കോളേജ് അവധിയിൽ ഒരു ഞായാറാഴ്ച അസ്‌നയുടെ ഉമ്മയും ബാപ്പയും ഒരു കല്യാണത്തിന് പോയപ്പോളാണ്…..

എഴുത്ത്:-സൽമാൻ സാലി

”ഇക്കാ ഞാനൊരു കാര്യം പറഞ്ഞാൽ ഇങ്ങള് അത് എഴുതുമൊ ..?

” ഇയ്യ്‌ അന്റെ കാര്യം ആണ് പറയുന്നതെങ്കിൽ ഇനി എഴുതാൻ ഒന്നുമില്ല .. ന്നാലും ഇയ്യ്‌ കാര്യം പറ ..!!

” ന്റെ കാര്യമൊന്നുമല്ല .. ഇങ്ങള് എഴുതുമെന്ന് ഉറപ്പുണ്ടെങ്കിൽ ഞാൻ പറയാം ..

” ഇയ്യ്‌ കാര്യം പറയെടി .. ഇയ്യ്‌ പറയാതെ തന്നെ ഞാൻ എഴുതുന്നുണ്ട് .. ഇനി ഇയ്യ്‌ പറഞ്ഞാൽ പിന്നെ ഞാൻ എഴുതാതിരിക്കുമൊ ..?

” അസ്‌ന കോളേജിലെ എന്റെ എറ്റവും അടുത്ത കൂട്ടുകാരി .. നന്നായി പാട്ട് പാടുന്ന നന്നായി ചിത്രം വരക്കുന്ന ഓളോട് എനിക്ക് എന്നും അസൂയ ആയിരുന്നു .. എന്നാലും ഓള് ന്റെ ചങ്ക് കൂട്ടുകാരി ..

കോളേജിൽ എന്നും ഞങ്ങൾ ഒരുമിച്ചാണ് നടക്കാറ് ..

ഡിഗ്രി സെക്കന്റ് ഇയർ അവധി കഴിഞ്ഞു അന്ന് ആദ്യ ദിവസം കോളേജിൽ പോകുമ്പോൾ എനിക്ക് എന്തെന്നില്ലാത്ത സന്തോഷമായിരുന്നു .. ഇനിമുതൽ എന്നും അസ്‌നയെ കാണാം അവളുടെ പാട്ട് കേൾക്കാം അങ്ങിനെ എന്തും തുറന്നു പറയുന്ന ചങ്കിലെ കാണാൻ ഉള്ള കൊതിയോടെയാണ് ഞാൻ അന്ന് കോളേജിലേക്ക് പോയത് ..

ഏറെ വൈകിയാണ് അന്ന് അസ്‌ന ക്ലസ്സിലേക്ക് വന്നത് ഓളെ കണ്ടപ്പോൾ ഞാൻ ശരിക്കും ഞെട്ടി .. മുഖമെല്ലാം വാടി കണ്ണുകൾക്ക് ചുറ്റും കറുപ്പ്‌ വന്നു ആകെ ക്ഷീണിച്ചിരിക്കുന്നു .. ഒരു ചെറു ചിറോയോടെ ഓള് ന്റെ അടുത്ത് വന്നിരുന്നു ..

” അല്ലെടി നിനക്കെന്ത പറ്റിയത് .. എന്റെ ചോദ്യത്തിന് ഉത്തരം നൽകാതെ അവൾ വേറെ എന്തൊക്കെയോ ചിന്തിക്കുകയാണ് ..

ക്‌ളാസിൽ എല്ലാരോടും ചിരിച്ചു കളിച്ചു നടന്നവൾ ആരോടും ഒന്നും മിണ്ടാതായി ക്‌ളാസിൽ വരും പോകും ആരുമായും ഒരു കമ്പനിയുമില്ല ..

അവളുടെ ആ മാറ്റം കണ്ടിട്ട് എനിക്ക് വല്ലാതെ സങ്കടം വന്നു .. പക്ഷെ എത്ര ചോദിച്ചിട്ടും ഓള് ഒന്നും പറയുന്നില്ല ..

