പെട്ടെന്ന് കുടുംബത്തെ കണ്ടപ്പോൾ ഇട്ടിരുന്ന ഷർട്ടിലെ എച്ചിലിന്റെ അവശിഷ്ടങ്ങൾ കൈ കൊണ്ട് തട്ടി കളഞ്ഞ്……

ജീവിതങ്ങൾ….

എഴുത്ത്:-ശ്യാം കല്ലുകുഴിയിൽ

” രാവിലെ ഇറങ്ങി പോകും രാത്രി വന്ന് ഭക്ഷണം കഴിച്ച് കിടക്കും എന്നല്ലാതെ, നിങ്ങൾ എന്നേലും എന്നെ മനസ്സിലാക്കിയിട്ടുണ്ടോ….”

രാത്രി അത്താഴം കഴിച്ച് കിടക്കുമ്പോഴാണ് നിമ്മി അത് പറഞ്ഞത്. ജോലി ക്ഷീണം കൊണ്ട് നേരത്തെ കിടന്ന രവി ഒന്ന് മൂളി വീണ്ടും തിരിഞ്ഞു കിടന്നു…

” ആ ഉറങ്ങിക്കോ ഉറങ്ങിക്കോ സുഖമായി ഉറങ്ങിക്കോ… നാളെ രാവിലെ ഞാൻ എന്റെ വീട്ടിൽ പോകും, ഒരാഴ്ച്ച അവിടെ നിൽക്കും അപ്പൊ നിങ്ങൾ പഠിച്ചോളും….”

നിമ്മി വീണ്ടും തുടർന്നപ്പോൾ രവി ബെഡ് ഷീറ്റ് തലവഴി പുതച്ചു കൊണ്ട് കമഴ്ന്ന് കിടന്നു. രവി ഒന്നും മിണ്ടാതെ കിടക്കുന്ന ദേഷ്യത്തിൽ അവൾ വീണ്ടും എന്തൊക്കെയോ മുറുമുറുത്തു കൊണ്ട് കിടന്നു….

പിറ്റേന്ന് ഞായറാഴ്ച ആയത് കൊണ്ട്‌ രാവിലെ കുറച്ചു നേരം കൂടി ഉറങ്ങാല്ലോ എന്ന് കരുതി കിടന്ന രവിയെ ഉണർത്തിയത് ആരോടെന്നില്ലാതെയുള്ള നിമ്മിയുടെ മുറുമുറുപ്പാണ്,,,,

” ഓ തലപൊക്കി നോക്കേണ്ട ഞാനും മക്കളും വീട്ടിലേക്ക് പോകുകയാണ്, നിങ്ങൾ ഇവിടെ സുഖമായി കിടന്നോ….”

കണ്ണാടിയുടെ മുന്നിൽ നിന്ന് തലമുടി ചീകി കെട്ടുമ്പോഴാണ് തലപൊക്കി നോക്കുന്ന രവിയുടെ മുഖം നിമ്മി കണ്ണാടിയിൽ കൂടി കാണുന്നത്, നിമ്മി കണ്ണാടിയിൽ നോക്കി തന്നെയാണ് അത്രയും പറഞ്ഞതും, അത് കൂടി കേട്ടപ്പോൾ രവി ഷീറ്റ് മാറ്റി കണ്ണും തിരുമി എഴുന്നേറ്റ് കട്ടിലിൽ ഇരുന്നു….

നിമ്മിയ്ക്ക് ഇടയ്ക്ക് ഇടയ്ക്ക് ഉള്ളതാണ് ഈ പിണങ്ങി പോക്കൽ, ഞായറാഴ്ച പോകുന്നയാൾ തിങ്കളാഴ്ച രാവിലെ വീട്ടിൽ തിരികെ എത്തുകയും ചെയ്യും, അത് അറിയാവുന്നത് കൊണ്ട് രവി ഈ പിണക്കം ഒന്നും വല്യ കാര്യമായി എടുക്കാറില്ല….

എല്ലാ പിണങ്ങിപോക്കിലും ഉള്ളത് പോലെ തന്നെ ഒരു ചെറിയ ബാഗിൽ നിമ്മി അവളുടെയും മക്കളുടെയും ഡ്രെസ്സ് എടുത്ത് വച്ച്, അതുമായി മുറിയിൽ നിന്ന് ഇറങ്ങുമ്പോൾ മക്കളും പോകാൻ ഒരുങ്ങി കഴിഞ്ഞിരുന്നു…

” അച്ഛൻ എന്താ വരാതെ….”

