ഞാനൊരു മുതിർന്ന പെണ്ണായതിൽ പിന്നെയാണ് കൂട്ടുകാരുടെ കൂടെ കളിക്കാൻ പോകുന്നതിനൊക്കെ വിലക്ക് വന്നത് . എന്നാലും അമ്പലത്തിൽ പോകുമ്പോഴും മറ്റും ഞാനവനെ……

കടലാസ് പൂക്കൾ

എഴുത്ത്:- ബിന്ദു എന്‍ പി

സ്കൂൾ വിട്ട് വീട്ടിലെത്തിയിട്ടും എന്റെ മനസ്സിൽ രഘു മാഷുടെ വാക്കുകൾ മുഴങ്ങിക്കൊണ്ടിരിക്കുകയായിരുന്നു..

“ടീച്ചറേ അറിഞ്ഞായിരുന്നോ ഇത്തവണത്തെ സ്കൂൾ യുവജനോത്സവത്തിന് ചീഫ് ഗസ്റ്റായി വരുന്നത് പാട്ടുകാരൻ നന്ദ ഗോപനാണ്…”

നന്ദ ഗോപനായിരുന്നു ഇത്തവണത്തെ മികച്ച ഗായകനുള്ള സംസ്ഥാന അവാർഡ് ലഭിച്ചത്.. അയാളുടെ പാട്ടുകേട്ടാൽ ആരും സ്വയം മറന്നു നിന്നുപോകും. അന്നും അങ്ങനെയായിരുന്നല്ലോ.. മനസ്സ് അറിയാതെ ഓർമ്മകളിലേക്ക് ഊളിയിട്ടു..

അന്ന്… പൂവിനോടും പൂമ്പാറ്റയോടും കിന്നാരം പറഞ്ഞു നടന്നിരുന്ന ആ കുട്ടിക്കാലത്ത് സ്കൂൾ വിട്ടു വീട്ടിലെത്തിക്കഴിഞ്ഞാൽ കൂട്ടുകാരെല്ലാവരും കളിക്കാനായി ഒരിടത്ത് ഒത്തുകൂടും. അതിൽ ആൺ പെൺ വ്യത്യാസ മില്ലായിരുന്നു.. ആ കൂട്ടത്തിൽ നന്നായി പാട്ടു പാടുന്ന ഒരു കുട്ടിയുണ്ടായിരുന്നു.. അവൻ പാടുമ്പോൾ എല്ലാവരും സ്വയം മറന്ന് കേട്ടു നിന്നുപോകും.. എത്രയോ തവണ അവന്റെ പാട്ടു കേട്ട് ഞാൻ സ്വയം മറന്നു നിന്നുപോയിട്ടുണ്ട്.അന്നേ അവനെ എനിക്കിഷ്ടമായിരുന്നു. എന്നാൽ ഒരിക്കലും അവനെന്നെ ശ്രദ്ധിച്ചിരുന്നതായി തോന്നിയിട്ടേയില്ല ..

ഞാനൊരു മുതിർന്ന പെണ്ണായതിൽ പിന്നെയാണ് കൂട്ടുകാരുടെ കൂടെ കളിക്കാൻ പോകുന്നതിനൊക്കെ വിലക്ക് വന്നത് . എന്നാലും അമ്പലത്തിൽ പോകുമ്പോഴും മറ്റും ഞാനവനെ കാണാറുണ്ടായിരുന്നു.ചുറ്റും കൂട്ടുകാർക്കിടയിലിരുന്ന് പാട്ടു പാടുന്നയവനെ ഞാൻ ആരാധനയോടെ നോക്കും. പക്ഷേ തിരിച്ചൊരിക്കൽപ്പോലും അവനെന്നെ നോക്കിയിട്ടില്ല.. ആ ചെറുക്കാനാണ് ഈ നന്ദഗോപനെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല..

ഒരിക്കൽ പാടിയ ഒരു പാട്ട് ഹിറ്റായത്തോടെ നന്ദഗോപൻ എന്ന പാട്ടുകാരന്റെ വളർച്ച അവിടെ തുടങ്ങുകയായിരുന്നു. കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ അയാൾ തിരക്കേറിയ ഒരു പാട്ടുകാരനായി.

