തോളിൽ തൂക്കിയ വലിയ ബാഗുമായി ഭാര്യ ഇറങ്ങിപ്പോകുന്നത് നിസ്സഹായതയോടെ അയാൾ നോക്കി നിന്നു………

Story written by Saji Thaiparambu

ഇനിയെങ്കിലും എനിക്കൊരിടം വേണം ,മനുവേട്ടാ .. അത് കൊണ്ടാണ് ഞാൻ പോകുന്നത്, മടുത്തു, പത്ത് പന്ത്രണ്ട് കൊല്ലമായില്ലേ മാടിനെപ്പോലെ ഇങ്ങനെ കിടന്ന് കഷ്ടപ്പെടാൻ തുടങ്ങിയിട്ട്

അതെനിക്കറിയാം ചാരു,പക്ഷേ നീ പോയാൽ പിന്നെ ,ഞാനിവിടെ തനിച്ചാവില്ലേ?

തനിച്ച് നില്ക്കാൻ ഞാൻ പറഞ്ഞില്ലല്ലോ ?എൻ്റെ കൂടെ പോരാൻ പറഞ്ഞതല്ലേ?അപ്പോൾ നിങ്ങളല്ലേ പറഞ്ഞത് ,അമ്മയേയും അച്ഛനേയും സഹോദരങ്ങളെയുമൊക്കെ വിട്ട് നില്ക്കാൻ കഴിയില്ലെന്ന്

അതെ ചാരു , നിനക്കറിയാമല്ലോ? ഇതൊരു വലിയ തറവാടാണ്, എൻ്റെ ചേട്ടൻമാർ രണ്ട് പേരും മറ്റൊരു വീട് വാങ്ങിച്ച് മാറിത്താമസിക്കാനുള്ള കഴിവുണ്ടായിട്ട് പോലും, ഇന്ന് വരെ അതിനെക്കുറിച്ചവർ ചിന്തിച്ചിട്ട് പോലുമില്ല, എന്ത് കൊണ്ടാണെന്നറിയാമോ? അവർക്ക് എല്ലാവരുമായി ഒത്തൊരുമിച്ച് കഴിയണ മെന്നാണ് ആഗ്രഹം, മാത്രമല്ല, ഏട്ടത്തിമാർ ഒരിക്കലും അവരെ അതിന് പ്രേരിപ്പിച്ചിട്ടുമില്ല

അത് പിന്നെ, ഏട്ടത്തിമാർക്കൊരിക്കലും എന്നെപ്പോലൊരു ബുദ്ധിമുട്ടുണ്ടാവില്ലല്ലോ?
അവര് രണ്ട് പേരും രാവിലെ ഓഫീസിലേക്ക് പോയാൽ വൈകുന്നേരമല്ലേ തിരിച്ച് വരു, അത് കൊണ്ട് തന്നെ ,അടുക്കളപ്പണിയോ വീട്ടിലെ മറ്റ് കാര്യങ്ങളെക്കുറിച്ചോ ഒന്നുമറിയേണ്ടല്ലോ ?അമ്മായിമ്മപോരുമില്ല ,നേരം വെളുത്താൽ, എനിക്കെവിടെയും പോകാനില്ലാത്തത് കൊണ്ട് കുടുംബത്തിലുള്ളവർക്ക് വെച്ച് വേവിക്കലും ,മറ്റുള്ളവരുടെ വിഴുപ്പലക്കലുമായി എൻ്റെ നടുവല്ലേ ഒടിയുന്നത് , അതെല്ലാം സഹിക്കാം ,ചേട്ടത്തിമാരെപ്പോലെ എനിക്കൊരു അമ്മയാകാൻ കഴിയാത്തതിൻ്റെ കുത്ത് വാക്കുകളാണ് സഹിക്കാൻ വയ്യാത്തത്, ഇതൊക്കെ അനുഭവിക്കാൻ, ഇനിയും ഞാൻ ഇവിടെ നില്ക്കണോ? ഇത്രയും വലിയ തറവാടല്ലെങ്കിലും, എനിക്കുമുണ്ടൊരു വീട്, ഏത് പാതിരാത്രി കയറിച്ചെന്നാലും, ഇരു കൈയ്യും നീട്ടി സ്വീകരിക്കുന്ന അച്ഛനും അമ്മയുമുണ്ടെനിക്ക് ആ ധൈര്യത്തിലാണ് ഞാൻ പോകുന്നത് , നിങ്ങൾക്കെന്നോട് സ്നേഹമുണ്ടെങ്കിൽ ,എപ്പോൾ വേണമെങ്കിലും അങ്ങോട്ട് വരാം ,ഞാനിറങ്ങുന്നു

തോളിൽ തൂക്കിയ വലിയ ബാഗുമായി ഭാര്യ ഇറങ്ങിപ്പോകുന്നത് നിസ്സഹായതയോടെ അയാൾ നോക്കി നിന്നു.

***************

എന്താ മോളേ.. ഇത്ര രാവിലെ നീ തനിച്ച് വന്നത്? ,മനു എവിടെ?

