ചേച്ചിയെ അങ്ങു കെട്ടിച്ചു വിട്ടാൽ തീരും അനിയന്റെ ചിരിയും കളിയുമെല്ലാം…എന്ന് അമ്മ പറയുമ്പോൾ…

ഗൃഹദേവത – രചന: അരുൺ കാർത്തിക്

ചേച്ചിയെ അങ്ങു കെട്ടിച്ചു വിട്ടാൽ തീരും അനിയന്റെ ചിരിയും കളിയുമെല്ലാം…എന്ന് അമ്മ പറയുമ്പോൾ ഞാനും ചേച്ചിയും അതിനെ ലാഘവത്തോടെ തള്ളി കളഞ്ഞു.

ചേച്ചിയെ പെണ്ണുകാണാൻ ചെറുക്കൻകൂട്ടർ വന്നപ്പോഴും മുറ്റത്തെ ഊഞ്ഞാലിൽ ഒന്നിച്ചാടിയപ്പോൾ ഞങ്ങൾ പരസ്പരം പറഞ്ഞു നമ്മൾ ഇത് എത്ര കണ്ടതാണെന്ന്. വിവാഹത്തിന് മുൻപ് അവസാനമായി ജോലിസ്ഥലത്തേക്ക് പോകാൻ ബൈക്കിനു ലിഫ്റ്റ് ചോദിക്കുമ്പോൾ മടി പിടിച്ചിരുന്ന എന്നോട് ചേച്ചി പറയുമായിരുന്നു ഇന്ന് കൂടിയല്ലേയുള്ളൂ ഈ ശല്യമെന്ന്….

മുറ്റത്തെ മാവിൻതൈക്കും തുളസിതറയ്ക്കും കറിവേപ്പിനും വെള്ളമൊഴിച്ചു നനയ്ക്കുമ്പോൾ ചേച്ചി ചോദിക്കുമായിരുന്നു, ഞാൻ പോയാൽ എന്റെ അനിയൻ ഇതൊക്കെ നനയ്ക്കുമോന്ന്…

തുലാമാസത്തിലെ ഇടിവെട്ടും മിന്നലും കണ്ടു പേടിച്ചു ചേച്ചിയുടെ മടിയിൽ കണ്ണടച്ചു ചെവി പൊത്തി തല പൂഴ്ത്തി വയ്ക്കാൻ, ഞാൻ പോയാൽ നീ ഇനി എന്തു ചെയ്യുമെന്ന്….

കർക്കിടകത്തിലെ തോരാത്ത മഴ നനഞ്ഞു വരാന്തയിലേക്ക് ഓടി വരുമ്പോൾ ഇനി ആ തലമുടി ആരാ നിനക്ക് തുവർത്തി തരുന്നതെന്ന്….

കൂടെ പഠിച്ചിരുന്ന പ്രിയയോട് മറച്ചു വച്ചിരുന്ന എന്റെ ഉള്ളിലെ ഇഷ്ടം ആദ്യം തുറന്നു കാട്ടി ഞങ്ങളുടെ പ്രണയത്തിന് വഴിയൊരുക്കിയതും ചേച്ചിയായിരുന്നു. ഓരോ കാരണങ്ങൾ പറഞ്ഞു നീയും പ്രിയയും വഴക്കിടുമ്പോൾ മധ്യസ്തം പറഞ്ഞു കൂട്ടിയിണക്കാൻ ഇനി എനിക്കു നേരമില്ല..ന്ന് പറഞ്ഞു നടന്നകലുമ്പോഴും ആ ഉള്ളിൽ ഈ അനിയനെ ഓർത്ത് വിഷമിക്കുന്നുണ്ടാവാം.

കുട്ടിക്കാലത്തു മണ്ണപ്പം ചുട്ടുകളിക്കാൻ കൂടെയുണ്ടായിരുന്നവൾ, വീട്ടിലെ കുരുത്തക്കേടുകൾ അച്ഛനോട് പറയുമെന്ന് ഭീഷണിപ്പെടുത്തിയവൾ, മൂന്നു വയസ്സിന്റെ മൂപ്പേയുള്ളൂവെങ്കിലും വളർന്നപ്പോൾ ചിലപ്പോഴൊക്കെ അമ്മയെപ്പോലെ പെരുമാറിയവൾ, ചേച്ചി….

ദിശാബോധം തെറ്റി നടന്ന കൂട്ടുകെട്ടിൽ നിന്നും പിന്തിരിപ്പിച്ചു എന്നെ നേർവഴിയ്ക്ക് നടത്തികൊണ്ടുവന്നപ്പോൾ ചേച്ചിയുടെ മുഖത്തു പക്വതാഭാവം ഞാൻ കണ്ടു. വീട്ടിൽ തലയിണ വച്ച് എറിഞ്ഞു എന്നോടൊപ്പം കളിക്കാൻ തയാറായിരുന്ന ചേച്ചി പക്ഷെ, ട്യൂഷൻ പിള്ളേരെ ഇംഗ്ലീഷ് ആധികാരികമായി പഠിപ്പിക്കുമ്പോൾ അന്തംവിട്ട് നോക്കിയിരുന്നിട്ടുണ്ട് ഞാൻ.

