അനാമിക
Story written by Nisha Suresh Kurup
കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…
“അമ്മയെ തൊട്ടാൽ നിങ്ങൾക്കെതിരെ ഞാൻ നടപടിയെടുക്കും “. അനാമിക യുടെ ശബ്ദം ആ വീടിനെ ആകെ പ്രകമ്പനം കൊള്ളിച്ചു. ഞെട്ടലോടെ രാധികയെ ചവിട്ടാനായി ഉയർത്തിയ കാലുകൾ അറിയാതെ നിലത്തേക്ക് താഴ്ത്തി ദേവൻ അനാമികയെ നോക്കി. അതേ ഞെട്ടൽ ദേവന്റെ അമ്മയിലും അനിയന്റെ ഭാര്യയിലുമുണ്ടായി. അവളെ തന്നെ നോക്കി. തറയിൽ പേടിച്ചരണ്ടിരുന്ന രാധിക , തീപാറുന്ന കണ്ണുകളുമായി നില്ക്കുന്ന അനാമികയെ കണ്ടു. തന്റെ മകൾ.. തനിക്കായി ശബ്ദമുയർത്തി തന്റെ പൊന്നു മകൾ. രാധികയിൽ വീണ്ടും പേടി നിറഞ്ഞു എന്തും ചെയ്യാൻ മടിയില്ലാത്തവനാണ് ഭർത്താവ് മകൾ കയർത്ത് സംസാരിച്ചതിലുള അരിശം അനാമികയോട് തീർക്കും എന്ന ഭയത്താൽ അവൾ തന്നെ ത ല്ലി ച തച്ചതിന്റെ വേദന മറന്ന് ചാടിയെഴുന്നേറ്റു. അപ്പോഴത്ത ഞെട്ടൽ മാറിയ ദേവൻ കോപത്താൽ അനാമികയുടെ നേരെ തിരിഞ്ഞു..
“നീ എനിക്കെതിരെ വിരൽ ചൂണ്ടാറായോ. നിന്നെ ഞാനിന്ന് കൊ ല്ലുമെടീ ” പാഞ്ഞ് അടുത്തേക് വന്ന അയാളെ കൈയ്യും കെട്ടി കൂസലില്ലാതെ നോക്കി കൊണ്ട് അനാമിക നിന്നു. രാധിക അയാളുടെ കാലിൽ മുറുകെ കെട്ടിപ്പിടിച്ചു. “അവളെ.. എന്റെ മോളെ ഒന്നും ചെയ്യല്ലേ “.. “അമ്മ വിടൂ അമ്മെ അയാളെന്നെ എന്ത് ചെയ്യുമെന്ന് നോക്കട്ടെ ” അവളുടെ നില്പിനു മുന്നിൽ അയാൾ ഒന്നു പതറി. അനാമിക തന്റേടി ആണെന്ന് എല്ലാവർക്കും അറിയാം എന്നാലും ഇത്രയും വലിയ ഭാവമാറ്റം അച്ഛമ്മയിലും ചിറ്റയിലും ഒരുപോലെ അമ്പരപ്പുണ്ടാക്കി. “എനിക്ക് സെക്രട്ടറിയേറ്റിൽ ജോലി ശരിയായിട്ടുണ്ട് ഞാൻ അമ്മയും കൊണ്ട് പോവുകയാണ് “
അവൾ അതേ കൂസലില്ലായ്മയിൽ തന്നെ പറഞ്ഞു ‘.
രാധിക വേവലാതിയോടെ അനാമികയുടെ അടുത്തേക്ക് ചെന്നു. “എന്താ മോളെ നീ പറയുന്നത് ഞാൻ ഇവിടെ വിട്ട് എങ്ങനെ വരാനാണ് “
“അമ്മ വരണം ഇവിടെ ചവിട്ടും തൊഴിയും കൊണ്ട് കഴിയേണ്ട ഗതികേട് എന്റെ അമ്മയ്ക്ക് വന്നിട്ടില്ല. ഞാൻ നോക്കും അമ്മയെ “
“പിന്നെ കുറേ നോക്കും ഐ എ സ് ഉദ്യോഗമാണല്ലോ കിട്ടിയേക്കുന്നത് “. ദേവ നൊപ്പം അച്ഛമ്മയും ചിറ്റയും കൂടി ചിരിച്ചു. “ജോലി എന്തുമായിക്കൊള്ളട്ടെ നിങ്ങൾ നോക്കിയ തിനേക്കാൾ എനിക്ക് അമ്മയെ നോക്കാനറിയാം.. അമ്മ വരുന്നുണ്ടോ ഇല്ലയോ അമ്മയുടെ അനുമോൾ ആണ് വിളിക്കുന്നത് വിശ്വാസം ഉണ്ടെങ്കിൽ എന്നോടൊപ്പം പോരൂ. ഇല്ലെങ്കിലും ഞാനിനി ഇവിടെ നില്ക്കില്ല. ഒറ്റയ്ക്ക് ജീവിക്കും. അമ്മ പിന്നെ തനിയെ എല്ലാം അനുഭവിക്കണം എന്നെ പിന്നെ തിരക്കി വരരുത് “. മകളാണ് ആകെയുള്ള സന്തോഷവും, പ്രതീക്ഷയും ഇത്രയും നാൾ ആത്മഹ ത്യ ചെയ്യാതെ പിടിച്ചു നിന്നതും സഹിച്ചതും അവൾക്ക് വേണ്ടിയാണ്. അവൾ പോയാൽ തനിക്കാരുമില്ല അത്രക്ക് അനുഭവിച്ചു കഴിഞ്ഞു. പോയേ പറ്റു.. രണ്ടാമതൊന്ന് അലോചിക്കാതെ രാധിക പോകാനിറങ്ങി..