നാല് വയസുകാരി മോൾ രവിയുടെ അടുത്തേക്ക് വന്ന് ചോദിച്ചു…

” അച്ഛൻ വരുന്നില്ല മക്കൾ പോയിട്ട് വാ…”

മോളുടെ തലമുടിയിൽ തഴുകി പറയുമ്പോൾ അവൾ തലയും ആട്ടി പുറത്തേക്ക് ഇറങ്ങി….

” ദേ അമ്മേ ഞാൻ എങ്ങും വരുന്നില്ല, എത്ര നാളായി ഒരു പുതിയ ഷൂ വാങ്ങി തരാൻ പറയുന്നു, ഇത് കണ്ടോ മൊത്തം അഴുക്ക് പിടിച്ചു….”

” ഓ നിന്റെ അച്ഛനോട് അല്ലെ പറയുന്നേ കുറെ നടക്കും,,, നാളെ മാമൻ വരും ഗൾഫിൽ നിന്ന് അപ്പൊ പുതിയത് വാങ്ങി തരും….”

പുറത്ത് നിന്ന് മകന്റെയും ഭാര്യയുടെയും സംസാരം കേട്ട് കൊണ്ടാണ് രവി മുറിയിൽ നിന്ന് ഇറങ്ങിയത്, പുതിയ ഷൂ കിട്ടാത്ത ദേഷ്യം മോന്റെ മുഖത്ത് നല്ലതുപോലെ തെളിഞ്ഞു കാണുന്നത് രവി ശ്രദ്ധിച്ചു, അല്ലേലും അവൻ അമ്മയെപ്പോലെയാണ് എല്ലാത്തിനും വാശിയുള്ള കൂട്ടത്തിൽ ആണ്, അയാൾ അത് മനസ്സിൽ ഓർമിച്ചു കൊണ്ട് മിണ്ടാതെ അടുക്കളയിലേക്ക് നടന്നു….

രവിലെ ഇട്ടു വച്ചിരുന്ന തണുത്ത കട്ടൻ കാപ്പി ഒന്ന് കൂടി ചൂടാക്കി അത് ഒരു ഗ്ലാസ്സിൽ പകർന്ന് അതുമായി ഉമ്മറത്തേക്ക് നടക്കുമ്പോൾ ഭാര്യയും മക്കളും പോകാനായി ഇറങ്ങി….

” അച്ഛ ഞങ്ങൾ പോണെ…”

മോൾ കൈ വീശി പറയുമ്പോൾ രവിയും ചിരിച്ചുകൊണ്ട് മോൾക്ക്‌ നേരെ കൈ വീശി. നിമ്മിയും മകനും ഒരു വാക്ക് പോലും മിണ്ടാതെ നടന്നത് രവിയെ വിഷമിപ്പിച്ചിരുന്നില്ല കാരണം അയാൾക്ക് അതൊരു ശീലമായി കഴിഞ്ഞിരുന്നു. അവർ പോകുന്നതും നോക്കി കട്ടൻ ചായയുമായി രവി ഉമ്മറത്തെ പഴയ ചാര് കസേരയിൽ മലർന്ന് ഇരുന്നു…

രവിയുടെയും നിമ്മിയുടെയും വിവാഹം കഴിഞ്ഞിട്ട് ഏതാണ്ട് എട്ട് വർഷം ആകുന്നു. പഠിക്കുന്ന സമയത്ത് എന്നോ നിമ്മിയെ കണ്ട് ഒരിഷ്ടം രവിക്ക് തോന്നിയതാണ്, അവളെ കെട്ടാൻ വേണ്ടി തന്നെയാണ് രവി ആരുടെയൊക്കെയോ കയ്യും കാലും പിടിച്ച് ഗൾഫിലേക്ക് പോയത്, മൂന്ന് നാല് വർഷം അവിടെ നിന്നതിന് ശേഷമാണ് രവി നാട്ടിലേക്ക് വരുന്നതും, അച്ഛനെയും അമ്മയെയും കൂട്ടി വന്ന് നിമ്മിയെ പെണ്ണ് ചോദിക്കുന്നതും….