കല്യാണത്തിനുള്ള പൊന്നും വസ്ത്രങ്ങളും എടുക്കാൻ വീട്ടുകാർ വീടെന്നെയേൽപ്പിച്ചു പോകുമ്പോൾ എന്നെ കൂടെ കൊണ്ടു പോകാത്തതിൽ എന്നെക്കാൾ വിഷമവും ദേഷ്യവും ചേച്ചിയ്ക്കായിരുന്നു.

സന്ധ്യസമയത്ത് ചിലപ്പോൾ ഞാനോ അമ്മയോ വിളക്ക് കത്തിച്ചാലും ചേച്ചി കുളി കഴിഞ്ഞു കത്തിച്ചു പിടിച്ച നിലവിളക്കുമായി വരാന്തയിലേക്ക് ദീപം ദീപം ന്നു പറഞ്ഞു മന്ദം മന്ദംനടന്നു വരുമ്പോൾ ഉണ്ടാവുന്ന ചൈതന്യം അവിടമാകെ നിറഞ്ഞു നിന്നിരുന്നു.

വിവാഹത്തലേന്ന് മേയ്ക്കപ്പെല്ലാം കഴിഞ്ഞു അല്പം ചമ്മലോടെ, ‘എങ്ങനെയുണ്ട്, ഞാൻ സുന്ദരിയല്ലേടാ’ ന്നു ചോദിക്കുമ്പോൾ എനിക്കറിയാമായിരുന്നു, വീട്ടുകാരോ കൂട്ടുകാരോ പറഞ്ഞാലും എന്റെ നാവിൽ നിന്നും കൊള്ളാമെന്നു കേട്ടാലേ ആ മനസ്സ് സംതൃപ്തി ആവുകയുള്ളെന്ന്.

തലേ ദിവസത്തെ മൈലാഞ്ചികല്യാണം നടക്കുമ്പോൾ ഓരോ ആവശ്യങ്ങൾക്കായി തലങ്ങും വിലങ്ങും ഓടുന്നതിനിടയിലെപ്പോഴോ പുറത്തെ ജനലഴിയിലൂടെ ഞാൻ അകത്തേക്കു നോക്കിയപ്പോൾ, ഒരു രാജകുമാരിയെ പോലെ തിളങ്ങുന്ന ചേച്ചിയുടെ കയ്യിൽ ഓരോ കൂട്ടുകാരും വന്നു മൈലാഞ്ചി ഇടുന്നത് കണ്ടപ്പോൾ എന്റെ മനസ്സ് സന്തോഷം കൊണ്ടു അലയടിച്ചു.

എത്ര തിക്കി തിരക്കിയിട്ടും പെൺകൂട്ടങ്ങളുടെ ഇടയിലൂടെ അകത്തേക്കു കയറാൻ പറ്റാതെ വന്നപ്പോൾ നിരാശനായി തിരിഞ്ഞു നടന്ന എന്നെ, ക്യാമറ ഓഫാക്കി ആൾക്കൂട്ടത്തെ മാറ്റി അകത്തേക്കു വിളിച്ചിരുത്തിയപ്പോൾ ചേച്ചിയുടെ ആ സ്നേഹത്തിന്റെ ആഴം ഒന്നുകൂടി വ്യക്തമാവുകകയായിരുന്നു.

കല്യാണദിവസം രാവിലെ നിർമാല്യം തൊഴാൻ ചേച്ചിയുടെ ഇഷ്ടദൈവമായ കണ്ണന്റെ മുന്നിലേക്ക് ബൈക്കിൽ പോവുമ്പോൾ ചേച്ചിയുമൊത്ത് ഒരുമിച്ചൊരു യാത്ര ഇനി ഉടനെ ഉണ്ടാവില്ലെന്ന് എന്റെ മനസ്സ് പറയുന്നുണ്ടായിരുന്നു. ശ്രീകോവിലിനു മുന്നിൽ ചേച്ചി പ്രാർത്ഥിച്ചതെന്താണെന്ന് അറിയില്ലെങ്കിലും അവളുടെ ആഗ്രഹത്തോടൊപ്പം കല്യാണം തടസ്സം കൂടാതെ മംഗളമായി നടക്കണമേയെന്നു ഞാൻ ഉള്ളുരുകി പറയുന്നുണ്ടായിരുന്നു.

