എഴുത്ത് :-കാർത്തിക
“”” ഇനി ഞാൻ എന്തിന്റെ പേരിലാണ് ഈ വീട്ടിൽ നിൽക്കേണ്ടത് അമ്മ എന്നെ നിർബന്ധിക്കരുത് ഞാൻ ഇവിടെ നിന്ന് ഇറങ്ങുകയാണ് അച്ഛനും എന്നോട് ക്ഷമിക്കണം!”””
എന്നും പറഞ്ഞ് ആ വീട്ടിൽ നിന്ന് പടിയിറങ്ങാൻ നോക്കിയപ്പോൾ അമ്മ മുന്നിൽ വന്നു നിന്നിരുന്നു നീ പടിയിറങ്ങിയാൽ അടുത്ത നിമിഷം ഞാൻ എന്റെ ജീവൻ തന്നെ വേണ്ട എന്ന് വയ്ക്കും എന്ന് പറഞ്ഞ് അമ്മ എന്നെ ധർമ്മ സങ്കടത്തിൽ ആക്കി എന്തുവേണമെന്ന് അറിയാതെ ഞാൻ അവിടെ തന്നെ നിന്നു അന്നേരം അച്ഛനും എന്റെ അരികിലേക്ക് വന്നു..
“”” നിന്നെ എന്റെ മകന്റെ ഭാര്യയായിട്ടല്ല മോളെ ഞാൻ കണ്ടിരിക്കുന്നത് ഞങ്ങളുടെ രണ്ടുപേരുടെയും സ്വന്തം മകൾ ആയിട്ട് തന്നെ ആണ് ഞങ്ങളുടെ മകൻ ഒരു വൃ ത്തികേട് കാണിച്ചു പക്ഷേ അതിന് ഞങ്ങൾ എന്ത് ചെയ്യാനാണ് ഒരിക്കലും ഞങ്ങൾ അംഗീകരിക്കില്ല അവന്റെ ആ ബന്ധവും ആ പെണ്ണിനേയും..
ഞങ്ങളുടെ മനസ്സിൽ എന്നും മരുമകളുടെ സ്ഥാനത്ത് നീ മാത്രമായിരിക്കും അതുകൊണ്ട് നീ ഇവിടെ ഞങ്ങളുടെ കൂടെ വേണം!!””
അച്ഛനും കൂടി അങ്ങനെ പറഞ്ഞപ്പോൾ പിന്നെ വേറെ മാർഗ്ഗമില്ലാതെ ബാഗും എടുത്ത് അകത്തേക്ക് പോയി അവിടെ മുറിയിൽ ചെന്നിരിക്കുമ്പോൾ ഓർമ്മകൾ എന്നെ ശ്വാസംമുട്ടിക്കുന്നത് പോലെ തോന്നി ആറുമാസം മുൻപേയാണ് ഈ വീട്ടിലെ മരുമകളായി ഞാൻ വലതുകാൽ വച്ച് കയറി വരുന്നത്…വിനീത് എന്നായിരുന്നു അയാളുടെ പേര് ഗൾഫിൽ നല്ല ജോലിയാണ്… പോരാത്തതിന് അമ്മയ്ക്കും അച്ഛനും ഒറ്റ മകനും അതുകൊണ്ടുതന്നെ.കൂടുതലൊന്നും അന്വേഷിക്കാതെ ഈ വിവാഹത്തിന് തയ്യാറാണ് എന്ന് എന്റെ വീട്ടുകാർ അറിയിച്ചു എനിക്കും ഇഷ്ടക്കേട് ഒന്നും ഉണ്ടായിരുന്നില്ല കാരണം വിനീതേട്ടൻ കാണാനും സുന്ദരനായിരുന്നു.
കല്യാണം കഴിഞ്ഞു വന്ന് ഇവിടെ കയറിയപ്പോഴാണ് കാര്യങ്ങളിൽ എന്തൊക്കെയോ പന്തികേട് എനിക്ക് അനുഭവപ്പെടാൻ തുടങ്ങിയത് ആള് ആദ്യരാത്രി എന്റെ മുറിയിലേക്ക് വന്നതു പോലുമില്ല!!
ഒരുപാട് മോഹങ്ങളോട് ജീവിതത്തിലേക്ക് കാലെടുത്തുവെച്ച് എനിക്ക് ആദ്യരാത്രി ഭർത്താവിനെയും കാത്തിരുന്ന് ഒറ്റക്ക് ഉറങ്ങാനാണ് വിധിച്ചത്!!”
