നീ എന്തു പറഞ്ഞിട്ടും കാര്യമില്ല മിഥില ഞാനിത് തീരുമാനിച്ചു കഴിഞ്ഞു!അടുത്തയാഴ്ച നിങ്ങളുടെ കല്യാണ നിശ്ചയം അതുകഴിഞ്ഞ് ഒരു മാസം കഴിഞ്ഞാൽ നിങ്ങളുടെ കല്യാണം……

എഴുത്ത്:- കാർത്തിക

“” നീ എന്തു പറഞ്ഞിട്ടും കാര്യമില്ല മിഥില ഞാനിത് തീരുമാനിച്ചു കഴിഞ്ഞു!
അടുത്തയാഴ്ച നിങ്ങളുടെ കല്യാണ നിശ്ചയം അതുകഴിഞ്ഞ് ഒരു മാസം കഴിഞ്ഞാൽ നിങ്ങളുടെ കല്യാണം!! കൂടുതലൊന്നും ഇങ്ങോട്ട് പറയണ്ട! ഇപ്പോൾ കോളേജിലേക്ക് എങ്കിലും വിടുന്നുണ്ട് നിന്നെ അതും കൂടി എന്നെ കൊണ്ട് നിർത്തിക്കരുത്!!”

അമ്മ പറഞ്ഞത് കേട്ട് മിഥില ആകെ തകർന്നു… ഡിഗ്രി ഫസ്റ്റ് ഇയർ ആയതേയുള്ളൂ… അപ്പോഴാണ് തനിക്ക് കല്യാണം നോക്കുന്നുണ്ട് എന്ന് അമ്മ പറഞ്ഞത് കാലുപിടിച്ച് പറഞ്ഞതാണ് ഡിഗ്രി എങ്കിലും ഒന്ന് കമ്പ്ലീറ്റ് ചെയ്തോട്ടെ എന്ന് പക്ഷേ അമ്മ സമ്മതിച്ചില്ല എനിക്ക് വേണ്ടി അമ്മ കണ്ടുപിടിച്ച ചെറുക്കൻ ഏതാണെന്ന് കൂടി പറഞ്ഞപ്പോഴാണ് ജീവിക്കണം എന്ന് പോലും മോഹം ഇല്ലാതായത്..

“” ഗോപൻ!” അതാണ് അയാളുടെ പേര്.. സ്വന്തം ചേച്ചിയുടെ മകളോട് പോലും അപമര്യാതയായി പെരുമാറിയതിന്റെ പേരിൽ അയാളെ ചേച്ചിയുടെ ഭർത്താവ് ഒരിക്കൽ പഞ്ഞിക്കിട്ടതാണ്.. ഒരുതരം സൈ ക്കോ..

അറിഞ്ഞുകൊണ്ട് ആരും ഈ നാട്ടിൽ അയാൾക്ക് പെണ്ണ് കൊടുക്കില്ല പിന്നെ അമ്മയ്ക്ക് എന്തുപറ്റി എന്ന് എനിക്ക് മനസ്സിലാകുന്നില്ല..

കുറെ കരഞ്ഞു പറഞ്ഞു നോക്കി പക്ഷേ അമ്മ അമ്പിനും വില്ലിനും അടുത്തില്ല എനിക്ക് എന്ത് വേണം എന്ന് പോലും അറിയില്ലായിരുന്നു.

അച്ഛനും അമ്മയും പ്രണയിച്ചാണ് വിവാഹം കഴിച്ചത് അങ്ങനെ വിവാഹം എന്നൊന്നും പറയാൻ പറ്റില്ല അമ്മയ്ക്ക് മറ്റൊരു വിവാഹാലോചന അമ്മയുടെ വീട്ടിൽ നടന്നപ്പോൾ അച്ഛൻ അമ്മയെയും വിളിച്ച് ഒരു രാത്രി ഇറങ്ങി പോരുകയായിരുന്നു.

പിന്നെ ഇവിടെ വന്ന് ഒരു വാടക വീട് എടുത്തു. അച്ഛൻ ജോലിക്ക് പോകാൻ തുടങ്ങി ജോലിക്ക് പോയി വരുമ്പോൾ കിട്ടുന്ന പണം അമ്മയെ കൃത്യമായി ഏൽപ്പിക്കും സന്തോഷപൂർവ്വം ഈ കുടുംബം കഴിഞ്ഞു പോവുകയായിരുന്നു
അതിനിടയിലാണ് അച്ഛന് കുറച്ച് കൂ ടിയന്മാർ കൂട്ടുകാരെ കിട്ടുന്നത് അവരുടെ കൂടെ കൂടി കു ടിച്ച് നശിച്ചു..