വീട്ടിലെ തിരക്കു ബഹളവും മൂലം അങ്ങോട്ട് അടുക്കാനാവാതെ ബ്യുട്ടിഷന്റെ വീട്ടിൽ മെയ്ക്കപ്പ് ചെയ്തു സാരിയുടുപ്പിച്ചിരുന്ന ചേച്ചിയ്ക്ക് കഴിക്കാൻ പാലും നേന്ത്രപഴവും കൊണ്ടു കൊടുക്കുമ്പോൾ ആ പഴം ഉരിഞ്ഞു നീയൊന്നും കഴിച്ചില്ലല്ലോടാന്നു പറഞ്ഞു ചേച്ചി എനിക്കായ് വച്ചു നീട്ടിയപ്പോൾ അതു നിരസിച്ചു കൊണ്ടു ഞാൻ പുറത്തേക്കു പോയി.

ഇനിയും അവിടെ നിന്നാൽ എന്റെ കണ്ണു നിറയുമെന്നതിലുപരി, അതുകണ്ടു ചേച്ചിയുടെ കണ്ണു നിറയുമെന്നറിയാവുന്നതു കൊണ്ടാണ് ഞാനാ പഴം നിരസിച്ചതെന്ന് പാവം ചേച്ചിയോട് എനിക്കു പറയാൻ കഴിയില്ലല്ലോ…

ക്ഷേത്രത്തിലേക്ക് പോകുന്നതിനു മുൻപ് ദക്ഷിണ കൊടുക്കുന്ന ചടങ്ങിൽ ചേച്ചിയുടെ അരികിലായി വെറ്റയും അടയ്ക്കയും നാണയത്തുട്ടുകളുമായി നിൽക്കുമ്പോളും ഇനി എത്ര നേരം ഉള്ളിലെ കരച്ചിൽ അടക്കിവയ്ക്കാനാവുമെന്ന് എനിക്ക് അറിയില്ലായിരുന്നു.

‘ഇറങ്ങാറായി’ എന്ന് അമ്മാവൻ പറഞ്ഞപ്പോഴും ഫോട്ടോ എടുക്കാൻ കാറിന്റെ ഡോർ ഞാൻ തുറന്നു കൊടുക്കുമ്പോഴും ചേച്ചി എന്റെ മുഖത്തു നോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു. പക്ഷേ, ആ പുഞ്ചിരി ഉള്ളിലെ കരച്ചിലിന്റെ വക്കോളമെത്തി നിൽക്കുകയാണെന്നു തിരിച്ചറിയാൻ മറ്റാർക്കും മനസ്സിലായില്ലെങ്കിലും ഈ അനിയന് അറിയാമായിരുന്നു.

താലികെട്ട് കഴിഞ്ഞു ഫോട്ടോസെഷൻ നടക്കുമ്പോൾ സദ്യയൊരുക്കുന്നിടത്തെ തിരക്കിലായിരുന്ന എന്നെ ആരെയോ പറഞ്ഞുവിട്ട് ഫോട്ടോ എടുക്കാൻ ചേച്ചി അടുത്തേക്ക് വിളിച്ചു നിർത്തുമ്പോൾ വരന്റെ ആളുകളുടെ മുന്നിൽ ധൈര്യം കൂടുതൽ ചേച്ചിയ്ക്ക് അനുഭവപ്പെട്ട പോലെ എനിക്കു തോന്നി.

വരന്റെ ഗൃഹത്തിലേക്ക് പോകാനായി കാറിലേക്ക് കയറുമ്പോൾ അച്ഛനെയും അമ്മയെയും മാറി മാറി കെട്ടിപിടിക്കുമ്പോഴും എന്റെ വലതു കയ്യിൽ ചേച്ചിയുടെ കൈ തെരുതെരെ മുറുകെ പിടിക്കുന്നുണ്ടായിരുന്നു. കാർ മുന്നോട്ടു ആയുമ്പോഴും കൈയിലെ പിടുത്തം അയഞ്ഞയഞ്ഞു വരുമ്പോൾ ആ മുഖത്തു നിന്നും ഒലിച്ചിറങ്ങിയ കണ്ണീരൊപ്പൊൻ ചേച്ചിയുടെ കയ്യിലെ കർച്ചീഫ് പോരാതെ വന്നു.

തിരികെ വീട്ടിലെത്തി ഓരോ സാധനങ്ങൾ പായ്ക്കു ചെയ്തു തിരിച്ചു കടയിലെത്തിക്കുമ്പോഴും ഇടയ്ക്ക് ഇടയ്ക്ക് തികട്ടി വരുന്ന കരച്ചിൽ നിയന്ത്രിക്കാൻ ഞാൻ നന്നേ പാടുപെട്ടിരുന്നു. കൂട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി ഒരു ഗ്ലാസ്‌ ബിയർ വീട്ടിൽ ആരും കാണാതെ കഴിച്ചെങ്കിലും ചേച്ചിയുടെ അഭാവം മറികിടക്കാൻ ആ ലഹരികൾക്കൊന്നും കഴിഞ്ഞിരുന്നില്ല.

