കടലാസ് തോണി
Story written by Sebin Boss J
കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…
നനുത്ത നനവുള്ള കടൽ തീരത്തെ മണൽപരപ്പിൽ പ്രിയപ്പെട്ടവളുടെ കൈകോർത്തിരിക്കുമ്പോഴും ഉള്ളിലെ ചൂടിനൊരു കുറവുമില്ലന്നത് ഷിബിനോർത്തു.
മണലിൽ വിരൽകൊണ്ട് ചിത്രങ്ങൾ വരച്ചു മുഖം കാൽമുട്ടിൽ അമർത്തി തിരകൾ നോക്കി ഇരുന്നുകൊണ്ട് നീന ഷിബിനെ നോക്കി .
“”കടലിനോളം ആഴമുള്ളതെന്തെങ്കിലും ഭൂമിയിൽ വേറെ കാണുമോ ഷിബിൻ ?””
അവൻ തിരകളിൽ നിന്നും നോട്ടം പിൻവലിച്ചു മുഖം തിരിച്ചവളെ നോക്കി.
കരഞ്ഞു കലങ്ങിയ കണ്ണുകളിൽ അപ്പോഴും പെയ്തുതോരാത്ത കാർമേഘങ്ങൾ ഉരുണ്ടുകൂടുന്നുണ്ടായിരുന്നു.
അവൻ പുഞ്ചിരിച്ചോണ്ടവളോട് പറഞ്ഞു.
“”ഉണ്ടല്ലോ..നിന്റെ മിഴികൾ….നിന്റെ മിഴികളുടെ ആഴങ്ങളിൽ വീണല്ലേ പണ്ട് ഞാൻ പ്രണയം പൂത്ത ഉറക്കമില്ലാത്ത രാവുകളിൽ വീർപ്പു മുട്ടി കഴിഞ്ഞിരുന്നത് “”
അവൾ ചൂണ്ടുവിരലും തള്ളവിരലും കൊണ്ടു അവന്റെ മീശ പിരിച്ചു മുകളിലോട്ടു ചുരുട്ടി.
”പോടാ ..ഈ സമയത്തും നിനക്കെങ്ങനെ ഇങ്ങനെ സംസാരിക്കാൻ കഴിയുന്നു ?”
“”അതിനെന്താ കുഴപ്പം…നീ എന്റെ അല്ലെ… നമ്മൾ ഇപ്പോൾ ഒരിക്കലും വേർപ്പെടാതെ ഉറങ്ങാൻ പോകല്ലേ “”
ഉള്ളിലെ തേങ്ങലുകൾ ഒരങ്ങൽ ആയി പുറത്തേക്കു വന്നതിനെ ഒതുക്കി അവളും പുഞ്ചിരിച്ചു.
“”ഐറിൻ ഇപ്പോൾ എന്തുചെയ്യാവും ഷിബിൻ?. അത്താഴം കഴിച്ചു കൂട്ടുകാരികൾ ക്കൊപ്പം ഉറങ്ങാൻ കിടന്നുകാണുമോ ? അവളേയും നമ്മുക്ക് കൂടെ കൂട്ടായിരുന്നു. അവൾ അനാഥയാവില്ലേ ഷിബിൻ .നമ്മൾ ഇല്ലെങ്കിൽ പിന്നെയാരുണ്ട് അവൾക്ക് കൂട്ടായി?””
ഷിബിൻ അവളുടെ കൈകളിൽ തന്റെ കൈപ്പത്തി അമർത്തി പിടിച്ചു മിഴികൾ അനന്തമായ കടലിലേക്ക് നീട്ടി
“”വേണ്ട നീന …അവൾക്ക് ചിറകു മുളക്കുന്നതല്ലേ ഉള്ളൂ .. അവൾ പറന്നീ ലോകം കാണട്ടെ .അവൾക്ക് അതിനുള്ള കരുത്തു കിട്ടിക്കോളും.. “”
അവൾ ഒരു തേങ്ങലോടെ അവനിലേക്ക് ചാഞ്ഞു.
ബീച്ചിൽ ആളുകളുടെ തിരക്കൊഴിഞ്ഞ് തുടങ്ങി.
