Story written by Saji Thaiparambu
“അമ്മേ… രേവതി വന്നിട്ട് രണ്ട് മൂന്ന് ദിവസമായല്ലോ? എന്നിട്ടിപ്പോ തിരിച്ച് പോകുന്ന ലക്ഷണമൊന്നും കാണുന്നില്ലല്ലോ?
അടുക്കളയിൽ എച്ചിൽപാത്രം കഴുകിക്കോണ്ടിരുന്ന ,രത്നമ്മയുടെ അടുത്ത് വന്ന് രഞ്ജിത്ത് സംശയം പറഞ്ഞു.
“അതിന് നിനക്കെന്താ ഛേദം, അവൾക്കിഷ്ടമുള്ളപ്പോൾ പോകട്ടെ ,നിന്റെ ചിലവിലൊന്നുമല്ലല്ലോ അവളിവിടെ നില്ക്കുന്നത് “
രത്നമ്മ നീരസത്തോടെ ചോദിച്ചു.
“എനിക്കൊന്നുമുണ്ടായിട്ടല്ല ,അവള് നില്ക്കുമ്പോൾ അവളുടെ ഭർത്താവും കൂടെ ഇവിടെ നില്ക്കും, അത് കൊണ്ട് എന്റെ കൂട്ടുകാരൊക്കെ എന്നോട്ചോ ദിക്കുന്നത് ,നിന്റെ അളിയന് ജോലീം കൂലീം ഒന്നുമില്ലേന്നാണ് “
അവൻ അനിഷ്ടത്തോടെ പറഞ്ഞു.
“അത് പിന്നെ അവളെ വിട്ട് നില്ക്കാൻ രഘുവിന് കഴിയാത്തത് കൊണ്ടല്ലേ?
ഭാര്യയോട് സ്നേഹമുള്ള ഭർത്താക്കന്മാര് അങ്ങനാ “
മകനോട് രത്നമ്മ മറുപടി പറഞ്ഞെങ്കിലും, രഞ്ജിത്തിന്റെ ചോദ്യം ,ഒരു സമസ്യയായി അവരുടെ മനസ്സിൽ നീറിക്കൊണ്ടിരുന്നു.
രത്നമ്മയ്ക്ക് രണ്ട് മക്കളാണ്, രഞ്ജിത്തും രേവതിയും.
ഗവൺമെന്റ് സർവ്വീസിലായിരുന്ന ഭർത്താവ് സുധാകരൻ, മകൾ രേവതിയുടെ കല്യാണം കഴിഞ്ഞ്ഒ രാഴ്ച കഴിഞ്ഞപ്പോൾ അറ്റാക്ക് വന്ന് മരിച്ചു.
സർവ്വീസിലിരുന്ന് മരിച്ചത് കൊണ്ട് അനന്തരാവകാശിക്ക് അദ്ദേഹത്തിന്റെ ജോലി ലഭിക്കും.
മകളെ അദ്ദേഹം നല്ല നിലയിലാണ് വിവാഹം കഴിച്ചയച്ചത്.
ഒരു മൾട്ടിനാഷണൽ കമ്പനിയിൽ സൂപ്പർവൈസറായി, ഉയർന്ന ശബ്ബളത്തിൽ ജോലി ചെയ്തിരുന്ന രഘുവിന് 101 പവനും, അഞ്ച് ലക്ഷം പോക്കറ്റ് മണിയു മൊക്കെ കൊടുത്താണ് കല്യാണം നടത്തിയത്.
അത് കൊണ്ട് തന്നെ ഭർത്താവിന്റെ ജോലിക്ക് അർഹത ഡിഗ്രി ഫസ്റ്റിയർ പഠിക്കുന്ന മകൻ രഞ്ജിത്തിനാണെന്ന് രത്നമ്മയ്ക്ക് തോന്നി.
അത് കൊണ്ടാണ് ഭർത്താവിന്റെ ഓഫീസിൽ നിന്നും, ജോലിക്കാര്യത്തെ കുറിച്ച് സംസാരിക്കാൻ ,യൂണിയൻ പ്രതിനിധികൾ വന്നപ്പോൾ ,മോന്റെ ഡിഗ്രി പഠിത്തം കംപ്ളീറ്റ് ചെയ്തിട്ട് അറിയിക്കാമെന്ന് പറഞ്ഞ് അവരെ തിരിച്ചയച്ചത്.
