനക്കെന്നല്ല ആർക്കും ഒന്നും പറയാനാവില്ല..നന്ദന ചീറി.
പ്രണവ് എന്നും അച്ഛനമ്മമാരെ അനുസരിച്ചിട്ടേ ഉള്ളൂ. നീയെന്ന സത്വം എന്നിലേക്ക് വന്നപ്പോൾ മാത്രമേ.. നിന്റെ കാര്യത്തിൽ മാത്രമേ ഞാൻ അവരെ അനുസരിക്കാതിരുന്നുള്ളൂ. ആ തെറ്റ് തിരുത്താൻ എനിക്കായതിൽ സന്തോഷമേയുള്ളൂ…വച്ചിട്ട് പോടീ.. നിന്റെ ജീവിതം നീ എങ്ങനെയോ തുലയ്ക്ക്… ഗെറ്റ് ലോസ്റ്റ് യു ബ്ലഡി.. അലറിക്കൊണ്ട് മറുവശത്തെ മറുപടി കേൾക്കാൻ നിൽക്കാതെ പ്രണവ് ഫോൺ കട്ട് ചെയ്തു.
ടെൻഷൻ കയറുമ്പോൾ പതിവായി ചെയ്യുന്നതുപോലെ അവന്റെ കൈകൾ നീളൻ മുടിയെ കോർത്തു വലിച്ചു കൊണ്ടിരുന്നു.
പലപ്രാവശ്യം നന്ദനയുമായി പുറത്തു പോയിട്ടുണ്ട്. ഇടയ്ക്ക് ചുംബനങ്ങളിലൂടെ പ്രണയം കൈമാറിയിട്ടുമുണ്ട്. അവനത് ആലോചിച്ചപ്പോൾ സ്വയം പുച്ഛം തോന്നി.
താൻ ചെയ്തത് തെറ്റായിപ്പോയെന്ന് ആ നിമിഷം അവന് തോന്നി. പ്രണയിക്കുന്ന സമയത്ത് ഒരു പ്രാവശ്യം മനസ്സിനെ നിയന്ത്രിക്കാനാകാതെ അവളുടെ സമ്മതത്തോടെ സംഭവിച്ചു പോയിട്ടുണ്ട്. അവളുടെ അധരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്.
അവന്റെ മനസ്സിൽ പല്ലവിയുടെ രൂപം തെളിഞ്ഞുവന്നു. തന്റെ നോട്ടം കൊണ്ട് പോലും വിറയൽ കീഴടക്കുന്ന പനിനീർപ്പൂവ് പോലെ മൃദുലമായ പെണ്ണ്.. പല്ലവി. അവന്റെ ചുണ്ടിലൊരു പുഞ്ചിരി തെളിഞ്ഞു. അവൻ നന്ദനയെ പാടേ മറന്നു കഴിഞ്ഞിരുന്നു.
പിറ്റേന്ന് ബ്യൂട്ടീഷ്യന്റെ സഹായത്തോടെ പല്ലവി അതിസുന്ദരിയായി. പല്ലവിയെ നോക്കാനായി വന്ന രമ്യയുടേയും പ്രകൃതിയുടെയും മനസ്സ് നിറഞ്ഞു. ചില്ലി റെഡ് സാരിയിൽ പരമ്പരാഗത ആഭരണങ്ങളണിഞ്ഞ് സുന്ദരിയായിരുന്നു പല്ലവി.
വിവാഹത്തിന് ഒട്ടേറെ ബിസിനസ്സുകാരും ഉന്നതരുമൊക്കെ സ്ഥാനം പിടിച്ചിരുന്നു.
വൃന്ദയോടും പാർവതിയോടുമൊപ്പം രമ്യയും അവരിലൊരായി സ്നേഹത്തോടെ നിന്നു.
ക്രീം നിറത്തിലെ സിൽക്കിന്റെ കുർത്തയും കസവ് മുണ്ടുമായിരുന്നു പ്രണവിന്റെ വേഷം. നീളന്മുടി പിന്നിലേക്ക് കോതിയൊതുക്കിയിരുന്നു. മീശ വെട്ടിയൊതുക്കി മനോഹരമാക്കിയിരുന്നു.