പിറ്റേദിവസം ഞാൻ എണീറ്റത് അവിടത്തെ ബഹളം കേട്ടിട്ടാണ് വിനീതേട്ടനെ അമ്മയും അച്ഛനും കൂടി ചീ ത്ത പറയുന്നതാണ് കേട്ടത്..
“”” നിനക്ക് ഞങ്ങൾ പറയുന്നത് കേൾക്കാൻ വയ്യെങ്കിൽ ഇവിടെനിന്ന് ഇറങ്ങിക്കോ ഞങ്ങളുടെ മരുമകൾ അവളാണ്!!!”””‘.
എന്നെല്ലാം പറഞ്ഞ് അമ്മ ദേഷ്യപ്പെടുന്നുണ്ടായിരുന്നു.. അപ്പോൾ മാത്രമാണ് ഞാൻ അറിയുന്നത് വിനീതേട്ടന് അവിടെ ജോലിസ്ഥലത്തുള്ള ഒരു വിദേശി പെണ്ണുമായി സ്നേഹം ബന്ധം ഉണ്ടായിരുന്നു എന്ന് വിനീതേട്ടന് ആ പെൺകുട്ടിയെ മാത്രമേ കല്യാണം കഴിക്കാൻ കഴിയൂ എന്ന് പറഞ്ഞപ്പോൾ അച്ഛനും അമ്മയും എതിർത്തു അവർ മരിക്കും എന്നെല്ലാം പറഞ്ഞ് ഭീഷണിപ്പെടുത്തിയപ്പോൾ വേറെ നിവൃത്തിയില്ലാതെയാണ് എന്നെ കാണാൻ വന്നതും എന്റെ കഴുത്തിൽ താലികെട്ടുന്നതും ഇതൊന്നും അറിയാതെയാണ് ഞാൻ ഇതിന് തലവെച്ച് കൊടുത്തത് അമ്മയുടെയും അച്ഛനെയും വിചാരം എല്ലാം ക്രമേണ ശരിയായിക്കോളും എന്നാണ് പക്ഷേ കല്യാണം കഴിഞ്ഞ ഒരു മാസം കഴിഞ്ഞപ്പോഴേക്ക് ബാക്കിയുള്ള ലീവും ക്യാൻസൽ ചെയ്തു വിനീതേട്ടൻ ഗൾഫിലേക്ക് തന്നെ പോയി.
ഇതിനിടയിൽ എന്നെ ഒന്ന് നോക്കുകപോലും ചെയ്തിട്ടില്ല എന്നും വൈകുന്നേരം ഫ്രണ്ട്സിനോടൊപ്പം പുറത്തുപോയി രാവിലെ കയറി വരും… തീർത്തും അന്യരെപ്പോലെ ഞങ്ങൾ ആ വീട്ടിൽ താമസിച്ചു അമ്മ പലപ്പോഴും എന്നെ വിനീതേട്ടനുമായി കൂടുതൽ സംസാരിക്കുവാൻ എല്ലാം അവസരം ഒരുക്കി തന്ന് അടുത്തേക്ക് വിടുമെങ്കിലും എന്നെ ഒന്ന് നോക്കാനോ ഒരു വാക്ക് മിണ്ടാനോ പോലും ആള് തയ്യാറല്ലായിരുന്നു ഒടുവിൽ എനിക്കും മടുത്തു..
എന്റെ വീട്ടിൽ പറയരുത് എന്ന് അമ്മ എന്റെ കാലുപിടിച്ചു പറഞ്ഞതുകൊണ്ട് ഞാൻ അതിനും മെനക്കെട്ടില്ല കാരണം ഇതിനകം തന്നെ അമ്മയോടും അച്ഛനോടും വല്ലാത്തൊരു ബന്ധം എനിക്ക് ഉണ്ടായിരുന്നു എന്റെ സ്വന്തം അച്ഛനെയും അമ്മയെയും പോലെ.
