എഴുത്ത്:-സൽമാൻ സാലി
ഒമാനിൽ കഫ്റ്റീരിയ ജോലിക്ക് എത്തീട്ട് ഒരു മാസം ആയതേ ഉള്ളൂ ..
ഒരീസം കടയിൽ ഇരുന്നു ഫോണിൽ തോണ്ടി കൊണ്ടിരിക്കുമ്പോൾ ഒരു വലിയ ജിഎംസി വണ്ടി വന്ന് കടയുടെ മുന്നിൽ നിർത്തി ഹോണടിക്കാൻ തുടങ്ങി ..
വാട്സ്ആപ് ഗ്രൂപ്പിൽ സ്റ്റിക്കറിട്ട് വെറുപ്പിക്കുന്നതിന്റെ ഇടയിൽ കേറി വന്ന അയാളോട് എനിക്ക് ദേഷ്യം വന്നിരുന്നു ..
” അകുല്ലക്ക് ജിബ് മായി കാർട്ടൂൺ വാഹദ് ..!
അയാൾ പറഞ്ഞതിൽ കാർട്ടൂണും മായിയും എനിക്ക് മനസിലായി .. വലിയ വണ്ടീൽ വന്നതല്ലേ അതാവും ഒന്ന് വാങ്ങാതെ കാർട്ടൂൺ വാങ്ങിക്കുന്നത് എന്ന് കരുതി ഞാൻ കടയിൽ കേറി ഒരു കാർട്ടൂൺ വെള്ളവും കൊണ്ട് അയാളുടെ അടുത്ത് ചെന്നു ..
” ഇന്ത മസ്ക്കറ …?
അയാളുടെ സ്വഭാവം മാറി ..
പറയുന്നത് അറബിയിൽ ആയത്കൊണ്ട് ഞാൻ എല്ലാം സ്കിപ്പ് ചെയ്തു ഹനുമാൻ ലങ്കയുമായി നിക്കണപോലെ ഒരു കാർട്ടൂൺ വെള്ളവുമായി അവിടെ നിന്നു ..
” യാ ഹയവാൻ ഇന്ത മാഫി മൂഖ് ..
എന്റെ രണ്ട് കണ്ണും താഴ്ത്തി ഞാൻ മൂക്കിലേക്ക് നോക്കി അത് അവിടെ തന്നെ ഉണ്ട് ..
” ഇന്ത ബൊഗാം ..
ഞാൻ .സ്കിപ്പ്
” വള്ളാഹി ഇന്തമസ്ക്കറ .. ഇന്ത മജ്നൂൻ …
പെട്ടെന്ന് അയാൾ മജ്നൂൻ പറഞ്ഞപ്പോൾ എനിക്ക് ലൈല മജ്നൂൻ പ്രണയം ഓർമയിലേക്ക് വന്നു ..
അയാൾക്ക് എന്നെ ഇഷ്ട്ടമാണെന്നാണ് അറബിയിൽ പറഞ്ഞത് എന്ന് കരുതി
””ഇന്ത മജ്നൂൻ ”എന്ന് ഞാൻ അയാളോട് തിരിച്ചും ഇഷ്ടമാണെന്ന് പറഞ്ഞു ..!
അയാൽ വണ്ടിയിൽ നിന്നിറങ്ങി പോക്കറ്റിൽ നിന്നും റിയാലിന്റെ കെട്ട് എടുത്ത് കയ്യിൽ തരുമെന്ന് പ്രതീക്ഷിച്ച എനിക്ക് തെറ്റി ..
അയാൽ വണ്ടിയിൽ നിന്ന് ചാടി ഇറങ്ങി എന്റെ കഴുത്തിന് പിടിച്ചു വണ്ടിയോട് ചേർത്ത് പൊക്കി പിടിച്ചു അറബിയിൽ എന്തൊക്കെയോ പറയുന്നുണ്ടെങ്കിലും ഞാൻ ശ്വാസം കിട്ടതെ പിടയുകയായിരുന്നു ..
മുതലാളി വരുമ്പോൾ കാണുന്നത് അറബി എന്നെ എയറിൽ നിർത്തി പൊരിക്കുന്നതാണ് ..