ഒരു ദിവസം ഓള് നോട് ബുക്കിൽ എന്തോ കുത്തിവരക്കുന്നത് കണ്ടിട്ട് ഞാൻ ആ നോട്ട് പിടിച്ചുവാങ്ങി നോക്കി .. മുൻപ് അവൾ മനോഹരമായി വരച്ച ചിത്രങ്ങൾ മിഴുവൻ കുത്തിവരഞ്ഞു അലങ്കോലമാക്കി വെച്ചിരിക്കുന്നു ..

നാലഞ്ച് മാസം അവൾ ക്‌ളാസിൽ വന്നു .. പിന്നെ വരാതായി …

അതിന് ശേഷം അവളെ കാണുന്നത് ഒരു ദിവസം ലഞ്ച് ബ്രെക്കിൽ അവളുടെ വാപ്പയോടൊപ്പം അവളുടെ കല്യാണം വിളിക്കാൻ വന്നപ്പോളാണ് .. പക്ഷെ എന്നും ആ മുഖത്ത് ഒരു തരി സന്തോഷം കാണാൻ പറ്റിയിരുന്നില്ല …

ഷാഹി അതുവരെ പറഞ്ഞു നിർത്തി എന്റെ മുഖത്തേക്ക് നോക്കി ..

” ഇയ്യ്‌ ടെൻഷൻ ആക്കാണ്ട് കാര്യം പറ ഓൾക് എന്താ പറ്റിയെ ..?

എന്റെ ആകാംഷ കേട്ട് ഷാഹി പിന്നേം തുടർന്നു ..

അന്ന് ഓൾടെ കല്യാണ തലേ ദിവസം ഞങ്ങൾ കോളേജ് വിട്ട് എല്ലാരും കൂടെ അവളുടെ വീട്ടിലേക്ക് പോയത് ..

ഞങ്ങളെ കണ്ടതും ഓള് ഓടി വന്നു കെട്ടിപിടിച്ചു .. അവൾ ഞങ്ങളോട് സംസാരിക്കുമ്പോളും ഇടക്കിടക്ക്‌ അവൾ എന്തൊക്കെയോ പേടിയോടെ ചുറ്റും നോക്കികൊണ്ടിരുന്നു …

എല്ലാരും വേറെ തിരക്കിലായ നേരത്ത് ഞാൻ ഓളെ കൈ പിടിച്ചു അവളുടെ റൂമിലേക്ക് കൊണ്ടുപോയി ..

” എടീ അസ്‌ന എന്താ നിനക്ക് ഒരു സന്തോഷമില്ലാത്തത് .. നിന്റെ മുഖത്ത് എന്താ ഒരു പേടി പോലെ ? നിനക്ക് ഈ കല്യാണത്തിന് താല്പര്യം ഇല്ലേ ..?

എന്റെ ചോദ്യങ്ങൾ ഓരോന്നും കേൾക്കുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞുകൊണ്ടിരുന്നു ..

” എനിക്ക് പേടിയാ ഷാഹീ … എനിക്ക് ….എനിക്ക് …

അവൾ വിതുമ്പികൊണ്ട് എന്റെ ചുമലിലേക്ക് വീണു ..

പക്ഷെ അതിന് ശേഷം അവൾ പറഞ്ഞത് കേട്ട് നിറകണ്ണുകളോടെ ഞാൻ അവളുടെ ബെഡിലേക്ക് ഇരുന്ന് പോയി …!!!!

കോളേജ് അവധിയിൽ ഒരു ഞായാറാഴ്ച അസ്‌നയുടെ ഉമ്മയും ബാപ്പയും ഒരു കല്യാണത്തിന് പോയപ്പോളാണ് അവളുടെ ഒരു അമ്മാവൻ അവിടേക്ക് വന്നത് .. ഉമ്മറത്തിരുന്നു അസ്‌നയോട് സംസാരിച്ചുകൊണ്ട് അയാൾ ഒരു ബീഡിക്ക് തീ കൊളുത്തി അവിടെ ഇരുന്ന് വലിക്കാൻ തുടങ്ങി ..