” പോയാൽ പിന്നെ ഈ പടി ചവിട്ടാമെന്ന് വിചാരിക്കരുത് “.. അയാൾ അലറി “നിന്റെ അമ്മയെ ഞാൻ തല്ലിയത് കാര്യം ഉണ്ടായിട്ടാണ് അവൾ എൻ്റെ പോക്കറ്റിൽ നിന്ന് കാശ് മോ ഷ്ടിച്ചു. അപ്പോ പിന്നെ ഞാൻ അവളെ തല്ലാതെ എന്ത് ചെയ്യണം “. ചിറ്റയുടെ മൂത്ത മകൻ പരുങ്ങി മാറിനിൽക്കുന്നത് അനാമിക ശ്രദ്ധിച്ചു. അവൾക്കറിയാം അവൻ ഒരു തല്ലിപൊളി പയ്യനാണ് മോശം കൂട്ടുകട്ട് ഉണ്ട് അവന്.. അവനായിരിക്കും കാശ് എടുത്ത് എന്ന് അനാമിക്ക് ഉറപ്പുണ്ടായിരുന്നു മുൻപും പല തവണ അവൾ കൈയ്യോടെ പൊക്കിയിട്ടുണ്ട്. അവള് ആരോടും പറയാത്തത് വല്ലവന്റെയും കാര്യത്തിൽ ഇടപെടുന്ന എന്തിനാണെന്ന് വിചാരിച്ചിട്ടും പറഞ്ഞാലും ആരും വിശ്വസിക്കില്ല എന്നറിയാവുന്നത് കൊണ്ടുമാണ്.
“കാശ് എടുത്തവർ ഇവിടെ തന്നെ കാണും എൻ്റെ അമ്മ കള്ളി അല്ല എന്ന് എനിക്കറിയാം ” അമർഷത്തോടെ പറഞ്ഞു അനാമിക ചിറ്റയുടെ മകനെ നോക്കി..അവൻ തല കുമ്പിട്ടു നിന്നു. അനാമികഅമ്മയുടെ കൈയിൽ പിടിച്ചു. “അവളുടെ ഒരു അഹമ്മതി കണ്ടോ ഇത്രയും നാള് നിന്റെ ചിലവിൽ കഴിഞ്ഞവൾ അഹങ്കാരിയായ മോളു വിളിച്ചപ്പോൾ കൂടെ പോണു ” അച്ഛമ്മ ദേഷ്യത്തോടെ പറഞ്ഞു.
അനാമിക അമ്മയോട് വാ അമ്മേ പോകാമെന്ന് പറഞ്ഞ് പടികൾ ഇറങ്ങി. പുറകെ കേൾക്കുന്ന ദേവന്റെ ശകാര വർഷങ്ങളും അച്ഛമ്മയുടെ പ്രാക്കും കേട്ടില്ലെന്ന് നടിച്ചു അമ്മയെ പുറകിലിരുത്തി അനാമിക സ്കൂട്ടി ഓടിച്ചു പോയി.
*******************
കല്യാണം കഴിഞ്ഞ് ദേവന്റെ വീട്ടിൽ കാലെടുത്ത് വെച്ചപ്പോഴേ
രാധികയെഎതിരേറ്റത് വീർപ്പിച്ച മുഖവുമായി നില്ക്കുന്ന അമ്മായിഅമ്മയാണ്.
ദേവനും അനിയനും സഹോദരിയുടെ ഭർത്താവുമെല്ലാം ഗൾഫുകാരാണ്. പുത്തൻ പണക്കാരെന്ന് പറയാം.
സ്തീധനം കുറഞ്ഞ് പോയതിന്റെ പേരിൽ ഈ വിവാഹം വേണ്ടെന്നു അമ്മായി അമ്മ പറഞ്ഞിരുന്നു. അമ്പത് പവനും അമ്പത് സെൻറ് വസ്തുവുമാണ് കരാർ ഉറപ്പിച്ചിരുന്നത്. എന്നാൽ എത്രയൊക്കെ കൂട്ടിയിട്ടും അച്ഛന് 40 പവൻ മാത്രമേ ഒപ്പിക്കാൻ ആയുള്ളൂ. പൈസ കടം കൊടുക്കാമെന്ന് ഏറ്റിരുന്നയാൾ കാലുമാറി. അതോടെ വിവാഹം മുടങ്ങുമെന്ന മട്ടായി. അത് വീട്ടുകാർക്ക് നാണക്കേ ടായിരുന്നു. അച്ഛൻ ചെറുക്കൻ വീട്ടുകാരുടെ കാല് പിടിച്ചു. ദേവന്റെ അമ്മ എതിർത്തു. അവരെ സംബന്ധിച്ചടുത്തോളം 50 പവൻ തന്നെ കുറവായിരുന്നു. പിന്നെ ബന്ധുക്കളും നാട്ടുകാരും ചർച്ച ചെയ്ത് ദേവനെ കൊണ്ട് സമ്മതിപ്പിച്ചു. കല്യാണം കഴിഞ്ഞു..