അടുത്ത ദിവസം വന്നവരെല്ലാം തിരിച്ചു പോയപ്പോൾ, തിരക്കൊഴിഞ്ഞപ്പോൾ മുറ്റത്തു കൂടെ ഒരു കാര്യവുമില്ലാതെ ഞാൻ അങ്ങോട്ടും ഇങ്ങോട്ടും നടക്കുമ്പോഴും ഫോണിൽ വന്നു കൊണ്ടിരുന്ന പ്രിയയുടെ കാളുകൾക്കോ മെസ്സേജുകൾക്കോ മറുപടി പറയാൻ എനിക്ക് ആവുമായിരുന്നില്ല.

പെട്ടെന്ന് അകത്തേക്ക് കയറിപ്പോയ ഞാൻ ആരും കാണാതെ അലമാരയിൽ നിന്നും ചേച്ചിയുടെ പുതപ്പ് എടുത്തു കൊണ്ടു പോയി എന്റെ മുറിയിൽ കൊണ്ടു വച്ചു. രാത്രിയിൽ ആ പുതപ്പ് ദേഹത്ത് പൊതിയുമ്പോൾ ചേച്ചിയുടെ സാമീപ്യം എനിക്ക് അനുഭവപ്പെടുന്നുണ്ടായിരുന്നുവെങ്കിലും ഞാൻ എന്റെ ചേച്ചിയെ സ്നേഹിച്ചത് കുറഞ്ഞു പോയൊന്ന് എന്റെ മനസ്സാക്ഷി എന്നോട് ചോദിച്ചു കൊണ്ടിരുന്നു.

രാവിലെ വരാന്തയിലെ ചേച്ചി അടിച്ചുവരാറുള്ള ചൂലിൽ നിന്നും ദൃഷ്ടി മാറിയപ്പോൾ മുറ്റത്തെ മാവിൻതൈയും കറിവേപ്പും തുളസിയും വാടിത്തളർന്നു നിൽക്കുന്നത് കണ്ട് അതിലേക്കു ഞാൻ വെള്ളം നനച്ചു കൊടുക്കുമ്പോൾ അവരും പറയുന്നുണ്ടായിരിക്കണം ഈ വീട്ടിലെ “മഹാലക്ഷ്മി പോയല്ലേ” ന്ന്…

മൂന്നാം നാൾ ചേച്ചി വിരുന്നിനു വരുന്നതും കാത്തു സോഫയിലിരുന്ന എന്റെ കണ്ണുകൾ എപ്പോഴോ ഉറക്കത്തിലേക്കു വഴുതി വീണപ്പോൾ ഡാ പോത്തേ എഴുന്നേൽക്കേടാ ന്ന് പറഞ്ഞു തലയിൽ ഒരു കിഴുക്ക് വച്ചു തരുമ്പോൾ ചേച്ചിയെന്ന നഷ്ടവസന്തം എന്റെ അടുത്ത് വന്നു നില്പുണ്ടായിരുന്നു.

ചേച്ചിയെ വിളിച്ചു കൊണ്ടു ഞാനാ ഉമ്മറപ്പടിയിൽ പോയിരിക്കുമ്പോൾ മുറ്റത്തെ മാവിൻതൈയും കറിവേപ്പും തുളസിയും തല ഉയർത്തി നോക്കുന്നുണ്ടായിരുന്നു അവരുടെ മഹാലക്ഷ്മിയെ.

ഇതിനിടയിൽ ഞങ്ങളുടെ പൊട്ടിച്ചിരിയും ബഹളവും കേട്ട് അകത്തു നിന്ന് അളിയൻ അമ്മയോട് ചോദിക്കുന്നത് കേട്ടു “ഇവൾക്ക് ഇത്രയും ശബ്ദം ഉണ്ടായിരുന്നോ ന്ന്…”

“സ്വന്തം വീട്ടിലെത്തിയാൽ എല്ലാ പെണ്ണുങ്ങളുടെയും ശബ്ദത്തിനു ഇത്തിരി കനം കൂടുതലാ മോനേ” ന്ന് അമ്മ പറയുമ്പോൾ വരാന്തയിലിരുന്ന് ഞാനും ചേച്ചിയും കണ്ണിറുക്കി ചിരിക്കുന്നുണ്ടായിരുന്നു…

(ഇതെല്ലാം ചിലപ്പോൾ ഒരു അനിയന്റെ ഭ്രമകല്പനകളാകാം,എല്ലാ ചേച്ചിമാർക്കും വേണ്ടി )