Story written by JK
ഇന്നവൾ എന്നേ വിളിച്ചത് മറ്റൊരു പേരാണ്….
അത് കേൾക്കെ വല്ലാത്ത നോവ് ഉള്ളിൽ..
ഒരു പക്ഷേ അവൾ എന്നേ ആഗ്രഹിക്കുന്നില്ലേ???
അതോർക്കേ ഹാരിസിന്റെ മിഴികൾ നനഞ്ഞു വന്നു…
അയാൾ മെല്ലെ നദിയയുടെ അടുത്തേക്ക് ചെന്നു…. ചെറിയ കുഞ്ഞുങ്ങളെ പോലെ ഒരു പേനയെടുത്ത് ഒരു കടലാസിൽ എന്തൊക്കെയോ കുത്തി വരയ്ക്കുകയാണ് അവൾ….
അൽഷിമേഴ്സ് എന്ന ഈ മറവിരോഗം കൊല്ലുന്നത് രോഗിയേ മാത്രമല്ല അത് കണ്ടു നിൽക്കുന്നവരെ കൂടിയാണെന്ന് ഹാരിസിന് അപ്പോൾ തോന്നി….
വീട്ടിൽ കല്യാണം കഴിക്കാൻ വേണ്ടി ഉപ്പയും ഉമ്മയും നിർബന്ധിക്കാൻ തുടങ്ങിയിട്ട് കാലങ്ങൾ ആയിരുന്നു…
ഉമ്മയുടെ കൂടെ പഠിച്ച ആന്റിയുടെ ഇളയ മകളെ പെണ്ണുകാണാൻ പോകാൻ ഉമ്മ ഏറെ നിർബന്ധിച്ചതിനുശേഷമാണ് സമ്മതം അറിയിച്ചത്….
പോവാം എന്ന് ഉമ്മയ്ക്ക് ഉറപ്പു കൊടുത്തപ്പോൾ ഉമ്മയുടെ സന്തോഷത്തിന് അതിരില്ലായിരുന്നു…
അവിടെ ചെന്ന് അവളെ കണ്ടു…
പേര് ചോദിച്ചപ്പോൾ നദിയ”””” എന്ന് പറഞ്ഞു…
ആളു ഭയങ്കര സുന്ദരിയായിരുന്നു ഒരു നോട്ടം കണ്ടപ്പോൾ തന്നെ എന്തോ അവൾ എന്റെ മനസ്സിൽ കയറി പറ്റി….
അവളോട് സംസാരിക്കാൻ എന്തെങ്കിലും ഉണ്ടെങ്കിൽ ആവാം എന്ന് പറഞ്ഞത് അനുസരിച്ച് ആണ് അവളുടെ കൂടെ അവളുടെ മുറിയിലേക്ക് ചെല്ലുന്നത്…..
അവിടെവച്ച് അവൾ പൊട്ടിക്കരഞ്ഞു പറഞ്ഞു കോളേജിൽ കൂടെ പഠിക്കുന്ന ആബിദ് എന്ന ഒരു ചെറുക്കനും ആയി അവൾ പ്രണയത്തിലാണ് എന്ന്..
അവന്റേത് വളരെ പാവപ്പെട്ട ഫാമിലി ആയതിനാൽ ആ ഒരു വിവാഹത്തിന് ഒരിക്കലും അവളുടെ വീട്ടുകാർ സമ്മതിക്കില്ല എന്നും അവൾ പറഞ്ഞു….
കരയാതിരിക്കാനും ഇതിൽ എനിക്ക് എന്താ ചെയ്യാൻ കഴിയുക എന്ന് നോക്കട്ടെ എന്നും ഉറപ്പു കൊടുത്താണ് അവിടെ നിന്നും ഇറങ്ങിയത്….
ആ ചെറുക്കനെ പറ്റി അന്വേഷിച്ചു വളരെ മോശപ്പെട്ട കാര്യങ്ങളാണ് അറിയാൻ കഴിഞ്ഞത് അവന് ഇതുപോലെ ഒരുപാട് പെൺകുട്ടികളുമായി ബന്ധമുണ്ടെന്ന്….
ആ പെണ്ണിനോട് അത് പറഞ്ഞപ്പോൾ അവൾ ആകെ തളർന്നു പോയിരുന്നു..
അന്നേരം അവർക്ക് ഒരു താങ്ങായി നിന്നു പിന്നീടെപ്പോഴോ അവൾക്ക് വിവാഹത്തിന് സമ്മതമാണെന്ന് അറിയിച്ചു അങ്ങനെയാണ് ഞങ്ങൾ തമ്മിലുള്ള വിവാഹം നടന്നത്..
