ഞാൻ അദിതി
Story written by Ammu Santhosh
എന്റെ വിവാഹമാണ്. പുലർച്ചെ ആവുന്നതേയുള്ളു. ഞാൻ ഇന്നത്തെ പ്രഭാതത്തെ കൊതിയോടെ നോക്കി നിന്നു. ഒരു പക്ഷെ ഈ വീട്ടിലെ എന്റെ അവസാനത്തെ ഒറ്റയ്ക്കുള്ള പ്രഭാതം. നാളെ മുതൽ ഒപ്പമൊരാൾ, മറ്റൊരു വീട്, ജീവിതം മാറുകയാണ്. അത് സന്തോഷം ആവുമോ ഇത് വരെ പോലെ സങ്കടം ആവുമോ?
ഈ വീട് എന്റെ മുത്തശ്ശിയുടേതാണ്. ഞാൻ ഒരു മാസമേയയുള്ളു ഇവിടെ വന്നിട്ട്. വിവാഹം പ്രമാണിച്ചു എന്നെ കൊണ്ട് നിർത്തിയതാണ്. എന്റെ അച്ഛനും അമ്മയും ഊട്ടിയിലെ ഒരു കോൺവെന്റ് സ്കൂൾ ബോർഡിങ്ങിൽ എന്നെ വിട്ടിട്ട് അവരുടെ ജോലിസ്ഥലങ്ങളിലേക്ക് പോകുമ്പോൾ എനിക്ക് അഞ്ചു വയസ്സാണ്. ഓരോ അവധിക്കും അവർക്കരികിലേക്ക് ഞാൻ പോകാരാണ് പതിവ്.
പട്ടാളച്ചിട്ടയുടെയും കടുത്ത ശിക്ഷാനടപടികളുടെയും അവധിക്കാല ദിനങ്ങളെക്കാൾ എനിക്കിഷ്ടം ബോർഡിങ് ആയിരുന്നു. എന്റെ ഇഷ്ടം എന്ന് പറഞ്ഞാൽ അങ്ങനെ ഒന്നില്ല. എനിക്കായ് ഒരിഷ്ടം ഇല്ല. അച്ഛനും അമ്മയും പറയുന്നതാണ് എന്റെ ഇഷ്ടം.
നിനക്കേതു ഫുഡ് ആണ് ഇഷ്ടം? കൂട്ടുകാർ ചോദിക്കും
ആവോ അറിയില്ല
ഇഷ്ടമുള്ള നിറം?
അറിയില്ല
ഇഷ്ടം ഉള്ള പാട്ട്?
പാട്ട്… അതും അറിഞ്ഞൂടാ
ഇഷ്ടങ്ങൾ എന്ന് വെച്ചാൽ എന്താ? അന്നൊക്കെ ഞാൻ ആലോചിക്കും..
അച്ഛന്റെ അടിയൊന്നും കിട്ടാതെ ശാന്തമായി കളിക്കാൻ സാധിച്ചിരുന്നെങ്കിൽ…
ഇംഗ്ലീഷ്, മലയാളം കുറെ പുസ്തകങ്ങൾ സ്വന്തം ആക്കാൻ സാധിച്ചെങ്കിൽ…
കുറെ കുറെ യാത്ര പോകാൻ സാധിച്ചെങ്കിൽ..
പട്ടാളത്തിൽ ചേരാൻ സാധിച്ചെങ്കിൽ
പെൺകുട്ടികൾ പട്ടാളത്തിൽ പോകാൻ ഇഷ്ടപ്പെടുന്നത് വളരെ കുറച്ചുള്ളൂ എന്നാ മുത്തശ്ശി പറയുന്നത്. മുത്തശ്ശൻ പട്ടാളത്തിൽ ആയിരുന്നത് കൊണ്ടാണത്രേ എനിക്കും അങ്ങനെ താല്പര്യം ഉണ്ടായത്
അതൊക്കെ ആണ് സ്വപ്നം
ഒന്നും നടന്നില്ല.. എൻട്രൻസ് രണ്ടു തവണ റിപീറ്റ് ചെയ്തിട്ടും കിട്ടാതെ വന്നപ്പോ അച്ഛൻ എന്നെ കല്യാണം കഴിപ്പിക്കാൻ തീരുമാനിച്ചു
എതിർക്കാൻ ശ്രമിച്ചപ്പോ അച്ഛൻ ശാസിച്ചു. ആക്ഷേപിച്ചു. അടിക്കാൻ മുത്തശ്ശി സമ്മതിച്ചില്ല.അല്ലെങ്കിൽ..