അയാൾ വലിച്ചു തീരും വരെ അവളോട് ഓരോന്ന് സംസാരിച്ചുകൊണ്ടിരുന്നു .. ഇറങ്ങാൻ നേരം അയാൾക്ക് വെള്ളം വേണമെന്ന് പറഞ്ഞപ്പോളാണ് അവൾ അടുക്കളയിലേക്ക് പോയത് .. ഗ്ലാസിൽ വെള്ളം എടുത്തു തിരിഞ്ഞതും ബീഡിയുടെ മണമുള്ള ആയാളുടെ മുഖം അവളുടെ കവിളിൽ പതിഞ്ഞതും ഒരുമിച്ചായിരുന്നു …

പെട്ടെന്ന് കുതറി മാറാൻ ശ്രമിച്ചെങ്കിലും ആയാളുടെ ബലിഷ്ടമായ കരവാലയത്തിനുള്ളിൽ അവൾ ഞെരിഞ്ഞമർന്നു ….

അവളുടെ ലോകം അവസാനിക്കാൻ പോകുന്നു എന്ന് തോന്നിയ നിമിഷങ്ങൾ .. ഒടുവിൽ അയാൽ ഇറങ്ങിപോകുമ്പോൾ അവൾക്ക് എന്താണ് സംഭവിച്ചത് എന്നറിയില്ലായിരുന്നു …

അവൾ ആരോടും ഒന്നും പറഞ്ഞില്ല എല്ലാം ഉള്ളിലൊതുക്കി കഴിഞ്ഞുകൂടി .. രാത്രി ഉറങ്ങാൻ കിടന്നാൽ ബീടിമണമുള്ള ആ ദുഷ്ട മുഖം മനസ്സിൽ തെളിയും .. അതോടെ ഉറക്കം നഷ്ട്ടപ്പെട്ട് കരഞ്ഞു തീർത്ത രാത്രികൾ ഒരുപാട് കഴിഞ്ഞു പോയി .. ..

അവളുടെ സന്തോഷങ്ങൾ അവൾ മറന്നു .. എത്ര മറക്കാൻ ശ്രമിച്ചിട്ടും ആ ഒരു ദിവസം അവളുടെ മനസ്സിനെ വിടാതെ പിന്തുടരുന്നു …

അതിനിടയിലാണ് ഈ കല്യാണാലോചന വന്നത് .. അതോടെ അവളുടെ മനസ്സിൽ ഭയം കൂടി കൂടി വന്നു .. അവൾ ഇത്ര നാളും മനസ്സിലൊളിപ്പിച്ച രഹസ്യം ആരെങ്കിലും അറിയുമോ എന്നവൾ ഭയപ്പെട്ടു .. ..

അന്ന് കല്യാണ ദിവസം അവളോട് നടന്നതെല്ലാം മറക്കണം പുതിയ ജീവിതം തുടങ്ങുമ്പോൾ എല്ലാം ശരിയാവും എന്ന് പറഞ്ഞു സമാധാനിപ്പിച്ചാണ് അവിടുന്നിറങ്ങിയത് …

ആദ്യമൊക്കെ അവളുടെ ഭർത്താവ് അടുത്തേക്ക് വരുമ്പോൾ ദൂരേക്ക് മാറിനിൽക്കുന്നത് കണ്ടു എത്രയോ വട്ടം ദേഷ്യം പിടിച്ചു അവളുടെ ഭർത്താവ് റൂമിൽ നിന്നും ഇറങ്ങിപോയിട്ടുണ്ട് ..

കല്യാണം കഴിഞ്ഞു വർഷങ്ങൾ കഴിഞ്ഞു .. അവൾക്കിപ്പോൾ ഒരു കുഞ്ഞുമുണ്ട് .. പക്ഷെ ഇപ്പോഴും ഇടെക്കിടെക്ക് ബീടിമണമുള്ള ആ മുഖം ചില രാത്രികളിൽ അവളുടെ ഉറക്കം കെടുത്താറുണ്ട് …

സൽമാൻ & ഷാഹി ..

ഇന്ന് എട്ടും പത്തും വയസുള്ള കുട്ടികൾ വരെ ലൈം ഗിക ചൂഷണത്തിനിരയാവാറുണ്ട് .. ഒരിക്കൽ മാത്രമാണ് ചൂഷണം ചെയ്യപെടുന്നതെങ്കിലും ഭൂതകാലത്തെ ആ ഒരനുഭവം അവരെ എന്നും വേട്ടയാടിക്കൊണ്ടിരിക്കും ….

nb ഷാഹി പറഞ്ഞതുകൊണ്ട് എഴുതിയതാണ് .. എന്റെ എഴുത്ത് ഇങ്ങനെയല്ല ഞാനിങ്ങനെയല്ല