വിനീതേട്ടൻ പോയപ്പോൾ എന്റെ എല്ലാ പ്രതീക്ഷകളും മാറി എന്നെങ്കിലും എന്നെ സ്നേഹിക്കാൻ തുടങ്ങും എന്നൊരു പ്രതീക്ഷ ഞാനും വച്ചു പുലർത്തിയിരുന്നു
പിന്നീട് അച്ഛനോടോ അമ്മയോടു പോലും യാതൊരുവിധ കോണ്ടാക്റ്റും ഉണ്ടായിരുന്നില്ല അവിടെ വിനീതേട്ടന്റെ തൊട്ടരികിൽ ജോലി ചെയ്തിരുന്ന ഒരാൾ വഴി ഞങ്ങൾക്ക് അറിയാൻ കഴിഞ്ഞു ആ പെൺകുട്ടിയുമായി ഇപ്പോൾ അവർ ഒരുമിച്ചാണ് താമസം എന്ന് അതോടെ ഞാനാകെ തകർന്നുപോയി ഇനിയും ഇവിടെ നിൽക്കുന്നതിൽ എന്ത് അർത്ഥമാണുള്ളത് എന്ന് കരുതി പുറത്തേക്ക് എന്റെ വീട്ടിലേക്ക് പോകാൻ നോക്കുമ്പോഴാണ് അച്ഛനും അമ്മയും തടസ്സമായി വന്നത്.
ഇനിയും എന്റെ വീട്ടിൽ അറിയാതിരുന്നാൽ ശരിയാവില്ല എന്ന് പറഞ്ഞത് പ്രകാരം അച്ഛനും അമ്മയും തന്നെയാണ് വീട്ടിൽ അറിയിച്ചത് ഞങ്ങളുടെ കല്യാണം രജിസ്റ്റർ ചെയ്യാൻ പോലും വിനീതേട്ടൻ തയ്യാറായില്ല നിയമപരമായും, ശാ രീരിക പരമായും വിവാഹത്തിനുമുമ്പ് എങ്ങനെയാണോ അതു പോലെ തന്നെയായിരുന്നു ഞാൻ.
നാലാളുടെ മുന്നിൽ വച്ച് ഒരു ലോഹത്തിന്റെ ചെയിൻ അയാളെ കഴുത്തിൽ കെട്ടി എന്നല്ലാതെ വേറെ ഒന്നും എന്റെ ജീവിതത്തിൽ സംഭവിച്ചിട്ടില്ല.
അതുകൊണ്ടുതന്നെ വിനീതേട്ടന്റെ അമ്മയാണ് ഒരു സജഷൻ പറഞ്ഞത് അവരുടെ ആങ്ങളയുടെ മകനുണ്ട് ചെറുപ്പത്തിലെ അച്ഛനും അമ്മയും നഷ്ടപ്പെട്ട ഉണ്ണിയേട്ടൻ അയാൾ അവരുടെ കാരുണ്യത്തിലാണ് വളർന്നത് ഇപ്പോൾ ജോലിയുമായി ബാംഗ്ലൂരാണ് അദ്ദേഹം നിന്നെ കല്യാണം കഴിക്കും എന്ന് പറഞ്ഞു!!!
ഇത്രയും ഒരു ട്രാജഡിയിലൂടെ കടന്നുപോയ എനിക്ക് പുതിയൊരു കല്യാണം എന്നത് അംഗീകരിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല പക്ഷേ എല്ലാവരും കൂടി പറഞ്ഞു അതിനൊപ്പം തന്നെ എന്റെ വീട്ടുകാരും.
ഉണ്ണിയേട്ടൻ ഒരു പാവമായിരുന്നു ചെറുപ്പം മുതലേ അനാഥനായതിന്റെ എല്ലാ പ്രശ്നവും അവൾക്കുണ്ടായിരുന്നു സ്നേഹിക്കാൻ ഒരാളെ കിട്ടിയപ്പോൾ എന്നെ പൊന്നുപോലെ നോക്കി.. എന്താഗ്രഹവും സാധിച്ചു തന്നു വിനീതേട്ടൻ എന്നെ അവഗണിച്ചതിന് പകരം വീട്ടുന്ന പോലെയായിരുന്നു ഉണ്ണിയേട്ടന് എന്നോടുള്ള സ്നേഹം…!!!
ചിലപ്പോഴൊക്കെ ഞാൻ കരുതും എനിക്ക് ഉണ്ണിയേട്ടനിലേക്ക് എത്തിച്ചേരാനുള്ള വെറുമൊരു മാധ്യമം മാത്രമായിരുന്നു വിനീത് എന്ന്..