അങ്ങനെയാണ് കല്യാണം
എന്നെ കല്യാണം കഴിക്കുന്ന ആളെ ഞാൻ ഒരു തവണയേ കണ്ടുള്ളു. അയാൾ എന്നോട് സംസാരിച്ചുമില്ല.
മുത്തശ്ശൻ ഉണ്ടായിരുന്നു എങ്കിലെന്നു വെറുതെ ഓർക്കും. അച്ഛനെ ഒന്ന് നിലയ്ക്ക് നിർത്തിയേനെ.
“ആദി?”
അമ്മ വിളിക്കുന്നുണ്ട്.. പോയി വരാം..
എന്നെ ഒരു ബ്യുട്ടീഷൻ ഒരുക്കുകയാണ്.. കണ്ണാടിയിൽ നോക്കുമ്പോൾ എനിക്ക് തന്നെ കരച്ചിൽ വന്നു. വേറെ ഏതോ ഒരു പെണ്ണ്.ഇത്രയും മേക്കപ്പ് ഒന്നും വേണ്ട. ആര് കേൾക്കാൻ.. ഇത്രയും സ്വർണം വേണ്ട.. ഭയങ്കര ഭാരമാണ്
“ഇന്നൊരു ദിവസം അല്ലെ?”
അമ്മ
പൂക്കൾ എല്ലാം കൂടി കെട്ടി വെച്ചപ്പോ കഴുത്തൊടിഞ്ഞു.. അതിന്റ മണമെല്ലാം കൂടി ശർദിക്കാൻ വന്നു. ആരോ ഒരു നാരങ്ങ മണപ്പിക്കാൻ എടുത്തു തന്നു.
“മുഹൂർത്തം ആകാറായി പെണ്ണിനെ ഇറക്കാം ” ആരോ പറയുന്നു
“പയ്യൻ വന്നിട്ട് മതി.. ഇതെന്താ സമയം ആയിട്ടും അവർ എത്താത്തത്? ഇനി വല്ല ബ്ലോക്കിലും പെട്ടോ? ഒന്ന് വിളിച്ചു നോക്ക് “
ആകെ ഒരു ബഹളം.. ആൾക്കാർ പരിഭ്രാന്തിയോടെ പരസ്പരം നോക്കുന്നു.
കുറച്ചു കഴിഞ്ഞു കാര്യമെന്റെ കാതിൽ വീണു
“ചെക്കൻ ഒളിച്ചോടിപ്പോയി “
അടിപൊളി എനിക്ക് അത് ഇഷ്ടായി
അച്ഛൻ ഇപ്പൊ എന്താ ചെയ്യുക അതറിയാൻ ആയിരുന്നു എനിക്ക് ആഗ്രഹം..
ചർച്ചകൾ… ചർച്ചകൾ
എന്നെ വിയർത്തൊലിച്ചു
ഞാൻ പതിയെ മുല്ല പൂവ് ഒക്കെ ഊരി മാറ്റി മുടി വിതർത്തിട്ട് മാലകൾ അഴിക്കാൻ തുടങ്ങി
“ഇതെന്താ ഈ കാണിക്കുന്നേ കല്യാണം നടക്കും “
വെളിയിൽ ആയിരുന്ന ബ്യൂട്ടീഷ്യൻ.. ദേ വന്നിരിക്കുന്നു
“കുട്ടിയുടെ അമ്മാവന്റെ മകൻ സമ്മതിച്ചു.. കല്യാണം നടക്കും ഇരിക്ക് ടച്ച് അപ്പ് ചെയ്യട്ടെ “
ഇനിയെങ്കിലും ഞാൻ എന്റെ കാര്യങ്ങൾ പറഞ്ഞില്ലെങ്കിൽ ജീവിതം മുഴുവൻ ഒരു അപമാനത്തിന്റ ചെളി വീണു നനഞ്ഞു ജീവിക്കേണ്ടി വരും. ആരുടെയോ ഔദാര്യം പോലെ ബാക്കി ജീവിതം കൂടി ജീവിക്കാൻ എനിക്ക് മനസില്ല.
