നിനക്ക് എന്ത് കുറവാ ഞാൻ വരുത്തിയിട്ടുള്ളത്…? നീ ചോദിക്കുന്നതൊക്കെ ഞാൻ മേടിച്ച് തരാറില്ലേ……

പ്രസവം

Story written by Shaan Kabeer

“ഷാനിക്കാ, എന്റെ വയറ്റിൽ ജനിക്കുന്ന അടുത്ത കുട്ടിയെ എങ്കിലും എനിക്ക് മനസ്സമാധാനത്തോടെ പ്രസവിക്കണം”

ഷാഹിന ഷാനിന്റെ കയ്യിൽ പിടിച്ച് അവന്റെ കണ്ണിലേക്ക് നോക്കി

“ഞാൻ പറഞ്ഞത് ഇഷ്ടയില്ലേ ഇക്കാ”

ഷാൻ അവളുടെ കൈ തട്ടിമാറ്റി രൂക്ഷമായൊന്ന് നോക്കി

“കൂടുതൽ ചിലക്കേണ്ട നീ, സാമ്പത്തിക പ്രയാസമൊക്കെ എല്ലാർക്കും ഉള്ളതാ. നീ അതും വെച്ചോണ്ട് ഇങ്ങനെ മുനവച്ച് സംസാരിക്കേണ്ട”

ഷാഹിന ഷാനിന്റെ കണ്ണിലേക്ക് നോക്കി

“ഇങ്ങളെന്തിനാ ഇങ്ങനെ ചൂടാവുന്നേ ഇക്കാ, ഞാൻ എന്റെയൊരു ആഗ്രഹം പറഞ്ഞതല്ലേ. ഒരു പ്രശ്നവും ടെൻഷനും ഇല്ലാതെ മനസ്സമാധാനത്തോടെ പ്രസവിക്കാൻ ഒരു പൂതി”

ഒന്ന് നിറുത്തിയിട്ട് അവൾ തുടർന്നു

“ആദ്യത്തെ പ്രസവത്തിന്റെ ഹോസ്പിറ്റൽ ബിൽ കെട്ടിയത് എന്റെ മഹറ് വെച്ചിട്ടാണ്. രണ്ടാമത്തെ പ്രസവത്തിന്റെ ചിലവുകൾക്ക് വേണ്ടി വാങ്ങിച്ച കാശ് ഇപ്പോഴും കൊടുത്ത് തീർന്നിട്ടില്ല”

ഷാൻ കബീറിന് ദേഷ്യം നിയന്ത്രിക്കാൻ സാധിച്ചില്ല

“എന്നെ വെറുതേ ദേഷ്യം പിടിപ്പിക്കല്ലാട്ടാ ഷാഹിനാ, ഇതൊക്കെ എല്ലാരും ചെയ്യുന്നതാ. അന്റെ വാപ്പ അല്ലല്ലോ ആ കടങ്ങളൊക്കെ തീർക്കുന്നത്…? ഞാൻ തന്നെ അല്ലേ, എന്നെക്കൊണ്ട് പറ്റുന്ന പോലെ ഞാൻ കടം വീട്ടും”

ഷാഹിന അവന്റെ കണ്ണിലേക്ക് ദയനീയമായൊന്ന് നോക്കി

“എന്റെ ഉപ്പാനെ എന്തിനാ ഇക്കാ പറയുന്നേ, ഈ പ്രസവം എന്ന് പറയുന്നത് ഞങ്ങൾ പെണ്ണുങ്ങൾക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീലാണ്. സ്ത്രീയുടെ പൂർണതയാണ് അമ്മയാവുക എന്നത്. മകളിൽ നിന്നും അമ്മയിലേക്കുള്ള ദൂരം, അത് ഒരു അനുഭവം ആണിക്കാ”

ഷാൻ ഷാഹിനയെ നോക്കി

“നിനക്ക് എന്ത് കുറവാ ഞാൻ വരുത്തിയിട്ടുള്ളത്…? നീ ചോദിക്കുന്നതൊക്കെ ഞാൻ മേടിച്ച് തരാറില്ലേ…? ഷവർമയും, ഉപ്പിലിട്ട മാങ്ങയും ഒക്കെ ഞാൻ കൊണ്ടുത്തരാറില്ലേ”

ഷാഹിന ഒന്ന് പുഞ്ചിരിച്ചു

“ഗർഭാവസ്ഥയിൽ ഷവർമയും, ഉപ്പിലിട്ട മാങ്ങയും തിന്നാൽ അമ്മ ഹാപ്പി ആകും എന്ന് എന്റെ ഇക്കാനോട് ആരാ പറഞ്ഞേ…?”

