പുനർവിവാഹം ~ ഭാഗം 22, എഴുത്ത്: അശ്വതി കാർത്തിക

രാത്രി രണ്ട് അമ്മമാരും ദക്ഷും ഹോസ്പിറ്റലിൽ നിൽക്കാം എന്ന് തീരുമാനിച്ചു….

കവിതയേ റൂമിലേക്ക് കൊണ്ടുവന്നു കുറച്ചു കഴിഞ്ഞപ്പോൾ അവളുടെ അച്ഛൻ പോയി….

രാത്രിയിൽ ഒറ്റയ്ക്ക് വീട്ടിലേക്ക് പോകണ്ട എന്ന് പറഞ്ഞ് ചാരുന്റെ അച്ഛനെ നിർബന്ധിച്ച് ദീപു അവരോടൊപ്പം കൊണ്ടുപോയി…..

🌹🌹🌹🌹🌹🌹

ചാരു വിന്റെ അമ്മ ഹോസ്പിറ്റലിൽ ഉള്ളത് എല്ലാവർക്കും നല്ലൊരു സഹായമായി….

ചാരു രാവിലെ വീട്ടിലെ പണിയൊക്കെ തീർത്ത ദീപുവിന് ഒപ്പം ഹോസ്പിറ്റലിലേക്ക് വരും…..

വീട്ടിൽ രണ്ട് അച്ഛന്മാരും കൂടി കിച്ചുവിനെയും ചിക്കുവിനെയും നോക്കുന്ന ജോലി ഏറ്റെടുത്തു…

ദേവു വൈകുന്നേരം ആകുമ്പോഴേക്കും എത്തും….

രാത്രിയിലേക്കുള്ള ഫുഡ് അവളാണ് കൊണ്ടുവരുന്നത്….ദക്ഷ് പിന്നെ രാവിലെ മുതൽ രാത്രി ആകുന്നവരെ ഹോസ്പിറ്റലിലാണ് കിടക്കാൻ വേണ്ടി മാത്രം വീട്ടിലേക്ക് വരും…..കവിതയുടെ അച്ഛനും പിന്നെ അച്ഛന്റെ ചേച്ചിയും അവർ രണ്ടുമാണ് വീട്ടിലുള്ളത്…..അവരും വരും….

നോർമൽ ഡെലിവറി ആയതുകൊണ്ട് മൂന്നു ദിവസം കഴിഞ്ഞപ്പോൾ ഡിസ്ചാർജ് ആയി…..

കവിതയുടെ_അച്ഛൻ :: മോളെയും കുഞ്ഞിനെയും ഞങ്ങൾ അങ്ങോട്ട് കൊണ്ടു പോകട്ടെ..

അമ്മ :: അവിടെ ആൾക്കാർ ഒന്നും ഇല്ലല്ലോ….ചേച്ചിക്ക് അധികം വയ്യാത്തത് അല്ലേ മോളും കുഞ്ഞും കൂടി അവിടേക്ക് വരുമ്പോൾ ബുദ്ധിമുട്ടാവില്ലേ…വീട്ടിലാണെങ്കിൽ ഞങ്ങൾ എല്ലാവരും ഉണ്ടല്ലോ….

കവിതയുടെ_അച്ഛൻ ::: ഒരു ഹോം നേഴ്സിനെ നിർത്താമെന്ന് വിചാരിക്കുന്നത്…..

അമ്മ ::: ഞാൻ പറയുന്നതുകൊണ്ട് കവിതയുടെ അച്ഛന് ഒന്നും തോന്നരുത്..ഇപ്പൊ മോൾക്ക് ആവശ്യം ഒരു ഹോം നേഴ്സിനെ അല്ല….അമ്മയെ ആണ്…ഹോം നേഴ്സ് കാര്യങ്ങളൊക്കെ ചെയ്തു കൊടുക്കും ഇല്ലെന്നു ഞാൻ പറയുന്നില്ല അത് പക്ഷേ ഞാൻ ചെയ്യുന്നത് പോലെ ആവില്ല….അധികം ദൂരം ഒന്നുമില്ലല്ലോ നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും വീട്ടിലേക്ക് വരാം….അവിടെ കവിതയ്ക്കും കുഞ്ഞിനും ഒരു കുറവും വരില്ല…..പിന്നെ ഞാൻ മാത്രമല്ലല്ലോ വീട്ടിൽ ചാരു ഉണ്ടല്ലോ അവൾ പൊന്നുപോലെ നോക്കും കവിതയേയും കുഞ്ഞിനെയും……