അതിനിടയിലവർ കുടുംബസമേതം ചെന്നൈയിലേക്ക് താമസം മാറ്റിയെന്നറിഞ്ഞു.. പിന്നീട് ടീവിയിലും പത്രത്തിലുമൊക്കെയേ ഞാനയാളെ കണ്ടിട്ടുള്ളൂ.. ഇപ്പൊ കണ്ടാൽ എന്നെ അയാൾ തിരിച്ചറിയുമോ… അറിയില്ല..

അലസമായിക്കടന്നുപോയ കുറേ ദിവസങ്ങൾക്കൊടുവിൽ അങ്ങനെ ആ ദിവസവും വന്നെത്തി.. സ്കൂൾ യുവജനോത്സവം.. വേദിയിലിരിക്കുന്ന
മുഖ്യാതിഥിയെ ഞാൻ കണ്ണിമയ്ക്കാതെ നോക്കി നിന്നു..

പരിപാടി കഴിഞ്ഞു തിരിച്ചു പോകാൻ നേരം ഞാൻ അടുത്തു ചെന്ന് പരിചയപ്പെടുത്തിയെങ്കിലും എന്നെ അറിയുന്ന യാതൊരു ഭാവവും നന്ദഗോപനിൽ കണ്ടില്ല.. അയാളുടെ കാർ കണ്ണിൽ നിന്നും മറയുന്നതുവരെ വെറുതേ ഞാൻ നോക്കി നിന്നു..

അങ്ങനെ ദിവസങ്ങൾ കടന്നുപോയി. അതൊരവധി ദിവസമായിരുന്നു.. അലസമായി ചിതറിക്കിടന്നിരുന്ന പുസ്തകങ്ങളൊക്കെ അടുക്കി വെക്കുന്നതിനിടയിലാണ് അമ്മാവൻ അവിടേക്ക് കടന്നുവന്നത്..

“മോളേ ഇന്ന് നിന്നെ കാണാൻ ഒരു കൂട്ടർ വരാമെന്ന് പറഞ്ഞിട്ടുണ്ട് അതാ ഞാനിങ്ങോട്ട് വന്നത്.. അവരിപ്പോ ഇങ്ങേത്തും. മോളൊന്ന് റെഡിയായി വാ..”അതും പറഞ്ഞ് അമ്മാവൻ പുറത്തേക്ക് പോയി..

അല്പ്പ്പനേരം കഴിഞ്ഞു കാണും ഒരു കാർ വീടിനു മുന്നിൽ വന്നു നിൽക്കുന്ന ശബ്ദം കേട്ടു.. ഇങ്ങനെ എത്രപേർ വന്നുപോയിരിക്കുന്നുവെന്ന് ഞാൻ മടുപ്പോടെയോർത്തു.

“നീ ഇനിയും ഒരുങ്ങിയില്ലേ കുട്ടീ…”അമ്മയാണ്.. എനിക്കൊരുങ്ങാ നൊന്നുമില്ലമ്മേ… ഇങ്ങനെ ഇഷ്ടപ്പെടുന്നവർക്കിഷ്ടപ്പെട്ടാ മതി.. ഞാനൊന്ന് വാഷ്റൂമിൽപ്പോയി മുഖം കഴുകി വന്ന് മുടിയൊതുക്കി കെട്ടി അമ്മയെ തൃപ്തിപ്പെടുത്താനായി നെറ്റിയിൽ ഒരു പൊട്ടും വെച്ചുകൊണ്ട് അടുക്കളയിലേക്ക് നടന്നു..

അമ്മ തന്ന ട്രേയുമായി പെണ്ണുകാണാൻ വന്നവരുടെ മുന്നിൽ നിൽക്കുമ്പോൾ അമ്മാവന്റെ സംസാരം ഞാൻ കേട്ടു.

“വലുതായതിനു ശേഷം ഇവർ പരസ്പരം കാണുന്നത് ഇതദ്യമായിട്ടാവുമല്ലേ…?”

ഉടൻ വന്നു അതിന് മറുപടി

“അല്ല.. കുറച്ച് ദിവസങ്ങൾക്കു മുമ്പ് ഞാൻ ടീച്ചറെ സ്കൂളിൽ വെച്ച് കണ്ടിരുന്നു “.