സാമ്പത്തികമായി അൽപ്പം തകർച്ചയിൽ നിന്ന നിമ്മിയുടെ കുടുംബത്തിലേക്ക് ഒരു ഡിമാന്റും വയ്ക്കാതെ വന്ന കല്യാണ ആലോചന ആ വീട്ടുകാർക്കും ഒരു ആശ്വാസം ആയത് കൊണ്ടാണ് അവരും വിവാഹത്തിന് സമ്മതം മൂളിയത്…

രവിയ്ക്ക് രണ്ട് മാസമേ ലീവ് ഉള്ളായിരുന്നത് കൊണ്ട് പെട്ടെന്ന് തന്നെ കല്യാണം നടന്നു. കല്യാണം കഴിഞ്ഞ് കഷ്ടിച്ച് ഒരു മാസമേ രവി നാട്ടിൽ ഉണ്ടായിരുന്നുള്ളു. തിരികെ പോകും മുൻപേ നിമ്മിയുടെ തുടർ പഠനത്തിനുള്ള ഏർപ്പാടും രവി ചെയ്തിരുന്നു…

” ചേട്ടാ അതേ ഡിഗ്രി ഒക്കെ പഠിക്കാൻ പോയാൽ, വർഷം കുറെ പോകും ചേട്ടന്റെ കാശും, അത്കൊണ്ട് ഞാൻ വല്ല കമ്പ്യൂട്ടർ കോഴ്‌സും പഠിക്കാൻ പോകാം, അതാകുമ്പോൾ പെട്ടെന്ന് ജോലിയും കിട്ടും നമുക്ക് ഒരു വരുമാനവും ആകും…..”

ഒരു രാത്രി രവി വിളിച്ചു സംസാരിക്കുമ്പോഴാണ് നിമ്മി ആ അഭിപ്രയം പറഞ്ഞത്, അവളുടെ ഇഷ്ടത്തിന് രവി അത് സമ്മതിക്കുകയും ചെയ്തു….

പിന്നെ ഡിഗ്രി നിർത്തി കമ്പ്യൂട്ടർ കോഴ്‌സിന് പോയി തുടങ്ങുമ്പോൾ ഉച്ചവരെ ക്ലാസ് ഉണ്ടെങ്കിലും വൈകുന്നേരം വരെ നിമ്മി അവിടെ തന്നെ ഇരിക്കും, കോഴ്‌സ് കഴിഞ്ഞ് അവിടെ തന്നെ നിമ്മി ചെറിയ വരുമാനത്തിൽ ജോലി ചെയ്തു തുടങ്ങി. അതിനിടയിൽ ഒരു വർഷം കഴിഞ്ഞപ്പോൾ ഒന്നര മാസത്തെ ലീവിന് രവി നാട്ടിൽ വന്ന് തിരികെ പോകുകയും ചെയ്തു. പിന്നെ മോൻ ജനിച്ച് രണ്ട്‌ വയസ്സ് ആകുമ്പോഴാണ് രവി നാട്ടിൽ വരുന്നത്, രവി വന്ന് പോയി കഴിഞ്ഞപ്പോഴേക്കും നിമ്മി വീണ്ടും ഗർഭിണിയായി…

പിന്നെ മൂന്ന് വർഷം കഴിഞ്ഞ് രവി ഗൾഫിലെ ജോലി നിർത്തി നാട്ടിൽ വരുമ്പോഴേക്കും നിമ്മിയുടെ ആങ്ങളയ്ക്ക് ഗൾഫിൽ നല്ലൊരു ജോലി ഒപ്പിച്ചു കൊടുത്തിരുന്നു, ഇതിനിടയിൽ നിമ്മി പല പല കോഴ്സുകൾ പഠിക്കുകയും പലയിടത്തും ജോലിക്ക് കയറി അത് നിർത്തുകയും ചെയ്തിരുന്നു, ഒരിടത്ത് പോകാൻ ബസ്സ് ഇറങ്ങി നടക്കുമ്പോൾ വെയിലും,പൊടിയും കൊള്ളണം എന്നായിരുന്നു കാരണം എങ്കിൽ മറ്റൊരിടത്ത് ജോലി അതികം ആണെന്നും, മറ്റൊരിടത്ത് ശമ്പളം കുറവ് ആണെന്നും, അങ്ങനെ പല പല കാരണങ്ങൾ പറഞ്ഞ് നിമ്മി പോകാതെ ഇരുന്നപ്പോഴും രവി അവളോട് മറുത്ത് ഒന്നും പറഞ്ഞിരുന്നില്ല…

