മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ:
അകത്തളത്ത് വരാന്തയിൽ വെള്ളപുതച്ച് കിടത്തിയിരിക്കുന്ന തന്റെ പ്രിയപ്പെട്ട ശ്രീക്കുട്ടിയുടെ ജീവനറ്റ ശരീരം കണ്ട് ഹരി അലമുറയിട്ട് കരഞ്ഞു.
“ഹര്യേട്ടാ..”
എന്നുറക്കെ നിലവിളിച്ച് കൊണ്ടോടിവന്ന അനു ഹരിയുടെ കാൽക്കൽ തളർന്നു വീണു. ആരൊക്കയെ ചേർന്ന് അവളെ താങ്ങിയെടുത്ത് അകത്തെ മുറിയിൽ കൊണ്ടുപോയി കിടത്തി.
“ന്ന ഒറ്റയ്ക്കാക്കീട്ട് എന്തിനാ ന്റെ കുട്ടി പോയത്.. ന്നേയും കൊണ്ടാവായ്ര്ന്നില്ലെ അവക്ക്..”
ഇങ്ങനെ പലതും വിളിച്ച് പറഞ്ഞാണ് ശ്രീക്കുട്ടിയുടെ അമ്മ അലമുറയിട്ട് കരയുന്നത്. കണ്ടുനിൽക്കുന്നവർക്ക് കണ്ണീർ വാർക്കാനല്ലാതെ ഒന്നാശ്വസിപ്പിക്കാൻ പോലും കഴിഞ്ഞില്ല. അത്രക്ക് വേദനാജനകമായിരുന്നു അവിടുത്തെ അവസ്ഥ.
കരഞ്ഞു തളർന്ന ഹരിയെ ചന്ദ്രനും പ്രകാശനം ചേർന്ന്പി ടിച്ചെഴുന്നേൽപ്പിച്ച് ഒരു വശത്ത് കൊണ്ടുപോയി ഇരുത്തി. ഒന്നുമറിയാതെ നിശ്ശബ്ദമായി ഉറങ്ങുന്ന ശ്രീക്കുട്ടിയുടെ മുഖത്ത് നിന്നും കണ്ണടുക്കാതെ മരത്തൂണും ചാരി അവളെത്തന്നെ നോക്കിയിരുന്നു. ഇടയ്ക്ക് കണ്ണീര് അവന്റെ കാഴ്ച്ച മറച്ചു കൊണ്ടിരുന്നു.
ആരുടെയോ കൈതലം ചുമലിൽ പതിച്ചപ്പോ ശ്രീക്കുട്ടിയിൽ നിന്നും മുഖമെടുത്ത് തല ഉയർത്തി നോക്കി. അരവിന്ദ്ന്റെ അച്ഛൻ മഹീന്ദ്രനാണ്. എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണമെന്നറിയാതെ ദയനീയതയോടെ ഹരിയെ ഒന്ന് നോക്കി.
“ചെല്ല്.. ചെന്ന് കുളിയ്ക്ക്.. അവളെ പറഞ്ഞയക്കണ്ടേ നമ്ക്ക്..”
ഇടർച്ചയോടെ പറഞ്ഞു കൊണ്ട് ഹരിയെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു മഹീന്ദ്രൻ. അന്നോളംവരെ മനസ്സിലൊതുക്കിയ എല്ലാ സങ്കടങ്ങളും അണപ്പൊട്ടിയൊഴുകി.
പരികർമ്മിയുടെ നേതൃത്വത്തിൽ കർമ്മങ്ങൾക്ക് തുടക്കമായി. പ്രകാശനും ചന്ദ്രനും ചേർന്ന് കുളിച്ചു ശുദ്ധി വരുത്താനായി ഹരിയെയും കൊണ്ടു കുളത്തിലേക്ക് നീങ്ങി.
“വിഷം കഴിച്ചതാന്നും തൂങ്ങിയതാന്നൊക്കെ പറയ്ണത് കേക്ക്ണു, കേക്കണത് വിശ്വസിച്ചല്ലെ പറ്റൂ..”
