അസ്തമയ ചോപ്പ്
Story written by Jolly Shaji
“ഹരി, നിങ്ങൾക്കെന്നെയും എനിക്ക് നിങ്ങളെയും അക്‌സെപ്റ്റ് ചെയ്യാൻ പറ്റുന്നില്ലാത്ത സ്ഥിതിക്ക് എനിക്ക് ഡിവോഴ്സ് തന്നേക്കു…”
“ഡിവോഴ്സോ.. നിനക്ക് ഇറങ്ങി പൊയ്ക്കൂടേ ഇവിടെനിന്നും… നിന്നെ ആരാണ് ഇവിടെ പിടിച്ച് നിർത്തിയേക്കുന്നതു…”
“അങ്ങനെ തോന്നും പോലെ ഇറങ്ങി പോകാൻ വലിഞ്ഞു കേറി വന്നവൾ അല്ല ഞാൻ… എന്റെ മാതാപിതാക്കൾ എന്നെ ഇങ്ങോട് കെട്ടിച്ചു വിടുമ്പോൾ എനിക്ക് തന്നതൊക്കെ തിരികെ തന്ന് ഇത്രയും നാൾ നിങ്ങൾക്ക് വെച്ചു വിളമ്പിയത്തിന്റെ കൂലി കൂടി തരണം എനിക്ക്…”
“അഞ്ചാറ് കൊല്ലം തീറ്റിപ്പോറ്റിയതിന്റെ ചിലവ് എനിക്കാണ് തരേണ്ടത് നീ…”
“തീറ്റ തന്നെങ്കിൽ നിങ്ങൾ എന്റെ ശരീരത്തെ ആവോളം ഉപയോഹിച്ചിട്ടും ഉണ്ട്…”
“ഉണ്ടെടി കെട്ടിയോൻ തൊട്ടാൽ വികാരം ഇല്ലാതെ കട്ടിലിൽ മലർന്നു കിടക്കുന്ന മച്ചി അല്ലെടി നീ…”
“ഹും മച്ചിയാണത്രെ… ഒരിക്കൽ എങ്കിലും ഒരു ഡോക്ടറെ കണ്ട് ആർക്കാണ് തകരാർ എന്ന് അറിയാൻ നിങ്ങൾ ശ്രമിച്ചിട്ടുണ്ടോ…”
“നിനക്ക് തന്നെകുഴപ്പം ..വികാരം ഇല്ലാത്തവൾക്ക് എങ്ങനെ കൊച്ചുണ്ടാവാൻ ആണ്…”
“മൂക്കറ്റം കള്ളും കഞ്ചാവും വലിച്ച് കേറ്റിയിട്ട് വന്നു ഒരു മാടിനോട് കാണിക്കും പോലെ ക്രൂരത ചെയ്യുന്ന നിങ്ങൾക്ക് മുന്നിൽ എനിക്ക് എന്ത് വികാരം ഉണ്ടാകും…. ഒരിക്കൽ എങ്കിലും നിങ്ങളെന്റെ ദേഹത്ത് സ്നേഹത്തോടെ ഒന്ന് തൊട്ടിട്ടുണ്ടോ… എന്റെ ശരീരത്തെ എപ്പോഴെങ്കിലും നിങ്ങൾ അറിയാൻ ശ്രമിച്ചിട്ടുണ്ടോ..”
“പെണ്ണിന്റെ ശരീരത്തിന്റെ അളവുകോലുകൾ മുഴുവനും തൂലികയിൽ പകർത്തുന്നവൻ ആണെടി ഈ ഹരി… നിനക്ക് പ്രത്യേകത ഒന്നും ഉള്ളതായി എനിക്ക് തോന്നിയിട്ടും ഇല്ല….”