മകളെ കണ്ടതും ,അങ്കലാപ്പോടെ അവളുടെ അമ്മ ഇറങ്ങി വന്ന് ചോദിച്ചു .

അതിന് മറുപടി പറയാതെ ഒരു പൊട്ടിക്കരച്ചിലോടെ ചാരു അമ്മയെ കെട്ടിപ്പുണർന്നു

എനിക്കാരുമില്ലമ്മേ .. എന്നെ കേൾക്കാനോ എൻ്റെ പ്രയാസങ്ങൾ തീർക്കാനോ മനുവേട്ടന് കഴിയില്ലന്ന് തോന്നിയപ്പോഴാണ് ഞാൻ തനിച്ച് പോരേണ്ടി വന്നത്,

ആര് പറഞ്ഞു നിനക്കാരുമില്ലെന്ന് ? നിൻ്റെ അമ്മയും അച്ഛനും ജീവിച്ചിരിക്കുന്നിടത്തോളം കാലം നിനക്ക് ഞങ്ങളുണ്ടാവും മോള് കരയാതെ അകത്തേയ്ക്ക് കയറി വാ

മകളെ ആശ്വസിപ്പിച്ച് കൊണ്ടവർ അകത്തേയ്ക്ക് കയറി

ചേച്ചീ …ഞാൻ കുളിച്ച് കൊണ്ടിരുന്നപ്പോഴാണ് ചേച്ചിയുടെ ശബ്ദം കേട്ടത് അത് കൊണ്ട് വേഗം കുളി പാസ്സാക്കി ഞാനിറങ്ങിവന്നതാ എന്തൊക്കെയാ ചേച്ചീ… വിശേഷങ്ങൾ ?

ചാരുവിൻ്റെ അനുജത്തി സ്നേഹത്തോടെ ചേച്ചിയെ ആലിംഗനം ചെയ്തു കൊണ്ട് ചോദിച്ചു

നീ ഇവിടെയുണ്ടായിരുന്നോ?

ഉം ഞാനിന്നലെ വന്നതാ ചേച്ചീ .. ഇനി പ്രസവം കഴിഞ്ഞേ പോകുന്നുള്ളു ,അവിടെ ശ്രീയേട്ടൻ്റെ അമ്മയ്ക്ക് പഴയത് പോലുള്ള അരോഗ്യമൊന്നുമില്ല അത് കൊണ്ട് അപ്പുവിനെയും അച്ചുവിനെയും കൊണ്ട് ഞാനിങ്ങോട്ട് പോന്നു ,ഈ പ്രസവം കൂടി നോക്കിയിട്ട്, പെണ്ണാണെങ്കിലും ,അല്ലെങ്കിലും നിർത്താമെന്നാണ് ശ്രീയേട്ടൻ പറഞ്ഞത് ? ഒരു മോള് വേണമെന്ന് എന്നെക്കാൾ പൂതി അദ്ദേഹത്തിനാണ്

അനുജത്തിയുടെ സംസാരം കേട്ട് , ചാരുവിന് ആത്മനിന്ദ തോന്നി.

**************

മനു ,ഇത് വരെ വന്നില്ലല്ലോ മോളേ.. ?

വൈകുന്നേരം, കപ്പ പുഴുങ്ങിയതും, ചായയും കഴിച്ച് കൊണ്ടിരിക്കുമ്പോൾ അമ്മയുടെ ചോദ്യം കേട്ട് ചാരുവിന് നടുക്കമുണ്ടായി ,

മനുവേട്ടൻ വരില്ലമ്മേ … ഞാൻ മടങ്ങി ചെല്ലുകയില്ലെന്ന് അദ്ദേഹത്തിനറിയാം

പക്ഷേ മോളേ … സന്ധ്യയാകുമ്പോഴേക്കും ശ്രീകുമാറ് ജോലി കഴിഞ്ഞെത്തും ,അപ്പോൾ മനുവിനെ കൂടാതെ നീ വന്നതെന്താണെന്ന് അയാൾ ചോദിക്കില്ലേ ? നീ തന്നിഷ്ടത്തിനിറങ്ങി വന്നതാണെന്നറിയുമ്പോൾ അയാൾക്ക് നിന്നോട് മാത്രമല്ല ഞങ്ങളോടുമൊക്കെ ഒരു അവമതിപ്പുണ്ടാവില്ലേ? മാത്രമല്ല , ഹേമയുടെ പ്രസവവും മറ്റും കഴിയുന്നത് വരെ അയാളും ഇവിടെ തന്നെ നില്ക്കാനാണ് പ്ളാൻ ,നിന്ന് തിരിയാനിടമില്ലാത്ത ഈ കുഞ്ഞ് വീട്ടിലേക്ക് അവരിന്നലെ വന്നപ്പോൾ കൊള്ളാവുന്ന ഒരു കിടപ്പ് മുറി അവർക്ക് കൊടുത്തു, പിന്നെ അച്ഛനും ഞാനും കൂടി ആ ചായ്പ്പിലാണ് കിടന്നത്,