കവിതയുടെ വല്യമ്മ അവരുടെ അടുത്തേക്ക് വന്നു..നിങ്ങൾക്ക് ഒരു ബുദ്ധിമുട്ട് ആയാലോ എന്നോർത്താണ് അവൻ അങ്ങനെ പറഞ്ഞത്…എങ്ങനെ നിങ്ങളോട് നന്ദി പറയണം എന്നറിയില്ല…ഇത്രകണ്ട് എന്റെ കുഞ്ഞിനെ സ്നേഹിക്കുന്നതിന്…അമ്മയുടെ സ്നേഹം അറിയാൻ അവർക്ക് ഭാഗ്യമുണ്ടായില്ല..പക്ഷേ സ്വന്തം അമ്മയുടെ സ്ഥാനത്തുനിന്ന് എല്ലാം ചെയ്യാൻ നിങ്ങളെ പോലെ ഒരാൾ ഉണ്ടല്ലോ അതാണ് അവളുടെ ഭാഗ്യം……

നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു കൊണ്ട് ആ സ്ത്രീ അമ്മയെ കെട്ടിപ്പിടിച്ചു…….

അമ്മ ::: നന്ദിയുടെ ആവശ്യം ഒക്കെ എന്തിനാണ്…കവിത എന്റെ മോള് തന്നെയാണ്…സ്വന്തം മക്കളെ നോക്കേണ്ടത് അച്ഛന്റെയും അമ്മയുടെയും കടമയല്ലേ….കവിത ആയാലും ചാരു ആയാലും രണ്ടാളും എന്റെ മക്കൾ തന്നെയാണ്……നിങ്ങൾ ധൈര്യമായിട്ട് പൊയ്ക്കോ അവിടെ കവിതയ്ക്ക് ഒരു കുറവും വരില്ല എപ്പോ വേണമെങ്കിലും വരാം…..

ചാരു കവിതയുടെ വല്യമ്മയുടെ അടുത്തേക്ക് ചെന്നു…..വല്യമ്മ ഇങ്ങനെ പേടിക്കുക ഒന്നും വേണ്ട…അവൾക്ക് ഒരു കുറവും വരാതെ ഞാൻ നോക്കിക്കോളാം…..

ദീപു ::: ഞാനെന്ന ബില്ല് സെറ്റിൽ ആക്കിയിട്ട് വരാം…..

ദക്ഷിനെ നോക്കിക്കൊണ്ട്…

നീ കാറിലേക്ക് സാധനങ്ങളൊക്കെ മാറ്റിവെച്ചോ…ബില്ലടച്ചു കഴിഞ്ഞ് അധികം വൈകാതെ ഇറങ്ങാല്ലോ…..

ദീപു ബില്ലടയ്ക്കാൻ പോയപ്പോൾ ഞാനും വരാം എന്ന് പറഞ്ഞ് കവിതയുടെ അച്ഛൻ ദീപുനൊപ്പം പോയി……

മോനെ……

നീ എടുത്ത തീരുമാനം ഉണ്ടല്ലോ അതെന്തുകൊണ്ടും നല്ലതാണ്….കവിതയുടെ അമ്മ മരിച്ച കഴിഞ്ഞപ്പോൾ എല്ലാവരും എന്നോട് പറഞ്ഞതാണ് വേറൊരു വിവാഹം കഴിക്കാൻ….പക്ഷേ അന്ന് ഏതൊരു സാധാരണക്കാരനും ചിന്തിക്കുന്ന പോലെ ആണ് ഞാനും ചിന്തിച്ചത്…നമ്മൾ കേട്ടിട്ടുള്ള കഥകളിലൊക്കെ രണ്ടാം അമ്മയ്ക്ക് ദുഷ്ട പരിവേഷം ആണല്ലോ….പിന്നെ കാലം മുൻപോട്ടു പോയപ്പോൾ അതിന്റെ തായ ബുദ്ധിമുട്ടുകൾ ഞാനും അനുഭവിച്ചു….അതിൽ ഏറ്റവും വലുത് ഒറ്റപ്പെടൽ എന്ന അവസ്ഥയാണ്….നമ്മൾ പറയുന്നത് കേൾക്കാൻ ഒക്കെ ഒരാൾ ഉണ്ടാവുക ഒരു ഭാഗ്യമാണ്…ഞാൻ അതൊക്കെ മനസ്സിലാക്കി വന്നപ്പോഴേക്കും ഒരുപാട് വൈകിയിരുന്നു….ഇന്ന് ഇപ്പൊ ചേച്ചി എന്റെ കൂടെ ഉള്ളതുകൊണ്ട് കുറച്ച് ഒരു ആശ്വാസം ഉണ്ട് എനിക്ക്…..പക്ഷേ തുണയായി ഒരാൾ ഇല്ലാത്തത്……അത് വല്ലാത്ത ഒരു അവസ്ഥയാണ്…..