പിന്നെ വീട്ടിൽ പോലും വരാതെയായി ഒരു രൂപ പോലും അമ്മയ്ക്ക് കൊടുക്കില്ല അതോടെ വീട്ടുകാര്യങ്ങളും ആകെ താളം തെറ്റി ഇതിനിടയിലാണ് ഞാൻ അമ്മയുടെ വയറ്റിൽ പിറവി എടുത്തു എന്ന് അമ്മയ്ക്ക് മനസ്സിലായത്..

ഞാൻ ജനിച്ചതിനു ശേഷം കാണാൻ തുടങ്ങിയത് അമ്മയെ ക്രൂ രമായി ഉപദ്രവിക്കുന്ന അച്ഛനെയാണ്.. അമ്മ അച്ഛനെ വെറുത്തു.. അച്ഛന്റെ മകൾ ആയതുകൊണ്ട് എന്നെയും.

സ്നേഹത്തോടെ ഒരു വാക്കുപോലും അമ്മ ഇതുവരെ എന്നോട് പറഞ്ഞതായി ഞാൻ ഓർക്കുന്നില്ല.. അടിയും ബഹളവും മാത്രമായിരുന്നു അമ്മ അടുത്ത വീടുകളിൽ എല്ലാം ജോലിക്ക് പോകും, അങ്ങനെയാണ് വീട്ടിൽ ഞങ്ങൾ രണ്ടുപേരും കഴിഞ്ഞിരുന്നത് ഞാനൊരു നാലാം ക്ലാസിലൊക്കെ പഠിക്കുമ്പോഴാണ് കു ടിച്ച് അച്ഛൻ മരിക്കുന്നത്… കവലയിൽ രാവിലെ എല്ലാവരും പോയി നോക്കുമ്പോൾ മരിച്ചു കിടക്കുകയായിരുന്നു… മരിച്ചതാണോ അതോ ആരെങ്കിലും കൊ ന്നുകൊണ്ടിട്ടതാണോ എന്നൊന്നും ആർക്കും അറിയില്ല ആർക്കും അതിനെ പറ്റി ഒരു പരാതിയും ഉണ്ടായിരുന്നില്ല ഒരു തെരുവ് പ ട്ടി മരിച്ചതുപോലെ വീട്ടിൽ കൊണ്ടുവന്ന് സംസ്കരിച്ചു.

ഞാൻ പഠിക്കാൻ മിടുക്കിയായിരുന്നു പക്ഷേ എന്തൊക്കെ ചെയ്തിട്ടും അമ്മയ്ക്ക് എന്റെ കാര്യത്തിൽ ഒരു ശ്രദ്ധയും ഉണ്ടായിരുന്നില്ല. എങ്ങനെയൊക്കെയോ എല്ലാവരുടെയും സഹായത്തോടെ ഡിഗ്രി വരെ എത്തി..

അതിനെന്നെ സഹായിച്ചത് ഞങ്ങളുടെ തൊട്ടടുത്ത വീട്ടിലെ വാര്യരു മാഷാണ് എനിക്ക് കോളേജിലേക്കുള്ള ഫീസ് എല്ലാം തരുന്നത് മാഷാണ്.

എന്റെ ജീവിതത്തിൽ ഒരു ദൈവത്തിന്റെ സ്ഥാനമാണ് മാഷിന്.

അമ്മ ഈ കല്യാണം ഉറപ്പിച്ചു എന്ന് ഇന്നാണ് എന്നോട് പറയുന്നത് എനിക്ക് ആകെ സങ്കടം വന്നു.. ഒരല്പം സ്നേഹം മകളോടുള്ള ഒരു അമ്മയും ഇങ്ങനെ ഒരാൾക്ക് മകളെ കല്യാണം കഴിച്ചുകൊടുക്കാൻ ഒന്ന് ആലോചിക്കുക പോലുമില്ല!!

എന്ത് വേണം എന്നറിയില്ല കോളേജിൽ പോയിരുന്നപ്പോഴും എനിക്ക് ക്ലാസ്സിൽ ഒന്നും ശ്രദ്ധിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല..

“” ഞാൻ ഡെസ്കിൽ തലവച്ച് കിടന്നു”

പുതിയ സാറായിരുന്നു അന്ന് ക്ലാസിലേക്ക് വന്നത് പഴയ കൃഷ്ണ ചന്ദ്രൻ സാറിന്റെ പകരം വന്നയാൾ.

“” ആരവ് എന്നാണ് പുതിയ സാറിന്റെ പേര് എന്ന് കേട്ടു… ഡസ്കിൽ തലയും വെച്ച് കിടന്ന ഞാൻ സാറ് ക്ലാസിലേക്ക് വന്നത് കണ്ടില്ലായിരുന്നു..