ഇപ്പോൾ അവന്റെ എക്സാം കഴിഞ്ഞ് നല്ല മാർക്കോടെ പാസ്സാകുകയും ചെയ്തു.
പക്ഷേ, രത്നമ്മയിപ്പോൾ ഉറച്ച ഒരു തീരുമാനത്തിലെത്താൻ കഴിയാത്ത അവസ്ഥയിലാണ്.
കഴിഞ്ഞ ദിവസമാണ് മകൾ രേവതി, ഞെട്ടിക്കുന്ന ആ സത്യം അവരോട് പറഞ്ഞത്.
കല്യാണം കഴിഞ്ഞതിന് ശേഷം രഘു സ്ഥിരമായി ജോലിക്ക് പോകാറില്ലായിരുന്നു, അത് കൊണ്ട് ജോലി ചെയ്തിരുന്ന കമ്പനിയിൽ നിന്ന് അയാളെ പിരിച്ച് വിട്ടു.
കാര്യം തിരക്കിയപ്പോൾ ,രേവതി പറഞ്ഞത്, അയാൾ ഒരു സംശയ രോഗിയാണെന്നാണ് .
അത് കൊണ്ടാണ് രേവതിയെ സ്വന്തം വീട്ടിൽ പോലും തനിച്ചാക്കി പോകാൻ അയാൾ മടിക്കുന്നത്.
ഇപ്പോഴത്തെ പ്രശ്നം, രഘുവിന് വരുമാനമൊന്നുമില്ലാത്തതാണ്,
പുതിയൊരു ജോലിക്കായി, രേവതി എത്ര നിർബന്ധിച്ചിട്ടും അയാൾ പോകുന്നുമില്ല.
അത് കൊണ്ട് അവൾക്കും കുടുംബത്തിനും പട്ടിണിയില്ലാതെ ജീവിക്കാൻ ഒരു ജോലി അത്യാവശ്യമാണെന്ന്.
രഘു, അത്താഴം കഴിച്ച് ഉറക്കമായപ്പോൾ, രേവതി വീണ്ടും പിറ്റേന്നത്തേക്ക് കറിക്കരിഞ്ഞ് കൊണ്ടിരുന്ന രത്നമ്മയുടെ അടുത്തേക്ക് വന്നു.
“അമ്മേ …ഞാനിന്നലെ പറഞ്ഞതിനെക്കുറിച്ച് അമ്മ ആലോചിച്ചോ?
“അതിനിപ്പോൾ ഞാനെന്ത് ചെയ്യണമെന്നാ നീ പറയുന്നത് “
രത്നമ്മ ,മകളോട് ചോദിച്ചു.
“അമ്മേ.. രഞ്ജിത്തിനോട് ഒന്ന് പറയ്, PSC ടെസ്റ്റുകളെഴുതാൻ ,എന്തെങ്കിലും ഒരു ജോലി കിട്ടാതിരിക്കില്ല ,എന്നിട്ട്അ ച്ഛന്റെ ജോലി എനിക്ക് വാങ്ങിത്തരാൻ ആ യൂണിയൻ നേതാവിനോടൊന്ന് അമ്മ വിളിച്ച് പറ”
“നീ എന്താ രേവതി ഈ പറയുന്നത് ,അച്ഛന്റെ സമ്പാദ്യത്തിലേറെയും മുടക്കിയല്ലേ നിനക്കൊരു ജീവിതമുണ്ടാക്കി തന്നത്, ഇനിയിപ്പോൾ ഈ കുടുംബത്തിലെ ഏക പ്രതീക്ഷ ,രഞ്ജിത്തിന് കിട്ടാൻ പോകുന്ന ആ ജോലിയാണ്, ഇത്രയും നാൾ അച്ഛന്റെ പേരിൽ കിട്ടിക്കൊണ്ടിരുന്ന പെൻഷൻ കൊണ്ടാണ്, ഞാനുo അവനും ജീവിച്ച് പോന്നത് ,ഇനിയിപ്പോൾ ആ ജോലി നിനക്ക് തന്നാൽ ഉള്ള പെൻഷൻ കൂടി ഇല്ലാതാകും, പിന്നെ ഞങ്ങൾ രണ്ട് പേരും എങ്ങിനെ ജീവിക്കുമെന്ന് നീയൊന്ന് പറഞ്ഞ് താ”
നിസ്സഹായതയോടെ രത്നമ്മ മകളോട് ചോദിച്ചു .