കൂടി നിന്നവരിൽ ആരൊ അടക്കം പറയുന്നത് പെട്ടന്നാണ് ഹരി കേട്ടത്.ഒരാന്തലാണ് അതവന്റെ മനസ്സിലുണ്ടാക്കിയത്.വീണു പോവാതിരിക്കാൻ അവൻ പ്രകാശന്റെ ചുമലിൽ മുറുകെ പിടിച്ചു.
“ന്റെ ശ്രീക്കുട്ടി ആത്മഹത്യ ചെയ്യേ..?”
ഒരായിരം ചോദ്യങ്ങൾ ശ്രീഹരിയുടെ മനസ്സിൽ സംശയങ്ങളുയർത്തി.അവൾ ആത്മഹത്യ ചെയ്തതാണെന്ന് ഹരിക്ക് വിശ്വസിക്കാനായില്ല.
“എന്തിനാടാ ചന്ദ്രാ അവളിത് ചെയ്തത്..? എന്താണെങ്കിലും അവൾക്കെന്നോടൊന്ന് പറയായ്ര്ന്നില്ലെ.. അവൾക്ക് വേണ്ടിയല്ലടാ ഞാനിത്രയും കഷ്ടപ്പെട്ടത്..”
സങ്കടം സഹിക്കാനാവാതെ ഹരി തേങ്ങിക്കരഞ്ഞു. ചന്ദ്രന്റെയും പ്രകാശന്റെയും കണ്ണുകളും നിറഞ്ഞു. ഹരിയുടെ ചോദ്യത്തിന് അവർക്ക് ഉത്തരമുണ്ടായില്ല. പിടിച്ചെഴുന്നേൽപ്പിച്ച് അവനെയും കൊണ്ട് കുളത്തിലേക്ക് നടന്നു നീങ്ങി.
“അനുപറഞ്ഞതത്രയും കള്ളമായിരുന്നോ..?എന്തിനാ എന്നോടെല്ലാം മറച്ചു വെച്ചത്..?ആത്മഹത്യ ചെയ്യാൻ മാത്രം എന്ത് ദുരന്താ വീണ്ടും അവളെത്തേടി വന്നത്..?”
ഇങ്ങിനെ ഒരായിരം ചോദ്യങ്ങളും സംശയങ്ങളും ഹരിയുടെ മനസ്സിൽ അലയടിച്ചു കൊണ്ടിരുന്നു. അസ്വസ്ഥമായ മനസ്സോടെ കുളത്തിലേക്കിറങ്ങി മുങ്ങി നിവർന്നു.
സരസ്വതിച്ചിറ്റയും,ഹരിയുടെ അമ്മയും അരവിന്ദ്ന്റെ ഓപ്പോളും കൂടി താങ്ങിപ്പിടിച്ചാണ് അവാസനമായി ഒരുനോക്കു കാണിക്കാൻ വേണ്ടി അമ്മയെ കൊണ്ടുവന്നത്.
“എന്തിനാ മോളെ നീ അമ്മയെ ഒറ്റയ്ക്കാക്കി പോയത്..? എന്തിനാ പൊന്നേ എന്നോടീ കടുംകൈ ചെയ്തത്..?എന്നയുംകൂടി കൂടെകൂട്ടായ്ര്ന്നില്ലെ നെനക്ക്..”