“നിങ്ങളുടെ ഉണക്ക സാഹിത്യംകൊണ്ട് പെണ്ണിന്റെ ശരീരംനിങ്ങൾക്ക് വർണ്ണിക്കാം..പക്ഷെ അവൾക്കൊരു മനസ്സ് ഉണ്ട് അത് നിങ്ങൾ ഇതുവരെ അറിഞ്ഞിട്ടില്ല…. അതെങ്ങനെ ബോധം ഉള്ള സമയം ഇല്ലല്ലോ… കുളിയും പല്ലുതേയും പോലും സമയത്തില്ല… എഴുതിക്കൂട്ടുന്ന സാഹിത്യം കണ്ടാലോ ഹരി മാഷിൻറെ അത്ര നല്ല വ്യക്തിയും ഇല്ല…. മടുത്തു എനിക്കീ ജീവിതം…”
“മടുത്തെങ്കിൽ പോടീ നിന്റെ മറ്റവൻ പോയ പുറകെ… അവൻ അല്ലെ അന്നും ഇന്നും മനസ്സിൽ പിന്നെങ്ങനെ എന്നെ ഇഷ്ടപ്പെടാൻ പറ്റും…”
“അതേ അന്നും ഇന്നും എന്റെ മനസ്സിൽ അയാളുണ്ട്… ജീവിച്ചിരുന്നെങ്കിൽ ഇന്ന് എന്നെ പൊന്നു പോലെ നോക്കിയേനെ എന്റെ ശ്രീയേട്ടൻ… പക്ഷെ വിധി അതിനെ തട്ടിയെടുത്തത് നിങ്ങടെ പീഡനം എന്നെ അനുഭവിപ്പിക്കാൻ ആണെന്ന് തോന്നുന്നു….”
“എന്റെ പീഡനം സഹിക്കാൻ പറ്റില്ലെങ്കിൽ ഇറങ്ങി പോടീ….”
ഹരി നിർമ്മലയെ ശക്തമായി പിടിച്ച് തള്ളി… അവൾ വാതിലിന്റെ പലകയിൽ തലയിടിച്ചാണ് നിന്നത്… ഇടിയുടെ ശബ്‍ദം കേട്ട് മുറിയിൽ കിടന്നിരുന്ന വിലാസിനിയമ്മ അങ്ങോടു വന്നു…
“മോളെ എന്താ ഒരു വലിയ ശബ്‍ദം കേട്ടത്….”
നെറ്റിയിൽ കൈപൊത്തി നിൽക്കുന്ന നിർമ്മലയുടെ അടുത്തേക്ക് അവർ വേഗം ചെന്നു… അവളുടെ കൈവിരലുകൾക്കിടയിലൂടെ രക്തം പുറത്തേക്കു ഒഴുകിയിറങ്ങി…
“അയ്യോ മോളെ ചോര വരുന്നല്ലോ… ഹരി എന്താടാ ഇത്… ഈശ്വരാ എനിക്ക് വയ്യ…”
അവർ നിർമ്മലയെ പിടിച്ച് കട്ടിലിൽ ഇരുത്തി അവിടെ കിടന്ന ഒരു തോർത്ത് മുണ്ട് കൊണ്ട് രക്തം തുടച്ചു മെല്ലെ കൈകൾ മാറ്റി… നെറ്റി ചതഞ്ഞു പൊട്ടിയിരിക്കുന്നു… അവർ തന്നെ ഡെറ്റോൾ കൊണ്ട് തുടച്ചു മുറിവിൽ മരുന്ന് വെച്ചു..