കവിത നിന്റെ കാര്യങ്ങളൊക്കെ പറയുമ്പോൾ ഞാൻ നിന്നോട് ഇതിനെപ്പറ്റി സംസാരിക്കണം എന്ന് വിചാരിച്ചിരുന്നു…പക്ഷേ എന്ത് വിചാരിക്കും എന്ന് ഒരു മടി ഉണ്ടായിരുന്നു…എന്തായാലും തീരുമാനം നന്നായി ചാരു വളരെ നല്ലൊരു കുട്ടിയാണ്……

🌹🌹🌹🌹🌹🌹🌹

ബില്ല് ഒക്കെ പെട്ടെന്നുതന്നെ അടച്ചു കവിതയും കുഞ്ഞിനെയും കൊണ്ട് അവർ വീട്ടിലേക്ക് പോയി..അവരെ വീട്ടിലാക്കി കുറച്ചു കഴിഞ്ഞപ്പോൾ അവരുടെ അച്ഛനും വല്യമ്മയും തിരിച്ചുപോയി….

വൈകുന്നേരം ആണ് ചാരുന്റെ അച്ഛനും അമ്മയും ഒക്കെ പോയത്….

🌹❣️🌹❣️🌹

പിന്നെ അങ്ങോട്ട് ചാരുവിനു നിന്ന് തിരിയ്യാനുള്ള സമയമില്ലായിരുന്നു..കവിതയുടെ പ്രസവ ശുശ്രൂഷ അമ്മ ഏറ്റെടുത്തപ്പോൾ വീട്ടിലെ ബാക്കി കാര്യങ്ങൾ എല്ലാം സന്തോഷത്തോടെ ചാരു ചെയ്തു….വീട്ടുജോലിക്ക് ആളെ വക്കാം എന്ന് എല്ലാവരും പറഞ്ഞെങ്കിലും ചാരു അതിനൊന്നും സമ്മതിച്ചില്ല….ദക്ഷും ദീപുവും അച്ഛനും എല്ലാം അവളെ സഹായിക്കാൻ ഒപ്പമുണ്ടായിരുന്നു…..

മക്കൾ രണ്ടാളും കൂടുതൽ സമയവും കുഞ്ഞിന്റെ ഒപ്പമാണ്…അവളെ തൊട്ടും തലോടിയും എല്ലാം അവർ കൂടുതലും ആ റൂമിൽ തന്നെ ചെലവഴിച്ചു….

ദേവൂന് അവിടെ വന്നു നിൽക്കാൻ പറ്റുന്ന സാഹചര്യം അല്ലായിരുന്നു എന്നാലും കിട്ടുന്ന സമയത്ത് ഒക്കെ ഓടി വരും…….

❣️🌹❣️🌹❣️🌹❣️

കവിതയുടെ പ്രസവം കഴിഞ്ഞിട്ട് ഇപ്പോൾ 20 ദിവസം കഴിഞ്ഞു….കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങ് നടത്താനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോ ആ വീട്ടിൽ എല്ലാവരും….അത്യാവശ്യം അയൽക്കാരെയും സുഹൃത്തുക്കളെയും വീട്ടുകാരെയും ഒക്കെ വിളിച്ച് നല്ല രീതിയിൽ തന്നെ ചടങ്ങ് നടത്തണം എന്ന് അമ്മയ്ക്കും അച്ഛനും ഒരേ നിർബന്ധം ആയിരുന്നു…….

അതുകൊണ്ട് വരുന്ന ഞായറാഴ്ച ചടങ്ങ് നടത്താൻ തീരുമാനിച്ചു ഞായറാഴ്ച എല്ലാവർക്കും വരാനും എളുപ്പമാണല്ലോ…..

❣️🌹🌹❣️🌹🌹❣️

നാളെ നൂല് കെട്ട്….

