നിങ്ങള് അമ്മയും മോളും തമ്മിൽ തല്ലാനും, തർക്കിക്കാനുമായിരുന്നെങ്കിൽ പിന്നെ എന്റെയടുത്തെന്തിന് വന്നു, വീട്ടിലിരുന്നു തല്ലിത്തീർത്താൽ പോരായിരുന്നോ?………

ബലിമൃഗങ്ങൾ…

Story written by Aswathy Joy Arakkal

കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…

വിവാഹമെന്നു കേൾക്കുമ്പോഴേ കലിതുള്ളുന്ന ഇരുപത്തിയാറുകാരിയായ മകൾ ദിയയെ ഒന്നു ഉപദേശിച്ചു….. അനുനയിപ്പിച്ച്‌.. വിവാഹത്തിനു സമ്മതിപ്പിക്കുക എന്ന ഉദ്ദേശവുമായാണ്‌ റോസി ആന്റി എന്ന അൻപതു വയസ്സോളം പ്രായം വരുന്ന സ്ത്രീ എൻജിനീയറായ മകൾ ദിയയെയും കൂട്ടി എനിക്കരികിലെത്തിയത്.. “

വിവാഹമെന്നത് തികച്ചും വ്യക്തിപരമായ തീരുമാനമാണെങ്കിലും, വിവാഹത്തോട് ദിയക്കുള്ള വെറുപ്പിന് കാരണം അറിയണമെന്നുള്ള ആകാംഷ കൊണ്ടു കൂടിയാണ് ഞാൻ അവരോടു സംസാരിക്കാൻ തുടങ്ങിയത്…

“തന്റേടി, നിഷേധി, തന്നിഷ്ട്ടക്കാരി തുടങ്ങി മമ്മയ്ക്ക് മകളുടെ കുറ്റങ്ങൾ എത്ര പറഞ്ഞിട്ടും തീരുന്നുണ്ടായിരുന്നില്ല…”

“മോൾക്കറിയാവോ.. പപ്പയില്ലെന്നുള്ള ഒരു വിഷമവും ഇവളെ ഞാൻ അറിയിക്കാറില്ല.. ഒന്നിനുമൊരു കുറവും വരുത്തിയിട്ടുമില്ല… ഇവൾക്കൊപ്പം പഠിച്ച പലർക്കും മക്കളായി. ഇവളിപ്പോഴും…. അതെങ്ങനെയാ അപ്പന്റെയല്ലേ മോള്..നിഷേധിത്തരവല്ലേ കാണിക്കൂ.. ഇതിലപ്പുറം ചെയ്തില്ലെങ്കിലെ..” അവർ എന്നോടായി പറഞ്ഞു.

“എന്റെ പപ്പയെ കുറ്റം പറയാൻ നിങ്ങൾക്കെന്തു യോഗ്യതയുണ്ട്… നിങ്ങളൊ രുത്തിയാ എന്റെ പപ്പയെ.. വളർത്തിയ ബുദ്ധിമുട്ടൊന്നും ആരും പറയണ്ട.. രണ്ടു തലമുറയ്ക്ക് ഇരുന്നു തിന്നാനുള്ളത് എന്റെ പപ്പ ഉണ്ടാക്കിയിട്ടിട്ടുണ്ടു…അതുകൊണ്ടാ കണക്കൊന്നും ആരും വിളമ്പണ്ട.. ” അരിശത്തോടെ ദിയ അവളുടെ മമ്മയ്ക്ക് നേരെ തിരിഞ്ഞു.

അതുവരെ ഒരു പൂച്ചയെപ്പോലെ മിണ്ടാതിരുന്ന ദിയയുടെ ഭാവമാറ്റം എന്നെ അത്ഭുതപ്പെടുത്തി.

ഒരുനിമിഷം അവരൊന്നു അമ്പരന്നെങ്കിലും “എന്തു പറഞ്ഞെടി? “എന്ന ചോദ്യത്തോടെ കയ്യോങ്ങി കൊണ്ടവർ മകൾക്കു നേരെ തിരിഞ്ഞു.