താലപ്പൊലിയുടെ അകമ്പടിയോടെ കതിർമണ്ഡപത്തിലേക്ക് കടന്നുവന്ന പല്ലവിയിലായിരുന്നു എല്ലാവരുടെയും ശ്രദ്ധ.
നിറഞ്ഞ മനസ്സോടെ ഏവരുടെയും അനുഗ്രഹം നേടിയശേഷം സദസ്സിനെ വണങ്ങിക്കൊണ്ട് പല്ലവി പ്രണവിന്റെ ഇടതു ഭാഗത്തായി ഇരുന്നു.
അന്ന് കണ്ടതിൽനിന്നും അവളൊരുപാട് മാറിയിരിക്കുന്നു എന്നവന് തോന്നി.
മിഴികളുമായി മിഴികൾ കോർത്തപ്പോൾ ചുവക്കുന്ന കവിൾത്തടങ്ങളിൽ അവന്റെ നോട്ടം പാറിവീണു.
അളിയാ… നിനക്കുള്ള മുതൽ തന്നെയാ. നോക്കി അതിനെ ഊറ്റാതെ താലി കെട്ടാൻ നോക്ക്… അളിയൻ ശരത്തിന്റെ അടക്കിപ്പിടിച്ച ശബ്ദമാണ് പ്രണവിന്റെ ശ്രദ്ധ തിരിച്ചത്.
ചമ്മിയ ഭാവത്തോടെ നേരെയിരുന്നപ്പോൾ കണ്ടു ആക്കിച്ചിരിക്കുന്ന പ്രരുഷിനെയും പ്രത്യഷിനെയും.
പ്രണവിന്റെ പേര് ആലേഖനം ചെയ്ത മംഗല്യതാലി തന്റെ കഴുത്തിൽ മുറുകുമ്പോൾ അവളുടെ അധരങ്ങൾ പ്രാർത്ഥനാപൂർവ്വം ദേവീമന്ത്രം ഉരുവിട്ടു.
സീമന്തരേഖയിൽ കുങ്കുമം ചാർത്തിക്കൊണ്ട് പ്രണവ് അവളുടെ നെറുകയിൽ അധരം കൊണ്ട് മുദ്ര ചാർത്തി.
വൃന്ദയും പാർവതിയും രമ്യയും അടക്കി ചിരിച്ചു. പ്രദീപിലും വാര്യരിലും അതേ ചിരിയാണ് വിരിഞ്ഞത്.
പ്രരുഷും പ്രത്യഷും ശരത്തും ആക്കിച്ചിരിച്ചു.
പല്ലവി നാണം കൊണ്ട് കൂമ്പിപ്പോയിരുന്നു.
പ്രകൃതിയുടെ കൈയിലിരുന്ന റിഷിക്കുട്ടൻ മാമൻ ആന്റിക്ക് ഉമ്മ കൊടുത്തെന്ന് ഉറക്കെ വിളിച്ചു പറഞ്ഞു. പ്രകൃതി പെട്ടെന്നവന്റെ വായ പൊത്തി.
പ്രണവ് ഇതൊന്നും തന്നെ ബാധിക്കില്ലെന്ന മട്ടിലിരുന്നു.
യാത്ര പറയാൻ സമയം പല്ലവി അച്ഛനെയും അമ്മയെയും കെട്ടിപ്പിടിച്ചു കരഞ്ഞു.
പൂജയും കരഞ്ഞുകൊണ്ട് ചേച്ചിയെ വിടാതെ പിടിച്ചിരുന്നു. ഒരുവിധത്തിൽ വൃന്ദയും രാമനും കൂടി അവളെ കാറിൽ കയറ്റി.
മുക്കാൽ മണിക്കൂറത്തെ യാത്രയ്ക്ക് ശേഷം വലിയൊരു വീടിന്റെ മുൻപിൽ കാർ നിന്നു.