നാട്ടിൽ വന്ന് പലയിടത്തും ജോലിക്ക് ശ്രമിച്ചെങ്കിലും ഒന്നും നടന്നില്ല, പിന്നെയാണ് രവി പട്ടണത്തിൽ ഉള്ള ഒരു വല്യ ഹോട്ടലിൽ ജോലിക്ക് കയറിയത്. പാത്രം കഴുകലും, മേശ തുടപ്പും, ഇടയ്ക്ക് സപ്ലെയർ ആയും അവിടെ ജോലി ചെയ്യണം എങ്കിലും അതൊന്നും രവി വീട്ടിൽ പറഞ്ഞിരുന്നില്ല, വല്യ ഹോട്ടലിൽ ഓടി നടന്ന് ജോലി ചെയ്ത് വരുമ്പോഴാകും നിമ്മി ഓരോ ആവശ്യങ്ങൾ പറയുന്നത്, അതിനെല്ലാം ഒഴുക്കൻ മട്ടോടെ രവി മൂളികേൾക്കുമ്പോൾ…

” അല്ലേലും നിങ്ങൾക്ക് എന്നോട് ഒരു സ്നേഹവും ഇല്ലേ, എന്നെ നിങ്ങൾ ഇതുവരെ മനസ്സിലാക്കിയിട്ടും ഇല്ല…”

എന്ന സ്ഥിരം ഡയലോഗ് അടിച്ചു തുടങ്ങും. രവി അതിനും ഒഴുക്കൻ മട്ടോടെ ഒരു ചിരി മാത്രം മറുപടി കൊടുക്കും….

അന്ന് ഞായറാഴ്ച രവി ഭക്ഷണം ഒന്നും ഉണ്ടാക്കിയില്ല, ഒരു ചെറിയ പാത്രത്തിൽ ചെറിയ ഉള്ളിയും, പുളിയും, വെളിച്ചെണ്ണയും, ഉപ്പും ചേർത്ത് ഉടച്ച് എടുത്തതും, ഒരു കുഴിയാൻ പാത്രത്തിൽ തലേ ദിവസം വെള്ളം ഒഴിച്ചു വച്ച പഴഞ്ചൊറിൽ ഉപ്പും ഇട്ട് ഇളക്കി അയാൾ അത് കുടിക്കുകയും, ഒപ്പം പുളിയും മുളകും തൊട്ട് നാക്കിൽ തേയ്ക്കുകയും ചെയ്തു…

പിറ്റേന്ന് രാവിലെ അലാറം വച്ച് രവി എഴുന്നേറ്റു, കുളിച്ചു റെഡിയായി ആദ്യ വണ്ടിക്ക് തന്നെ പട്ടണത്തിലേക്ക് പോയി, ഹോട്ടലിൽ ചെന്ന് ഡ്രെസ്സ് മാറി അടുക്കളയിലേക്ക് ചെല്ലുമ്പോൾ തലേ ദിവസത്തെ ഒരു ലോഡ് പാത്രം കഴുകാൻ കൂട്ടി ഇട്ടേക്കുന്നു, പാത്രങ്ങൾ കഴുകി തുടങ്ങിയ ബംഗാളി പയ്യന്റെ അരുകിൽ ഇരുന്ന് അവൻ സോപ്പ് തേച്ച് വയ്ക്കുന്ന പാത്രങ്ങൾ രവി കഴുകി അടുക്കി വച്ചു. അത് കഴിഞ്ഞപ്പോഴേക്കും കറിക്കുള്ള സവാള അരിഞ്ഞു തുടങ്ങി….

ഇടയ്ക്ക് ഒരു ചായ കുടിച്ചുകൊണ്ട് പതിനൊന്ന് മണിവരെ രവിക്ക് ഹോട്ടലിൽ നിന്ന് തിരിയാൻ സമയം ഇല്ലാത്ത ജോലികൾ ആയിരുന്നു. പതിനൊന്ന് മണിക്ക് കാപ്പി കുടിക്കാൻ ഇരിക്കുമ്പോഴേക്കും അയാളുടെ വിശപ്പൊക്കെ നിലച്ചിരുന്നു. രണ്ട് ദോശ കഴിച്ചെന്ന് വരുത്തി രവി ഹോട്ടൽ ജീവനക്കാർക്ക് ഉള്ള മുറിയിലേക്ക് നടന്നു ഇനി അയാൾക്ക് ഉച്ച കഴിഞ്ഞേ പണിയുള്ളൂ അതുവരെ മുറിയിൽ വിശ്രമിക്കും….