“നിങ്ങള് അമ്മയും മോളും തമ്മിൽ തല്ലാനും, തർക്കിക്കാനുമായിരുന്നെങ്കിൽ പിന്നെ എന്റെയടുത്തെന്തിന് വന്നു, വീട്ടിലിരുന്നു തല്ലിത്തീർത്താൽ പോരായിരുന്നോ? “കുറച്ചു ദേഷ്യത്തോടെ തന്നെ ഞാൻ ചോദിച്ചു…

“തല്ക്കാലം ദിയയൊന്നു പുറത്തിരിക്കു, ഞാൻ മമ്മയോടൊന്നു സംസാരിക്കട്ടെ ” എന്നു പറഞ്ഞു ഞാൻ ദിയയെ വെളിയിലേക്കയച്ചു.

കാരണം നിസ്സാര നിമിഷങ്ങൾക്കുള്ളിൽ തന്നെ എനിക്ക് മനസ്സിലായിരുന്നു കഥകൾ പറഞ്ഞും, അറിഞ്ഞും തുടങ്ങേണ്ടത് ദിയയിൽ നിന്നല്ല എന്നുള്ളത്….

ദിയയുടെ പപ്പക്കെന്തു പറ്റി.. ? “ഞാൻ റോസി ആന്റിയോടായി ചോദിച്ചു.

“അങ്ങോരു കു ടിച്ചു ച ത്തു.. ” ഒരു ഭാവഭേദവുമില്ലാതെ തികച്ചും നിർവികാരതയോടെ അവർ പറഞ്ഞു.

ഭർത്താവിന്റെ മരണത്തെപ്പറ്റിയുള്ള തികച്ചും നിസ്സംഗമായ അവരുടെ വിവരണം അക്ഷരാർത്ഥത്തിൽ എന്നെ അമ്പരപ്പിച്ചു. “അങ്ങോരു കു ടിച്ചു ചത്തു ” എന്നവരെത്ര ലാഘവത്തോടെയാണ് പറഞ്ഞത്.

“നോക്ക് കുട്ടി ഞാൻ വന്നത് …ദിയയുടെ പ്രശ്നവുമായി ബന്ധപ്പെട്ടാണ്… ദിയയെ ഒരു കല്യാണത്തിന്‌ പറഞ്ഞു സമ്മതിപ്പിക്കാനാണ്.. എന്റെ പേർസണൽ ലൈഫ് ആരുടെ മുന്നിലും തുറന്നു കാണിക്കാൻ എനിക്ക് താല്പര്യമില്ല.. “

അവർ കൂട്ടിച്ചേർത്തു…

“ദിയയുടെ പ്രശ്നം എന്താണെന്ന് എനിക്ക് ഉറപ്പില്ല. പക്ഷെ അവളുടെ പക്ഷം കേൾക്കാതെ തന്നെ ഒന്നെനിക്കു ഉറപ്പിച്ചു പറയാൻ സാധിക്കും അവളുടെ മനസ്സിലെന്താണെങ്കിലും അതിനു കാരണക്കാർ നിങ്ങൾ മാതാ പിതാക്കളാണ്. അതുകൊണ്ട് സഹകരിക്കാൻ ഉദ്ദേശമില്ലെങ്കിൽ നിങ്ങൾ എന്റെ മുന്നിലിരി ക്കുന്നതിൽ അർത്ഥമില്ല.. ” ഞാൻ തീർത്തു പറഞ്ഞു.

വേറെ നിവർത്തിയില്ലാത്തതു കൊണ്ട് നീണ്ടനേരത്തെ ആലോചനകൾക്കു ശേഷം കുറച്ച് അനിഷ്ടത്തോടെ അവർ പറഞ്ഞു തുടങ്ങി.

നാട്ടിലെ സാമാന്യം സാമ്പത്തിക ശേഷിയുള്ള കുടുംബത്തിലെ അംഗമായിരുന്നു ദിയയുടെ പപ്പ സണ്ണി മാത്യു . അപ്പനുമമ്മയും മുന്നേ മരിച്ചു പോയി. മൂന്നു പെങ്ങന്മാരുടെ ഒരേയൊരു ആങ്ങള. ഉയർന്ന വിദ്യാഭ്യാസ മുണ്ടെങ്കിലും കൃഷിയെ സ്നേഹിച്ച, പുസ്തകങ്ങളെയും വായനയേയും ജീവശ്വാസമായി കൊണ്ട് നടന്നൊരു നാട്ടുമ്പുറത്തുകാരൻ.