വിവാഹം കഴിഞ്ഞ അന്നു രാത്രി കൂട്ടുകൂടി ഇരുന്ന് മ ദ്യപിക്കുന്ന ദേവനെയും സഹോദരനെയും സഹോദരി ഭർത്താവിനെയുമാണ് കണ്ടത്. അവർക്ക് അച്ചാറും വെളളവും വേണ്ടുന്നതൊക്കെയുമായി അവരോടൊപ്പം ചിരിച്ച് മറിയുന്ന അമ്മയും നാത്തൂനും അവളിൽ അമ്പരപ്പാണ് ഉണ്ടാക്കിയത്. ആദ്യ രാത്രിയിൽ മ ദ്യപിച്ചെത്തിയ അയാളിലെ മണം അവളെ സ്വപ്നങ്ങൾ എല്ലാം തകർത്തു. ചെന്നു കയറിയ അന്നുമുതൽ കുറ്റപ്പെടുത്താനും കുത്തു വാക്കുകൾ പറയാനും അമ്മായി അമ്മയും നാത്തൂനും മത്സരിച്ചു. ദേവൻ അമ്മയും വീട്ടുകാരും പറയുന്നതിന് അപ്പുറം ഇല്ലാത്ത ഒരാളായിരുന്നു. രാവിലെ മുതൽ രാത്രി വരെ ജോലി ചെയ്താലും വീണ്ടു വീണ്ടും എന്തെങ്കിലും ജോലികൾ അമ്മായി അവളെ കൊണ്ട് ചെയ്യിക്കും. പകൽ മുഴുവൻ അമ്മായിയുടെ പീ ഢനവും രാത്രി ഭർത്താവിന്റെ ക്രൂ രതയുമായി ദിവസങ്ങൾ നീങ്ങി.
ദേവനും വീട്ടിലെ മറ്റു ആണുങ്ങളും ഒരു കൂട്ടുകാരനും കൂടി മ ദ്യപിച്ചിരുന്ന ഒരു ദിവസം ദേവൻ രാധികയോട് വെളളം എടുത്ത് കൊടുക്കാൻ പറഞ്ഞു. അറച്ചറച്ച് വെള്ളവുമായി ചെന്നു അതവിടെ വെച്ചിട്ട് തിരിഞ്ഞ് നടക്കാൻ തുടങ്ങിയ അവളെ തടഞ്ഞ് കൊണ്ട് ദേവൻ പറഞ്ഞു
“നീ എവിടെ പോവുകയാ ഗ്ലാസിലേക്ക് വെള്ളം പകർന്നു കൊടുക്കാൻ “.. വിറച്ച കൈകളുമായി വെള്ളം ഒഴിച്ചപ്പോൾ അത് താഴേക് തുളുമ്പി പോയി. ചാടി യെഴുന്നേറ്റ ദേവൻ അവളെ കവിൾത്തടം നോക്കി ആഞ്ഞ് അ ടിച്ചു. പെട്ടന്നുണ്ടായ ഷോക്കിൽ കൈകൾ കൊണ്ട് കവിൾ പൊത്തി പിടിച്ചവൾ നിറമിഴികളാൽ നിന്നു. ഊറി ചിരിക്കുന്ന അമ്മയെയും നാത്തൂനെയും കണ്ടവൾക്ക് കരച്ചിൽ നിയന്ത്രിക്കാൻ പറ്റിയില്ല. അടി കൊണ്ട വേദനയെക്കാൾ അപമാന ഭാരത്താൽ അവൾ നിന്നു. കൂട്ടുകാരന്റെ കണ്ണുകൾ കൊണ്ടുള്ള അവളുടെ ശരീരത്തെ ഉഴിച്ചിലും, അർത്ഥം വെച്ചുള്ള ചിരിയും വീണ്ടും അവളെ അപമാനിതയാക്കി. കിടക്കയിലേക്ക് പോയ അവൾ ഏറെ നേരം കരഞ്ഞു. പോയാലോ എന്ന് ചിന്തിച്ചു. നേരം വെളുക്കുവോളം കരഞ്ഞും ചിന്തിച്ചും അവളിരുന്നു. പിന്നെ രണ്ടും കല്പിച്ചു അവിടുന്ന് ഇറങ്ങി.