“എത്ര നാളായി മോളെ ഇത് സഹിക്കുന്നു നീ നിനക്ക് പൊയ്ക്കൂടേ എങ്ങോട്ടേലും, വിദ്യാഭ്യാസം ഉണ്ടല്ലോ നിനക്ക് പത്തു കുട്ടികൾക്ക് ട്യൂഷൻ എടുത്താണെങ്കിലും കഞ്ഞിക്കുള്ളത് ഉണ്ടാക്കാമല്ലോ… ഇവിടെ എന്തിനാ ഈ ഭ്രാന്തന്റെ ആട്ടും തുപ്പും കേട്ട് കിടക്കുന്നെ…”
“അമ്മക്ക് അറിയാല്ലോ ഇതുവരെ ഞാൻ പിടിച്ച് നിന്നത് അമ്മക്ക് വേണ്ടി ആണെന്ന്…. എന്റെ വീട്ടുകാർ നിർബന്ധിച്ചു എന്നെ ഹരിയേട്ടനെ കൊണ്ട് താലികെട്ടിച്ചിട്ടും ഞാൻ അശ്വസിച്ചത് അമ്മയുടെ മകൻ ആണല്ലോ എന്നോർത്താണ്… ഇനി വയ്യമ്മേ…”
“നീ എന്നെ നോക്കേണ്ട..ഞാൻ ശ്വാസം നിലക്കും വരെ ഇവിടെ എവിടേലും ചുരുണ്ടുകൂടി കിടന്നോളാം… എന്തായാലും ഈ വീട് വിൽക്കാൻ അവന് കഴിയില്ല… എന്റെ കാലശേഷം മാത്രേ അവന് അവകാശം ഉള്ളു ഇതിൽ…”
“ഈ വീട് വിൽക്കാൻ വേണ്ടി വേണമെങ്കിൽ അമ്മേടെ മകൻ അമ്മയെ കൂടി ഒഴിവാക്കും ഈ ഭൂമിയിൽ നിന്നും… അത്രക്കും നീചൻ ആണ് അയാൾ..”
അന്ന് രാത്രിയിൽ നിർമ്മല അമ്മയുടെ മുറിയിൽ ആണ് കിടന്നത്… തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും അവൾക്കുറക്കം വന്നില്ല…
വയ്യ ഇനിയും ഈ പീഡനങ്ങൾ സഹിക്കാൻ… വലതുകാൽ വെച്ച് കയറിയപ്പോൾ മുതൽ സ്വന്തം മകളായി സ്നേഹിച്ച അമ്മയായിരുന്നു തന്നെ ഈ വീട്ടിൽ നിന്നും ഇറങ്ങാൻ പ്രേരിപ്പിക്കാത്തത്… അമ്മ പലപ്പോഴും പറഞ്ഞിട്ടുണ്ട് നീ പൊയ്ക്കോ എന്ന്…
ഇനി ഇവിടെ നിന്നാൽ ഒരു പാക്ഷേ അയാൾ തന്നെ കൊല്ലും… പോണം ഇവിടുന്നു.. എവിടെങ്കിലും ഒരു വീടും ജോലിയും കണ്ടെത്തി അമ്മയെയും കൊണ്ടുപോവണം…
പിറ്റേന്ന് അത്യാവശ്യം വസ്ത്രങ്ങളും സർട്ടിഫിക്കറ്റുകളും എടുത്തു ബാഗിൽ വെച്ചിട്ട് അവൾ ഹരി കിടക്കുന്ന റൂമിലേക്ക് ചെന്നു…
“ഹരി… ഞാൻ പോവുകയാണ്… എങ്ങോട് എന്ന് ഇപ്പോളും തീരുമാനിച്ചിട്ടില്ല…”
“പെണ്ണല്ലെടി എവിടെ പോയാലും അന്തിയുറങ്ങാനും ഉണ്ണാനും ഉള്ളത് കിട്ടും..ചെല്ല് ചെല്ല്..”
“നിങ്ങൾ ആവോളം കടിച്ചു കുടഞ്ഞിട്ടും വികാരം ഇല്ലാത്ത ഈ ശരീരം കൊണ്ട് വ്യഭിചരിച്ചു ജീവിക്കാൻ തത്കാലം നിർമ്മല തീരുമാനിച്ചിട്ടില്ല…. തെണ്ടി ആണെങ്കിലും ഞാൻ ജീവിക്കും…”
“മിടുക്കി… നീ ജീവിച്ചു കാണിക്കെടി..”