ഇന്ദീവരമെന്ന് സ്വർണ്ണലിപികളാൽ എഴുതിയിട്ടുണ്ടായിരുന്നു.
നിറഞ്ഞ മനസ്സോടെ പ്രാർത്ഥനയോടെ രമ്യ നൽകിയ നിലവിളക്കുമായി പല്ലവി ഇന്ദീവരത്തിലെ മരുമകളായി ഗൃഹപ്രവേശനം നടത്തി.
മധുരം നൽകലിനുശേഷം രമ്യ പ്രകൃതിയോട് പല്ലവിക്ക് പ്രണവിന്റെ മുറി കാണിച്ചു കൊടുക്കാൻ പറഞ്ഞു.
വലിയ റൂം ആയിരുന്നു പ്രണവിന്റേത്. വലിയൊരു ഷെൽഫും കുറച്ച് ബിസിനസ്സിന്റെ ബുക്കും ഫയലും അടങ്ങുന്ന സൈഡും ബാൽക്കണിയിലേക്ക് തുറക്കുന്ന വാതിലും.
കട്ടിൽ നല്ല വലുതാണ്. ഡ്രസിങ് ടേബിളിന് മുൻപിൽ നിർത്തി പവിയെ ആഭരണങ്ങൾ അഴിക്കുവാൻ പ്രകൃതി സഹായിച്ചു.
വൈകുന്നേരം റിസപ്ഷനുവേണ്ടി റെഡിയാകണ്ടേ. പവി കുളിച്ചു വന്നോളൂ. ഡ്രസ്സ് എല്ലാം ഷെൽഫിലുണ്ട്. ഞാൻ ബ്യൂട്ടീഷ്യനെ വിളിച്ചു കൊണ്ട് വരാം അപ്പോഴേക്കും കേട്ടോ..സ്നേഹത്തോടെ അവളുടെ കവിളിൽ തട്ടിയിട്ട് പ്രകൃതി താഴേക്കിറങ്ങി.
കുളിച്ചിട്ട് ഇറങ്ങിയതും കുർത്ത മാറ്റുന്ന പ്രണവിനെയാണവൾ കണ്ടത്.
അവനെ കാണുമ്പോഴുള്ള വിറയൽ അവളെ പിടികൂടി.
പ്രണവും അവളെത്തന്നെ ശ്രദ്ധിക്കുകയായിരുന്നു. താൻ കെട്ടിയ താലി മാത്രമേയുള്ളൂ. സിന്ദൂരം നനഞ്ഞ് വെള്ളത്തോടൊപ്പം ഒലിച്ചിറങ്ങുന്നു.
ചെന്നിയിലൂടെ ഒലിച്ചിറങ്ങിയ വെള്ളത്തുള്ളി കഴുത്തിലൂടെ ചാലിട്ടൊഴുകി മാറിലെങ്ങോ അഭയം പ്രാപിച്ചു കഴിഞ്ഞു.
അവളുടെ അടുത്തേക്ക് പോകുന്തോറും അവൾ പിന്നോക്കം പൊയ്ക്കൊണ്ടിരുന്നു.
ഇനി പോകാൻ സ്ഥലമില്ലാത്തതുപോലെ അവൾ ചുവരിൽ തട്ടി നിന്നു.
താൻ അന്ന് വാങ്ങിയ സ്കർട്ടും ടോപ്പുമാണ് അവൾ ധരിച്ചിരിക്കുന്നത് എന്നവൻ ശ്രദ്ധിച്ചു.
അവളുടെ ശരീരത്തിലേക്ക് ഒന്നുകൂടി അവൻ ചേർന്നുനിന്നു.വിയർപ്പ് നനവുള്ള അവന്റെ ശരീരം അമർന്നതും അവൾ ലജ്ജയോടെ തലകുനിച്ചു. നെഞ്ചിൽ പിണഞ്ഞു കിടക്കുന്ന കട്ടിയുള്ള സ്വർണ്ണമാല.അവന്റെ സാമീപ്യം അത് പല്ലവിയുടെ വിറയൽ കൂട്ടിക്കൊണ്ടിരുന്നു . പ്രകൃതിയേച്ചി വന്നിരുന്നെങ്കിലെന്ന് അവൾ ആത്മാർഥമായി ആഗ്രഹിച്ചു.