മുറിയിൽ എത്തിയപ്പോഴേക്കും രവി നിമ്മിയുടെ നമ്പറിലേക്ക് വിളിച്ചു, രണ്ട് മൂന്ന് തവണ വിളിച്ചിട്ടും അവൾ കാൾ എടുക്കതേ ഇരുന്നപ്പോൾ പിണക്കം മാറി കാണില്ല എന്ന് രവി മനസ്സിലാക്കി. ഉച്ച കഴിഞ്ഞ് വീണ്ടും രവി ഹോട്ടലിൽ ജോലിക്ക് കയറി, പിന്നെ പത്ത് മണിവരെ നിൽക്കാൻ സമയം ഇല്ലാത്ത ജോലികൾ ആണ്, പത്ത് മണിക്ക് ജോലി കഴിഞ്ഞ് ഇറങ്ങി ഡ്രെസ്സ് മാറി വീട്ടിലേക്ക് പോകും മുമ്പേ ഒന്ന് കൂടി രവി നിമ്മിയെ വിളിച്ചെങ്കിലും ആരും കാൾ എടുത്തില്ല. ഇനി വീട്ടിലേക്ക് അല്ലെ പോകുന്നത് ചെന്ന് പിണക്കം മാറ്റാം എന്ന് കരുതിയാണ് ലാസ്റ്റ് ബസ്സിന് രവി വീട്ടിലേക്ക് തിരിച്ചത്….

വെട്ടം ഇല്ലാതെ അടഞ്ഞു കിടക്കുന്ന വീട് കണ്ടപ്പോ രവിക്ക് മനസ്സിലായി നിമ്മി വന്നില്ലെന്ന്, ചെടി ചട്ടിയുടെ അടിയിൽ നിന്ന് രാവിലെ വച്ച താക്കോൽ എടുത്ത് വീട് തുറന്ന് കയറുമ്പോൾ രവി വീണ്ടും നിമ്മിയെ വിളിച്ചു, നിമ്മി കാൾ എടുക്കതേ ഇരുന്നത് കൊണ്ടാണ് അവളുടെ അമ്മയുടെ നമ്പറിലേക്ക് വിളിച്ചത്….

” ഹാലോ….”

വീട്ടിലെ ബഹളങ്ങൾക്ക് ഒപ്പം നിമ്മിയുടെ അമ്മയുടെ ശബ്ദവും രവി കേട്ടു….

” നിമ്മിയെ വിളിച്ചിട്ട് എടുക്കുന്നില്ല എന്തുപറ്റി,,,,”

ബഹളത്തിന് ഇടയിൽ അവർ കേൾക്കാൻ വേണ്ടി ഉച്ചത്തിലാണ് രവി ചോദിച്ചത്…

” അതേ മനു വനിട്ടുണ്ട് അവൾ രണ്ട് ദിവസം കൂടി കഴിഞ്ഞേ വരുള്ളൂ….”

ബഹളത്തിനടയിലൂടെ അവരുടെ ശബ്ദം കേട്ടപ്പോൾ പിന്നെ ഒന്നും മിണ്ടാതെ രവി കാൾ കട്ട് ചെയ്തു….

പലരുടെയും കയ്യും കാലും പിടിച്ചണ് മനുവിന് ഒരു ജോലി ഗൾഫിൽ ഒപ്പിച്ചു കൊടുത്തത്, വിസയുടെ പൈസ പോലും തന്റെ ശമ്പളത്തിൽ നിന്നാണ് കൊടുത്തത് എന്നിട്ടും തന്നോട് ഒരു വാക്ക് പോലും പറയാത്തതിൽ രവിക്ക് വിഷമം ഉണ്ടായെങ്കിലും ഒരു ദീർഘനിശ്വാസത്തോടെ രവി അത് മറക്കാൻ ശ്രമിച്ചു, ഒപ്പം ആഘോഷം കഴിഞ്ഞ് നിമ്മി തോന്നുമ്പോൾ വരട്ടെ എന്നും കരുതി കിടന്നു…..