“ഒരു കാര്യം കൂടി നിങ്ങടെ അമ്മയാണ് എങ്കിലും അവരെന്റെ സ്വന്തം അമ്മയെ പോലെ ആണ്… അതിനെ കൊല്ലരുത്..ഞാൻ ഒരു താമസസ്ഥലം ഏർപ്പാടാക്കിയാൽ അതിനെ കൊണ്ടുപോയ്ക്കോളാം…”
ഹരി പൊട്ടിച്ചിരിച്ചു… ഇനിയും നിന്നാൽ ശരിയാവില്ല… രാവിലെ തന്നെ മദ്യക്കുപ്പികൾ ഒഴിഞ്ഞു തുടങ്ങിയിട്ടുണ്ട്… ദേഷ്യം കേറിയാൽ ചെയ്യുന്നത് എന്തെന്ന് ആൾക്ക് അറിയില്ല…
അവൾഅമ്മയുടെ മുറിയിലേക്ക് ചെന്നു… വിലാസിനിയമ്മയുടെ മുഖത്ത് നല്ല വിഷമം ഉണ്ട് എങ്കിലും അവർ മുഖത്ത് ഒരു ചിരി വരുത്തി..
“എന്റെ മോള് പൊയ്ക്കോ… ഇതുവരെ ജീവിതം എന്തെന്ന് നീ അറിഞ്ഞട്ടില്ല… ഇനിയെങ്കിലും എന്റെ മോള് ഒന്ന് സമാധാനത്തോടെ ജീവിക്കു…”
“അമ്മേ ഞാൻ പോകുന്നു എന്നെ ഉള്ളു എന്റെ മനസ്സ് എപ്പോഴും ഇവിടെ ഉണ്ടാവും… ഞാൻ എത്രയും പെട്ടന്ന് എന്റമ്മയെ വന്നു കൊണ്ടുപോകും…”
“എന്റെ മോൾക്ക് നല്ലതേ വരൂ… നിന്റെ ഉള്ളിൽ ഒരു നന്മ ഉണ്ട് മോളെ…”
***********************
രണ്ട് വർഷങ്ങൾക്കു ശേഷം ഒരുദിവസം അവൾ ഹരിയെ തേടി എത്തി… തങ്ങളുടെ വീടിന്റെ അടുത്ത വീട്ടിലേക്കു വിളിച്ചു ഇടയ്ക്കു നിർമ്മല വിശേഷങ്ങൾ തിരക്കാറുണ്ട്… അങ്ങനെ ഒരുദിവസം വിളിച്ചപ്പോൾ ആണ് വീട് ആർക്കോ വാടകയ്ക്ക് കൊടുത്തിട്ടു ഹരി സിറ്റിയിൽ ഒരു ലോഡ്ജിൽ ഒറ്റമുറിയിൽ വാടകയ്ക്ക് എടുത്തു താമസിക്കുന്ന വിവരം അറിയുന്നത്… ഇതറിഞ്ഞ വിലാസിനിയമ്മയുടെ വിഷമം കണ്ടാണ് നിർമ്മല അവനെ തേടി എത്തിയത്…
ആ മുറിയുടെ വാതിക്കൽ നിന്നപ്പോൾ തന്നെ അവൾക്ക് ഓക്കാനം വന്നു… മദ്യത്തിന്റെയും അഴുകിയ ഭക്ഷണത്തിന്റെയുമൊക്കെ ദുഷിച്ച മണം മൂക്കിലേക്ക് അടിച്ചു കേറുന്നു.. കൊതുക് വട്ടമിട്ടു മൂളി പറക്കുന്നു… അകത്തേക്ക്നോക്കിയപ്പോൾ നിറയേ കടലാസ്സുകൾ വലിച്ച് കീറി എറിഞ്ഞു ഇട്ടേക്കുന്നു… ഒരു മൂലയിൽ ഇട്ട വസ്ത്രങ്ങൾ വാരി കൂട്ടി ഇട്ടേക്കുന്നു, ചെറിയൊരു മേശയിൽ ഭക്ഷണത്തിന്റെ അവശിഷ്ടം കാലിക്കുപ്പികൾ… ചെറിയ കട്ടിലിൽ അലസനായി കിടന്ന് എന്തൊക്കെയോ പുലമ്പുന്ന ഹരി…
“ഹരി… എന്തൊരു കോലമാണ് ഇത്… എണീറ്റെ..”