വീട്ടിൽ ചെന്ന് കയറിയതും വേവലാതിയോടെ അച്ഛനും അമ്മയും ഓടിവന്നു. എന്താ മോളെ ഒറ്റക്ക് ദേവനെവിടെ എന്ന ചോദ്യത്തിൽ ഒറ്റ ശ്വാസത്തിൽ അമ്മയെ കെട്ടിപ്പിടിച്ച് എല്ലാം പറഞ്ഞപ്പോൾ സുഖമില്ലാത്ത ഹാർട്ടിന് അസുഖമുള്ള അച്ഛൻ ഒന്നു ആഞ്ഞ് ചുമച്ചു. തിരിഞ്ഞ് തനിക്ക് താഴെയുള്ള രണ്ട് പെൺകുട്ടികളെ കൂടി നോക്കി. നിസഹായനായ അച്ഛന്റെ മുഖം. അമ്മയ്ക്കും അച്ഛനും ഒന്നേ പറയാനുണ്ടായിരുന്നുള്ളു തിരികെ പോകണം ഇനിയുള്ള കുട്ടികളുടെ ഭാവി നോക്കണം. രാധികയുടെ ബാക്കി സ്ത്രീധനം ഒപ്പിക്കണം. അങ്ങനെ ബാദ്ധ്യതകളുടെ ഭാണ്ഡക്കെട്ട് അച്ഛൻ അഴിച്ചു വെച്ചു. അമ്മ ആശ്വസിപ്പിച്ചു അവൻ ഗൾഫിൽ പോയി കഴിഞ്ഞാൽ എല്ലാം ശരിയാകും. മോള് വേണം സ്നേഹം കൊണ്ടവനെ മാറ്റിയെടുക്കാൻ. പ്രീഡിഗ്രി മാത്രം പഠിത്തമുള്ള അവൾ മുന്നോട്ടൊരു മാർഗവില്ലാതെ സ്വന്തം വീട്ടിലും വിരുന്നുകാരിയെ പോലെ നിന്നു.
. അച്ഛനും അമ്മയും കൂടി അവളെ തിരികെ ഭർത്താവിന്റെ വീട്ടിൽ കൊണ്ടാക്കാൻ പോയി. ചെന്ന് കയറിയപാടെ വാരാന്തയിൽ അവളെ തടഞ്ഞ് നിർത്തി ദേവൻ പറഞ്ഞു. നിനക്ക് തോന്നുമ്പോൾ ഇറങ്ങി പോകാനും കയറി വരാനും ഈ വീട്ടിൽ പറ്റില്ല. എന്നെയും എന്റെ വീട്ടുകാരെയും അനുസരിച്ച് നില്ക്കാമെങ്കിൽ നിനക്കിവിടെ തുടരാം. ഒന്നും പറയാതെ തലയും കുനിച്ചു നിന്നയവളെ അയാൾ തല പിടിച്ചുയർത്തി ആഞ്ഞ് തല്ലി. പൊന്നീച്ച പറക്കുന്ന വേദനയിൽ കണ്ണീർ പാട കെട്ടിയ കണ്ണാൽ അവൾ കണ്ടു. വിജയിയെ പോലെ ചിരിക്കുന്ന അമ്മായിയെയും നാത്തൂനെയും. നിറമിഴികളാൽ ഗതി കെട്ട് നില്ക്കുന്ന അച്ഛനും അമ്മയും.. തലചുറ്റി വീണ അവൾ ബോധം വീണപ്പോൾ അറിഞ്ഞു ഒന്നര മാസം കൊണ്ട് ആ വീട്ടിലെ ദുരന്തങ്ങളുടെ ബാക്കിയായി ഒരു കുരുന്ന് ജീവൻ അവളുടെ വയറ്റിൽ വളരുന്നു. പിന്നെയങ്ങോട്ട് എല്ലാം അനുസരിക്കുന്നവളായി രാധിക മാറി. ദേവനും മറ്റ് ആണുങ്ങളും ഗൾഫിൽ മടങ്ങി പോയി. കുട്ടികൾ ഇത് വരെയുണ്ടാകാത്ത നാത്തൂൻ അസൂയ കൊണ്ട് അവളുടെ കു ഞ്ഞ് ഇല്ലാണ്ടാവാൻ പറ്റുന്നതൊക്കെ ചെയ്തു. മാനസികമായി തളർത്തി. ഭാരമുള്ള ജോലികൾ ചെയ്യിച്ചു. അമ്മായി അമ്മ വരുന്നവരോടും പോകുന്നവരോടും എല്ലാം പറഞ്ഞു.