അവളുടെ കഴുത്തിലേക്ക് മുഖം ചേർത്തതും അവന്റെ നിശ്വാസം അവളുടെ കഴുത്തിനെ പൊള്ളിപ്പിച്ചു.
ഡോർ തുറന്ന ശബ്ദം കേട്ടതും പല്ലവി പ്രണവിനെ പിന്നിലേക്ക് തള്ളി.
അകത്തെ കാഴ്ച കണ്ട് അമ്പരന്ന് നിൽക്കുകയായിരുന്നു പ്രകൃതി.
ജാള്യത കലർന്ന മുഖത്തോടെ പല്ലവി മുഖം കുനിച്ചു.
പ്രണവ് പെട്ടെന്ന് കട്ടിലിൽ വെറുതെ പരതാൻ തുടങ്ങി.
ഏട്ടാ.. കിട്ടാനുള്ളത് കിട്ടിക്കഴിഞ്ഞെങ്കിൽ ഒന്നിറങ്ങാമോ. റിസപ്ഷന് റെഡിയാക്കണം. പ്രകൃതി ഒരു ഈണത്തിൽ പറഞ്ഞു.
ങ്ഹേ.. കണ്ണും തള്ളി നിന്ന പ്രണവിനോടായി.. ഏട്ടൻ ഡ്രസ്സ് അല്ലേ നോക്കിയതെന്ന് ചിരി കടിച്ചുപിടിച്ച് പ്രകൃതി ചോദിച്ചു.
രക്ഷപ്പെടാനുള്ള മാർഗ്ഗം തെളിഞ്ഞതുപോലെ റിസപ്ഷൻ ഡ്രസ്സും എടുത്ത് ഞാൻ അളിയന്റെ മുറിയിൽ നിന്നും ഫ്രഷ് ആകാമെന്നും പറഞ്ഞ് പ്രണവ് എസ്കേപ്പ് ആയി.
ചുവന്ന മുഖത്തോടെ നിന്ന പല്ലവിയെ കുസൃതിയോടെ നോക്കി പ്രകൃതി ചിരിച്ചു.
പതിയെ ആ പുഞ്ചിരി അവളിലേക്കും പകർന്നു.
റിസപ്ഷൻ കഴിഞ്ഞപ്പോൾ സമയം താമസിച്ചിരുന്നു.ഒരുപാട് വി ഐ പികൾ റിസപ്ഷന് പങ്കെടുത്തു.നല്ല ജോടികൾ എന്ന കമന്റ്സ് പ്രണവിനെ ഒരുപാട് സന്തോഷിപ്പിച്ചു.
പല തരത്തിൽ ഫോട്ടോഗ്രാഫേഴ്സ് അവരെ നിർത്തി ഫോട്ടോ എടുത്തു.
പലപ്പോഴും പ്രണവിന്റെ മുഖത്തേക്ക് നോക്കുവാൻ പറഞ്ഞപ്പോൾ അവളുടെ മുഖം നാണം കൊണ്ട് ചുവന്നിരുന്നു.
വാര്യരോടും കുടുംബത്തോടും പിറ്റേ ദിവസം മടങ്ങാമെന്ന് പറഞ്ഞെങ്കിലും അവരത് സ്നേഹപൂർവ്വം നിരസിച്ചു.
മകൾ ചെന്നു കയറിയത് നല്ലൊരു കുടുംബത്തിലാണെന്ന സമാധാനവും സന്തോഷവും അവരുടെ മുഖത്ത് പ്രകടമായിരുന്നു.
പ്രണവിന്റെ കൂട്ടുകാരും നന്ദനയുടെ സ്വഭാവം അറിയാവുന്നവർ ആയിരുന്നു.