“എനിക്ക് കല്യാണം വേണ്ട ” ഞാൻ സദസ്സിൽ ഉള്ളവരെ നോക്കി കൈ കൂപ്പി പറഞ്ഞു അച്ഛൻ എന്നെ പിടിച്ചു വലിക്കാൻ ശ്രമിക്കുന്നുണ്ട്
“നിന്നേ ഞാൻ അടിച്ചു കൊല്ലും നോക്കിക്കോ “എന്നൊക്കെ ചെവിയിൽ പറയുന്നുണ്ട്
“ഞാൻ പോലീസിൽ കംപ്ലയിന്റ് ചെയ്യും “ഞാൻ അച്ഛന് മാത്രം കേൾക്കാൻ പറ്റുന്ന പോലെ പറഞ്ഞു
അച്ഛൻ നടുങ്ങി പോയി. എനിക്ക് വേറെ വഴിയില്ലാഞ്ഞിട്ട അങ്ങനെ പറഞ്ഞത്.
“ആ കുട്ടിക്ക് ഇഷ്ടം ഇല്ലാത്ത കല്യാണം എന്തിന് നടത്തുന്നത്?”എന്ന് ചോദിക്കാൻ കുറച്ചു പേര് വന്നു.. അങ്ങനെ ഞാൻ രക്ഷപെട്ടു
അച്ഛൻ പിന്നീട് എന്നോട് മിണ്ടിയില്ല. അമ്മയും.. അച്ഛൻ പറയുന്നതാണ് അമ്മയുടെ ശരികൾ..
അവർ എന്നെ മുത്തശ്ശിയുടെ അടുക്കൽ വിട്ട് തിരിച്ചു പോയി
“ഇനി ഞങ്ങൾക്ക് ഇങ്ങനെ ഒരു മോളില്ല “
പഴയ ക്‌ളീഷേ ഡയലോഗ് കൂടി അടിച്ചു
ദിവസങ്ങൾ കഴിഞ്ഞു പോയി
മുത്തശ്ശി എന്നെ ഡിഗ്രിക്ക് ചേർത്തു.. ഞാനും മുത്തശ്ശിയും മാത്രം ഉള്ള ആ വീട്ടിൽ എനിക്ക് ഇഷ്ടങ്ങളുണ്ടായി..
എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള ഫുഡ് എന്താണെന്നോ?
പാലപ്പവും കരിമീൻ കറിയും
ഏറ്റവും ഇഷ്ടം ഉള്ള നിറം ഇളം മഞ്ഞ..
ഏറ്റവും ഇഷ്ടം ഉള്ള പാട്ട്
കണ്ണാളെ നീ… ചിത്ര ചേച്ചി പാടിയത്
ഏറ്റവും ഇഷ്ടം മഴ..
ഇനിയും ഉണ്ടായി ഇഷ്ടങ്ങൾ, അഭിപ്രായങ്ങൾ..
ഞാൻ ആർമിയിൽ ചേരാൻ തീരുമാനിച്ചു…
അതിലേക്കുള്ള യാത്രയിൽ ആണ്
ഇത് എന്റെ ജീവിതം അല്ലെ
അപ്പൊ തീരുമാനങ്ങളും ഇഷ്ടങ്ങളും എന്റെ ആവണ്ടേ?
കാര്യങ്ങൾ ഇങ്ങനെ ഒക്കെ ആണെങ്കിലും പിന്നിൽ മുത്തശ്ശി ഇല്ലായിരുന്നു എങ്കിൽ..
ആ പയ്യൻ ഒളിച്ചോടി പോയില്ലായിരുന്നു എങ്കിൽ…
കല്യാണത്തിന്റെ അന്ന് അച്ഛനെതിരായി ആൾക്കാർ എന്നെ സപ്പോർട്ട് ചെയ്തില്ലായിരുന്നു എങ്കിൽ…
അതിന് ഞാൻ വിധി എന്ന് കൂടെ വിളിക്കും..
എത്ര ശ്രമിച്ചാലും ഭാഗ്യം കൂടെ ഒപ്പം വേണ്ടേ?
അപ്പൊ ഞാൻ ഭാഗ്യവതി തന്നെ
എന്റെ സ്വപ്നത്തി ലേക്ക് അല്പദൂരം മാത്രം പോയി വരാം