“ബാക്കി സ്വർണ്ണം പോലും തന്നില്ല. അതിനു മുന്നെ വയറ്റിൽ ഉണ്ടാക്കിയേക്കുന്നു. അതെങ്ങനാ അവൻ പോകുന്ന വരെ അവനെയും കൊണ്ട് കതകടച്ചി രുപ്പല്ലായിരുന്നോ “
അമ്മായിയമ്മയും കൂടെ ഉള്ളവരും പൊട്ടിച്ചിരിച്ചു. ഒന്നും പറയാൻ കഴിയാതെ തറ തുടക്കുന്ന അവളിലെ കണ്ണീർ തുള്ളി തറയിലേക്കിറ്റു വീണു. അതിനിടയിൽ അച്ഛന് അസുഖം കൂടി അച്ഛൻ മരിച്ചു. ഇനി ബാക്കി സ്ത്രീധനം കിട്ടാൻ വഴിയില്ലാതെ അമ്മയും വിദേശത്ത് നിന്ന് ഭർത്താവും മാനസികമായി പീ ഡിപ്പിച്ചു. ശമ്പളമില്ലാത്ത വേലക്കാരിയായി എല്ലാ ജോലികളുംഅവൾ ചെയ്തു. ഗർഭാവ സ്ഥയിലുള്ള കൊതികളൊന്നും അവൾ ആരോടും പറഞ്ഞില്ല പറഞ്ഞിട്ട് കാര്യമില്ല. നേരാവണ്ണം ഭക്ഷണം പോലും അമ്മായിഅമ്മ അവൾക്ക് കൊടുക്കാൻ തയ്യാറായില്ല. ദുരന്തങ്ങൾക്കിടയിലും അവൾ ഒരു പെൺകുഞ്ഞിന് ജന്മം നൽകി. അമ്മയായ നിർവൃതിയിലും അവള് കുഞ്ഞിനെ ചേർത്ത് പിടിച്ച് പറഞ്ഞത്
“നീയും ഒരു പെൺകുഞ്ഞ് ആയല്ലോ അമ്മയുടെ ഗതി തന്നെ നിനക്കും വരുമോ മോളെ എന്നാണ്”. പ്രസവം കഴിഞ്ഞ് മൂന്ന് മാസം അവളുടെ വീട്ടിൽ പോയി നിന്നെങ്കിലും അച്ഛന്റെ മരണം അമ്മയെ തളർത്തി യിരുന്നതിനാലും, സാമ്പത്തിക പരാധീനതകൾ ഉള്ളതിനാലും അവിടെയും അവൾക്ക് മനസ്സമാധാനം ഒന്നും കിട്ടിയില്ല. നൂലുകെട്ടിന് ആ പാവപ്പെട്ട വീട്ടിലേക്ക് അമ്മായിയമ്മയും നാത്തൂനും വരാൻ തന്നെ മടിച്ചു. ദേവൻ ഔദാര്യം പോലെ വല്ലപ്പോഴും അയച്ചു കൊടുക്കുന്ന കാശില് അവൾ തന്റെയും കുഞ്ഞിന്റെയും ആവശ്യങ്ങൾ നിറവേറ്റി. അവളുടെ സ്വർണത്തിൽ നിന്ന് കുറച്ചെടുത്ത് അഴിച്ചുമാറ്റി കുഞ്ഞിന് അരഞ്ഞാണം മാലയൊക്കെ വാങ്ങി അവൾ തന്നെ കെട്ടി. മൂന്നാം മാസം അവളെ കൂട്ടിക്കൊണ്ടു പോകാൻ ആരും വരാത്തതിനാൽ അമ്മ തന്നെ തിരിച്ചു അവളെ കൊണ്ടാക്കി. കയറിയ പാടെ അമ്മായിയമ്മ വീട്ടിൽ നിന്ന് ഫ്രിഡ്ജോ അലമാരയോ ഒന്നും ഇല്ലാതാണോ പേറ് കഴിഞ്ഞ് വരുന്നതെന്ന് പരിഹസിച്ചു. ഒന്നും മിണ്ടാൻ ആവാതെ അകത്തേക്ക് പോലും കയറാൻ ക്ഷണിക്കാത്തതിനാൽ അവളുടെ അമ്മ നിറമിഴികളോട് തിരിഞ്ഞു നടന്നു.
പിന്നെയും ക്രൂരതകൾ കൂടി കൂടി വന്നതേയുള്ളൂ കുഞ്ഞു പാലിനായി കരഞ്ഞാൽ പോലും അമ്മായിയമ്മ ജോലി തീർത്തിട്ട് കുഞ്ഞിനെ എടുത്താൽ മതിയെന്ന് പറയും. കുഞ്ഞിന്റെ കരച്ചിൽ അരോചകമാണെന്ന് പറഞ്ഞ് നാത്തൂൻ വഴക്കുണ്ടാക്കും. ഓരോ ദിവസങ്ങൾ കണ്ണുനീരിന്റേതായി മുന്നോട്ടു നീങ്ങി കൊണ്ടിരുന്നപ്പോൾ, കുഞ്ഞിക്കാലിളക്കി ചിരിക്കുകയും കുഞ്ഞിക്കണ്ണുകൾ അടച്ചു കാണിക്കുകയും ചെയ്യുന്ന തന്റെ മകൾ അനാമിക രാധികക്ക് ആശ്വാസമായി..