പല്ലവിയെ കിട്ടിയതിൽ അവർ അവനെ അഭിനന്ദിച്ചു. കാരണം എല്ലാവരോടുമുള്ള അവളുടെ പെരുമാറ്റം അത്രയേറെ ഹൃദ്യമായിരുന്നു.
വരുന്നവരോടും കുശലം ചോദിച്ചവരോടുമെല്ലാം പുഞ്ചിരിയോടെ അവൾ മറുപടി പറയുന്നുണ്ടായിരുന്നു.പ്രദീപിന്റെ മനസ്സ് അതുകണ്ട് നിറഞ്ഞു.തങ്ങൾക്ക് ലഭിച്ച ലക്ഷ്മീദേവി തന്നെയാണ് അവളെന്ന് അയാൾക്ക് ഉറപ്പായിരുന്നു.പ്രണവിന്റെ മുഖത്തുള്ള സന്തോഷവും അയാളിൽ സന്തോഷം നിറച്ചു.ഒരച്ഛനെന്ന നിലയിൽ പൂർണ്ണമായും താൻ മനസ്സ് നിറഞ്ഞ ദിവസമാണിതെന്ന് അയാൾക്ക് ഉറപ്പായിരുന്നു.
രാത്രി അവൾക്ക് ഇഷ്ടമുള്ള വസ്ത്രം ഇട്ടാൽ മതിയെന്ന് രമ്യ പറഞ്ഞെങ്കിലും പ്രകൃതി അവളോട് സെറ്റ് സാരി ഉടുക്കാൻ പറഞ്ഞു.പ്രകൃതിയുടെ ഇഷ്ടംപോലെ സെറ്റ് സാരി തന്നെയാണ് ധരിച്ചതും.കൈയിൽ പാൽഗ്ലാസ്സ് കിട്ടിയപ്പോഴേ പല്ലവി വിറയൽ തുടങ്ങി. അവളുടെ മനസ്സിൽ തന്റെ കഴുത്തിൽ മുഖമടുപ്പിച്ച പ്രണവിന്റെ രൂപം തെളിഞ്ഞുവന്നു.
പ്രകൃതിയുടെ കളിയാക്കലുകൾ അവളുടെ മനസ്സിലെ പേടി കൂട്ടാനേ കാരണമായുള്ളൂ.
ഇതേസമയം അനിയന്മാരുടെയും അളിയന്റെയും അടുത്തായിരുന്നു പ്രണവ്. അവരുടെ കളിയാക്കലുകൾക്കിടയിൽനിന്നും എങ്ങനെയെങ്കിലും റൂമിൽ കയറിയാൽ മതിയെന്ന് പ്രണവ് ആഗ്രഹിച്ചു.
ഒടുവിൽ എല്ലാവരും റൂമിന് മുൻപിൽ എത്തിയതും ഒന്നിച്ചായിരുന്നു. പേടി കാരണം
കൈയിലിരുന്ന പാൽഗ്ലാസ്സ് തുളുമ്പി. പവി ദയനീയമായി എല്ലാവരെയും നോക്കി.
ഇതെന്താ ഏട്ടത്തി.. അറുക്കാൻ വിടുന്ന അറവുമാടിന്റെ ഭാവം.. പ്രത്യഷ് ആയിരുന്നു കൗണ്ടർ അടിച്ചത്.
ജാള്യത കലർന്ന ഭാവത്തോടെ അവൾ അവനെ നോക്കി.
പല്ലവി അകത്തുകയറി ഗ്ലാസ്സ് ടേബിളിൽ വച്ചു.
എനിക്കിന്ന് മാമന്റെ കൂടെ കിടന്നാൽ മതി… പവിയാന്റീ.. എന്നെ എടുത്തോ.. എന്ന് ഋഷികുട്ടൻ വിളിച്ചു കരഞ്ഞതും ഒന്നിച്ചായിരുന്നു.
ഇടിവെട്ടിയവനെപ്പോലെ പ്രണവ് തറഞ്ഞു നിന്നപ്പോഴേക്കും എല്ലാവരുടെയും ചിരി അവിടെ മുഴങ്ങി..
തുടരും…