എഴുത്ത്:-ശ്രീജിത്ത് ആനന്ദ് തൃശ്ശിവപേരൂർ
ഉച്ച ഊണിനു ശേഷം ടീച്ചർ ക്ലാസ്സിൽ വന്നപ്പോഴാണ് ടീച്ചറുടെ കയ്യിൽ ഒരു പേപ്പർ കണ്ടത്.
സ്റ്റാമ്പ് ആണ്. ടീച്ചർ അതു ഓരോരുത്തർക്കും കീറി കീറി കൊടുത്തിട്ടു പറഞ്ഞു നാളെ വരുമ്പോൾ എല്ലാവരും രണ്ടുരൂപ വീതം കൊണ്ടുവരണമെന്ന്.
എല്ലാരും തലകുലുക്കിയപ്പോൾ കൂട്ടത്തിൽ ഞാനും കുലുക്കിയിരുന്നു.
സ്റ്റാമ്പ് എന്തായാലും പുസ്തകത്തിന്റെ ഉള്ളിൽ എടുത്തു വെച്ചു.
സ്കൂൾ വിട്ടു വീട്ടിൽപോകുമ്പോൾ മനസ് മുഴുവൻ അമ്മയുടെ ഒഴിഞ്ഞ കടുകും ചെപ്പായിരുന്നു മനസ്സിൽ.
എല്ലാവരുടെ കൂട്ടത്തിൽ എന്തിനാ ഞാനും ഇരുന്നു തലകുലിക്കിയത് എന്നോർത്ത് പാടം കഴിഞ്ഞുള്ള വരമ്പത്തൂടെ നടക്കുമ്പോൾ ഞാൻ വെറുതെ ഓർത്തു.
അല്ലെങ്കിൽ നാളെ ചെല്ലുമ്പോൾ ടീച്ചർക്ക് തിരിച്ചു കൊടുത്താലോ എനിക്ക് സ്റ്റാമ്പ് വേണ്ട എന്നു പറഞ്ഞു.
മോശെക്കേടാകുവോ ഇനി. എല്ലാവരുടെ മുൻപിൽ വെച്ചു കളിയാക്കുവോ ഇനി അറിയില്ല.
പാടം കടന്നു കവുങ്ങിന്റെ തടിയിട്ട പാലത്തിലൂടെ കടന്നു വീട്ടിലെത്തിയപ്പോൾ അമ്മ മുറ്റത്തു പടർത്തിയ പാവലിന്റെ വള്ളികൾ വീണു കിടക്കുന്നതു ശരിയായി കെട്ടുകയായിരുന്നു.
അച്ഛമ്മ തോട്ടിൽ നിന്ന് ഒലിച്ചുവന്നപ്പോൾ കിട്ടിയ അടക്കയുടെ തോട് കളയാർന്നു.
കണ്ണൻ മോൻ വന്നോ എന്നു ചോദിച്ചു അമ്മ തോളിലെ പുസ്തക സഞ്ചി വാങ്ങി ഉമ്മറത്തെ തിണ്ണയിൽ വെച്ചു. ഇപ്പോ ചായ തരാട്ടോ എന്നും പറഞ്ഞു അടുക്കളയിലേക്ക് പോയി.
ഉമ്മറത്തെ തിണ്ണയിൽ ഇരുന്നപ്പോൾ പാടത്തുനിന്നുള്ള കാറ്റ് വീശുന്നുണ്ട് എന്നാലും മനസിന്റെ ഉള്ളിൽ ഒരു കുഞ്ഞു ചൂട് പോലെ .
ചായ തന്നപ്പോൾ അതില് ഇത്തിരി മധുരം കുറവായിരുന്നു.
അമ്മേ ഇതിലെന്താ ചക്കര കുറവ് എന്നു ചോദിച്ചില്ല..
കഴിഞ്ഞ ദിവസം പലചരക്കു കടയിലെ രാമേട്ടൻ പറഞ്ഞതാണ്. തരാനുള്ളത് തന്നിട്ട് അടുത്തത് വാങ്ങിച്ചോളാൻ..
എല്ലാരും ഇതുപോലെയായാൽ ഞാനും പൂട്ടിപോകുവാ നല്ലതെന്നു.
ചുറ്റുമുള്ള ആരുടെയൊക്കെയോ അടക്കിപ്പിടിച്ച ചിരി ചെറുതായൊന്നു കേട്ടു.
ആരാണ് എന്നു നോക്കിയില്ല.. കണ്ണിൽ നിന്ന് വരുന്നത് നിറഞ്ഞൊഴുക തിരിക്കാൻ വേഗം അവിടുന്ന് ഓടി വേറെയെവിടെയും നിക്കാതെ വീട്ടിൽ ചെല്ലുമ്പോൾ അമ്മ ഉമ്മറത്ത് തന്നെ ഉണ്ടായിരുന്നു .
ഒഴിഞ്ഞ സഞ്ചി കണ്ടപ്പോൾ അമ്മയും ഒന്നും പറഞ്ഞില്ല. ആ മുഖത്ത് നിമിഷ നേരം കൊണ്ട് മിന്നി മാഞ്ഞത് എന്തായിരുന്നുവോ..
കണ്ണു തുടച്ചു അകത്തേക്ക് പോകും വഴി ഉമ്മറത്തെ ചുവരിൽ ഇരിക്കുന്ന അച്ഛന്റെ ഫോട്ടോയിലേക്ക് ഒന്ന് നോക്കുന്നത് മാത്രം കണ്ടു.
അങ്ങിനൊരാള് ഉണ്ടായിരുന്നെങ്കിൽ എല്ലാ സങ്കടവും തീർത്തേനെ എന്നു ഒരുപാട് തോന്നിപോയി..