സണ്ണിയുടെ ആലോചന വരുമ്പോൾ റോസി ഡിഗ്രി കഴിഞ്ഞു നിൽക്കുന്നു, ഒപ്പം ഒരാളുമായി പ്രണയത്തിലുമായിരുന്നു . അതുകൂടാതെ കൃഷിക്കാരനായൊരു ഭർത്താവിനെയല്ല അവർ ആഗ്രഹിച്ചിരുന്നതും. സണ്ണിയുമായുള്ള വിവാഹത്തോട് എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും, വീട്ടുകാരുടെ ആത്മഹ ത്യാഭീഷണിക്കു മുന്നിൽ ഉള്ളിൽ അയാളോടുള്ള ഇഷ്ടക്കേട് റോസി സണ്ണിക്ക് മുന്നിൽ മറച്ചുവെച്ചു… സ്നേഹിച്ചവനിൽ നിന്നും തന്നെയകറ്റിയവരോടുള്ള പകയും നെഞ്ചിലിട്ടു സണ്ണിയുടെ മിന്നിനു മുന്നിൽ റോസി തലകുനിച്ചു .. വിവാഹം നടന്നു.

പക്ഷെ ഒരിക്കലും അവർക്കു ഭർത്താവിനെ മനസ്സുകൊണ്ട് സ്നേഹിക്കാൻ കഴിഞ്ഞില്ല. തന്നെ സ്നേഹിച്ചവനിൽ നിന്നകറ്റിയ ശത്രുവായിരുന്നു അവർക്കു ഭർത്താവ്. കൃഷിക്കാരനായ ഭർത്താവിന്റെ ജോലിയെ പരിഹസിച്ചും, ഇഷ്ടങ്ങൾക്കു എതിര് നിന്നും ആർക്കൊക്കെയോ വേണ്ടി അവർ ഒരുമിച്ചു ജീവിച്ചു. നിവർത്തികെട്ട് സണ്ണി വിവാഹമോചനം ആവശ്യപ്പെട്ടെങ്കിലും പെങ്ങന്മാരടക്കം എല്ലാവരും ഉപദേശിച്ചും, ശാസിച്ചും അവരെ ഒരുമിച്ചു ജീവിക്കാൻ നിർബന്ധിച്ചു.

മനസ്സുകൊണ്ടില്ലെങ്കിലും ഏതൊക്കെയോ സാഹചര്യങ്ങളിൽ ശരീരങ്ങൾ ഒന്നു ചേർന്നപ്പോൾ റോസിയുടെ ഉദരത്തിൽ ദിയ ജന്മം കൊണ്ടു..

മകൾ പിറന്നതോടെയെങ്കിലും ഭാര്യയുടെ സ്വഭാവത്തിന് മാറ്റം വരുമെന്ന് കരുതിയ അയാൾക്ക്‌ തെറ്റി.. ഭർത്താവ് കുഞ്ഞിനെ ലാളിക്കുന്നതോ, കൊഞ്ചിക്കുന്നതോ ഇവർക്കിഷ്ടമല്ലായിരുന്നു … ഒടുവിൽ ക്ലീഷേ… അയാൾ മുഴുകുടിയനായി… ഒരു ആക്‌സിഡന്റിൽ മരിക്കുന്നു…

അവരുടെ സംസാരത്തിൽ നിന്നും അദ്ദേഹത്തിന്റെ മരണ ശേഷം പോലും ഭർത്താവിനോട് സ്നേഹത്തിന്റെയോ, സഹതാപത്തിന്റെയോ ഒരു കണിക പോലും ആ സ്ത്രീയിലില്ല എന്നെനിക്കു തോന്നി..

ദിയയോട് സംസാരിക്കാതെ തന്നെ വിവാഹത്തോടുള്ള അവളുടെ വിരക്തിയുടെ കാരണമെനിക്ക് മനസ്സിലായി. മാതാപിതാക്കളുടെ ജീവിതം കണ്ട അവളെങ്ങനെ സന്തോഷത്തോടെ ഒരു വിവാഹജീ വിതത്തിലേക്ക് പ്രവേശിക്കും.. ഇതൊന്നും മനസ്സിലാക്കാതെ മകൾക്കായി വിവാഹ മാലോചിക്കുന്ന മമ്മയും..