“” ഏതോ ഒരു നൈറ്റ് ഡ്യൂട്ടി കഴിഞ്ഞുവന്ന കുട്ടി ഉണ്ടല്ലോ അയാളോട് എണീക്കാൻ പറയൂ!””‘

വന്ന ഉടനെ തന്നെ സാറ് പറഞ്ഞത് അതായിരുന്നു.. അത് ക്ലാസിൽ ചിരി പടർത്തി എന്റെ കൂട്ടുകാരി ശ്രുതി എന്നെ വിളിച്ചുണർത്തി അവൾക്ക് എന്റെ എല്ലാ കാര്യങ്ങളും അറിയാമായിരുന്നു. അതുകൊണ്ടുതന്നെ എന്റെ അപ്പോഴത്തെ അവസ്ഥയോർത്ത് അവൾക്ക് സങ്കടം തോന്നി സാരമില്ല എന്ന് ഞാൻ അവളുടെ ചെവിയിൽ പറഞ്ഞു.

അന്നുമുതൽ ആ സാറിന് എന്നെ കാണുന്നതുപോലും ഇഷ്ടമല്ലായിരുന്നു,

നിശ്ചയത്തിന്റെ കുറച്ചു ദിവസം മുന്നേ തന്നെ അമ്മ കോളേജിലേക്ക് പോകണ്ട എന്ന് പറഞ്ഞിരുന്നു പക്ഷേ ഞാൻ പോകും എന്ന് നിർബന്ധം പിടിച്ചു.

പോകുന്ന വഴി വാര്യർ മാഷിന്റെ വീട്ടിൽ ഒന്ന് കേറണം.. എന്റെ അവസ്ഥ എല്ലാം പറയണം മാഷിനെങ്കിലും എന്നെ സഹായിക്കാൻ കഴിയുമോ എന്ന് നോക്കണം,

എന്നെ കരുതി അങ്ങോട്ടേക്ക് ചെന്നു. അവിടെ മാഷ് ഒരാളോട് സംസാരി ച്ചിരിക്കുന്നത് കണ്ടു അരികിൽ എത്തിയപ്പോഴാണ് ആളെ മനസ്സിലായത് ആരവ് സാറ്.

വന്ന കാര്യം പറയാൻ പറ്റാതെ ഞാൻ അവിടെ തന്നെ നിന്നു..

“”ഇയാൾ എന്താ ഇവിടെ??സാർ വാര്യർ മാഷോട് ചോദിച്ചു.. “” ഈ മിടുക്കി എന്റെ അയൽവാസി അല്ലേ തന്റെ കോളേജിലാണ് കേട്ടോ!!! തന്റെ ഡിപ്പാർട്ട്മെന്റ് എല്ലാ ക്ലാസിലും ഫസ്റ്റ് ആയിരുന്നു നന്നായി പഠിക്കും!”

അത് കേട്ടതും ആ കണ്ണുകൾ ഒന്ന് വിടർന്നു.. പക്ഷേ എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു വാര്യർ മാഷോട് ഒന്നും പറയാൻ കഴിഞ്ഞില്ലല്ലോ..

“” ഇതെന്റെ ശിഷ്യനാട്ടോ!! അല്ല മിഥുല മോളെ എന്തെങ്കിലും എന്നോട് പറയാനുണ്ടോ?? “”

വാര്യർ മാഷ് എന്റെ മുഖം കണ്ട് ചോദിച്ചു പെട്ടെന്ന് മാഷിന്റെ ഭാര്യ അകത്തുനിന്ന് വന്നത്..

“” ആ കുട്ടിയുടെ കല്യാണം ആ വൃത്തികെട്ട സ്ത്രീ ആ ഗോപനുമായി ഉറപ്പിച്ചു!! മകളെ ഗോപന് കല്യാണം കഴിച്ചു കൊടുത്തിട്ടുണ്ടെങ്കിൽ പിന്നെ അമ്മയ്ക്ക് എളുപ്പമായല്ലോ….!!”

ദേഷ്യത്തോടെ മാഷിന്റെ ഭാര്യ പറഞ്ഞു… ഞാനും കേട്ടിട്ടുള്ള കാര്യമാണ് അത് ഗോപനുമായി അമ്മയ്ക്ക് എന്തൊക്കെയോ..

അതുകേട്ടതുംമാഷിന്റെ മുഖം വാടി.

അമ്മയോട് ആരും ഒരു എതിർപ്പിനും പോകാറില്ല അമ്മയുടെ വായിലെ നാവു തന്നെ കാരണം എന്തൊക്കെ പറയും എന്ന് ആർക്കും നിശ്ചയമില്ല.. ആരവ് സാർ ഇരിക്കുന്നത് കാരണം ഞാൻ ഒന്നും പറയാൻ നിന്നില്ല പോട്ടെ എന്ന് പറഞ്ഞ് നടന്നു.

ഞാൻ ബസിൽ കോളേജിൽ എത്തിയപ്പോഴേക്ക് ആരവ് സാർ അവിടെ കാത്തു നിന്നിരുന്നു..