പതിവുപോലെ പിറ്റേന്ന് രാവിലെ അലാറം വച്ച് എഴുന്നേറ്റ് ആദ്യ ബസ്സിന് തന്നെ രവി ജോലിക്ക് പോയി, അന്ന് വൈകുന്നേരം ഹോട്ടലിൽ നല്ല തിരക്കുള്ള ദിവസം ആയിരുന്നു. രവി പാത്രം കഴുകി വയ്ക്കലും മേശത്തുടയ്ക്കലും ആയി തിരക്ക് ആയിരുന്നു….

” അച്ഛാ……..”

ആരോ കഴിച്ച എച്ചിൽ പാത്രവും എടുത്ത് മേശ തുടയ്ക്കുമ്പോൾ ആണ് ഉച്ചത്തിൽ ഉള്ള ആ വിളി രവി കേട്ടത്, ശബ്ദം കേട്ട ഭാഗത്തേക് തിരിഞ്ഞു നോക്കുമ്പോഴേക്കും രവിയുടെ മോൾ വന്ന് അയാളെ ചുറ്റി പിടിച്ചിരുന്നു, അപ്പോഴാണ് രണ്ട് മേശയ്ക്ക് അപ്പുറം മനുവിനും കുടുംബത്തോടൊപ്പം ഇരിക്കുന്ന നിമ്മിയെയും മക്കളെയും കണ്ടത്. അവിടെ ആ വേഷത്തിൽ നിൽക്കുന്ന രവിയെ കണ്ടപ്പോൾ ഞെട്ടിയത് നിമ്മി ആയിരുന്നു…

പെട്ടെന്ന് കുടുംബത്തെ കണ്ടപ്പോൾ ഇട്ടിരുന്ന ഷർട്ടിലെ എച്ചിലിന്റെ അവശിഷ്ടങ്ങൾ കൈ കൊണ്ട് തട്ടി കളഞ്ഞ്, ഒരു ചിരിയോടെ രവി മോളേയും കൂട്ടി അവർ ഇരുന്ന മേശയുടെ അരികിലേക്ക് നടന്നു, പെട്ടെന്ന് അവിടെ രവിയെ കണ്ടപ്പോൾ എല്ലാവരും പെട്ടെന്ന് നിശബ്ദരായി….

” ആഹാ എല്ലാവരും ഉണ്ടല്ലോ….”

മനുവിനെ നോക്കി ചിരിച്ചു കൊണ്ടാണ് രവി അത് പറഞ്ഞത്, മറുപടി ഒന്നും പറയാൻ കഴിയാതെ മനു മുഖത്ത് ഒരു ചിരി വരുത്തൻ ശ്രമിച്ചു, രവി ഇടങ്കണ്ണിട്ട് നിമ്മിയെ നോക്കുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകാൻ വെമ്പി നിൽക്കുന്നത് രവി കണ്ടിരുന്നു, എന്നാലും രവി നിമ്മിയുടെ മുഖത്ത് നോക്കാതെ ഇരിക്കാൻ ശ്രമിച്ചിരുന്നു…..

” രവി ഭായി…..”

അടുക്കള വാതിലിൽ നിന്ന് തലയിട്ട് ബംഗാളി പയ്യൻ വിളിച്ചപ്പോൾ രവി വരുന്നു എന്ന് കയ്യെടുത്ത് കാണിച്ചപ്പോഴേക്കും മനു ഓർഡർ ചെയ്ത ഭക്ഷണം മറ്റൊരു സപ്ലെയർ അവർക്ക് മുന്നിലേക്ക് നിരത്തി വയ്ക്കാൻ തുടങ്ങിയിരുന്നു. ഒന്ന് കൂടി എല്ലാവരെയും നോക്കി ചിരിച്ച്, മോളെ കസേരയിൽ ഇരുത്തി രവി വീണ്ടും ഒഴിഞ്ഞ മേശ തുടച്ചുകൊണ്ട് അടുക്കളയിലേക്ക് നടന്നു….