ചിലയിടങ്ങളിൽ മാത്രം ഒറ്റപ്പെട്ടു ചിലർ ഇരിക്കുന്നു. അവരും തോറ്റുപോയവർ ആയിരിക്കുമോ
പറഞ്ഞു തീരാത്ത ദുഃഖങ്ങൾ പിന്നെയും പിന്നെയും കടലിനോട് പറയുകയാവും അവരും
ജീവിതം എത്രപെട്ടെന്നാണ് മാറിമാറിയുന്നത്പൂ ർണതയിൽ നിന്നും ശൂന്യതയിലേക്ക് വലിച്ചെറിയപ്പെടുന്നത്.
അതും കണ്ണുകൾക്ക് നേരിട്ടു കാണാൻ കഴിയാത്ത ഒരു ചെറിയ ജീവികാരണം. ജീവിതത്തിന്റെ താളം തെറ്റി കാലിടറി വീണുപോവുക .
എല്ലാം നഷ്ടപ്പെട്ടു നിരാലംബർ ആവുക. ജീവിതം തന്നെ ഇങ്ങനെ ഇവിടെ കൊണ്ടുനിർത്തും എന്നൊരിക്കലും കരുതിയതേയില്ല ..
ക്യാപസ് ഇന്റർവ്യൂവിൽ ഒരു കിട്ടിയപ്പോൾ അനാഥനായ തനിക്ക് മറ്റാരെയും ആശ്രയിക്കാതെ ജീവിക്കാമെന്നുള്ള സന്തോഷത്തിനേക്കാൾ ഉപരി രണ്ടാനച്ഛന്റെ പീ ഡനങ്ങളിൽ നിന്ന് നീനയെ രക്ഷിക്കാം എന്നുള്ള സന്തോഷമായിരുന്നു മനസ്സിൽ അലയടിച്ചത് .
നീന …
അനാഥനെന്നുള്ള അപകർഷതാബോധത്തിൽ നിന്ന് തന്നെ കരകയറ്റിയത് അവളാണ് .
കാണാൻ അത്ര മോശമല്ലാതിരുന്നിട്ടും അനാഥൻ എന്നുള്ള കാഴ്ചപ്പാടിൽ നാളിതുവരെയും അധികം കൂട്ടുകാർ ആരുമുണ്ടായിരുന്നില്ല . ഇടക്ക് സംസാരിക്കാൻ വരുന്നവർ സഹതാപത്തോടെ സമീപിച്ചിരുന്നവരും .
നീന വന്നിങ്ങോട്ട് സംസാരിച്ചപ്പോഴും അനാഥൻ എന്നുള്ള സഹതാപം കൊണ്ടെന്നായിരുന്നു കരുതിയിരുന്നത് . ഇടവേളകളിൽ കൂടിക്കാഴ്ചകളുടെ ദൈർഖ്യം കൂടിയപ്പോഴാണ് അവളും പുറമെ നാഥരുണ്ടെങ്കിലും അനാഥമായ ജീവിതത്തിനുടമയാണെന്ന് മനസിലായത് . നീനയുടെ പപ്പാ ചെറുപ്പത്തിലേ മരിച്ചുപോയതാണ് . വീട്ടുകാരുടെ നിർബന്ധത്താൽ മമ്മ രണ്ടാമതും വിവാഹം കഴിച്ചു . അതിൽ രണ്ട് കുട്ടികളും . ജീവിതത്തിനൊരർത്ഥം കണ്ടെത്താൻ എല്ലാവരെയും പോലെ നീനയുടെ മമ്മയും പ്രവാസി ആയപ്പോൾ നീനയായിരുന്നു അനിയനും അനിയത്തിക്കും അമ്മയായത് .
അപ്പയെന്ന് വിളിച്ചിരുന്നയാളുടെ ലാളനയുടെ നിറം മാറി തുടങ്ങിയത് അവൾ പ്രായപൂർത്തിയായപ്പോഴാണ്. സ്വന്തം മക്കളെക്കാൾ നീനയെ ലാളിക്കുന്ന തിന്റെ അർത്ഥം പറഞ്ഞുതരാൻ മമ്മയുണ്ടായിരുന്നില്ല . അറിയുവാനുള്ള പ്രായമായപ്പോഴേക്കും എല്ലാം കൈവിട്ടിരുന്നു .
“” നിനക്കും എന്നോട് സഹതാപമാണോ ഷിബിൻ …അതോ വെറുപ്പോ ?” അന്ന് ഉള്ളിലെ സങ്കടങ്ങൾ ഇതേ കടൽത്തീരത്തുവെച്ചാണവൾ ഒഴുക്കിക്കളഞ്ഞത് .
