എഴുത്ത്:-അംബിക ശിവശങ്കരൻ
“ഹരിയേട്ടാ എത്ര നാളായി നമ്മൾ ഒരു കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്നു.എത്ര വഴിപാടുകൾ കഴിച്ചു ഇനി കുമ്പിടാത്ത ദൈവങ്ങളുണ്ടോ? എന്നിട്ടും നമ്മളോട് മാത്രം എന്താ ഹരിയേട്ടാ ദൈവം കരുണ കാണിക്കാത്തത്?”
ഇത്തവണയും പ്രതീക്ഷകൾ തെറ്റിച്ചുകൊണ്ട് മാസ മുiറ വന്നതോടെ അവൾ നിരാശയോടെ തന്റെ ഭർത്താവിനോട് പറഞ്ഞു.
” നീ ഇങ്ങനെ വിഷമിക്കാതെ ഗായത്രി.. നമ്മുടെ വിവാഹം കഴിഞ്ഞിട്ട് ഇപ്പോൾ മൂന്നുവർഷം അല്ലേ ആയുള്ളൂ. എത്രയോ വർഷങ്ങൾ കാത്തിരുന്ന് കുട്ടികളെ കിട്ടിയവരെ എനിക്കറിയാം. നീ ഇങ്ങനെ നിരാശപ്പെടാതെ.. നമ്മുടെ പ്രാർത്ഥന ദൈവം കേൾക്കാതിരിക്കില്ല. കല്യാണത്തിന് മുന്നേ കുട്ടികൾ പെട്ടെന്ന് ഒന്നും വേണ്ടെന്ന് പറഞ്ഞ നീയാണോ ഇപ്പോൾ ഇങ്ങനെ സങ്കടപ്പെടുന്നത്? ” അവനവളെ സമാധാനിപ്പിച്ചു.
” അതൊക്കെ അന്ന് ഓരോ പൊട്ടത്തരത്തിന് പറയുന്നതല്ലേ ഹരിയേട്ടാ.. ഒന്നാമത്തെ നമ്മുടെ പ്രണയ വിവാഹമായിരുന്നു. അമ്മയ്ക്ക് ആദ്യം മുതലേ ഈ വിവാഹത്തോട് അത്ര താല്പര്യം ഉണ്ടായിരുന്നില്ല. ഒരു കുഞ്ഞു ഉണ്ടായാൽ എങ്കിലും അമ്മയ്ക്ക് എന്നോടുള്ള ഇഷ്ടക്കേട് മാറും എന്ന് കരുതി ഞാൻ ആശ്വസിച്ചു. എന്നാൽ ഇപ്പോൾ വിശേഷമായില്ലേ വിശേഷമായില്ലേ എന്നുള്ള നാട്ടുകാരുടെ ചോദ്യം കേൾക്കുമ്പോൾ അമ്മ അത് മുഴുവൻ തീർക്കുന്നത് എന്നോടാണ്. എല്ലാം എന്റെ കുഴപ്പം കൊണ്ടാണ് അത്രേ.. അമ്മയാകാൻ കഴിയാത്ത പെണ്ണുങ്ങൾ ശാiപം കിട്ടിയവരാണ് പോലും. ഇങ്ങനെയൊക്കെ പiഴി കേൾക്കാൻ മാത്രം ഞാൻ എന്ത് മഹാപാപമാണ് ചെയ്തത് ഹരിയേട്ടാ..? ഇന്ന് വരെ അറിഞ്ഞു കൊണ്ട് ഞാൻ ഒരാൾക്കും ഒരു ദ്രോഹവും ചെയ്തിട്ടില്ല. കുഞ്ഞു ഉണ്ടാകാത്തത് എന്റെ തെറ്റാണോ? പ്രസവവേദനയാണ് ഒരു സ്ത്രീ അനുഭവിക്കുന്ന ഏറ്റവും വലിയ വേദന എന്നാണ് പറയാറ്. പക്ഷേ അതല്ല, ഒരു കുഞ്ഞിന് വേണ്ടിയുള്ള ഈ കാത്തിരിപ്പ് ഉണ്ടല്ലോ അതാണ് ഹരിയേട്ടാ ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ വേദന. “
അവൾ കരഞ്ഞുകൊണ്ട് തന്റെ ഭർത്താവിന്റെ മാiറിലേക്ക് ചാഞ്ഞു. അവളുടെ സങ്കടം കണ്ടപ്പോൾ ഹരിയുടെയും നെഞ്ചത്തു പിടഞ്ഞു. അവൾ പറഞ്ഞത് ശരിയാണ് ഒരു കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പ് ശരിക്കും വേദന തന്നെ യാണ്. കുറച്ചുനാളുകളായി താനും ആ വേദന തിന്നുകൊണ്ടിരിക്കുകയാണ്. അവളുടെ മുന്നിൽ അത് പ്രകടമാക്കുന്നില്ല എന്ന് മാത്രം.