ഞങ്ങൾ ബാംഗ്ലൂരിൽ നിന്ന് ഇടയ്ക്ക് നാട്ടിലേക്ക് പോകും ആ നേരം വിനീതിന്റെ വീട്ടിലാണ് താമസിക്കുക ഒരു ദിവസം അങ്ങോട്ടേക്ക് ചെന്നപ്പോൾ അവിടെ പ്രാകൃതനായി ഇരിക്കുന്ന വിനീതേട്ടനെയാണ് ഞങ്ങൾ കണ്ടത്.
വിദേശിയായ ആ പെൺകുട്ടി മറ്റാരുടെയോ കൂടെ പോയത്രേ.. അതിന്റെ പേരിൽ കുടി തുടങ്ങി, ജോലിയും പോയി ആകെ ഭ്രാന്തനായി നാട്ടിലേക്ക് അവിടെ നിന്ന് എല്ലാവരും കൂടി തിരിച്ചയച്ചിരിക്കുകയാണ്…
നാട്ടിലേക്ക് വന്നപ്പോൾ പിന്നെ വേറെ എങ്ങോട്ടും പോകാതെ വീട്ടിലേക്ക് തന്നെ വന്നു അയാളുടെ മനസ്സ് പോലും കൈവിട്ടു പോകുന്ന ഒരു അവസ്ഥയാണ് ഇപ്പോ എന്ന് ഭ്രാന്തനെ പോലുള്ള ആ കോലം കണ്ടതിൽ നിന്ന് എനിക്ക് മനസ്സിലായിരുന്നു ആ പെൺകുട്ടിയെ ആള് എത്രത്തോളം സ്നേഹിച്ചിരുന്നു എന്നും… എനിക്ക് അയാളോട് ദേഷ്യം തോന്നിയില്ല കാരണം അത് അയാളുടെ തെറ്റല്ലല്ലോ ഒരുപാട് പറഞ്ഞു നോക്കിയതാണ് അച്ഛനോടും അമ്മയോടും ഈ കല്യാണത്തിന് സമ്മതിക്കില്ല എന്ന് എന്നിട്ടും അവരാണ് എന്നെ അയാളുടെ തലയിൽ കെട്ടിവച്ച് കൊടുത്തത്..
അവരുടെ സ്വാർത്ഥത മൂലം എന്റെയും അയാളുടെയും ജീവിതം നശിക്കേണ്ട തായിരുന്നു പക്ഷേ ഉണ്ണിയേട്ടനെ പോലെ ഒരാൾ എന്റെ ജീവിതത്തിലേക്ക് കടന്നു വന്നതുകൊണ്ട് എന്റെ ജീവിതം മനോഹരമായി..
അയാളുടേത് അയാൾ തന്നെ തിരഞ്ഞെടുത്തതാണ്!!
ഞങ്ങൾ ഇത്തവണ വന്നത് ഒരു സന്തോഷവാർത്ത കൂടി പറയാനായിരുന്നു ഞങ്ങളുടെ ജീവിതത്തിലേക്ക് എട്ടു മാസങ്ങൾ കൂടി കഴിഞ്ഞാൽ ഒരു പുതിയ അതിഥി കൂടി വരും എന്ന്..
അത് കേട്ടതും വിനീതേട്ടന്റെ അമ്മയ്ക്ക് സന്തോഷമായി വിനീതേട്ടനും എന്നോട് മാപ്പ് പറഞ്ഞു ആശംസകൾ നേർന്നു ഞങ്ങളുടെ പുതിയ ജീവിതത്തിന്..
സന്തോഷത്തോടെ തിരികെ പോയി പിന്നീട് അറിയാൻ കഴിഞ്ഞത് ആള് വിഷാദരോഗത്തിന് അടിമയായി അത് വഴി ആത്മഹത്യക്ക് ശ്രമിച്ചു!!!
ഇപ്പോൾ ജീവച്ഛവം പോലെ കിടക്കുകയാണ് എന്ന്..
എന്നോട് ചെയ്ത തെറ്റിന് എന്ന് ഞാൻ ഒരിക്കലും പറയില്ല പൂർണമായും അത് അയാളുടെ തെറ്റായിരുന്നില്ല എങ്കിലും!!! മറ്റാരുടെയൊക്കെയോ തീരുമാനങ്ങളിലും ചെയ്തികളിലും ആ ജീവിതം തകർന്നു..
ചെറിയൊരു വിഷമം ഉണ്ടായിരുന്നു എനിക്ക്!! എങ്കിലും എനിക്കെന്റെ ഉണ്ണിയേട്ടൻ ചേർത്തു പിടിക്കാൻ ഉണ്ട്!!! അത് മതി..