ശ്രീക്കുട്ടിയുടെ മേലേക്ക് വീണ് കെട്ടിപ്പിടിച്ച് അലമുറയിട്ട് പൊട്ടിക്കരഞ്ഞു. കണ്ട്നിന്നവരുടെ ചങ്കിലാണ് അമ്മയുടെ കരച്ചില് ചെന്ന് കൊണ്ടത്.ഒരുവിധം പിടിച്ചു മാറ്റി അമ്മയെ റൂമിൽ കൊണ്ടുപോയി കിടത്തി. അവരുടെ നിലവിളി അപ്പോഴും പുറത്തേക്ക് കേൾക്കാമായിരുന്നു
“എല്ലാം ഒറ്റയ്ക്കനുഭവിച്ചിട്ട് നീയങ്ങു പോയി..നിന്റെ ശ്രീയേട്ടനേക്കാൾ ഞാനല്ലെ മോളെ നിന്നെ സ്നേഹിച്ചത്, ഞാനല്ലെ നിനക്ക് കൂട്ടിരുന്നത്..എല്ലാവരെയും വേദനിപ്പിച്ച് എന്തിനാ.. എന്തിനാ മോളെ നീയിത്ചെയ്തത്..?”
ചോദിച്ച് കൊണ്ട് അനുവും പൊട്ടിക്കരഞ്ഞു. ശ്രീലക്ഷ്മിയും അനുവിന്റെ അമ്മയും കൂടി അവളെയും പിടിച്ചു മാറ്റി കൊണ്ടുപോയി. എല്ലാം കണ്ടും കേട്ടും കണ്ണീരൊഴുക്കി ഒരു മൂലയിലിരിക്കുന്നുണ്ട്രാ രമേട്ടൻ. കുഞ്ഞുനാളിലെ ഹരിയുടെ കൈയ്യും പിടിച്ച് തന്റെ വീട്ടിലാണ് അവൾ കളിച്ചു വളർന്നത്.ഇപ്പഴും അവളെ പോറ്റാനുള്ള വിധി അമ്മാവനാണ്.
മകളായിട്ട് തന്നയാ പോറ്റുന്നത്. ഇരുകവിളിലും കണ്ണീരിന്റെ നനവുള്ള അന്ത്യചുംബനമാണ്അ മ്മാവന്റെ വക അവൾക്ക് കിട്ടിയത്. കണ്ട് നിൽക്കാൻ വയ്യാതെ കുഞ്ഞായിക്ക തോൾ മുണ്ട് കൊണ്ട് വായ പൊത്തി പുറത്തേക്കിറങ്ങിപ്പോയി.ജോണി രാമേട്ടനെ പിടിച്ച് ഒരു വശത്തിരുത്തി.
തെക്കേപ്പറമ്പിൽ അച്ഛന്റെ ചിത ഒരുക്കിയിടത്ത് തന്നെയാണ്ശ്രീ ക്കുട്ടിക്കുള്ള ചിതയും ഒരിക്കിയിരിക്കുന്നത്. കുളിച്ചു ശുദ്ധിയായി ഹരി ഈറനുടുത്തുവന്നു. ശ്രീയേട്ടാന്ന് വിളിച്ച് കൈപിടിച്ച് തന്റെ പ്രിയപ്പെട്ട ശ്രീക്കുട്ടി ഇനിയില്ല. പ്രിയപ്പെട്ടവന്റെ അവസാന സമ്മാനവും ഹരി അവൾക്ക് നൽകി. നെറ്റിയിൽ കണ്ണീരിൽ കുതിർന്നൊരു അന്ത്യചുംബനം.
ഒരിക്കൽ അവളൊരുപാട് ആഗ്രഹിച്ചിരുന്നു തന്റെ ശ്രീയേട്ടന്റെ കരവലയത്തിലൊന്നുതുങ്ങാൻ.. മധുരചുംബത്തിൽ എല്ലാം മറന്നൊന്നു മയങ്ങാൻ. പ്രിയപ്പെട്ടവന്റെ അന്ത്യചുംബനത്തിൽ എന്നന്നേക്കുമായി മയങ്ങാനായിരുന്നു അവൾക്ക് വിധി. ആ വിധിയും പേറിയാണ് അഗ്നിയെ പുൽകാൻ അവൾ ചിതയിലേക്ക് പോയത്.