ദിവസങ്ങൾ നീങ്ങിക്കൊണ്ടിരുന്നു അതിനിടയിൽ ഇടയ്ക്കൊക്കെ ദേവൻ വരികയും പോവുകയും ചെയ്തു. കുഞ്ഞിനോട് അയാൾക്ക് പ്രത്യേകിച്ച് വെറുപ്പ് ഒന്നുമില്ലായിരുന്നെങ്കിലും അമിതമായ വാത്സല്യവും കാട്ടിയില്ല. അനിയന്റെ വിവാഹം കഴിഞ്ഞു നല്ല കുടുംബത്തിൽ നിന്ന് ഒത്തിരി സ്ത്രീധനവും കാറും ഒക്കെയായിട്ടാണ് അനിയന്റെ ഭാര്യ വന്നു കയറിയത്. അമ്മായി അമ്മയ്ക്കും, നാത്തൂനും അനിയന്റെ ഭാര്യയോട് വല്ലാത്ത സ്നേഹമായിരുന്നു. പിന്നെ രാധികയുടെ ജോലി ഇരട്ടിച്ചു. അനിയന്റെ ഭാര്യയുടെ കാര്യങ്ങൾ കൂടി നോക്കേണ്ട ഗതികേടിൽ ആയി അവൾ. അതിനിടയ്ക്ക് ഭർത്താവ് ജോലി മതിയാക്കി നാട്ടിൽ വന്നു ബിസിനസ് ചെയ്യാൻ എന്നും പറഞ്ഞു അവളുടെ സ്വർണംവിറ്റു. ഒന്നും അവൾ എതിർക്കാൻ പോകാറില്ല എല്ലാം കേട്ട് കേട്ട് നിശബ്ദയായി സഹിക്കാൻ അവൾ പഠിച്ചു കഴിഞ്ഞിരുന്നു. ദേവൻ പാവമായിരുന്നാലും അമ്മായിയമ്മയും നാത്തൂനും ഓരോ ഏഷണികൾ പറഞ്ഞ് ദേവനെ കൊണ്ട് അവളെ തല്ലിക്കു മായിരുന്നു..
അനാമിക വളർന്ന് വരുംതോറും അച്ഛൻറെ ക്രൂbരതകൾക്കെതിരെ ശബ്ദ മുയർത്തി. കുഞ്ഞായിരിക്കുമ്പോൾ തന്നെ അവൾ അമ്മയെ തല്ലുന്നതിന് തടസ്സം നിന്നു. അതുകണ്ട് ദേഷ്യം വന്ന ദേവൻ അവളെ തല്ലാനായി വടിയെടുത്തപ്പോഴും കയ്യുംകെട്ടി ഒരു കൂസലുമില്ലാതെ നിന്നതേയുള്ളൂ. അയാളിൽ കുറച്ചുകൂടി ദേഷ്യത്തിന് അത് കാരണമായി. ദേവൻ കുഞ്ഞിനെ തങ്ങും വിലങ്ങും തല്ലിയെങ്കിലും കരയുക പോലും ചെയ്യാതെ കല്ലിച്ച മുഖവുമായി കൈയും കെട്ടി കുഞ്ഞുനിന്നതേയുള്ളൂ. രാധിക കരഞ്ഞപ്പോഴും അവളെ ആശ്വസിപ്പിക്കുകയാണ് അനാമിക ചെയ്തത്.
ഓരോ ദിവസം കഴിയുന്തോറും അനാമിക തലതെ റിച്ചവൾ എന്ന പേര് കേൾപ്പിച്ചു കൊണ്ട് വളർന്നുവന്നു. അച്ഛമ്മയും ചിറ്റയും അപ്പച്ചിയും എല്ലാം ആണായ് ജനിക്കേണ്ടതായിരുന്നു ഇവൾ എന്ന് പറഞ്ഞു അനാമികയെ എപ്പോഴും കളിയാക്കി കൊണ്ടിരുന്നു. എല്ലാത്തിനും ഉത്തരം പറയുന്ന അനാമിക ഒന്നും കേട്ട് നിൽക്കത്തില്ല എല്ലാവർക്കും തിരിച്ച് ചുട്ട മറുപടി കൊടുക്കുകയും തർക്കുത്തരം പറയുകയും ചെയ്യും. അതിനെല്ലാം അച്ഛനിൽനിന്ന് ശിക്ഷയും വാങ്ങി കൂട്ടും. എങ്കിലും അവൾ നിർത്തിയില്ല അമ്മയെ എല്ലാ കാര്യത്തിലും സംരക്ഷിച്ചുകൊണ്ട് അവൾ അമ്മയുടെ നിഴലായി കൂടെ നിന്നു. സ്കൂളിലും അവൾ തന്റേടിയായ പെൺകുട്ടി യായിരുന്നു എന്തിനും ഏതിനും വഴക്കുണ്ടാക്കുകയും ടീച്ചർമാരുടെ വായിലിരിക്കുന്നത് മൊത്തം കേൾക്കുകയും ചെയ്യുന്ന ഒരു കുട്ടി. എന്നും അവളുടെ പരാതികൾ പറഞ്ഞു വിടാനെ ടീച്ചറൻമാർക്ക് നേരം ഉണ്ടായിരുന്നുള്ളൂ. അവസാനം ദേവൻ തന്നെ മടുത്തു തല്ലിയിട്ടും കാര്യമില്ല എന്ന് മനസ്സിലാക്കി. ദേവൻ അവളെ ഉപേക്ഷിച്ച മട്ടായിരുന്നു. അവളോടുള്ള ദേഷ്യം കൂടി രാധികയോട് തീർക്കാൻ അയാൾ മറന്നില്ല.