അത് കേട്ടപ്പോഴാണ് ഞാൻ തലയുയർത്തി നോക്കിയത്.. മുന്നിലിരിക്കയാളെകണ്ടപ്പോൾ ഇത് സത്യമാണോ അതോ സ്വപ്നമാണോ എന്ന് വിശ്വസിക്കാനാവാതെ ഞാൻ നിന്നുപോയി ..

“കുട്ടികൾക്ക് വല്ലതും സംസാരിക്കാനുണ്ടെങ്കിൽ ആവട്ടോ..”എന്ന അമ്മാവന്റെ ശബ്ദത്തിന് പിന്നാലെ “എന്നാ നമുക്ക് മുറ്റത്തോട്ടിറങ്ങാം അല്ലേ ടീച്ചറേ?”എന്ന ചോദ്യത്തോടൊപ്പം നന്ദൻ പുറത്തേക്കിറങ്ങി. പിന്നാലെ ഞാനും.നിറയെ കായ്ച്ചു നിൽക്കുന്ന സപ്പോട്ട മരത്തിന്റെ തണലിലേക്ക് ഞങ്ങൾ നടന്നു..

“ടീച്ചറെന്താ ഒന്നും മിണ്ടാത്തത്.. അന്ന് സ്കൂളിൽ വെച്ച് മനഃപൂർവ്വം ഞാൻ അറിയാത്ത ഭാവം നടിച്ചതാ ട്ടോ .. ടീച്ചറന്ന് നിരാശയോടെ കാറ് കണ്ണിൽ നിന്നും മറയുന്നതുവരെ നോക്കി നിന്നത് ഞാൻ കണ്ടിരുന്നു..”

“കുട്ടിക്കാലം മുതലേ എനിക്കിഷ്ടമായിരുന്നു എന്റേയീ ആരാധികയെ..ചില വൈകുന്നേരങ്ങളിൽ അമ്പലനടയിൽ എന്നെ തിരയുന്ന കണ്ണുകളെ കാണാനായി ഞാനും അന്നൊക്കെ കാത്തിരുന്നിരുന്നു.. പക്ഷേ ഒരിക്കലും ഇഷ്ടം പറയാൻ കഴിഞ്ഞില്ലെന്ന് മാത്രം.. എങ്കിലും വളർച്ചയുടെ ഓരോ ഘട്ടത്തിലും ടീച്ചറോടുള്ള ഇഷ്ടം ഒരർ‍ബുതം പോലെ എന്നിൽ വന്നു നിറയുന്നത് ഞാനറിയുന്നുണ്ടായിരുന്നു.. വീട്ടുകാർ കല്യാണത്തിന് നിർബന്ധിച്ചപ്പോൾ ചൂണ്ടിക്കാണിക്കാൻ എന്റെ മുന്നിൽ ഒരു പേരേയുണ്ടായിരുന്നുള്ളൂ .. എന്റെ ഇഷ്ടമാണ് വീട്ടുകാരുടെയും ഇഷ്ടം.. എന്നാ ഇനി നമുക്കൊരുമിച്ച് യാത്ര തുടരാം അല്ലേ ടീച്ചറേ എന്ന് പറഞ്ഞപ്പോൾ ഞാൻ നാണത്തോടെ പുഞ്ചിരിച്ചു..

പറയാനൊരുപാട് മനസ്സിലുണ്ടെങ്കിലും ചിരിച്ചതല്ലാതെ ഞാനൊന്നും പറഞ്ഞില്ല.നിറഞ്ഞു പൂത്തു നിൽക്കുന്ന ബോഗൻവില്ല ചെടികൾക്കിടയിലൂടെ കടന്നു വന്നൊരിളം കാറ്റ് ഞങ്ങളെ തലോടിക്കടന്നുപോയി…അപ്പോൾ ഞാനോർത്തു അതേ ചില പ്രണയങ്ങൾ ഇങ്ങനെയാണ്.. ഈ കടലാസുപൂക്കളെപ്പോലെ.. ഒരിക്കലും വാടാതെ…