“അതൊന്നും എനിക്കറിയണ്ടാ, ഞാൻ പറഞ്ഞോ ഇങ്ങനൊരുത്തന്റെ കൂടെ എന്നെ പറഞ്ഞയക്കാൻ ,നല്ലൊരു ഭർത്താവിനെയൊ കിട്ടിയില്ല, ഇപ്പം സ്വന്തം വീട്ടുകാർക്കും വേണ്ടാ, നോക്കിക്കോ ?ആർക്കും ഭാരമാകാതെ ഞാനും എന്റെ കുഞ്ഞും കൂടി എങ്ങോട്ടെങ്കിലും ഇറങ്ങി പൊയ്ക്കൊള്ളാം”
ബാധ കേറിയവളെ പോലെ രേവതി പുലമ്പികൊണ്ട് അകത്തേക്ക് പോയപ്പോൾ, പ്രജ്ഞയറ്റ് നില്ക്കാനേ രത്നമ്മയ്ക്ക് കഴിഞ്ഞുള്ളു.
ഇത് വല്ലതും രഞ്ജിത്തിനോട് പറയാൻ പറ്റുമോ ,അല്ലെങ്കിൽ തന്നെ അത് നീതിയാണോ? തനിക്ക് മക്കൾ രണ്ട് പേരും ഒരുപോലെയല്ലേ?
മകനോട് അനീതി കാണിക്കാൻ അവരുടെ മനസ്സ് അനുവദിച്ചില്ല.
തലയ്ക്ക് കൈ കൊടുത്ത് കൊണ്ടവർ ഊണ് മേശയിലിരുന്നു.
തോളിൽ ആരുടെയോ കൈത്തലം അമർന്നപ്പോഴാണ് അവർ തല ഉയർത്തിയത്.
”എല്ലാം ഞാൻ കേട്ടമ്മേ, അമ്മയെന്തിനാ ഇങ്ങനെ വിഷമിക്കുന്നത് ,അച്ഛന്റെ ജോലി അവൾക്ക് കൊടുത്തേക്ക്, ഞാനൊരാണല്ലേ? അവള് പറഞ്ഞത് പോലെ ഞാൻ ടെസ്റ്റുകളൊക്കെ എഴുതാം, ജോലി കിട്ടുമായിരിക്കുo, എന്ന് വച്ച് അത് വരെ നമുക്ക് ജീവിക്കണ്ടേ? അത് കൊണ്ട് നാളെ മുതൽ ഞാൻ കൂട്ടുകാരുമായി പെയിന്റിങ്ങ് പണിക്ക് പോകുവാ ,ആ ജോലി കിട്ടിയാൽ, ആരേയും ആശ്രയിക്കാതെ അവൾക്ക് പിന്നെ അഭിമാനത്തോടെ ജീവിക്കാമല്ലോ? അമ്മേ, അവളുടെ സന്തോഷമല്ലേ നമുക്ക് വലുത്, എനിക്ക് അച്ഛന്റെ ജോലി കിട്ടിയില്ലെങ്കിലെന്താ, സ്നേഹനിധിയായ എന്റെ അമ്മയെ കിട്ടിയില്ലേ? ഈ അമ്മയെ കൂടി ഇനി ചോദിക്കരുതെന്ന് അവളോട് പറഞ്ഞേക്ക്”
കളിയായ് അവൻ അമ്മയോട് പറഞ്ഞു .
“ഒന്ന് പോടാ”
അതുo പറഞ്ഞ് മകനെ ചേർത്ത് പിടിച്ച് അവന്റെ മൂർദ്ധാവിൽ അവർ ചും ബിച്ചു.