അവസാനത്തെ കഷ്ണം വിറകും അവളുടെ മുഖത്തെ മറച്ചു.വലയം വെച്ച് കൊള്ളിയും കുടവുമുടച്ച് ഹരി പ്രിയപ്പെട്ടവളുടെ ചിതക്ക് തീ കൊളുത്തി. തളർന്നുവീഴാൻ പോയ രാമേട്ടനെ പ്രകാശനും ചന്ദ്രനും ചേർന്ന്വീ വിട്ടിലേക്ക് കൊണ്ടുപോയി.ചിതയുടെ ചൂടിനേക്കാൾ, നെഞ്ചിലെരിയ ഓർമ്മകളുടെ കനലുമായി കത്തിത്തീരുന്നത് വരെ ഹരി അവളുടെ ചിതക്കരികിൽ തന്നെ നിന്നു. ശ്രീക്കുട്ടിയെന്ന വസന്തം എന്നന്നേക്കുമായി അഗ്നിയിൽ എരിഞ്ഞൊടുങ്ങി.
ആളും ആരവവും അരങ്ങൊഴിഞ്ഞു. വീട് നിശ്ശബ്ദമാണ്. ചില തേങ്ങലുകൾ ഇടയ്ക്ക് ഉയർന്നു കേൾക്കുന്നുണ്ട്. നടുമുറ്റത്ത് മാനവും നോക്കി കിടക്കുകയാണ് ശ്രീഹരി.കറുത്ത മേഘങ്ങൾ ഇടക്ക് ചന്ദ്രനെ മറക്കുന്നുണ്ട്. പെട്ടന്ന് ആരുടേയൊ കാൽപെരുമാറ്റം കേട്ട് തല ചെരിച്ചൊന്നു നോക്കി. അനുവാണ്. അവൾ നിലത്ത് ശ്രീഹരിയോട് ചേർന്നിരുന്നു.
അവളെ കണ്ട് ഹരിയും എഴുന്നേറ്റിരുന്നു. കുറച്ചു നേരത്തെ മൗനത്തിനു ശേഷം അനുവാണ് പറഞ്ഞു തുടങ്ങിയത്..,
“രാവും പകലും കൂട്ടിരിന്നിട്ടും അവള് പോയി..നോക്കിക്കോളാന്ന് വാക്കുന്നതല്ലെ ഞാന്ന്ന ട്ടും ന്റെ ഹര്യേട്ടന് തിരിച്ച് തരാൻ പറ്റിയില്ലല്ലൊ നിയ്ക്ക്..”
“ന്ന വെറുക്കല്ലേ ഹര്യേട്ടാ..”
സങ്കടത്തോടെ അവൾ തേങ്ങിക്കരഞ്ഞു.
“നിന്നെ വെറുക്കാനൊ.. ഈ ജന്മം എനിക്കതിന് കഴിയോ.. എനിക്ക് പ്രിയപ്പെട്ടവള് തന്നായിരുന്നു ശ്രീക്കുട്ടി.. അതിലേറെ പ്രിയപ്പെട്ടതല്ലെ നീയെനിക്ക്..”
കരഞ്ഞു തളർന്ന അവളുടെ മുഖം തന്റെ കൈ വെള്ളയിൽ ചേർത്ത് പിടിച്ച് കൊണ്ട് ഹരി പറഞ്ഞു. സങ്കടത്തോടെ ഹരിയുടെ മാറിലേക്ക് വീണ് അനു പൊട്ടിക്കരഞ്ഞു. തന്നിലേക്ക് ചേർത്ത് പിടിച്ച് ഹരി അവളെ സമാധാനിപ്പിച്ചു.
“അനൂ..”
ഹരി പതിയെ വിളിച്ചു. ഒന്നു മൂളികൊണ്ട് അവൾ വിളികേട്ടു.
“എനിക്കറിയണം അവളെന്തിനാ ഇത് ചെയ്തതെന്ന്..?
എന്തിനാ എന്നോട് കള്ളം പറഞ്ഞത്..?
എന്തിനാ എന്നോടെല്ലാം മറച്ചു വെച്ചത്..?