മകളുടെ മനസ്സ് നൊന്തത് ആ സ്ത്രീ തിരിച്ചറിയണമെന്ന് അല്ലെങ്കിൽ അവരെയതൊന്ന് മനസ്സിലാക്കികണമെന്നു കൂടെ ഞാനുറപ്പിച്ചു.. ഒപ്പം അവരുടെ വീട്ടുകാർ ചെയ്ത തെറ്റിന് ബലിയാടാകുകയായിരുന്നില്ലേ സണ്ണിച്ചൻ എന്ന ചോദ്യവും എന്റെ മനസ്സിൽ കിടന്നു നീറുകയായിരുന്നു.

എന്റെയും ദിയയുടെയും സംസാരം ആ സ്ത്രീക്ക് കേൾക്കാവുന്ന തരത്തിൽ അവരെ ഇരുത്തിയ ശേഷം ഞാൻ ദിയക്കരികിലേക്കു ചെന്നു….

“തുടങ്ങിക്കോളൂ… ” ദിയ നിസ്സംഗമായി എന്നെ നോക്കിപറഞ്ഞു.

“എന്തു..? ” ഞാൻ അവൾക്കരികിലേക്കു ഇരുന്നു കൊണ്ട് ചോദിച്ചു..

“ഉപദേശം.. അതിനാണല്ലോ എന്നെ ഇവിടേയ്ക്ക് കൊണ്ട് വന്നത് . ചേച്ചി പറഞ്ഞോളൂ.. കേൾക്കാൻ ഞാൻ തയ്യാറാണ്. ” അവൾ കൂട്ടിച്ചേർത്തു..

“ദിയയ്ക്കു പപ്പയെ ഒരുപാട് ഇഷ്ടമായിരുന്നല്ലേ? ” അവളെ ചേർത്തുപിടിച്ചു കൊണ്ടു ഞാൻ ചോദിച്ചു..

“തലകുനിച്ചിരുന്നവൾ മുഖമുയർത്തി ഒരുനിമിഷം എന്റെ മുഖത്തേക്ക് നോക്കി. പതുക്കെ ആ കണ്ണിൽ നിന്നും കണ്ണീർ ഇറ്റിറ്റു വീഴാൻ തുടങ്ങി. “

“എന്തുപറ്റി മോളെ? ഞാൻ പതിയെ അവളെ തലോടിക്കൊണ്ടിരുന്നു.

“എന്നെ നൊന്തുപെറ്റ സ്ത്രീക്ക് 26 വർഷമായിട്ടും മനസ്സിലാകാത്ത എന്റെ മനസ്സ് 26 മിനിട്ടു പോലും ആകുന്നതിനു മുൻപ് ചേച്ചി വായിച്ചല്ലോ .. എന്തെ എന്റെ മമ്മക്കെന്നെ മനസ്സിലാകാതെ പോയി. ” എന്റെ കയ്യില്പിടിച്ചു ഏങ്ങിക്കരഞ്ഞു കൊണ്ടവൾ ചോദിച്ചു.

പതുക്കെ അവൾ കൊട്ടിയടച്ച മനസ്സിന്റെ വാതിൽ എനിക്ക് മുന്നിൽ തുറന്നു.

ഓർമ്മ വെച്ച കാലം മുതൽ പരസ്പരം കലഹിക്കുന്ന മാതാപിതാക്കൾ. തരം കിട്ടുമ്പോഴൊക്കെ പപ്പയെയും, വീട്ടുകാരെയും കുറ്റം പറഞ്ഞു കുത്തി നോവിക്കുന്ന മമ്മി, പപ്പയോടു സംസാരിക്കരുതെന്നു പറയുന്ന, പപ്പയോടൊപ്പം കളിക്കാനോ, പുറത്തു പോകാനോ സമ്മതിക്കാത്ത, പപ്പ തരുന്നതെന്തെങ്കിലും വാങ്ങിയാൽ അടിക്കുന്ന, പപ്പയോടൊപ്പം ഉറങ്ങാൻ അനുവദിക്കാത്ത മമ്മയോട് ചെറുപ്പത്തിലേ ആ മനസ്സിൽ പക വളർന്നു.