മറുപടിയായി താനൊന്ന് ചിരിച്ചതേയുള്ളൂ …
”എനിക്കറിയാം ..നീയെന്നെ ഇപ്പോൾ വെറുക്കുന്നുണ്ടെന്ന് . ഷിബിൻ .. എന്തും പറയാനുള്ള , കേൾക്കാൻ പറ്റുന്നൊരു സൗഹൃദം ഉണ്ടെങ്കിൽ ജീവിക്കാൻ തോന്നിക്കും … അങ്ങനെയുള്ള ഒരാൾ എന്റെ ജീവിതത്തിലിതേവരെ ഉണ്ടായിട്ടില്ലായെന്നല്ല … അങ്ങനെയൊരാൾ വന്നാൽ , അയാളോടിത് സംസാരിച്ചാൽ പിന്നെ ഒന്നുകിൽ എന്റെ ശരീരത്തോട് ആർത്തി ..അല്ലെങ്കിൽ സഹതാപം …. ”’
“”ഷിബിൻ ….നിനക്കെന്താണിപ്പോൾ എന്നോടുള്ള വികാരം ? സഹതാപമോ …അതോ ..?”’
ഒട്ടൊന്ന് നിർത്തി നീന തന്നോടുചോദിച്ചു .
അവളുടെ കണ്ണുകളിൽ അസ്തമയ സൂര്യനെക്കാൾ ചുവപ്പായിരുന്നു അന്ന് …
താനൊന്നും പറഞ്ഞില്ല അതിനു മറുപടിയായി …
പൊള്ളുന്ന മണൽ തരികൾക്കിടയിൽ കിടന്ന് വെന്ത ഒരുപാക്കറ്റ് കപ്പലണ്ടി വാങ്ങി താനവൾക്ക് നീട്ടി .
”നീനാ …. അതിൽ മണൽ ഉണ്ടാകും ..സൂക്ഷിച്ചു കഴിക്കണം . കപ്പലണ്ടി എല്ലായിടവും വെന്തു വരുവാൻ മനൽത്തരികൾ ആണ് നല്ലത്.. ഞാൻ വളർന്നതും ഇതേപോലെ കനലിൽ വെന്തുരുകിയാണ് . തീച്ചൂളയിൽ വേവുന്ന ഇഷ്ടികക്ക് ഉറപ്പും ഈടും കൂടും ..ഈ കപ്പലണ്ടിക്ക് സ്വാദും ”’
”എന്നുവെച്ചാൽ …. ?” നീനക്കൊന്നും മനസ്സിലായില്ല
”എന്നുവെച്ചാൽ ഒന്നുമില്ല ..സമയം വൈകി .. ഇനിയും വൈകിയാൽ നിന്റെ അപ്പ …. ”’
”സാരമില്ല .. കുറച്ച് സമയം ഇരിക്കട്ടെടാ …ഇനിയൊരു മാസം കൂടിയല്ലേ കോളേജുള്ളൂ .. അത് കഴിഞ്ഞാൽ നീയേതെങ്കിലും സ്ഥലത്തേക്ക് പഠനത്തിനോ അല്ലെങ്കിൽ ജോലിക്കോ പോകും …ഞാൻ …ഞാൻ ഞാനിപ്പോൾ ചെയ്യുന്ന പാർട്ട് ടൈം ജോബ് ഫുൾ ടൈം ആക്കും .. അയാളുടെ ഭാര്യ ..കീപ് … മകൾ …എന്താണതിനെ വിശേഷിപ്പിക്കേണ്ടതെന്ന് അറിയില്ല … “” നീനയോന്ന് തേങ്ങിയതുപോലെ തോന്നി
”ഷിബിൻ …നിനക്ക് ..നിനക്കെന്നോട് ഒന്നും തോന്നുന്നില്ലെടാ …”‘ അവസാനത്തെ കടലയും വായിലേക്കിട്ടിട്ട് പൂഴിയും കുടഞ്ഞവൾ എഴുന്നേറ്റിട്ട് ചോദിച്ചു
”’ ഇല്ല ”
“‘സത്യം ?” അവളുടെ ;കണ്ണുകൾ വിടർന്നു .