“നീ ഇങ്ങനെ കരയാതെ.. നിന്റെ കണ്ണുനീരാണ് എന്റെ ശക്തി ഇല്ലാതാക്കുന്നത്. നേർച്ചയും വഴിപാടും മാത്രം പോരാ നമുക്ക് നല്ലൊരു ഡോക്ടറെ പോയി കാണാം. എന്റെ ഒരു സുഹൃത്ത് ഉണ്ട് ദേവൻ. ഡോക്ടറാണ് വiന്ധ്യത ചികിത്സയ്ക്ക് വേണ്ടി തന്നെ എറണാകുളത്ത് ഒരു ഹോസ്പിറ്റൽ ഉണ്ട് അവൻ അവിടെയാണ് വർക്ക് ചെയ്യുന്നത്. ഞാൻ അവനോട് കാര്യങ്ങൾ സംസാരിച്ചിരുന്നു. അപ്പോൾ നമ്മളോട് നേരിട്ട് ചെല്ലാനാണ് പറഞ്ഞത് ഇനിയും വൈകിക്കേണ്ട നാളെ തന്നെ നമുക്ക് പോകാം. ഞാൻ അവനെ വിളിച്ചു പറഞ്ഞോളാം.”
ഹരിയത് പറഞ്ഞപ്പോൾ പ്രതീക്ഷയുടെ ഒരു ചെറിയ കണിക അവളിൽ നാമ്പിട്ടു.
നേരത്തെ വിളിച്ചു പറഞ്ഞതുകൊണ്ട് തന്നെ ഒരുപാട് കാത്തിരിക്കാതെ സുഹൃത്തും ഡോക്ടറുമായ ദേവനെ കാണാൻ കഴിഞ്ഞു. ചികിത്സയ്ക്ക് വേണ്ടി രണ്ടുദിവസം അവരവിടെ താമസിക്കുകയും ചെയ്തു.
ഹരിയോട് തനിച്ചു സംസാരിക്കണം എന്ന് പറഞ്ഞ് അന്ന് ഗായത്രിയോട് പുറത്തിരിക്കാൻ ആവശ്യപ്പെട്ടത് ദേവനാണ്. അന്നേരം അത്രയും പുറത്തിരുന്നു അവൾ തീ തിന്നുകയായിരുന്നു. മനസ്സ് മുഴുവൻ ഒരു പോസിറ്റീവായ വാർത്തയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥനയും. അന്നേരമാണ് ഹരി ഡോക്ടറുടെ ക്യാബിനിൽ നിന്ന് ഇറങ്ങി വന്നത്. മുഖത്ത് തികഞ്ഞ നിരാശ നിറഞ്ഞു നിന്നിരുന്നു.
“എന്താ ഹരിയേട്ടാ എന്താ ഡോക്ടർ പറഞ്ഞത്? എന്താ മുഖം വല്ലാതെ ഇരിക്കുന്നത്?”പരിസരം മറന്ന് അവൾ വേവലാതിപ്പെട്ടതും അവൻ അവളെ നേരെ കാറിലേക്ക് കൂട്ടിക്കൊണ്ടു പോയി.
“എന്താ ഹരിയേട്ടാ എന്താണെന്ന് എന്നോട് പറ..”
“റൂം എത്തട്ടെ ഗായത്രി നീ ഇങ്ങനെ ടെൻഷൻ ആക്കാതെ..”
ഡ്രൈവ് ചെയ്യുന്നതിനിടെ ഹരി അവൾക്ക് താക്കീത് നൽകി. അവൾ പിന്നെ ഒന്നും ചോദിച്ചില്ല.അഞ്ചു മിനിറ്റ് കൊണ്ട് തന്നെ ഹോട്ടൽ മുറി എത്തി.
“എന്താ ഹരിയേട്ടാ…?ഇനിയെങ്കിലും ഒന്ന് പറ..എന്താ ഡോക്ടർ പറഞ്ഞത്?” മുറിക്കകത്ത് കയറിയതും അവൾ ചോദിച്ചു.