എങ്കിലും അനാമിക പഠിക്കാൻ മിടുക്കിയായിരുന്നു. ആൺ പെൺ ദേദമില്ലാതെ അനാമികക്ക് കൂട്ടുകാർ ഒത്തിരി ഉണ്ടായിരുന്നു. കറങ്ങി നടക്കുന്ന അവളുടെ പോക്ക് ശരിയല്ലന്ന് അച്ഛമ്മ പറഞ്ഞു. പെൺകുട്ടികളായാൽ അടക്കവും ഒതുക്കവും വേണമെന്ന് അച്ഛമ്മ പറഞ്ഞപ്പോൾ , അടക്കവും ഒതുക്കവും ഉള്ളവളായി അമ്മ വളർന്നിട്ട് അമ്മയ്ക്ക് കിട്ടിയത് എന്താണെന്ന് അവൾ തിരിച്ച് മറുപടി കൊടുത്തു. ഇങ്ങനെ പകലെന്നോ രാത്രിയെന്നോ ഇല്ലാതെ കറങ്ങി നടക്കുന്ന നിന്നെ പഠിപ്പിക്കാൻ എൻ്റെ കൈയ്യിൽ കാശില്ലെന്ന് അച്ഛൻ പറഞ്ഞു. അനാമിക പിന്നൊന്നും നോക്കിയില്ല.
ക്ലാസ് കഴിഞ്ഞ് വന്ന് ഫുഡ് ഡെലിവറി ഗേളായി പോയിത്തുടങ്ങി. ആ പൈസ കൊണ്ട് അവൾ സ്വന്തമായി പഠിച്ചു. അവളെ പറഞ്ഞിട്ട് കാര്യമില്ല എന്നറിയാവുന്നതുകൊണ്ട് പിന്നെ ആരും അവളെ ചോദ്യം ചെയ്യാൻ പോയില്ല. അനാമിക ജോബിനായുള്ള ടെസ്റ്റുകൾ എഴുതുകയും ഇന്റർവ്യൂന് പോവുകയും ചെയ്ത് കൊണ്ടിരുന്നു. നാത്തൂന്റെ ഭർത്താവ് നാട്ടിൽ വന്നു. മക്കൾ ഒന്നുമില്ലാത്ത നാത്തൂൻ ആ വിഷമം കൊണ്ട് ഇപ്പോൾ കുറച്ച് ഒതുങ്ങി തുടങ്ങിയിരുന്നു.
നാത്തൂനും ഭർത്താവും അയാളുടെ സ്ഥലത്തേക്ക് താമസം മാറ്റി. അനിയന് രണ്ട് ആൺ കുട്ടികൾ ഉണ്ട്. ആ സമയത്താണ് ദേവന്റെ പോക്കറ്റിൽ നിന്ന് പൈസ മോഷണം പോയെന്ന് പറഞ്ഞ് ദേവൻ അവിടെ പുകയിലുണ്ടാക്കിയതും രാധികയാവും അത് എടുത്തിട്ടുള്ളത് എന്ന് പറഞ്ഞു അമ്മായിയമ്മ ദേവന് ഏഷണി കേറ്റി കൊടുത്തതും. അത് ദേവൻ രാധികയോട് ചോദ്യം ചെയ്തു അവളെ തല്ലി ചതച്ചുകൊണ്ട് നിന്ന സമയത്താണ് അനാമികയ്ക്ക് സെക്രട്ടറിയേറ്റിൽ ജോബ് കിട്ടി എന്ന് സന്തോഷം അറിയിക്കാൻ ആയിട്ട് അവൾ അമ്മയുടെ അടുത്തേക്ക് ഓടിവന്നത്..
*******************
അനാമിക തൽക്കാലത്തേക്ക് അമ്മയെയും കൊണ്ട് ഒരു കൂട്ടുകാരിയുടെ വീട്ടിൽ പോയി. രണ്ടു ദിവസം അവിടെ കഴിഞ്ഞിട്ട് ഒരു ചെറിയ വാടക വീട് ഏർപ്പെടുത്തി. അമ്മയും അവളും അങ്ങോട്ട് താമസം മാറി. അവൾ ജോബിന് പോയി തുടങ്ങി. എല്ലാ കാര്യങ്ങളും അമ്മയ്ക്ക് വേണ്ടി അവൾ ഒരു മുടക്കവും കൂടാതെ ചെയ്തു. രാധിക മനസമാധാനത്തോടെ ഉണ്ണുകയും ഉറങ്ങുകയും ചെയ്തു. എന്നിട്ടും അടങ്ങിയിരിക്കാൻ തയ്യാറാവാത്ത അനാമിക അമ്മയെ കൊണ്ട് അയാൾ ക്കെതിരെ ഡിവോഴ്സ് നോട്ടീസ് അയപ്പിച്ചു.