“‘സത്യം …”’
“‘എന്നാൽ ..എന്നാൽ ഞാനൊന്ന് കെട്ടിപ്പിടിച്ചോട്ടെ …കലർപ്പില്ലാതെ ഒന്ന് കെട്ടിപ്പിടിക്കാൻ ..”‘
അന്നവൾ തന്നെ കെട്ടിപ്പിടിച്ചു കുറെ സമയം കരഞ്ഞു …
*****************
“”ഷിബിൻ …””
രണ്ടുമൂന്നു തവണ നീന വിളിച്ചതിനു ശേഷമാണ് അവൻ ഓർമ്മകളിൽ നിന്നും മടങ്ങിയത്
“”വായിച്ചിട്ടേ ഉള്ളൂ വലിയ കോടീശ്വരൻമാർ പാപ്പരായി എന്ന്.കോടീശ്വരൻ അല്ലായിരുന്നുവെങ്കിലും അതുപോലെ നമ്മളും പാപ്പരായി അല്ലെ ? പക്ഷെ , അവരൊന്നും മരിക്കുന്നില്ലല്ലോ ഷിബിൻ.””
“” കയറിക്കിടക്കാനുള്ള വീട് പോലും നഷ്ടപ്പെട്ട നമ്മൾ…ആത്മാഭിമാനം എന്നൊന്ന് ഉണ്ട് നീന””ഷിബിൻ നീനയുടെ ചോദ്യത്തിന് മുന്നിൽ ഒന്ന് പതറി.
“”ആത്മാന്മാഭിമാനമുള്ളവർ ആണോ അപ്പോൾ ആത്മഹ ത്യചെയ്യുന്നത്? ആണോ ഷിബിൻ?””
അവളുടെ ചോദ്യത്തെ നേരിടാനാവാതെ അവളിൽ നിന്നും മിഴികൾ പറിച്ചവൻ തിരകളെണ്ണി
അവൾ അവനിലേക്ക് ചേർന്നുനിന്ന് അവന്റെ ഒരുകൈ കോർത്തു പിടിച്ചു.
“”എന്താണ് ഷിബിൻ നമ്മുടെ ഈ ആത്മാഭിമാനം . തോൽവിയെ പേടിച്ചു ആത്മഹ ത്യ ചെയുന്നതാണോ.. ? നഷ്ടങ്ങൾ വെറും മനുഷ്യരായ നമ്മൾ നേടിയ സമ്പത്തും പദവികളും ആണെന്ന് നമുക്ക് തോന്നുന്നതല്ലേ ? അതിനുമപ്പുറം മൂല്യമില്ലേ നമ്മുടെ ജീവന്? നഷ്ടപ്പെട്ടത് നമുക്ക് നേടുവാൻ കഴിയില്ല എന്നുണ്ടോ?ചിലപ്പോൾ അതിലും മൂല്യമുള്ളതെന്തെങ്കിലും നേടാൻ നമുക്ക് കഴിഞ്ഞാലോ? അറിവുകൊണ്ടെങ്കിലും ഇനിയുള്ള ജീവിതത്തിൽ.?””
”ഓർക്കുന്നുണ്ടോ നീ അന്ന് ജോലി കിട്ടിയ വിവരം പറയുവാനോടി എന്റടുത്ത് വന്നത് . ഞാൻ അന്ന് അയാളുടെ ശരീരത്തിൽ നിന്ന് അ ർദ്ധനഗ് നയായാണ് നിന്റെ ശബ്ദം കേട്ടപ്പോൾ ഓടിയിറങ്ങിവന്നത് . ഈ ഭൂമുഖത്ത് എനിക്കെ ന്നോരാൾ ഉണ്ടെങ്കിൽ അത് നീയാണ് ..നിന്നോട് ഒന്ന് സംസാരിക്കണമെന്ന് മാത്രമേ ഞാൻ അന്നോർത്തുള്ളൂ . ജോലി കിട്ടിയ വിവരം നീ പറഞ്ഞപ്പോൾ മറ്റൊന്നും ചിന്തിക്കാതെ സന്തോഷം കൊണ്ട് ഞാൻ നിന്നെ കെട്ടിപ്പിടിക്കാനാഞ്ഞു ..നീ അന്ന് പുറകോട്ട് മാറി … മറ്റൊരാളുടെ വിയർപ്പിന്റെ മണം ശരീരത്താകരുതെന്ന് നീയും ചിന്തിക്കുന്നെന്ന് അറിഞ്ഞപ്പോൾ എനിക്ക് ആദ്യമായി ജീവനൊടുക്കാൻ തോന്നിപ്പോയി ….”