ദേവു ഒക്കെ വന്നിട്ടുണ്ട്…. രാത്രി ദേവൂന്റെ ഭർത്താവ് ഹരീഷ് എത്തും…അത്യാവശ്യം ഒന്നു രണ്ട് ബന്ധുക്കൾ ഒക്കെ വന്നിട്ടുണ്ട്…രാത്രിയായപ്പോൾ അവരൊക്കെ തിരിച്ചുപോയി…

ദേവൂന്റെ ഭർത്താവ് എത്താൻ വൈകിയത് കൊണ്ട് സാധാരണ കാട്ടിലും വൈകിയാണ് ഇന്ന് പണികളൊക്കെ തീർന്നത്…പരിചയപ്പെടലും വിശേഷം പറച്ചിൽ ഒക്കെ പിന്നെ ആകാം എന്നും പറഞ്ഞ് എല്ലാവരും കിടക്കാൻ പോയി…

രാത്രി പണികൾ ഒക്കെ തീർത്തു ചാരു കിടക്കാൻ ചെന്നപ്പോഴേക്കും മക്കൾ ഉറങ്ങിയിരുന്നു…ഇപ്പോ മിക്ക ദിവസവും ഇങ്ങനെയാണ് ചാരു ചെല്ലുമ്പോഴേക്കും രണ്ടാളും ഉറങ്ങിയിട്ടുണ്ടാവും…

ദീപു ലാപ്ടോപ്പിൽ കാര്യമായ വർക്കിലാണ്…

ചാരു മുഷിഞ്ഞ ഡ്രസ്സ് ഒക്കെ മാറി അവന്റെ അടുത്ത് വന്നിരുന്നു….

ദീപു ::: കുറച്ചു ദിവസം കൊണ്ട് താൻ വല്ലതെ ക്ഷീണിച്ചു…ഒരാളെ ജോലിക്ക് നിർത്താം എന്ന് പറഞ്ഞാൽ അത് കേൾക്കുകയും ഇല്ല……..

ചാരു ::: പുറം പണിക്ക് ഒരാളെ നിർത്തേണ്ടിവരും മിക്കവാറും…ഞാനൊന്നു ബാത്ത്റൂമിൽ വീണിരുന്നു….അപ്പോ വലിയ കുഴപ്പം ഒന്നും തോന്നിയില്ല ഇപ്പൊ പക്ഷേ ഭയങ്കര നടുവേദന….കാൽ ഒക്കെ വല്ലതെ നോവുന്നു…..

ദീപു ദേഷ്യത്തോടെ….

എപ്പോ വീണു….എന്നിട്ടെന്താ ആരോടും പറയാതിരുന്നത്…നടുവിൽ ഒക്കെ എന്തെങ്കിലും പറ്റി കഴിഞ്ഞാൽ എന്തൊരു ബുദ്ധിമുട്ടാണെന്ന് പറഞ്ഞു മനസ്സിലാക്കി തരേണ്ട ആവശ്യം ഉണ്ടോ നിനക്ക്….കൊച്ചുകുട്ടി ഒന്നുമല്ലല്ലോ നീ…… അപ്പൊ പറഞ്ഞിരുന്നെങ്കിൽ ഹോസ്പിറ്റലിൽ പോയിട്ട് വരാമായിരുന്നു….

ചാരു ::: ഒച്ച എടുത്തു പിള്ളേരെ എണീപ്പിക്കാൻ നിക്കണ്ട….ഞാൻ വൈകുന്നേരം ചൂടുവെള്ളത്തില് ആവി പിടിച്ചിരുന്നു..അമ്മയുടെ ഓയിൽമെന്റ് ഉണ്ടായിരുന്നു അതും പെരട്ടി…..ഇപ്പൊ കുഴപ്പം ഇല്ല…..

ദീപു :: നീയല്ലേ ഇപ്പൊ പറഞ്ഞത് വേദനയുണ്ടെന്ന്….ആദ്യം അവനവന്റെ ആരോഗ്യം കൂടി ശ്രദ്ധിക്കാൻ പഠിക്കു….

ചാരു ::: ന്റെ പൊന്ന് ദീപുവേട്ട… എനിക്ക് എത്ര വേദന ഒന്നുമില്ല ഞാൻ അറിയാതെ പറഞ്ഞു പോയതാ….എനിക്ക് ഉറക്കം വരുന്നുണ്ട് ഞാൻ കിടക്കാൻ പോവാ നാളെ വെളുപ്പിന് എണീക്കാൻ ഉള്ളതാണ്…..