അവരുടെ കൺവെട്ടത്ത് നിന്ന് മറിയപ്പോഴേക്കും ആരും കാണാതെ രവി ഒഴുകി വന്ന കണ്ണുനീർ തുടച്ചു കൊണ്ട് എച്ചിൽ പാത്രങ്ങൾ കഴുകാൻ തുടങ്ങി, ഇതേ അവസ്‌ഥ തന്നെ ആയിരുന്നു നിമ്മിക്കും, തങ്ങളുടെ മുന്നിൽ ഇരിക്കുന്ന ഭക്ഷണം കഴിക്കാൻ കഴിയാതെ എല്ലാവരും തലകുമ്പിട്ട് നിശബ്ദരയി ഇരുന്നു…

മനു തന്നെയാണ് ആഹാരം പാഴ്‌സൽ ആക്കി തരാൻ ആവശ്യപ്പെട്ടത്, അതും വാങ്ങി ആ വല്യ ഹോട്ടലിൽ നിന്ന് ഇറങ്ങുമ്പോൾ നിമ്മി അടുക്കളയിലേക്ക് ഒന്ന് കൂടി തിരിഞ്ഞു നോക്കി, ആരോ കർട്ടൻ മാറ്റി പുറത്തേക്ക് ഇറങ്ങുമ്പോൾ ആ വിടവിൽ കൂടി രവി പാത്രം തേച്ച് കഴുകുന്നത് നിമ്മി കണ്ടിരുന്നു…..

അന്ന് രവി ജോലി കഴിഞ്ഞ് വീട്ടിലേക്കുള്ള വണ്ടി കയറുമ്പോൾ നിമ്മിയേയും മക്കളെയും കുറിച്ച് ആയിരുന്നു ചിന്ത, നാളെ നിമ്മിയുടെ വീട്ടിൽ ചെന്ന് അവളെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ വേണ്ടിയാണ് ആഴ്ചയിൽ ഒരു ദിവസം കിട്ടുന്ന അവധി നാളത്തേക്ക് എടുത്തതും….

വീട്ടിലേക്ക് ചെന്ന് ചെടി ചട്ടിയുടെ അടിയിൽ താക്കോൽ കാണാതെ ഇരുന്നപ്പോൾ ആണ് രവി വാതിലിൽ തള്ളിയത്, തുറന്ന് വന്ന വാതിലിൽ കൂടി അകത്തേക്ക് കയറി കൈ തപ്പി ഹാളിലെ ലൈറ്റ് തെളിയിച്ചപ്പോൾ നിമ്മിയും ഇരുവശങ്ങളിലുമായി മക്കളും ഇരിപ്പുണ്ടായിരുന്നു, മക്കൾ രണ്ടും ഉറങ്ങി നിമ്മിയുടെ തോളിൽ തല ചായ്ച്ച് ഇരിക്കുകയാണ്. പെട്ടെന്ന് അവരെ കണ്ടപ്പോൾ എന്ത് പറയണം എന്നറിയാതെ രവി അൽപ്പനേരം നിമ്മിയെ നോക്കി നിന്നു…,

” പിള്ളേർ ഇരുന്ന് ഉറങ്ങിയല്ലോ മുറിയിൽ കൊണ്ട് കിടത്ത്….”

അത് പറഞ്ഞ് രവി മുറിയിലേക്ക് പോയപ്പോൾ നിമ്മി മക്കളെ തട്ടി ഉണർത്തി കൊണ്ട് കിടത്തി, നിമ്മി മക്കളെ കിടത്തി വന്നപ്പോൾ രവി ഡ്രെസ്സ് പോലും മാറാതെ കട്ടിലിൽ ഇരിക്കുക ആയിരുന്നു….

” എന്നോട് ഒരു വാക്ക് പറയാമായിരുന്നു….”

അത് പറഞ്ഞ് അവൾ രവിക്കരികിൽ ഇരുന്നു….

” നി എന്നോട് ചോദിച്ചിരുന്നതും ഇല്ലല്ലോ, അല്ലെ തന്നെ പാചകം അറിയാത്ത എനിക്ക് ഹോട്ടലിൽ എച്ചിൽ പാത്രം കഴുകുന്ന ജോലി അല്ലാതെ വേറെ എന്താ കിട്ടുക…”

രവി അത് പറഞ്ഞപ്പോൾ നിമ്മി രവിയുടെ കയ്യിൽ മുറുക്കെ പിടിച്ചു….

” കുറച്ചുകൂടി നല്ല ജോലി ഏതേലും നോക്കാമായിരുന്നല്ലോ…”

” താൻ എന്താ ഈ പറയുന്നേ ഇത് അത്ര മോശം ജോലി ഒന്നുമല്ല, ഉച്ചയ്ക്ക് ഒക്കെ റസ്റ്റ് ഉണ്ട്, പിന്നെ അഹരവും കിട്ടും…”

രവി ചിരിച്ചുകൊണ്ട് പറഞ്ഞപ്പോൾ നിമ്മി അയാളുടെ ചുമലിൽ തല ചായ്ച്ചു…..