പപ്പ കൊടുക്കുന്ന പുസ്തകങ്ങൾ വലിച്ചു കീറി കത്തിക്കുമായിരുന്ന, സമ്മാനങ്ങൾ എറിഞ്ഞുടച്ചിരുന്ന, കളിപ്പാട്ടങ്ങൾ വലിച്ചെറിഞ്ഞു നശിപ്പിച്ചിരുന്ന.. അങ്ങനെയൊക്കെ പപ്പയോടുള്ള പക തന്നിലൂടെ തീർത്തിരുന്ന മമ്മയെ പറ്റി അവൾ വേദനയോടെ ഓർത്തു..

പപ്പയോടുള്ള പക മകളോട് കാണിച്ചിരുന്ന, കുഞ്ഞിനെ തല്ലിയും, ശകാരിച്ചും ഭർത്താവിനെ നോവിച്ച മമ്മയെപ്പറ്റി പറയുമ്പോൾ ആ കണ്ണുകളിലെ വേദന കണ്ട് എന്റെ നെഞ്ചുമൊന്ന് പിടച്ചു.

മനസ്സൊന്നു ഷെയർ ചെയ്യാനോ , സങ്കടം പറയാനോ ഒരു കൂടപ്പിറപ്പുപോലും ഇല്ലാതിരുന്ന ബാല്യം അവളെ അന്തർമുഖയാക്കി.

ഒടുവിൽ പപ്പാ മുഴുകുടിയനായി…

പപ്പ മരിച്ചു അധികം വൈകാതെ പപ്പയ്ക്ക് പ്രിയപ്പെട്ടതെല്ലാം വാരിക്കൂട്ടിയിട്ട് കത്തിച്ച്‌ ആ ആത്മാവിനോട് പോലും പക തീർത്ത മമ്മയെപ്പറ്റി പറയുമ്പോൾ അവളുടെ കണ്ണുകളിൽ അഗ്നി ആളുകയായിരുന്നു.

“പപ്പയും മമ്മയും തമ്മിലുള്ള പ്രശ്നം ഏന്തുമായിക്കോട്ടെ പക്ഷെ അവരെന്നെ എന്തിനു എന്റെ പപ്പയിൽ നിന്നകറ്റി? പപ്പയുടെ സ്നേഹം എനിക്കെന്തിന് നിഷേധിച്ചു? ” ഏങ്ങലോടെയവൾ ചോദിച്ചു.

എന്തൊക്കെയോ പറഞ്ഞവളെ ആശ്വസിപ്പിക്കാൻ ഞാൻ ശ്രമിച്ചു കൊണ്ടേയിരുന്നു.

ആ പ്രായത്തിൽ അനുഭവിക്കാവുന്നതിന്റെ പരമാവധി അവളനുഭവിച്ചു കഴിഞ്ഞു.. പിന്നെ എങ്ങനെ അവൾക്കവളുടെ മമ്മയെ സ്നേഹിക്കാനാകും, ഒരു വിവാഹ ജീവിതത്തോട് താല്പര്യം തൊന്നും..

വേദനയുടെയും, ഒറ്റപെടലിന്റെയും, കഷ്ടപ്പാടിന്റെയും നൊമ്പരങ്ങൾ പറഞ്ഞോരുപാട് കരഞ്ഞപ്പോൾ ആ മനസ്സൊന്നു തണുത്തപോലെ തോന്നി.

“ചേച്ചി ഏതെങ്കിലും ഒരെഴുത്തിൽ ഒന്നെഴുതാവോ, ഒരുതരത്തിലും ഒരുമിച്ചു ജീവിക്കാൻ സാധിക്കാത്ത മാതാപിതാക്കൾ ഉണ്ടെങ്കിൽ അവരോടു പിരിയാൻ… കാരണം മക്കൾക്ക്‌ വേണ്ടി ഒരുമിച്ചു ജീവിക്കുന്നു എന്നു പറയുന്നതാണവർ ആ കുഞ്ഞുങ്ങൾക്ക് കൊടുക്കുന്ന ഏറ്റവും വലിയ ശിക്ഷ.. ശെരിക്കും പരസ്പരമുള്ള പകയും, വൈരാഗ്യവും തീർക്കാനുള്ള ബലി മൃഗങ്ങളാണ് പല മാതാപിതാക്കൾക്കും എന്നെ പോലുള്ള മക്കൾ.”