”പക്ഷെ ..പക്ഷേ ഇപ്പോൾ കെട്ടിപ്പിടിച്ചാൽ നിനക്കും എന്നോട് വികാരങ്ങൾ ഉണ്ടാകുമെന്നും അതവിടെ വെച്ചല്ല നിനക്കിഷ്ടമാണെങ്കിൽ അത് നമ്മുടെ മണിയറയിൽ വെച്ചാകാമെന്നും കാത്തിരിക്കണമെന്നും നീ പറഞ്ഞപ്പോൾ ഞാൻ അനുഭവിച്ച വികാരം നിനക്കൊരിക്കലും മനസ്സിലാകില്ല ഷിബിൻ … ”’
” ശരീരത്തിലെ കറ വെറും പുകമറയാണെന്നും നീ കാണുന്നത് എന്റെ മനസ്സിനുള്ളിലെ കത്തുന്ന വെളിച്ചമാണെന്നും പറഞ്ഞപ്പോൾ ഞാൻ വീണ്ടും കത്തുവാൻ തുടങ്ങി …. നിനക്ക് വേണ്ടി ആളി ക്കത്തുവാൻ…ആ എനിക്ക് നീ കൈ പിടിച്ചാൽ ഈ മണൽപരപ്പും പൂമെത്തയാണ്.. നിന്റെ കൈകൾക്കുള്ളിൽ ഞാൻ ഭദ്രവും…””
പറയുന്ന ഓരോ വാക്കിനൊപ്പവും അവളുടെ കയ്യിലുള്ള പിടുത്തത്തിനു ഭാരം കൂടുന്നപോലെ ഷിബിന് തോന്നി
കൈക്കുഴ കഴച്ചപ്പോൾ അവൻ അവളുടെ പിടുത്തം വിടിവിച്ചു
ഉള്ളിൽ നിന്നും എന്തോ ഉരുണ്ടു കയറി തൊണ്ടക്കുഴിയിൽ ഇരുന്നു വീർപ്പു മുട്ടിക്കുന്നപോലെ
കാലുകൾക്ക് തളർച്ച തോന്നിയപ്പോൾ അവൻ മണലിലേക്കിരുന്നു
അവന്റെ മുടിയിഴകളിൽ നീനയുടെ വിരലുകൾ ഒഴുകിനടന്നു
“”എന്തിനുമുള്ള ഒരു പോംവഴിയായി മരണത്തെ എന്തിനാണ് നമ്മൾ എടുക്കുന്നത്.കോവിഡ് മഹാമാരിയിൽ നിന്നും ശ്വാസം പോലും കിട്ടാനാവാത്ത അവസ്ഥയിൽ നിന്ന് നമ്മൾ രക്ഷപ്പെട്ടത് ഇന്നിങ്ങനെ മരിക്കുവാൻ ആയിരുന്നോ?””
“”നമ്മുക്ക് മരിക്കണ്ട ഷിബിൻ. എനിക്ക് നിന്നെ സ്നേഹിച്ചുമതിയായില്ല
എന്റെ മോളേ കണ്ടുമതിയായില്ല
അവളുടെ വളർച്ചകൾ സ്വപ്നങ്ങൾ അതിനൊക്കെ ഞാൻ കൂടെ വേണ്ടേ ? കൂട്ടുകാരോടൊപ്പം ടൂർ കഴിഞ്ഞ് അവൾ മടങ്ങിയെത്തുമ്പോൾ അവൾ നമ്മളെ തിരക്കില്ലേ… അനാഥരുടെ വിഷമങ്ങൾ നീ എപ്പോഴും പറയാറുള്ള തല്ലായിരുന്നോ… ഒന്നോർത്തു നോക്കിക്കേ ഐറിനും ആ അവസ്ഥയിൽ..””
“നമ്മൾ ഒരേ ഹൃദയത്തോടെ നിൽക്കുമ്പോൾ എന്താണ് നമുക്ക് നഷ്ടം
കടലോളം സ്നേഹമില്ലേ നമുക്ക്?. പരസ്പരം പങ്കുവച്ചുനൽകാൻ കടലിനെ ക്കാളും ആഴമില്ലേ നമ്മളൊത്തു ണ്ടായിരുന്ന നല്ല നിമിഷങ്ങൾക്ക്.നമ്മുടെ മോളെ ക്കുറിച്ചുള്ള നമ്മുടെ സ്വപ്നങ്ങൾക്ക്. നഷ്ടങ്ങളെല്ലാം നമ്മൾ നേടിയ വെറും പുറംമോടി മാത്രമാണ്. നമ്മുടെ ജീവനോ ജീവിതമോ അല്ല. അതു നമ്മുടെ കയ്യിൽ അല്ലേ?പട്ടിണി ആണെങ്കിലും നമുക്ക് ഒരുമിച്ചു നേരിടാം. ഒരിക്കലും പരിഭവങ്ങളോ പരാതികളോ ഇല്ലാതെ ഇങ്ങനെ സ്നേഹിച്ചു ജീവിക്കാം ഷിബിൻ?””