അവൾ അയാളെ കുലുക്കി വിളിച്ചു..
“ഹും.. നീയോ.. നീയാരെടി എന്നെ വിളിക്കാൻ… “
“നിയമപരമായി ഞാൻ ഇപ്പോഴും നിങ്ങടെ ഭാര്യയാണ്… നിങ്ങടെ കുഞ്ഞിന് ജന്മം കൊടുത്തവൾ..”
“കുഞ്ഞോ… ഹഹഹ… എന്റെ കൂടെ അഞ്ചാറ് കൊല്ലം പൊറുത്തിട്ട് കുഞ്ഞുണ്ടാകാത്തവൾക്ക് എന്നെ ഉപേക്ഷിച്ചു പോകേണ്ട താമസം കുഞ്ഞുണ്ടാവാൻ…”
“ഞാൻ വീട്ടിൽ നിന്നും ഇറങ്ങി രണ്ടുദിവസം കഴിഞ്ഞപ്പോൾ അറിഞ്ഞതാണ് ഗർഭിണി ആണെന്ന്… ഞാൻ അത് അമ്മയെ വിളിച്ചു പറയുകയും ചെയ്തു…”
“അമ്മ… അവര് സത്യത്തിൽ എന്റെ അമ്മയോ അതോ നിന്റെ തള്ളയോ.. ഏതോ ഒരുത്തി വിളിച്ചപ്പോൾ പെറ്റ മകനെയും ഉപേക്ഷിച്ചങ്ങു പോയി..”
“നിങ്ങൾ എന്നെങ്കിലും അമ്മയെ സ്നേഹിച്ചിട്ടുണ്ടോ.. പാവം അതൊന്നു സമാധാനമായി ഉറങ്ങി തുടങ്ങിയത് എന്റെ അടുത്ത് വന്നപ്പോൾ ആണ്…”
“ഓ അവളൊരു പതിവ്രത… അതാണല്ലോ ആരാന്റെ കുഞ്ഞിനേയും പ്രസവിച്ചു കൊണ്ട് നടക്കുന്നെ…”
“ഹരി… ഒരക്ഷരം മിണ്ടാനുള്ള യോഗ്യത നിങ്ങൾക്കില്ല…. നിങ്ങടെ അവസ്ഥ അറിഞ്ഞു വരുന്നെങ്കിൽ കൂട്ടികൊണ്ട് പോകാൻ വന്നതാണ് ഞാൻ അല്ലാതെ എന്റെ മകന് അച്ഛൻ എന്ന സ്ഥാനത്തിന് വേണ്ടി നിങ്ങളെ ദെത്തെടുക്കാൻ അല്ല… ഞാൻ പോണ്… പുഴുവരിച്ചു മരിക്കാൻ ആണ് നിങ്ങൾക്ക് വിധി…”
അവൾ ഇറങ്ങി നടന്നു…
********************
വിലാസിനിയമ്മയുടെ സംസ്കാരത്തിന് ഉള്ള പൂജകൾ തുടങ്ങി… നിർമ്മല അമ്മയുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി., ആ കണ്ണുകൾ ഒന്ന് തുറന്നോ.. ചുണ്ടുകൾ അവളോട് എന്തൊക്കെയോ പറയും പോലെ അവൾക്ക് തോന്നി… തന്റെ ബലമായിരുന്നു അമ്മ.. ഇത്രയും പെട്ടന്ന് അമ്മ മരിക്കുമെന്ന് ഓർത്തില്ല.. കുറച്ചു നാൾ കൂടി വേണമായിരുന്നു തങ്ങൾക്കൊപ്പം അമ്മ…ജീവിച്ചു കൊതി തീരും മുന്നെയാണ് അമ്മയെ വിധി തട്ടിയെടുത്തത്…
അമ്മക്ക് വായ്ക്കരി ഇടുമ്പോൾ നിർമ്മല പൊട്ടിക്കരഞ്ഞുപോയി…
അമ്മയുടെ ആഗ്രഹപ്രകാരം തെക്കേ തൊടിയിലെ വലിയ മൂവാണ്ടൻ മാവിന്റെ ചുവട്ടിലേക്കു ആ ശരീരം എടുത്തു..