ഒരു കരച്ചിലോടെ റോസി ആന്റി മകൾക്കരികിലെത്തി..പൊട്ടിക്കരഞ്ഞു കൊണ്ടവർ മകളോട് ചേരുമ്പോൾ… അവർ പകയുടെയും, വിദ്വേഷത്തിന്റെയും ലോകത്ത് നിന്നും യാഥാർഥ്യങ്ങളിലേക്കു എത്തിത്തുടങ്ങിയെന്നു എനിക്ക് മനസ്സിലായി…പക്ഷെ അതിനവർക്ക് മാറി നിന്നു മകളുടെ മനസ്സ് കേൾക്കേണ്ടി വന്നെന്നു മാത്രം..

ഒപ്പമുള്ളവരുടെ മനസ്സ് വായിക്കാൻ പലരുമൊന്നു ശ്രമിച്ചാൽ തീരുന്ന പ്രശ്നങ്ങളെ പല കുടുംബങ്ങളിലുമുള്ളു… അതിപ്പോ ആണായാലും പെണ്ണായാലും. ഈഗോ ആരെയും അതിനനുവദിക്കാറില്ല എന്നു മാത്രം… ഒപ്പം മാതാപിതാക്കൾക്ക് പക വീട്ടി രസിക്കാനുള്ള ഉപകരണങ്ങളല്ല മക്കളെന്നു കൂടെ പലരും ഓർത്താൽ കൊള്ളാം..

കരഞ്ഞും, മാപ്പു പറഞ്ഞും, കെട്ടിപ്പിടിച്ചും പതിയെ പതിയെ അമ്മയ്ക്കും, മകൾക്കുമിടയിലെ മഞ്ഞുരുകി തുടങ്ങി…

എങ്കിലും….

“എന്റെ കുഞ്ഞിനോട് ചെയ്ത തെറ്റിനുള്ള കടം ഞാൻ ഇനിയുള്ള ജീവിതം അവളെ സ്നേഹിച്ചു വീട്ടും പക്ഷെ എന്റെ ഇച്ചായനോടുള്ള കടം ഞാനെങ്ങനെ വീട്ടും മോളെ “എന്ന ചോദ്യവുമായി… എത്ര ആശ്വസിപ്പിച്ചിട്ടും ശാന്തമാകാത്ത മനസ്സുമായി അവർ പടികളിറങ്ങുമ്പോൾ…. ഒരു ഉത്തരത്തിനായി തേടി ആവനാഴിയിലെ അവസാന അസ്ത്രവും തീർന്നവളെപ്പോലെ മിണ്ടാതെ നിൽക്കാനേ എനിക്കുമായുള്ളു…… വൈകിവരുന്ന തിരിച്ചറിവുകളുടെ അർത്ഥശൂന്യതയെ പറ്റി വേദനയോടെ ഓർത്തുകൊണ്ടു…..

വൽകഷ്ണം :

മനസ്സിലാകാതെയും, മനസ്സിലാക്കപ്പെടാതെയും പോകുകയാണ് പല ജീവിതങ്ങളും.. ഇഷ്ടപ്പെടാത്തൊരു ജീവിതത്തിലേക്ക് തള്ളിവിട്ടത് സ്വന്തം മാതാപിതാക്കൾ.. എന്നാൽ ആ വിഷമവും, പകയും മുഴുവൻ അവർ തീർത്തത് ഒന്നുമറിയാതെ സ്വപ്നങ്ങളുമായി പുതിയ ജീവിതത്തിലേക്ക് പ്രവേശിച്ച മനുഷ്യനോട് … അയാളുടെ ജീവിതം തകർത്തു കൊണ്ട്… അദ്ദേഹത്തോടുള്ള പക തീർക്കാൻ ഒരു മനസ്താപവുമില്ലതെ നൊന്തുപെറ്റ കുഞ്ഞിനെ പോലും ആയുധമാക്കി….നഷ്ടപ്പെടുന്നത് സ്വന്തം ജീവിതം കൂടിയാണെന്ന് പോലും ഓർക്കാതെ… ഒടുവിൽ ഇപ്പോൾ ആവർത്തനം പോലെ സ്വന്തം അനുഭവങ്ങളിൽ നിന്നുപോലും പഠിക്കാതെ, മകളുടെ മനസ്സ് മനസ്സിലാക്കാതെ അവളെയും വിവാഹത്തിനായി നിർബന്ധിക്കുന്നു..