“നീ ഇങ്ങനെ വെപ്രാളപ്പെടാതെ.. ആദ്യം ഇവിടെ ഇരിക്ക്. എല്ലാം ക്ഷമയോടെ കേൾക്കണം.” ഹരിയുടെ മുഖഭാവത്തിൽ നിന്ന് തന്നെ അവൾക്ക് എന്തെല്ലാമോ വായിച്ചെടുക്കാമായിരുന്നു.
“പരിശോധനയിൽ കുഴപ്പം എനിക്കാണെന്ന് തെളിഞ്ഞു. എനിക്ക് കുഞ്ഞുങ്ങൾ ഉണ്ടാവില്ലെന്ന്.നീ എന്നെ ശപിക്കരുത് ഗായത്രി…”തലകുനിച്ച് ഹരി അത് പറയുമ്പോൾ അവന്റെ തൊണ്ട ഇടറിയിരുന്നു.
“ഈശ്വരാ എന്താ ഹരിയേട്ടാ ഈ പറയുന്നത്? അപ്പോൾ നമുക്കിനി കുട്ടികൾ ഉണ്ടാവില്ലെന്നാണോ?ഇനി എന്തിനാണ് ദൈവമേ ഞാൻ ജീവിച്ചിരിക്കേണ്ടത്? ഇത്രയും വലിയൊരു ശിക്ഷ തരാൻ ഞാൻ എന്ത് പാപമാണ് ചെയ്തത്?”
തലയിൽ തiല്ലിക്കൊണ്ട് സകല നിയന്ത്രണവും വിട്ട് അവൾ കരയുമ്പോൾ ആശ്വസിപ്പിക്കാൻ പോലും ആകാതെ ഹരി നിന്നു.
” ഗായത്രി എന്താ നീ കാണിക്കുന്നത്? ” അവൻ അവളെ അടക്കി നിർത്താൻ ശ്രമിച്ചു.
“തൊiലച്ചില്ലേ എന്റെ ജീവിതം നിങ്ങൾ? എന്റെ ജീവിതത്തിലെ എല്ലാ പ്രതീക്ഷയും നിങ്ങൾ കാരണമില്ലാതെ ആയില്ലേ? ഇനി ഞാൻ ആർക്കുവേണ്ടിയാണ് എന്തിനുവേണ്ടിയാണ് ജീവിക്കേണ്ടത്?”
ഹരിയുടെ ഷർട്ടിന്റെ കോളറിൽ പിടിച്ച് സ്വബോധം നഷ്ടപ്പെട്ടതുപോലെ അവൾ അലറുമ്പോൾ അവൻ ഒരു നിമിഷം പകച്ചു പോയി. അവളുടെ വാക്കുകൾ അത്രമേൽ ആഴത്തിൽ അവന്റെ ഹൃദയത്തെ നോവിച്ചിരുന്നു. അറിയാതെ ഹരിയുടെ കണ്ണുകൾ നിറഞ്ഞു.
കുറേനേരം ശാന്തമായിരുന്നു കരഞ്ഞ് സ്വബോധം വീണ്ടെടുത്തപ്പോഴാണ് പറഞ്ഞതൊക്കെയും കടന്നുപോയെന്ന തിരിച്ചറിവ് അവൾക്കുണ്ടായത്.
“ഹരിയേട്ടാ എന്നോട് ക്ഷമിക്കണം. വിഷമം സഹിക്കവയ്യാതെ പറയാൻ പാടില്ലാത്തത് എന്തോ ഞാൻ പറഞ്ഞു പോയി.ഹരിയേട്ടൻ ഒന്നും മനസ്സിൽ വയ്ക്കരുത്.”
ഉള്ളം കയ്യിൽ മുഖം അമർത്തിയിരിക്കുന്ന ഹരിയെ നോക്കി തേങ്ങിക്കൊണ്ട് അവൾ പറഞ്ഞു.