ഷാൻ ഒട്ടും സംശയിക്കാതെ പറഞ്ഞു

“സിനിമയിൽ ഒക്കെ അങ്ങനെയാണല്ലോ കാണിക്കാറ്”

ഷാഹിന ഒന്ന് പുഞ്ചിരിച്ചു

“എന്റെ ഇക്കാ, ആ സമയത്ത് ഒരു പെണ്ണിന് ഏറ്റവും അത്യാവശ്യമായി വേണ്ടത് മനസ്സമാധാനം എന്ന ഒരു സാധനമാണ്. അതുണ്ടേൽ അവൾക്ക് വേറെയൊന്നും ഒരു പ്രശ്നമേയല്ല”

ഷാൻ ഷാഹിനയെ നോക്കി

“അതിന് നിന്റെ മനസ്സമാധാനം ഞാൻ കളഞ്ഞിട്ടില്ലല്ലോ അപ്പോൾ”

ഷാഹിന ഷാനിന്റെ കയ്യിൽ പിടിച്ചു

“വയറ്റിലുണ്ടായ സമയം മുതൽ ഹോസ്പിറ്റലിൽ ഓരോ ചെക്കപ്പിന് പോകുമ്പോഴും കാലിയായ കീശയിലേക്ക് സങ്കടത്തോടെ ഇങ്ങള് നോക്കുന്നത് ഞാൻ ഒരുപാട് കണ്ടിട്ടുണ്ട് ഇക്കാ, ആ സമയത്ത് എനിക്ക് അത് വേണം ഇതുവേണം എന്ന് ഞാൻ എങ്ങനാ ഇക്കാ പറയാ…?”

ഒന്ന് നിറുത്തിയിട്ട് ഷാഹിന ഷാനിനെ നോക്കി

“ഇങ്ങളെ നെഞ്ചിൽ മനസ്സമാധാനത്തോടെ കിടന്ന് നമ്മുക്ക് ജനിക്കാൻ പോകുന്ന കുട്ടിയുടെ വിശേഷങ്ങൾ പറഞ്ഞ് നേരം വെളുക്കുന്ന വരെ സംസാരിച്ചിരിക്കാൻ ഞാൻ ഒരുപാട് കൊതിച്ചിട്ടുണ്ട്. പക്ഷേ, എട്ടാം മാസം മുതൽ ഇങ്ങള് ഹോസ്പിറ്റൽ ചിലവിനും മുടി കളച്ചിലിന് സ്വർണം കെട്ടാനുള്ള പൈസ ഒപ്പിക്കാനുമൊക്കെയുള്ള ഓട്ടത്തിലായിരിക്കും. ആ അവസ്ഥയിൽ ഞാൻ എങ്ങനെയാ ഇക്കാ നിങ്ങളോട് സംസാരിക്കാ…?”

ഒന്ന് നിറുത്തിയിട്ട് തന്റെ കണ്ണിൽ നിന്നും ഒലിച്ചിറങ്ങുന്ന കണ്ണുനീർ തുള്ളികൾ ഷാളുകൊണ്ട് തുടച്ച്മാറ്റി ഷാഹിന ഷാനിനെ നോക്കി

“ആ സമയത്ത് എന്ത്‌ പറഞ്ഞാലും ഇങ്ങക്ക് ദേഷ്യമായിരിക്കും. ഇങ്ങളെയൊന്ന് കെട്ടിപിടിച്ച് കിടക്കാൻ ഞാൻ എത്രമാത്രം ആഗ്രഹിച്ചിട്ടുണ്ട് അറിയോ…? ഇങ്ങള് എന്റെ വയറ്റിൽ തലവെച്ച് ജനിക്കാൻ പോകുന്ന നമ്മുടെ കുട്ടിയോട് സംസാരിക്കുന്നത് കാണാൻ ഞാൻ എത്ര കൊതിച്ചിട്ടുണ്ട് അറിയോ…?ഇതൊന്നും കിട്ടാതെ ആവുമ്പോൾ പ്രസവ വേദനയേക്കാൾ ആയിരം മടങ്ങ് വേദനായനിക്കാ ഞങ്ങൾ പെണ്ണുങ്ങൾ പത്ത് മാസം അനുഭവിക്കുന്നത്”

ഷാൻ ഷാഹിനയെ നോക്കി കണ്ണുരുട്ടി

“എന്ത് പൈങ്കിളിയാടീ നീ, ഹേയ്”

ഇതും പറഞ്ഞ് ഷാൻ വീടിന്റെ പുറത്തേക്ക് പോയി.

വർഷങ്ങൾക്ക് ശേഷം

ഇന്ന് ഷാൻ കബീറിന്റെ മോളുടെ പ്രസവം കഴിഞ്ഞു. ഹോസ്പിറ്റൽ ബില്ലടക്കാൻ മരുമോൻ മോളുടെ സ്വർണം ചോദിക്കുന്നത് കണ്ട ഷാനിന് ദേഷ്യം നിയന്ത്രിക്കാൻ സാധിച്ചില്ല, ഷാൻ ഭാര്യയെ നോക്കി പല്ല് കടിച്ചു

“നാണവും മാനവും ഇല്ലാത്ത നാ യിന്റെ മോൻ”

ഷാഹിന ഷാനിന്റെ കണ്ണിലേക്ക് നോക്കി, ആ നോട്ടത്തിൽ ഒരു പുച്ഛം ഉണ്ടായിരുന്നോ എന്നൊരു സംശയം ഇല്ലാതില്ല.