നീ വളർത്തിയാൽ നിന്റെ അഹങ്കാരം കണ്ടിട്ടാവും അവൻ പഠിക്കുക, അത് വേണ്ട. ഒരു കുറവും വരുത്താതെ എന്റെ മോൻ നിന്നെ നോക്കിയിട്ടും നീ അവനെ കളഞ്ഞിട്ട് പോവല്ലേ…..

ചില തീരുമാനങ്ങൾ

രചന: Neethu Rakesh

നീണ്ട പത്ത് വർഷത്തെ ദാമ്പത്യത്തിൽ നിന്നും പടിയിറങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു അവൾ.

അല്ലെങ്കിലും തയ്യാറെടുക്കാൻ മാത്രം എന്താണുള്ളത്? വിഷയം എല്ലാവരുടെയും മുന്നിൽ അവതരിപ്പിക്കുക എന്ന് മാത്രമാണ് വെല്ലുവിളി.

പക്ഷേ ഇനി വയ്യ എന്തും വരട്ടെ എന്ന് കരുതി അവൾ ഹാളിലേക്ക് നടന്നു. പ്രതീക്ഷിച്ച പോലെ തന്നെ എല്ലാവരുമുണ്ട്.

തലേന്നത്തെ വാക്ക് തർക്കങ്ങൾ കൊണ്ടാവണം ‘അദ്ദേഹം’ മുഖം കടുപ്പിച്ചിരിക്കുന്നുണ്ട്.

അച്ഛൻ പഴയ ഏതോ സിനിമയിൽ കണ്ണും നട്ടിരിപ്പാണ്. കൂട്ടിന് അമ്മയുമുണ്ട്. പുറത്തൊരു പൊട്ടിച്ചിരി കേൾക്കാം ‘അദ്ദേഹത്തിന്റെ’ അനിയനും ഭാര്യയും ആണ്.

ഇണക്കുരുവികൾ എന്തൊരു സന്തോഷത്തിലാണവർ. മോൻ ഓൺലൈൻ ക്ലാസ്സിൽ ആയത് നന്നായി. ഇനി ഉണ്ടാവുന്ന പൊട്ടിത്തെറികൾക്ക് സാക്ഷ്യം വഹിക്കേണ്ടല്ലോ.

“എല്ലാവരോടുമായി ഒരു കാര്യം പറയാനുണ്ട്”

അമ്മ തല ഉയർത്തി നോക്കി. അനിയനും ഭാര്യയും അകത്തേക്ക് വന്നു.

“എനിക്കിനിയും ഇവിടെ തുടരാനാവില്ല. ഞാൻ പോകുവാണ്.”

“എന്താ ഏട്ടത്തി, അതിന് മാത്രം പ്രശ്നം?”.അനിയന്റെ മുഖത്ത് അമ്പരപ്പ്.

“നീയോരോ വട്ട് പറയാല്ലേ ലക്ഷ്മീ, അതിനും മാത്രം നിനക്ക് എന്തിന്റെ കുറവാ ഇവിടെ? ”അമ്മയാണ്. പ്രതീക്ഷിച്ച ചോദ്യം തന്നെ.

“സന്തോഷത്തിന്റെ” മറുപടി പറയാൻ ഒട്ടും ആലോചിക്കേണ്ടി വന്നില്ല.

“നീയിത് കേൾക്കുന്നില്ലേ കുട്ടാ, നിന്നേം മോനേം അപമാനിക്കാനുള്ള പോക്കാ ഇവള്ടെ” അമ്മ പറഞ്ഞു.

“പോകുന്നവർ പൊക്കോട്ടെ, അമ്മ എന്തിനാ സംസാരിച്ച് മിനക്കെടുന്നത്?”

പ്രതീക്ഷിച്ച മറുപടി ആയിരുന്നെങ്കിലും ഒരു വരണ്ട ചിരി ചുണ്ടിൽ ഉതിർന്നു വീണു. പിന്നെയാരും ഒന്നും മിണ്ടിയില്ല.

“ഞാനും മോനും ഇറങ്ങാണ്. വീട്ടിൽ നിന്നും എന്റെ ആങ്ങള വരും” എല്ലാവരോടുമായി പറഞ്ഞ് ഞാൻ തിരിഞ്ഞു നടന്നു.

“ഒന്ന് നിന്നെ, എന്താ നീ പറഞ്ഞത്? നീയും മോനും എന്നോ? അത് നീ മാത്രം തീരുമാനിച്ചാൽ മതിയോ?

നിനക്ക് വേണേൽ പോവാം എങ്ങോട്ടു വേണേലും, ആരോടൊപ്പം വേണേലും. എന്റെ മോനേ നോക്കാൻ എനിക്കറിയാം.”

“അതെ, ഞങ്ങളുടെ കുട്ടി ഇവിടെ തന്നെയാ ഉണ്ടാവേണ്ടത്.

നീ വളർത്തിയാൽ നിന്റെ അഹങ്കാരം കണ്ടിട്ടാവും അവൻ പഠിക്കുക, അത് വേണ്ട. ഒരു കുറവും വരുത്താതെ എന്റെ മോൻ നിന്നെ നോക്കിയിട്ടും നീ അവനെ കളഞ്ഞിട്ട് പോവല്ലേ?”