” ജോലിയുടെ കുറ്റം അല്ല, പെട്ടെന്ന് ചേട്ടനെ ആ കോലത്തിൽ അവിടെ കണ്ടപ്പോൾ…..”

പറഞ്ഞു തീർക്കാൻ കഴിയാതെ അവൾ തേങ്ങലടിച്ചു….

” ന്റെ നിമ്മി, നമ്മൾ എവിടെയൊക്കെ ജോലിക്ക് ശ്രമിച്ചു ഒന്നും കിട്ടിയില്ല, ഹോട്ടലിൽ ജോലി ഒപ്പിച്ചു എന്ന് പറഞ്ഞപ്പോൾ എന്താണ് ജോലി എന്നുപോലും നി ചോദിച്ചില്ല, പിന്നെയോട്ട് ഞാൻ പറഞ്ഞതും ഇല്ല, അല്ലെ തന്നെ വീട്ടിൽ വരുമ്പോൾ നിന്റെ പരിഭവം പറച്ചിൽ കഴിഞ്ഞ് സമയം കിട്ടേണ്ടേ പറയാൻ…..”

ഉള്ളിലെ സങ്കടം മറച്ച് ഉച്ചത്തിൽ ചിരിച്ചു കൊണ്ട് രവി പറയുമ്പോൾ നിമ്മി ഒന്നും മിണ്ടാതെ ഇരുന്നതെയുള്ളൂ…

” എല്ലാ ജോലിക്കും അതിന്റെതായ മഹത്വം ഉണ്ട് നിമ്മി, പിന്നെ അത് ചെയ്യാനുള്ള മനസ്സ് ആണ് വേണ്ടത്, നമ്മളൊക്കെ ഗൾഫിൽ കിടന്ന് ചെയ്ത ജോലി നോക്കുമ്പോൾ ഇതൊക്കെ ഒരു ജോലിയാണോ…..,”

രവിയുടെ വാക്കുകളിൽ അപ്പോഴും ചിരി കലർന്നിരുന്നു….

” കുളിച്ചു വാ ഞാൻ ഭക്ഷണം എടുത്ത് വയ്ക്കാം…..”

നിമ്മി അത് പറഞ്ഞ് അടുക്കളയിലേക്കു പോകുമ്പോൾ രവി എഴുന്നേറ്റ് കുളിക്കാൻ പോയി. കുളി കഴിഞ്ഞ് വന്ന് നിമ്മിയും രവിയും ഒരുമിച്ചാണ് കഴിച്ചത്, ഭക്ഷണം കഴിച്ച് രവി മുറിയിലേക്ക് പോയി, പാത്രങ്ങൾ കഴുകി വച്ച് നിമ്മി മുറിയിലേക്ക് എത്തുമ്പോൾ രവി കിടന്നിരുന്നു….

” ഞാൻ പഠിച്ച ആ കമ്പ്യൂട്ടർ കോഴ്‌സ് വച്ച് എവിടേലും ജോലിക്ക് ശ്രമിച്ചാലോ…”

കിടക്കുന്ന രവിയെ നോക്കിയാണ് നിമ്മി അത് പറഞ്ഞത്…

” നിനക്ക് അതിന് ബസ്സ് ഇറങ്ങി വെയിലും കൊണ്ട് നടക്കാൻ പറ്റില്ലല്ലോ, ഇരിക്കുന്നിടത്ത് കറങ്ങുന്ന കസേര വേണം, എ.സി വേണം, അതൊകെ ഒത്ത് വരണ്ടേ…”

രവി അത് പറഞ്ഞപ്പോൾ നിമ്മിയുടെ മുഖം ദേഷ്യം കൊണ്ട്‌ ചുവന്നു….

” അല്ലേലും നിങ്ങൾ ഇതുവരെ എപ്പോഴേലും എന്നെ മനസ്സിലാക്കാൻ ശ്രമിച്ചിട്ടുണ്ടോ…..”

നിമ്മിയുടെ വായിൽ നിന്ന് അത് കേട്ടതും ബെഡ്ഷീറ്റ് തലവഴി പുതച്ചു കൊണ്ട് രവി രണ്ട് ചെവിയും പൊത്തി കമഴ്ന്ന് കിടന്നു. അപ്പോഴും നിമ്മി എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു…….