പത്ത് പന്ത്രണ്ട് കൊല്ലമായി വലിയൊരു തറവാട്ടിലെ, വിശാലമായ കിടപ്പ് മുറിയിൽ ഉറങ്ങിശീലിച്ച നിനക്ക്, ഇവിടെ ഒട്ടും തൃപ്തിയാവില്ല, അടുക്കള ജോലിയും വിഴുപ്പലക്കലും ഇനി ഇവിടെ നിന്നാലും ധാരാളമുണ്ടാവും ,സ്വന്തം വീട്ടിൽ നിന്ന് അനുജത്തിയുടെയും അവളുടെ ഭർത്താവിൻ്റെയും വിഴുപ്പലക്കുന്നതിനെക്കാൾ അന്തസ്സല്ലേ, ഭർത്താവിൻ്റെ വീട്ടിൽ അയാളുടെ പ്രായമായ മാതാപിതാക്കളുടെ വിഴുപ്പലക്കുന്നത്, പെണ്ണായി പിറന്നെങ്കിൽ എവിടെയായാലും ,കഷ്ടപ്പാടിന് കുറവൊന്നുമുണ്ടാവില്ല , എന്നാലും നല്ല ഭക്ഷണവും ഉടുക്കാൻ വസ്ത്രവും, കുളിക്കാൻ എണ്ണയും സോപ്പുമൊക്കെ അവൻ തരുന്നില്ലേ ? സ്വന്തം ഭർത്താവിൻ്റെ ആയത് കൊണ്ട് ഉളുപ്പില്ലാതെ നിനക്കതൊക്കെ ഉപയോഗിക്കാൻ കഴിയും, പക്ഷേ ഇവിടെ നിനക്ക് കിട്ടുന്നത് അനുജത്തിയുടെ ഭർത്താവിൻ്റെ ഔദാര്യമായിരിക്കും, കാരണം വരുമാനമില്ലാതായപ്പോൾ ഞാനും നിൻ്റെ അച്ഛനുമിപ്പോൾ കഴിയുന്നത്, ശ്രീകുമാറിൻ്റെ ചിലവിലാണ്,

മതിയമ്മേ നിർത്തു …

മുഴുവൻ കേൾക്കാനുള്ള ക്ഷമയില്ലാതെ, ചാരു ചെവികൾ പൊത്തിപ്പിടിച്ചു.

ഞാൻ പൊയ്കൊള്ളാം അമ്മേ … അല്ലെങ്കിലും ഈ ജന്മത്തിൽ എന്നെ പോലെയുള്ള സ്ത്രീകൾക്ക് സ്വന്തമായൊരിടമുണ്ടാവില്ലെന്നെനിക്കറിയാം

മോളെ, നില്ക്കു ,എന്തായാലും വന്നതല്ലേ ?ഇന്ന് നിന്നിട്ട് നാളെ പോകാം

വേണ്ടമ്മേ… അമ്മ പറഞ്ഞതാണ് ശരി, കഷ്ടപ്പാടും ദുരിതവുമൊക്കെയാണെങ്കിലും ,രാത്രി എത്ര വൈകിയാണ് അടുക്കളയിൽ നിന്നും ഞാൻ കിടപ്പ് മുറിയിലേക്ക് ചെല്ലുന്നതെങ്കിലും, എൻ്റെ പരിഭവങ്ങളും പരാതികളുമൊക്കെ ഇറക്കിവയ്ക്കാനുള്ളൊരിടവുമായൊരാൾ ,ഉറങ്ങാതെ കാത്തിരിപ്പുണ്ടാവും ,
അദ്ദേഹത്തിൻ്റെ സ്വാന്ത്വനപ്പെടുത്തുന്ന ഒരു തലോടൽ മതിയാകും, എൻ്റെ എല്ലാ സങ്കടങ്ങളും തീരാൻ, അത് കൊണ്ട് എനിക്കിന്ന് തന്നെ പോകണമമ്മേ ..

എല്ലാവരോടും യാത്ര പറഞ്ഞ്ചാരു, സ്വന്തം വീട്ടിൽ നിന്നിറങ്ങി ഇടവഴിയിലൂടെ നടക്കുമ്പോൾ കണ്ടു, വഴിയുടെ അങ്ങേയറ്റത്ത് തന്നെ പ്രതീക്ഷിച്ച് നില്ക്കുന്ന മനുവേട്ടനെ,,,,,

NB :- എൻ്റെ മറ്റ് കഥകളിലെ പോലെ യാതൊരു മെസ്സേജും ഇതിനകത്തില്ല ,അങ്ങനെ ആരും തെറ്റിദ്ധരിക്കരുത് ,ഇങ്ങനെയുള്ള കഥാപാത്രങ്ങൾ ഇന്നും ഈ സമൂഹത്തിൽ ജീവിച്ചിരിപ്പുണ്ടെന്ന ഓർമ്മപ്പെടുത്തൽ മാത്രമാണ് കഥയുടെ ലക്ഷ്യം