ചിലതെഴുതാതെ വയ്യ.. ദയവു ചെയ്തു ഒട്ടും താൽപ്പര്യമില്ലാത്ത വിവാഹത്തിലേക്ക് മക്കളെ തള്ളിവിടാതിരിക്കുക.. അങ്ങനെ സംഭവിച്ചാലും നന്നായി ജീവിക്കുന്നവരുണ്ടാകാം പക്ഷെ അതോടു പൊരുത്തപ്പെടാൻ സാധിക്കാതെ വരുമ്പോൾ… ഭീഷണിപ്പെടുത്തി ഒരു വിവാഹം നടത്തുമ്പോൾ തകരുന്നത് ഒന്നുമറിയാതെ ഒരു ജീവിതം സ്വപ്നം കണ്ട് വരുന്ന ഒരാളുടെ ജീവിതം കൂടെയാണ്..

വിവാഹമല്ല ജീവിതത്തിലെ ഏറ്റവും വലിയ കാര്യമെന്ന് ചിലരെങ്കിലും മനസ്സിലാക്കിയിരുന്നെങ്കിൽ.. സമൂഹത്തിന്റെ ചോദ്യത്തെ ഭയന്ന് മക്കളെ ഇഷ്ടമില്ലാത്തൊരു ബന്ധത്തിലേക്ക് പലരും തള്ളി വിടാതിരുന്നെങ്കിൽ..

ഇതിനേക്കാളൊക്കെ ഉപരി മക്കളെന്നത് മാതാപിതാക്കൾക്ക് അടിച്ചും, വേദനിപ്പിച്ചും പരസ്പരം പക തീർക്കാനുള്ള കളിപ്പാവകൾ അല്ല എന്നുകൂടെ പലരും മനസ്സിലാക്കാനുണ്ട്.. അവരും ഓരോ വ്യക്തികളാണ്. നിങ്ങളെപ്പോലെ മുറിവേൽക്കുന്നൊരു മനസ്സ് അവർക്കുമുണ്ട്.. ഒറ്റപ്പെട്ടും, വേദനിച്ചും വിവാഹത്തോട് വിരക്തി തോന്നുന്നവർ മാത്രമല്ല ഉള്ളത്..വീട്ടിൽ നിന്നും ലഭിക്കാത്ത സ്നേഹം തേടി അബദ്ധങ്ങളിൽ ചാടി ജീവിതം നഷ്ടപ്പെടുത്തുന്ന മക്കളുണ്ട്, മദ്യത്തിനും മയക്കുമരുന്നിനും അടിമകളായി പോകുന്നവരുണ്ട്, സാമൂഹ്യദ്രോഹികൾ ആയിമാറുന്നവരുണ്ട്.. മക്കളെന്നത് മാതാപിതാക്കളുടെ ഉത്തരവാദിത്തമാണെന്നും, അന്യോന്യം പകതീർക്കുന്നതിനിടയിൽ അവരെ വേദനിപ്പിക്കാതിരിക്കാൻ കൂടെ ശ്രദ്ധിക്കണമെന്നും ചിലരെങ്കിലും ഓർത്തില്ലെങ്കിൽ….

മനസ്സിലെ പകയും വിഷമവും നിരപരാധികളായ പലരോടുമായ് തീർക്കുമ്പോൾ പ്രായശ്ചിത്തം ചെയ്യാൻ കൂടെ ചിലപ്പോൾ അവസരം ലഭിച്ചെന്നു വരില്ല എന്ന ഓർമ്മയും വേണം…