“” എടോ തന്റെ ബാഗ്രൗണ്ട് ഒന്നും എനിക്കറിയില്ലായിരുന്നു!! എനിക്കെന്തോ തന്നെ കുറിച്ച് വല്ലാത്ത ബഹുമാനം തോന്നുന്നു… തനിക്ക് അയാളെയൊന്നും കല്യാണം കഴിക്കേണ്ടി വരില്ല അത് ഞാൻ ഉറപ്പു തരാം!””

അതും പറഞ്ഞ് സർ പോയി പിറ്റേദിവസം ഗോപനുമായുള്ള എന്റെ കല്യാണം നിശ്ചയം കഴിഞ്ഞു ഗോപന്റെ വഷളൻ നോട്ടവും തൊട്ടു തലോടലും എല്ലാം സഹിച്ച് എനിക്ക് ഭ്രാന്ത് വരുന്നത് പോലെ തോന്നി അമ്മ ചിരിയോടെ അയാളുടെ കൂടെ വന്നവരെ സ്വീകരിക്കുകയാണ്.

പെട്ടെന്നാണ്വീട്ടിലേക്ക് പോലീസ് വന്നത്.

അവർ ഏതോ ഒരു പോക്സോ കേസിൽ ഗോപനെ അറസ്റ്റ് ചെയ്തു..

അത് കണ്ടതും അമ്മ തല ചുറ്റി വീണു.. ഗോപന്റെ കയ്യിൽ ഇഷ്ടംപോലെ പൈസയുണ്ട് അത് വെച്ച് സുഖിക്കാം എന്നാണ് അമ്മ കരുതിയിരുന്നത്..
ഇങ്ങനെയൊരു കേസ് ആവുമ്പോൾ ഇപ്പോൾ അടുത്ത് ഒന്നും ജയിലിൽ നിന്ന് ഇറങ്ങില്ല..

പിറ്റേദിവസം കോളേജിലേക്ക് ചെന്നപ്പോൾ ആരവ് സാർ കാത്തു നിന്നിരുന്നു..

“” തന്റെ നിശ്ചയം മുടക്കാൻ എനിക്ക് കുറച്ച് കഷ്ടപ്പെടേണ്ടി വന്നു… പക്ഷേ ഗോപൻ എന്ന പേരുകേട്ടപ്പോൾ എന്റെ ഫ്രണ്ട് ഇൻസ്പെക്ടർ ശ്രീറാം തന്നെ അവന്റെ ഡീറ്റെയിൽസ് തപ്പി തന്നു അതിൽ, പണ്ടവൻ ഒരു പെൺകുട്ടിയെ പീ ഡിപ്പിച്ചതിന്റെ റിപ്പോർട്ട്സ് ഉണ്ടായിരുന്നു അവരെ പോയി കണ്ട് ആ കേസ് ഒന്നുകൂടി സ്ട്രോങ്ങ് ആക്കി ഒരു അറസ്റ്റ് വാറണ്ടും ഒപ്പിച്ചു…

അതുകേട്ടതും എനിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി ആരുമില്ലാത്ത വർക്കും ദൈവം സഹായത്തിനായി ചിലരെ ഏൽപ്പിക്കുന്നുണ്ടല്ലോ..

നന്ദി പറഞ്ഞു പോകാൻ നേരത്ത് സാറ് എന്നെ വിളിച്ചു.. “” അതെ ഇനിയും അമ്മയുടെ ഭാഗത്തുനിന്ന് എന്തെങ്കിലും പ്രശ്നമുണ്ടായാൽ ഒന്നും നോക്കണ്ട ഇങ്ങ് ഇറങ്ങിപ്പോരേ!! അവിടെ അടുത്തുള്ള ദേവി ക്ഷേത്രത്തിൽ നിന്ന് ഒരു താലിയും കെട്ടി ഞാൻ കൊണ്ടുപോയിക്കോളാം എന്റെ വീട്ടിലേക്ക്!””‘

എനിക്ക് കേട്ടത് വിശ്വസിക്കാൻ കഴിഞ്ഞില്ല എന്റെ കണ്ണുകൾ നിറഞ്ഞു വന്നു.

“”” ശരിക്കും ഇഷ്ടമുണ്ടായിട്ടാടൊ!!”‘

ഇപ്പോൾ ജീവിക്കാൻ വല്ലാത്തൊരു കൊതിയാണ്.. ഇനി അമ്മ എന്ത് പ്രശ്നമുണ്ടാക്കിയാലും ഒരു കുഴപ്പവുമില്ല എന്നൊരു ധൈര്യം എനിക്കുണ്ട്..

കാരണം ആണൊരുത്തൻ എനിക്കായി പുറത്ത് കാത്തുനിൽക്കുന്നു!!