ഇനി എന്തെങ്കിലും പറഞ്ഞൽ ഒച്ച എടുക്കേണ്ടി വരും എന്ന് അറിയാവുന്നതുകൊണ്ട് ദീപു പിന്നെ ഒന്നും പറയാൻ പോയില്ല….

❣️❣️❣️❣️❣️

രാവിലെ പത്തിനും പത്തരയ്ക്ക് ഇടയ്ക്കാണ് നൂലുകെട്ട് ചടങ്ങ്…..

രാവിലെ തന്നെ ബന്ധുക്കളും അയൽക്കാരും എല്ലാം എത്തി….

ചാരു വിന്റെ അച്ഛനും അമ്മയ്ക്കും ഒപ്പം സേതുവും ആതിരയും മോളും ഒക്കെ ഉണ്ടായിരുന്നു….ദീപുവിന്റെ അച്ഛൻ കുഞ്ഞിനെ അരയിൽ പൊന്നരഞ്ഞാണം കെട്ടി കൊടുത്തു….വെറ്റില കൊണ്ട് ഒരു ചെവി മറച്ചുപിടിച്ച് മറ്റേ ചെവിയിൽ കുഞ്ഞിന്റെ പേര് വിളിച്ചു…

അമേയ……

അമേയ….

അമേയ….

എല്ലാവരോടും ഉറക്കെ പേര് പറഞ്ഞു….

പിന്നെ സമ്മാനം കൊടുക്കുന്ന തിരക്കായിരുന്നു…..

കവിതയുടെ അച്ഛൻ കുഞ്ഞിന് മാല ഇടിച്ചു…ദീപു കാൽത്തള യാണ് മേടിച്ചത് അത് ചാരു കുഞ്ഞിന്റെ കാലിൽ ഇട്ടുകൊടുത്തു…ദേവു രണ്ട് കൈയിലും വള..ചാരു വിന്റെ അച്ഛനുമമ്മയും കൈചെയിൻ…അങ്ങനെ വന്നവർ എല്ലാവരും കുഞ്ഞിന് വലുതും ചെറുതുമായ സമ്മാനങ്ങൾ കൊടുത്തു….

എല്ലാ കാര്യങ്ങൾക്കും ഓടി നടക്കുമ്പോഴും ദീപു ചാരു വിനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു..വേദനയില്ലാ ന്ന് അവൾ പറഞ്ഞെങ്കിലും അവളുടെ മുഖത്തു എഴുതി വെച്ചിട്ടുണ്ടായിരുന്നു അവൾക്ക് വയ്യ എന്നുള്ളത്….

ഉച്ചഭക്ഷണം കാറ്ററിംഗ് ഏൽപ്പിച്ചിരുന്നു അതുകൊണ്ട് വലിയ പണികൾ ഒന്നും ഉണ്ടായില്ല…അവരു തന്നെ ഭക്ഷണം വിളമ്പി എല്ലാം വൃത്തിയാക്കി പൊക്കോളും…ചടങ്ങ് കഴിഞ്ഞ് എല്ലാവരും പിരിഞ്ഞപ്പോഴേക്കും രാത്രിയായി…ദേവുവും ഹരീഷും രണ്ടുദിവസം കൂടി വീട്ടിൽ നിൽക്കാം എന്ന് പറഞ്ഞു…..

ഹരീഷ് ന്റെ അമ്മ അവരുടെ ആങ്ങളയുടെ വീട്ടിൽ പോയി… അത് കാരണം ദേവു രണ്ടുദിവസം ഫ്രീയാണ്…..ഉച്ചയ്ക്കത്തെ ഭക്ഷണം ഒക്കെ മിച്ചം ഉണ്ടായിരുന്ന കാരണം രാത്രിയിൽ വലിയ പണികൾ ഒന്നും ഉണ്ടായില്ല……എല്ലാവരും ഒരുമിച്ച് ഭക്ഷണം ഒക്കെ കഴിച്ച പെട്ടെന്ന് തന്നെ കിടക്കാൻ പോയി…..

ഹരീഷും ആയി കുറച്ചു നേരം സംസാരിച്ചിട്ട് ആണ് ദീപു കിടക്കാൻ പോയത്…..ദീപു റൂമിൽ ചെന്നപ്പോഴേക്കും ചാരു കിടന്നിരുന്നു….

സാധാരണ അങ്ങനെ ഒരു കാര്യം പതിവ് ഇല്ലാത്തതിനാൽ ദീപു അവളുടെ അടുത്ത് ചെന്നിരുന്നു……..

തുടരും…