രാവിലെ എണീറ്റപ്പോൾ. സ്കൂളിൽ പോകാൻ ഒരു മടിപോലെ..
പലചരക്കു കടയിലെ പോലെ ക്ലാസ്സിലെ കൂട്ടുകാർക്കിടയിലും അടക്കിപ്പിടിച്ച ചിരികൾ കേൾക്കുമോ എന്നൊരു പേടി..
ഒരു കാരണവുമില്ലാതെ എങ്ങിനെയാ പോവാതിരിക്കാ..
അമ്മയുടെ മുഖത്തു നോക്കി നുണ പറയാനും വയ്യ..
പോവും മുൻപ് വെറുതെ അടുക്കളയിലുള്ള കടുകും പാത്രത്തിലേക്കു ഒന്ന് നോക്കി..
നാലാം ക്ലാസുകാരന്റെ അഭിമാനം ചോർന്നു പോവാതിരിക്കാനുള്ള ഒരു രണ്ടുരൂപ തുട്ട് അതിലെവിടെയെങ്കിലും ഉണ്ടോന്നു അറിയാൻ..
തുറന്നു നോക്കേണ്ടി വന്നില്ല ഒരു കടുക്മണിയോളം പോലും അതിലും ഉണ്ടായിരുന്നില്ല…
സ്കൂളിൽ എത്തി ബെല്ലടിച്ചപ്പോൾ ഉള്ളില് ആകെ ഒരു വീർപ്പു മുട്ടലായിരുന്നു..
ഹാജർ വിളിച്ചതിനു ശേഷം ഓരോരുത്തരായി സ്റ്റാമ്പിന്റെ പൈസ തന്നോളൂ എന്നു ടീച്ചർ പറഞ്ഞപ്പോൾ..
തല അറിയാതെ ചുറ്റിലും നോക്കി.. എന്റെ മുഖം മാത്രമേ വാടിയിട്ടുള്ളു…
ടാ എന്താ ഇങ്ങനെ ഇരിക്കണേ… ഹോം വർക്ക് ചെയ്തിട്ടില്ലേ?
ആ..
പിന്നെ അവനൊന്നും ചോദിച്ചില്ല. അടുത്തത് അവന്റെ പേരാണ്.. അവൻ ടൗസറിൽ ഭദ്രമായി കൊണ്ടുവന്ന രണ്ടുരൂപ കൊണ്ടുപോയി മേശമേൽ വെച്ചു.
അടുത്തത് ശ്രീക്കുട്ടൻ..
ഞാൻ പതുങ്ങി എണീറ്റപ്പോഴേക്കും..
ശ്രീകുട്ടന്റെ പൈസ ഇന്നലെ അമ്മ തന്നിരുന്നു.. അടുത്ത ആള്..
ടീച്ചർ അടുത്തയാളെ വിളിച്ചു..
എനിക്കെന്താണെന്നു മനസിലായില്ല..
അമ്മയോട് ഞാൻ പറഞ്ഞിട്ടുപോലുമില്ലല്ലോ. പിന്നെങ്ങിനെ അമ്മ കൊടുക്കാനാണ്.
സ്കൂൾ വിട്ടു ഓടി വീട്ടിൽ എത്തിയപ്പോൾ അമ്മ എവിടാണ് എന്നാണ് നോക്കിയത്. അമ്മ ഇന്നലെ രാജലക്ഷ്മി ടീച്ചറെ കണ്ടിരുന്നോ?
ഏയ് ഞാൻ ഒരിടത്തേക്കും പോയില്ലല്ലോ…
സത്യായിട്ടും കണ്ടില്ലേ?
ഇല്ലടാ… എന്തെ വല്ല കുരുത്തക്കേടും ഒപ്പിച്ചോ?
ഏയ് ഇല്ലല്ലോ.
പിറ്റേ ദിവസം ടീച്ചറെ കണ്ടപ്പോൾ ഞാൻ ഓടിപോയി ചോദിച്ചു…അമ്മ തരാതെ എങ്ങിനാ ടീച്ചർക്ക് രണ്ടുരൂപ കിട്ടിയതെന്നു..
എന്റെ നെറ്റിയിലേക്ക് വീണു കിടന്ന മുടി ഒതുക്കി വെച്ചിട്ട് . ടീച്ചർമാരും അമ്മമാരെ പോലെയാണെന്ന്.. ഇനി ഒഴിഞ്ഞ സഞ്ചിയുമായി ഒരിക്കലും രാമേട്ടന്റെ കടയിൽ നിന്ന് കണ്ണു നിറച്ചു ഓടണ്ടട്ടോ.. എന്താവശ്യമുണ്ടെങ്കിലും ടീച്ചറോട് പറഞ്ഞോളോ..
എന്നു ടീച്ചർ പറഞ്ഞപ്പോൾ അറിയാതെ കണ്ണിൽ നിന്ന് വീണത് ഒരു പ്രതീക്ഷയുടെ തുള്ളികളായിരുന്നു..
രാമേട്ടന്റെ കടയിലെ അടക്കിപ്പിടിച്ച ചിരികൾക്കിടയിൽ. സ്നേഹിക്കാൻ അറിയുന്ന ഒരാളും ഉണ്ടായിരുന്നു…
ഒരു നാലാം ക്ലാസുകാരന്റെ അഭിമാനം കാത്തുസൂക്ഷിച്ച ടീച്ചറും അമ്മയെപോലെയല്ല അമ്മ തന്നെയാണ്..
സ്നേഹപൂർവ്വം