“ഹേയ്.. ഞാൻ അതൊന്നും കാര്യമാക്കിയിട്ടില്ല.തന്റെ മാനസികാവസ്ഥ എനിക്ക് മനസ്സിലാകും. അല്ലെങ്കിലും താൻ അങ്ങനെ പറയുന്നതിൽ തെറ്റില്ല. കുഴപ്പം എന്റേത് മാത്രമല്ലേ? ഇപ്പോൾ തോന്നുന്നുണ്ടാകും അല്ലേ എന്നെ കാണേണ്ടിയിരുന്നില്ല, പ്രണയിക്കേണ്ടിയിരുന്നില്ല, വിവാഹം കഴിക്കേണ്ടിയിരുന്നില്ല എന്നൊക്കെ…”
“ഹരിയേട്ടാ പ്ലീസ്.. അല്ലെങ്കിൽ തന്നെ ഞാൻ ആകെ തകർന്നു നിൽക്കുകയാണ്.ഇങ്ങനെ ഓരോന്ന് പറഞ്ഞ് ഹരിയേട്ടൻ എന്നെ വീണ്ടും തളർത്തരുത്. ഈ ജന്മത്തിൽ ഒരു കുഞ്ഞിന് ജന്മം നൽകാനുള്ള ഭാഗ്യം എനിക്ക് ദൈവം വിധിച്ചിട്ടില്ല എന്ന് കരുതി ഞാൻ സമാധാനിച്ചോളാം..”
കുറച്ചു സമയം കൂടി അവിടെയിരുന്ന് അവർ വീട്ടിലേക്ക് യാത്ര തിരിച്ചു. വീട്ടുകാരും കുടുംബക്കാരും അറിഞ്ഞു ഹരിക്കാണ് പ്രശ്നം എന്ന്. വിശേഷമായില്ലേ എന്ന ചോദ്യം അങ്ങനെ എല്ലാവരും ഉപേക്ഷിച്ചു. ഹരിയുടെ അമ്മ ഇപ്പോൾ കുoത്തുവാക്കുകൾ പറയാതെയായി. എന്തെങ്കിലും പറഞ്ഞാൽ തന്നെയും നിങ്ങളുടെ മകൻ കാരണമാണ് എന്റെ ജീവിതം തകർന്നതെന്ന് പറഞ്ഞ് അവൾ വായടപ്പിക്കും. അതു തന്റെ മകനു മനപ്രയാസം ഉണ്ടാക്കും എന്ന് കരുതി അവർ ഇപ്പോൾ ഒന്നും മിണ്ടാറില്ല.
“അന്നെ ഞങ്ങൾ പറഞ്ഞതാണ് ഈ ബന്ധം വേണ്ടെന്ന് അപ്പോൾ നിനക്കായിരുന്നില്ലേ വാശി… ദിവ്യ പ്രേമം എന്നിട്ടിപ്പോ എന്തായി? ഞങ്ങൾ കണ്ടെത്തി തരുന്ന ചെക്കനെ കെട്ടിയിരുന്നെങ്കിൽ ഇപ്പോൾ കൊച്ചുങ്ങൾ രണ്ടെണ്ണം ആയേനെ… തന്നിഷ്ടം കാണിച്ചിട്ടല്ലേ അനുഭവിച്ചോ..”
ഒളിഞ്ഞും തെളിഞ്ഞും ഉള്ള ഗായത്രിയുടെ വീട്ടുകാരുടെ കുറ്റപ്പെടുത്തലുകൾ എത്രയോ വട്ടം ഹരി കേട്ടിരിക്കുന്നു.
പുറമേ പ്രകടമാക്കിയില്ലെങ്കിലും ഗായത്രിയുടെ മനസ്സിലും ഹരിയോട് ഇടയ്ക്കൊക്കെ അനിഷ്ടം തോന്നിയിരുന്നു. അത് കൂടുതലും സ്വന്തം വീട്ടുകാരുടെ കുiത്തുവാക്കുകൾ കേൾക്കുമ്പോഴാണ്. ചില നേരത്തെ പൊട്ടിത്തെറികളിൽ അവൾ പോലും അറിയാതെയും അവൾ ഹരിയുടെ കുറവിനെ ചോദ്യം ചെയ്യാറുണ്ട്. അപ്പോഴൊക്കെയും പരിഹരിക്കാൻ ആകാത്ത പ്രശ്നവും മനസ്സിലേറ്റി അവൻ തനിച്ചിരിക്കും ആരോടും ഒന്നും പറയാതെ…
ഒരു കുഞ്ഞിനെ ദത്തെടുക്കാം എന്ന ആഗ്രഹം ഒരിക്കൽ ഹരി പറഞ്ഞുവെങ്കിലും കണ്ടവരുടെ കുiഞ്ഞിനെ ലാളിക്കാൻ തനിക്കാവില്ല എന്നായിരുന്നു അവളുടെ മറുപടി.
കാലം അങ്ങനെ കടന്നുപോയി വർഷങ്ങളായിട്ടും കുഞ്ഞുങ്ങൾ ഉണ്ടാവാത്ത തിന്റെ വേദന പേറി ഇരുവരും ജീവിതം തള്ളി നീക്കി.