ഒരു പക്ഷേ അവളെ മറ്റാരേക്കാൾ എനിക്ക് മനസ്സിലാക്കാൻ കഴിയും എന്ന് അവൾക്ക് തോന്നി കാണും…
ആദ്യം കണ്ടപ്പോൾ അവളോട് തോന്നിയ ഇഷ്ടം അതുപോലെതന്നെ മനസ്സിൽ നിന്നിരുന്നു…
അതുകൊണ്ടുതന്നെ അവൾക്ക് വിവാഹത്തിന് സമ്മതമാണ് എന്ന് അറിഞ്ഞപ്പോൾ എനിക്ക് രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വന്നില്ല….
വിവാഹം കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞപ്പോൾ അവളിൽ എന്തൊക്കെയോ പ്രശ്നങ്ങൾ കണ്ടു…
ചില കാര്യങ്ങൾ ഒക്കെ എഴുതാനുള്ള ബുദ്ധിമുട്ട്… എവിടെയെങ്കിലും എന്തെങ്കിലും വെച്ചാൽ അത് പിന്നീട് ഒട്ടും ഓർമ്മയില്ലാതെ വരിക..
ഗ്യാസ് അടുപ്പ് ഓൺ ചെയ്തിട്ട് എങ്ങോട്ടെങ്കിലും ഒക്കെ പോവുക..
എന്റെ വീട്ടുകാർ ഇത് അവളുടെ ഉപേക്ഷയായി എടുത്തു.. ഒരു കാര്യത്തിലും അവൾക്ക് സീരിയസ്നെസ് ഇല്ല എന്ന് അവർ എന്നെ ധരിപ്പിച്ചു…
അവളെ ഞാൻ കുറെ ഉപദേശിച്ചു ഇങ്ങനെയൊന്നും ആയാൽ പോരാ കുറച്ചു കൂടി ഉത്തരവാദിത്വം കാണിക്കണം എന്നൊക്കെ പറഞ്ഞു..
അപ്പോഴെല്ലാം അവൾ കരഞ്ഞു കൊണ്ട് ഇത് അവൾ മനപ്പൂർവ്വമല്ല എന്ന് പറഞ്ഞു കൊണ്ടിരുന്നു….
അപ്പോഴാണ് ഞാൻ അവളെയും കൂട്ടി ഒരു ഡോക്ടറുടെ അടുത്തു ചെന്നത്…
ഇത്രയും പ്രായം കുറഞ്ഞ വ്യക്തികളിൽ ഈ ഒരു അസുഖം വരുന്നത് അപൂർവ്വം ആണത്രേ…
ക്രമേണ അവളുടെ എല്ലാ ഓർമകളും നഷ്ടപ്പെടുമെന്ന് ഡോക്ടർ എന്നോട് പറഞ്ഞു അത് കേട്ട് അവൾ എന്റെ കയ്യിൽ മുറുകെ പിടിച്ചിരുന്നു….
എന്നെ എന്റെ വീട്ടിൽ കൊണ്ടാക്കിക്കൊള്ളൂ എന്ന് അവൾ എന്നോട് പറഞ്ഞു….
അതിനെല്ലാം നിന്നെ ഞാൻ കൂടെക്കൂട്ടിയത് എന്നായിരുന്നു എന്റെ മറുപടി….
അവളുടെ അസുഖത്തെ പറ്റി ആരോടും പറഞ്ഞില്ല അതുകൊണ്ടുതന്നെ വീട്ടുകാർ അവളെ പലരീതിയിലും തെറ്റിദ്ധരിച്ചു….
ഒടുവിൽ അവളെയും കൊണ്ട് ഞാൻ അവിടെ നിന്നും മാറി താമസിച്ചു… ഓരോ ദിവസം ഓരോ ഓർമ്മകളായി അവളിൽ നിന്നും നഷ്ടപ്പെട്ടു കൊണ്ടിരുന്നു…
പക്ഷേ ഞാനും ഞങ്ങൾ തമ്മിലുള്ള വിവാഹവും അവളിൽ നിന്നും മായ്ക്കാൻ കഴിഞ്ഞില്ല ഇതിനിടയിൽ അവൾ ഗർഭിണിയാണ് എന്ന് കൂടി അറിഞ്ഞു…..
പക്ഷേ ഡോക്ടർ അത് വേണ്ടെന്നു വയ്ക്കാൻ ഞങ്ങളെ നിർബന്ധിച്ചു ഈയൊരു സ്റ്റേജിൽ അവൾക്ക് അതിന് കഴിയില്ലത്രേ….
പ്രാണൻ പറിച്ചെടുക്കുന്ന സങ്കടത്തോടെ കൂടി അതിന് ഒപ്പിട്ടു കൊടുത്തു ഞാൻ…
അബോർഷൻ പ്രൊസീജിയർ കഴിഞ്ഞ് അവൾ തിരികെ വരുമ്പോൾ എന്ത് അവളോട് പറയും എന്ന ചിന്തയിലായിരുന്നു ഞാൻ….