എട്ട് വയസ്സുകാരൻ കണ്ണൻമോന്റെ തോളിൽ ഇരുന്ന തീർത്ഥകുടത്തിൽ ഇടം കൈകൊണ്ടു പിടിച്ചിരുന്ന ഹരിയുടെ കണ്ണുകൾ ആദ്യമായി അമ്മക്ക് വേണ്ടി നിറഞ്ഞൊഴുകി…
മൂന്നുവർഷം മുന്നേ ഉണ്ടായ ആക്‌സിഡന്റിൽ വലതുകൈ തോളിനോട് ചേർന്ന് മുറിച്ച് കളഞ്ഞു നടുവ് ഒടിഞ്ഞു ആശുപത്രിയിൽ കിടന്നപ്പോൾ ഓടി വന്നത് അമ്മയും നിർമ്മലയുമാണ്…. തന്റെ കയ്യിൽ നിന്നും പണം വാങ്ങി മദ്യപിച്ചു നടന്ന ആരും തിരിഞ്ഞു നോക്കിയേ ഇല്ല…. ജീവിതം മടുത്ത താൻ മരണം കൊതിച്ച നാളുകൾ… പക്ഷെ അമ്മയും നിർമ്മലയും തന്നെ ചേർത്തുപിടിച്ചു…. ആശുപത്രിയിൽ നിന്നും ഇറങ്ങിയപ്പോഴേക്കും നിർമ്മല വാടകക്കാരെ വീട് ഒഴിപ്പിച്ചിരുന്നു… മൂന്നു മാസങ്ങൾക്ക് ശേഷം ആശുപത്രിയിൽ നിന്നും തന്റെ വീട്ടിലേക്കു തിരിച്ചു കയറുമ്പോൾ അമ്മയും നിർമ്മലയും കണ്ണൻ മോനും ഒരുപാട് സന്തോഷത്തിൽ ആയിരുന്നു..
തൂലിക ചലിപ്പിക്കാൻ കഴിയാത്ത താൻ ഒരിക്കലും ആഗ്രഹിച്ചതും ഇല്ല വീണ്ടും എഴുത്തുകാരനാവാൻ… കഴിഞ്ഞ മൂന്നു വർഷം ഈ വീട് ഒരു സ്വർഗമായിരുന്നു…. അവിടുന്നാണ് വിധി അമ്മയെ തട്ടിയെടുത്തത്…
കണ്ണന്റെ കൈകളിൽ പിടിച്ച് അമ്മയുടെ ചിതയിലേക്ക് കൊള്ളി വെക്കുമ്പോൾ ചില ഓർമ്മകൾ ഹരിയുടെ മനസ്സിനെ ഏറെ പൊള്ളിക്കുകയായിരുന്നു…
എല്ലാത്തിനും സാക്ഷിയായ നിർമ്മല പൊട്ടിക്കരഞ്ഞു കുഴഞ്ഞു വീണു അപ്പോഴേക്കും….