അന്ന് ഒരിക്കൽ ലോകം ഉണർന്നെങ്കിലും ഹരി മാത്രം ഉണർന്നില്ല. തണുത്തുറഞ്ഞ ശരീരം വാരി പിടിച്ച് അവൾ കരയുമ്പോഴാണ് മരണം മാത്രം ആ ശരീരത്തോട് ദയവു കാണിച്ചത് എല്ലാവരും അറിഞ്ഞത്. സൈലന്റ് അറ്റാക്ക് ആയിരുന്നത്രെ… ഹാവൂ സുഖമുള്ള മരണം..മരിക്കുന്നെങ്കിൽ ഇങ്ങനെ ഒന്നുമറിയാതെ മരിക്കണം.. ആരൊക്കെയോ പറയുന്നുണ്ടായിരുന്നു.
ഇനി താൻ തനിച്ചാണെന്ന സത്യം വീണ്ടും വീണ്ടും ഗായത്രിയെ നോവിച്ചു കൊണ്ടിരുന്നു. എല്ലാ സങ്കടവും ഉള്ളിലേറ്റി ആരോടും ഒന്നും പറയാതെ നെഞ്ച് വിങ്ങി വിങ്ങി പാവം പോയി.
കർമ്മങ്ങൾ ചെയ്യാൻ മകനില്ലാത്തതിനാൽ പെങ്ങളുടെ മകനാണ് അത് ചെയ്തത്. തെക്കേ മുറ്റത്തു ചിത എരിഞ് അടങ്ങിയതോടെ ആളുകളും പോയി തുടങ്ങി.
“അങ്ങനെ അവസാനം അവൻ പോയല്ലേ?”
എവിടെയോ പരിചയമുള്ള ആ സ്വരം കേട്ടതും തളർന്നു കിടന്ന അവൾ തല ഉയർത്തി നോക്കി. കുറച്ച് സമയം എടുത്താണെങ്കിലും അവൾ ആ മുഖം തിരിച്ചറിഞ്ഞു.
‘ ഡോക്ടർ ദേവൻ!’. പാടുപെട്ടാണെങ്കിലും അവൾ എഴുന്നേറ്റിരുന്നു.
“വരേണ്ടന്ന് കരുതിയതാണ് പക്ഷേ വരാതിരിക്കാൻ കഴിഞ്ഞില്ല. സത്യങ്ങളെല്ലാം നെഞ്ചിലേറ്റി തെറ്റുകാരനായി അവൻ ഇത്ര കാലം ജീവിച്ചത് തന്നെ അത്ഭുതം..” സങ്കടത്തോടെ അയാൾ അതു പറയുമ്പോൾ എന്തെന്നറിയാതെ ഗായത്രി അയാളെ തന്നെ ഒറ്റു നോക്കി.
” ഒരിക്കലും നിങ്ങൾ ഇത് അറിയരുതെന്ന് അവൻ എന്നോട് പറഞ്ഞിരുന്നു. പക്ഷേ ഇപ്പോഴെങ്കിലും പറഞ്ഞില്ലെങ്കിൽ… തനിച്ചായി പോകുമ്പോഴൊക്കെ മനസ്സുകൊണ്ട് എങ്കിലും നിങ്ങൾ അവനെ ശപിച്ചാൽ….അവൻ കാരണമാണ് ഈ ഗതി വന്നതെന്ന് ഓർത്താൽ… ഒരിക്കലും അവന്റെ ആത്മാവിന് മോക്ഷം കിട്ടില്ല. “
ഒന്ന് നിർത്തിയ ശേഷം അയാൾ വീണ്ടും തുടർന്നു.
” അവന് അല്ലായിരുന്നു കുഴപ്പം. അവൻ ഒന്നേ പറഞ്ഞിരുന്നുള്ളൂ അവൾ ഒരിക്കലും സത്യം അറിയരുതെന്ന്.. ആരും അവളെ വാക്കുകൊണ്ട് പോലും നോവിക്കരുതെന്ന്.. അവൾ ഒരിക്കലും നീറരുത് എന്ന്… “
അത്രയും പറഞ്ഞ് അയാൾ ആ പടിയിറങ്ങിയതും പൊട്ടി കരയാൻ പോലും ആകാതെ ഗായത്രി മരവിച്ചിരുന്നു. പുറത്ത് ഹരിയുടെ ചിത എരിഞ്ഞടങ്ങുമ്പോൾ അവളുടെ നെഞ്ചിൽ ഉമിത്തി പോലെ മറ്റൊരു ചിത ആളിക്കത്തി.