പക്ഷേ അവൾ നോർമൽ ആയിരുന്നു അവൾക്ക് ഒന്നും ഓർമ്മയില്ലായിരുന്നു….
ഞാൻ കൊടുത്ത സ്നേഹവും അതിന്റെ ഫലമായി അവളുടെ ഉള്ളിൽ നാമ്പിട്ട ഞങ്ങളുടെ കുരുന്നിനെയും ഒന്നും അവൾക്ക് ഓർമ്മയില്ല….
അവൾ ചിരിയോടു കൂടി എന്നോട് സംസാരിച്ചു അത് കേട്ട് ചിരിക്കണോ കരയണോ എന്നറിയാതെ ഞാൻ നിന്നു…
ഇന്ന് അവൾ എന്നെ വിളിച്ചത് ആബിദ്”””‘ എന്നാണ്…
അവളുടെ ആദ്യത്തെ പ്രണയം…. അവളെ നിരാശപ്പെടുത്താതെ ഞാൻ വിളി കേട്ടു… ആബിദ് എന്നുപറഞ്ഞ് അവൾ ഒരുപാട് കാര്യങ്ങൾ എന്നോട് പറഞ്ഞു ഒക്കെ പണ്ടെങ്ങോ അവർക്കിടയിൽ സംഭവിച്ചത്….
ചങ്ക് പറിച്ച് സ്നേഹിച്ചിട്ടും അവൾ മറ്റൊരാളുടെ പേര് പറഞ്ഞു എന്നോട് സംസാരിക്കുന്നത് എന്നെ വല്ലാതെ തളർത്തി അവളെന്നെ ആഗ്രഹിക്കുന്നില്ല എന്ന് പോലും എനിക്ക് തോന്നി…
ഞാൻ സ്നേഹിച്ച അതിന്റെ അത്രയും തീവ്രതയിൽ അവളെന്നെ സ്നേഹിച്ചിരുന്നില്ലെ???
അറിയാതോരു സംശയം ഉള്ളിൽ മുളപൊട്ടി പക്ഷേ പിന്നീട് അവൾ എഴുതിയ ഒരു കുറിപ്പ്എ ന്റെ കയ്യിൽ കിട്ടിയിരുന്നു… എന്റെ എല്ലാ സംശയങ്ങൾക്കും ഉത്തരം എന്നപോലെ…
“”””””””ദൈവത്തിന്..,
നീ ഓരോ ഓർമ്മകളായി എന്നിൽ നിന്നും പറിച്ചെടുക്കുകയാണ്… എനിക്കതിൽ പരാതിയില്ല… ഇതെന്റെ വിധിയാണെന്ന കാര്യം ഞാൻ അംഗീകരിച്ചു കഴിഞ്ഞിരിക്കുന്നു…. പക്ഷേ എന്റെ ഹാരിസ് ഇക്കയെ പറ്റിയുള്ള ഓർമ്മകൾ മാത്രം നീ എന്നിൽ നിന്നും തിരിച്ചെടുക്കാ തിരിക്കുക…. ആ ഒരു കരുണ മാത്രം എന്നോട് നീ കാണിക്കുക… അത്രമേൽ ഞാൻ അദ്ദേഹത്തെ സ്നേഹിക്കുന്നു…. അതിനേക്കാൾ ഉപരി അദ്ദേഹം എന്നെയും.. അത് മാത്രം എന്നിൽ ബാക്കി നിർത്തി വേറെ എല്ലാം എടുത്തുകൊള്ളുക…..”””””””””
അത്രയും വായിച്ചു കഴിഞ്ഞപ്പോഴേക്കും ഹാരിസിന്റെ മിഴികൾ നിറഞ്ഞൊഴുകി..
ഓർമ്മകൾ അവളിൽ ഉള്ളപ്പോൾ എപ്പോഴോ അവൾ എഴുതി വച്ചതാണ്…..
അവളെ ഒന്ന് ചേർത്തണക്കാൻ തോന്നി ഓടിപ്പോയി….
കട്ടിലിൽ ചെരിഞ്ഞുകിടക്കുന്നവളെ എടുത്ത് മടിയിലേക്ക് കിടത്തി….
അവളുടെ നിലച്ച ഹൃദയതാളം ഹാരിസിന്റെ സമനില തെറ്റിച്ചു….
അലറിക്കരഞ്ഞ് അവളുടെ മുഖം ചുംബനം കൊണ്ട് മൂടുമ്പോൾ.. തണുത്തുമരവിച്ച ആ കൈകളിൽ അവൻ കെട്ടിയ മഹർ അവൾ മുറുകെ പിടിച്ചിരുന്നു ….