ഒരു കുറവും വരുത്താത്ത മോൻ. കേൾക്കുമ്പോൾ ചിരിയാണിപ്പോൾ വരുന്നത്.

മോന് വേണ്ടത് എന്നെയല്ല ഫോൺ ആണെന്ന് പറയാൻ, എന്നോടൊന്നും മിണ്ടിയിട്ട് കാലങ്ങളായെന്ന് പറയാൻ എന്റെ മനസ്സ് വെമ്പി.

“നിനക്ക് വേണേൽ പോവാം, എന്റെ മോന് ഞാൻ തന്നെയാ വലുത്. അവനിവിടെ നിൽക്കും”

“സോറി അച്ചേ, എനിക്കിവിടെ നിൽക്കാൻ ബുദ്ധിമുട്ടുണ്ട്.”

പിന്നിൽ നിന്നും അവന്റെ ശബ്ദം ഞാൻ പ്രതീക്ഷിച്ചില്ല. അവൻ എല്ലാം കേട്ടിരിക്കുന്നു.

“മോനെന്താ ഈ പറയുന്നേ, അച്ഛന്റെ പൊന്നല്ലേ ഇത്, അമ്മ അമ്മയുടെ വീട്ടിൽ പോവാണെന്ന്, മോനേ അച്ഛൻ നോക്കുമല്ലോ”

“അതിന് അച്ഛന് എവിടെയാ സമയം? എപ്പോ നോക്കിയാലും ഈ ഫോണിൽ അല്ലെ അച്ഛൻ നോക്കാറുള്ളു.

എന്നെ കാണുമ്പോൾ ഒന്ന് വിളിച്ചു മടിയിൽ ഇരുത്തി വിടുന്നതല്ലാതെ അച്ഛൻ എന്നെയൊന്നു ചേർത്ത് പിടിച്ചിട്ട് എത്ര ദിവസായി.

കൂട്ടുകാരൊക്കെ ഈ ലോ ക്‌ ഡൗൺ ദിവസങ്ങളിൽ അച്ഛന്മാരോടൊത്തു കളിക്കുന്നതും പഠിക്കുന്നതും എല്ലാം പറയുമ്പോൾ എനിക്കും കൊതി തോന്നി അച്ഛന്റെ അടുത്ത് വരാറില്ലേ?

അപ്പോഴൊക്കെ ആ ഫോണിൽ നിന്നും മുഖമുയർത്താതെ ‘അമ്മയോട് പറയപ്പൂ’ എന്നല്ലേ അച്ഛൻ പറയാറ്.

അച്ഛൻ അമ്മയോട് സംസാരിച്ചിട്ട് എത്ര ദിവസായി. അമ്മ എന്തെങ്കിലും പറയാൻ വരുമ്പോൾ തന്നെ അച്ഛൻ കേട്ടഭാവം നടിക്കാറുണ്ടോ?

ഇവിടെ മേമക്ക് ഒരു തലവേദന വരുമ്പോൾ കുട്ടിച്ചൻ ചായ ഇട്ട് കൊടുത്തും മരുന്ന് കൊടുത്തും മേമക്ക് കൂട്ടിരിക്കാറുണ്ടല്ലോ.

അമ്മക്ക് വയ്യാതായി കിടന്നിട്ടും അച്ഛൻ എന്ത് പറ്റി എന്ന് കൂടി ചോദിച്ചില്ല. എന്നെയും അമ്മയെയും വേണമെങ്കിൽ അച്ഛൻ ഇങ്ങനെയൊക്കെ ചെയ്യുമോ?”

ഞാനാകെ ഞെട്ടിത്തരിച്ചു പോയി. അതേ ഭാവം തന്നെ ആയിരുന്നു അദ്ദേഹത്തിനും.

എന്റെ മോൻ, അവനിത്രയും സംസാരിച്ചിരിക്കുന്നു. അവനിത്രയും നാൾ ഇതെല്ലാം ശ്രദ്ധിച്ചിരുന്നോ…

അവൻ അറിയാതിരിക്കാൻ ഞാൻ ശ്രദ്ധിച്ചിരുന്നതും അവൻ മനസിലാക്കിയിരിക്കുന്നു.

“എനിക്ക് അച്ഛയോട് ഒരു ദേഷ്യവും ഇല്ല. പക്ഷേ ഇന്ന് ഞാൻ എന്റെ അമ്മയോടൊപ്പം പോയില്ലെങ്കിൽ

ഇനിയുള്ള ജീവിതത്തിലും എന്റെ അമ്മ ഒറ്റക്കായി പോവും. അമ്മക്ക് കൂട്ടായി ഞാനിപ്പോ വേണം അച്ചേ…വാ അമ്മേ…”

അവൻ എന്റെ കൈ മുറുകെ പിടിച്ചിരുന്നു. ആ ധൈര്യം മാത്രം മതിയായിരുന്നു എനിക്കും.