ഷിബിൻ നീനയുടെ ഇരുകൈകളും എടുത്താ കൈപ്പത്തികളിൽ മിഴിനീരിന്റെ ഉപ്പുനുണഞ്ഞുമ്മവച്ചു.
അവളുടെ ചുണ്ടുകൾ അവന്റെ ശിരസിലമർന്നു
അവൾ വിറയാർന്ന സ്വരത്തോടെ അവനോടു പറഞ്ഞുകൊണ്ടേയിരുന്നു.
ആദ്യ ശമ്പളം കിട്ടിയപ്പോൾ നീനയെ വിളിച്ചിറക്കി കൊണ്ട് പോന്നതാണ്.. വാടക വീട്ടിൽ തുടങ്ങി സ്വന്തമായി ഒരു വീടെന്ന സ്വപ്നവും പൂവണിഞ്ഞ പ്പോഴാണ്ഐ റിൻ നീനയുടെ വയറ്റിൽ രൂപപ്പെട്ടത്. ഒന്നിൽ നിന്ന് തുടങ്ങിയവന് സമ്പാദ്യങ്ങൾ ഒന്നുമില്ലായിരുന്നു.. കോവിഡ് മഹാമാരി അനേകർക്ക് ജോലി നഷ്ടപ്പെടുത്തിയപ്പോൾ അതി ലൊരാൾ താനും.. ഉണ്ടായിരുന്ന വീടും അടവ് മുടങ്ങി ,ജോലിയും നഷ്ടപ്പോൾ ഇനിയെന്ത് എന്നുള്ള ചിന്ത…
ഇവിടെ ജീവിച്ചിരിക്കുന്നവരുടെ വയർ നിറയുന്നുവോ എന്നാരും തിരക്കില്ല.. അവൻ രോഗാവസ്ഥയിൽ കഴിഞ്ഞാലും പട്ടിണി കിടന്നാലും ആരും തിരിഞ്ഞു നോക്കില്ല. അവന് കിടപ്പാടം ഇല്ലെങ്കിൽ ആരും അഭയം കൊടുക്കില്ല…
ഒരു പക്ഷെ അനാഥയായാൽ ഐറിനെ ആരെങ്കിലും ദത്ത് എടുത്തു കൊള്ളും. അവൾ എങ്കിലും സസുഖം ഈ ഭൂമിയിൽ ജീവിക്കട്ടെ..
ഷിബിന്റെ ഉള്ളിൽ കടലിനെക്കാൾ വലിയ തിരമാലകൾ ആയിരുന്നു..ഒരു കടലാസ് തോണിയെന്ന പോൽ അവന്റെ മനസ് ചിന്തകളാൽആടിയുലഞ്ഞു.
“”നമുക്ക് നമ്മൾ ഇല്ലേ നിനക്ക് ഞാനും എനിക്ക് നീയും.. നമ്മുക്ക് നമ്മുടെ മോളും. അതിന്റെ ആഴം അളക്കാൻ നഷ്ടപ്പെട്ട സ്വത്തിനൊ പണത്തിനോ സ്റ്റാറ്റസിനോ ഒന്നിനും കഴിയില്ല നമ്മുടെ മൂഢമായ തോന്നൽ മാത്രമാണ് നഷ്ടങ്ങൾ ഒക്കെയും””
നീന അവന്റെ കൈകൾ കൊരുത്തു പിന്നെയും പറയുന്നുണ്ടായിരുന്നു.
കടൽതീരത്തു ആളൊഴിഞ്ഞുതുടങ്ങി.
ഐസ് ക്രീം വിൽക്കുന്ന കച്ചവടക്കാരൻ തന്റെ മുച്ചക്രസൈക്കിൾ ഉന്തി മണിയടിച്ചുനടന്നകലുന്നു
ഷിബിൻ കൈകൾകുത്തി മണലിൽനിന്നുമെണീറ്റു.
നീനയുടെ കയ്യിൽ പിടിച്ചെഴുന്നേൽപ്പിച്ചു…എന്നിട്ടുറക്കെ വിളിച്ചുപറഞ്ഞു
“”രണ്ട് ഐസ്‌ക്രീം ചേട്ടോയ്”