ബന്ധം വേർപ്പെടുത്തുന്നതിൽ ഒരു വിഷമം ഉണ്ടായിരുന്നെങ്കിലും അനാമികയുടെ ഇടപെടൽ രാധികക്ക് ഡിവോഴ്സിന് സമ്മതിക്കേണ്ടി വന്നു. ഇത്രയും നാൾ അമ്മ അനുഭവിച്ച പീ ഡനങ്ങൾക്ക് നഷ്ടപരിഹാരം വേണമെന്ന് പറഞ്ഞ് അച്ഛനും അച്ഛമ്മക്കും എതിരെ അവൾ അമ്മയെ കൊണ്ട് കേസ് ഫയൽ ചെയ്യിച്ചു. കൂടാതെ അമ്മയുടെ സ്വർണം വിട്ടു കിട്ടണമെന്നും കേസിൽ പറഞ്ഞു. തനിക്കെ തിരെ ഇത്രയും ഇവർ ചെയ്യും എന്ന് ദേവനോ അമ്മയോ ആരും വിചാരിച്ചിരുന്നില്ല. അവര് പറയുന്ന തുക കൊടുത്തില്ലെങ്കിൽ അമ്മയും അയാളും ചെലപ്പോൾ ജയിലിൽ കിടക്കേണ്ടി വരും ഒത്തു തീർപ്പിനു ശ്രമിക്കുന്നതാ നല്ലതെന്ന് ദേവന്റെ വക്കീൽ തന്നെ അയാളെ ഭയപ്പെടുത്തി. രാധിക അനാമികയോട് ചോദിച്ചു. ഇത്രയും അനുഭവിച് കഴിഞ്ഞില്ലേ ഇനി കുറച്ച് പൈസ കിട്ടിയിട്ട് എന്തിനാണ് എന്നു. അത് അമ്മയുടെ അവകാശമാണ് ‘. ഇത്രയും വർഷം സ്വയം മറന്ന് ജീവിച്ചിലേ അതിനുള്ള പ്രതിഫലം.
അവസാനം തോറ്റു പിൻവാങ്ങിയ അയാൾ അനാമികയുടെ വീട്ടിൽ അമ്മയെയും കൂട്ടി വന്നു. അവരുടെ കയ്യിൽ അനാമിക ചോദിക്കുന്ന പൈസ കൊടുക്കാൻ ഇല്ലായിരുന്നു അവര് നാ ണംകെടുത്തിക്കരുതെന്ന് പറഞ്ഞു മാപ്പപേക്ഷിച്ചു എല്ലാ തെറ്റുകളും പുറത്തു കൂടെ വരണമെന്ന് രാധികയോടും അയാൾ പറഞ്ഞു ആദ്യമായി രാധിക ശബ്ദമുയർത്തി
“എൻെറ മകൾക്ക് വേണ്ടിയാണ് ഇത്രയും കാലം ഞാൻ എല്ലാം സഹിച്ചതും കഷ്ടപ്പെട്ടതും ഗതിയില്ലാത്ത എന്നെ നിങ്ങൾ ച വിട്ടി തേച്ചു. ഇനിയും നിങ്ങളുടെ ആട്ടും തുപ്പം കൊള്ളാൻ ഞാൻ വരുമെന്ന് കരുതണ്ട “. അത് കഴിഞ്ഞ് അച്ഛമ്മയോട് പറഞ്ഞു ” നിങ്ങളും ഒരു സ്ത്രീയല്ലേ ഒരു സ്ത്രീയല്ലേ ഏറ്റവും കൂടുതൽ മറ്റൊരു സ്ത്രീയെ മനസ്സിലാക്കേണ്ടത് ” അച്ഛമ്മ തലകുനിച്ചിരുന്നു കേട്ടതേയുള്ളൂ. “എനിക്കിനി മുന്നോട്ടുള്ള യാത്രയിൽ എൻ്റെ മകൾ ഉണ്ട് അതു മാത്രം മതി സ്വസ്ഥമായി ഞാൻ ഒന്ന് ജീവിച്ചോട്ടെ”. പറഞ്ഞുകൊണ്ട് രാധിക അകത്തേക്ക് കയറി പോയി. അനാമിക പുച്ഛത്താൽ അച്ഛനോട് ചോദിച്ചു.
” അപ്പോൾ എങ്ങനാ ഇറങ്ങുവല്ലേ.. അതോ ഇനി ബാക്കി എന്റെ വായിൽ നിന്നു കൂടി കേൾക്കണോ. അവൾ അകത്തു കയറി വാതിൽ കൊട്ടിയടച്ചു. അടഞ്ഞ വാതിലിനു മുന്നിൽ അച്ഛമ്മയും ദേവനും കുറെ നേരം ഇരുന്നതിനു ശേഷം പതിയെ ഇറങ്ങി നടന്നു. ജനാലയിൽ പിടിച്ചു പുറത്തേക്ക് നോക്കി നില്ക്കുന്ന അമ്മയുടെ പുറകിൽ ചെന്ന് കെട്ടിപ്പിടിച്ചു കൊണ്ട്അനാമിക പറഞ്ഞു “ഇപ്പോഴാണ് അമ്മ എന്റെ അമ്മ അമ്മയായത്. സ്ത്രീയായാലും പുരുഷനായാലും പ്രതികരിക്കേണ്ടടുത്ത് പ്രതികരിക്കണം.
സംസാരിക്കേണ്ടത് സംസാരിക്കുക തന്നെ ചെയ്യണം. അല്ലെങ്കിൽ എല്ലാവരും ചവിട്ടി തേച്ചു കൊണ്ടിരിക്കും. നമുക്ക് വേണ്ടി നമ്മളെ ശബ്ദ മുയർത്താൻ ഉള്ളൂ എന്ന് വന്നാൽ നമ്മൾ തന്നെ സംസാരിക്കണം “.. “എന്റെ മോളെ ദൈവം എനിക്ക് തന്നല്ലോ എന്റെ മുത്താണ് ” വാത്സല്യത്തോടെ അനാമികയുടെ നെറ്റിയിൽ രാധിക മൃദുവായി മുത്തി..