മുതലാളി ഓടിവന്നു അറബിയുടെ കാല് പിടിച്ചു എന്നെ എയറിൽ നിന്നിറക്കി എന്നോട് കടയിലേക്ക് പോകാൻ പറഞ്ഞു ..
കടയിൽ കേറിയിട്ടും എനിക്ക് അയാളോട് ഉള്ള കലിപ്പ് തീര്ന്നുണ്ടായില്ല ..
മുന്നിൽ കണ്ട കത്തി എടുത്ത് ഞാൻ ഒരു ആപ്പിൾ മുറിച്ചു അറബിയെ നോക്കി ചവച്ചരച്ചു തിന്നപ്പോഴാണ് എന്റെ ദേഷ്യം കുറച്ചെങ്കിലും മാറി കിട്ടിയത് …
ഒരു വിധം മുതലാളി അയാളെ പറഞ്ഞു തണുപ്പിച്ചു വിട്ട് കടയിലേക്ക് വന്നു ..
” അല്ല സാലിയെ എന്താണ് പ്രശ്നം ..
” ഒന്നൂല്ല ഇക്കാ അയാൾ വന്നു ജിബ് വാഹദ് മായി കാർട്ടൂൺ ന്ന് പറഞ്ഞു .. ഞാൻ ഒരു കാർട്ടൂൺ വെള്ളം കൊടുത്തു .. പിന്നെ അയാൽ എന്തൊക്കെയോ പറയാൻ തുടങ്ങി ..
”” ന്റെ പൊന്നാര സാലിയെ മായി കാർട്ടൂൺ എന്ന് പറഞ്ഞാൽ ഒരു കാർട്ടൂൺ വെള്ളം എന്നല്ല കാർട്ടൂണിൽ ഉള്ള വെള്ളം .അഥവാ ഫ്രഡ്ജിൽ വെക്കാത്ത വെള്ളം എന്നാണ് ..
” അത് പോട്ടെ ഇയെന്തിനാ അയാളെ മജ്നൂൻ എന്ന് വിളിച്ചത് ..?
” അതൊന്നും പറയേണ്ടേ ഇക്കാ ഞാൻ കരുതി അയാൽ ലൈല മജ്നൂൻ കഥ പറഞ്ഞതാണെന്നാ .. അയാൾക്ക് സന്തോഷമാവട്ടെ എന്ന് കരുതി ഞാൻ തിരിച്ചും ഇന്ത മജ്നൂൻ എന്ന് പറഞ്ഞു …
” ഉം എന്നാല്. മജ്നൂൻ എന്ന് പറഞ്ഞാൽ പിരാന്തൻ എന്നാണ് പൊട്ടാ ..!! അതും പറഞ്ഞു മുതലാളി ഇറങ്ങി പോയി …
അറബിയെ കേറി ഭ്രാന്തൻ എന്ന് വിളിച്ചതോർത്തപ്പോൾ മുന്നേ തിന്ന ആപ്പിൾ അപ്പൊ തന്നേ ദഹിക്കുകയും ചെയ്തു .. പിന്നെ എനിക്ക് ടെൻഷൻ കേറിയാൽ വിശപ്പിന്റെ അസുഗം ഉള്ളത് കൊണ്ട് രണ്ട് പഴം കൂടെ തിന്ന് ഞാൻ ജോലി തുടർന്നു …
ഇപ്പൊ ആ അറബിയും ഞാനും നല്ല ഫ്രണ്ട്സാ എവിടെ കണ്ടാലും അയാൾ ഉറക്കെ യാ മജ്നൂൻ എന്ന് വിളിക്കും .. ഞാൻ മനസ്സിൽ ഇന്ത മജ്നൂൻ എന്നും പറഞ്ഞു കൈ പൊക്കി കാണിക്കും അല്ല പിന്നെ ….
സൽമാൻ ..
ഹയാവാൻ : മൃഗം, മൂഖ് : ബുദ്ധി ,മജ്നൂൻ : ഭ്രാന്തൻ,മസ്കറ : തമാശ