ഇങ്ങിനെയൊരു കടുംകൈ ചെയ്യാൻ മാത്രം ന്താ ഇവടെണ്ടായത്..?”
ഹരിയുടെ ചോദ്യങ്ങൾക്ക് മുന്നിൽ നിസ്സഹയതോടെ അവളൊന്നു നോക്കി.
“ഞാൻ പറയാം ഹര്യേട്ടൻ വാ..”
ഹരിയെയും കൊണ്ട് അവൾ അകത്തെ മുറിയിലേക്ക് പോയി. മുറിയിലേക്ക് കയറി കതകടച്ച് കുറ്റിയിട്ടു. സംശയത്തോടെ ഹരി അവളെയും നോക്കി നിന്നു. അലമാര തുറന്ന് വസ്ത്രങ്ങൾക്കിടയിൽ ഒളിപ്പിച്ചു വെച്ചിരുന്ന പഴയൊരു ഡയറി എടുത്ത് ഹരി നേരെ നീട്ടി.
“എന്നോടൊന്നും ചോദിക്കരുത്.. എല്ലാം ഇതിനകത്തുണ്ട്..”
ഡയറി നീട്ടികൊണ്ട് ഇടറിയ ശബ്ദത്തിൽ പറഞ്ഞു. ഹരി ആ ഡയറിലേക്കൊന്നു സൂക്ഷിച്ചു നോക്കി.
പണ്ട് ഏഴാം ക്ലാസ് കഴിഞ്ഞ് ഹൈസ്കൂളിലേക്ക് പോകുന്ന സമയം, പുസ്തകങ്ങള് വാങ്ങിക്കുന്ന കൂട്ടത്തിൽ വാങ്ങിയ അതേ ഡയറി. ജീവിതത്തിൽ എന്നും ഓർത്തിരിക്കാനുള്ള കാര്യങ്ങളെഴുതണം എന്നും പറഞ്ഞ് അന്നാ ഡയറി വാങ്ങിക്കാൻ നിർബന്ധം പിടിച്ചതും ശ്രീക്കുട്ടിയാണ്. അങ്ങിനെ വാങ്ങിയതാണ് രണ്ട് ഡയറികൾ.
ആദ്യമൊക്കെ ശ്രീഹരി എന്തൊക്കയൊ കുത്തിക്കുറിച്ചു വെച്ചു. പിന്നീടൊന്നും എഴുതിയതുമില്ല കണ്ടതുമില്ല. പക്ഷെ അവളെഴുതി നിധിപോലെ സൂക്ഷിച്ചിരുന്നുവെന്ന് ആ ഡയറി അനു നീട്ടിയപ്പോഴാണ് ഹരിക്ക് മനസ്സിലായത്.
അത് വാങ്ങി അതിന്റെ പുറം ചട്ടയിൽ മൃദുലമായൊന്ന്ത ലോടി. പതിയെ ചട്ടതുറന്നു..
“എന്റെ ഒറ്റ മന്ദാരത്തിന്..”
ആദ്യ പേജിൽ വലിയ അക്ഷരത്തിൽ വൃത്തിയായി എഴുതി വെച്ചിരിക്കുന്നു.
“എന്റെ ശ്രീയേട്ടന്..”
താഴെ ഇപ്രകാരവും ചെറുതാക്കി എഴുതിയിട്ടുണ്ട്.
ഡയറിൽ നിന്നും മുഖമെടുത്ത് ഹരി അനുവിനെയൊന്ന് നോക്കി.
“ആ മനസ്സ് കാണാതെ പോയല്ലൊ ന്റെ ഹര്യേട്ടൻ.. നിഴല് പോലെ കൂടെയുണ്ടായിട്ടും ആ പാവത്തിനെ അറിഞ്ഞല്ലല്ലോ ഹര്യേട്ടാ നിങ്ങള്.. അത്രയേറെ അവളുടെ ശ്രീയേട്ടനെ അവള് സ്നേഹിച്ചിരുന്നു..”
അനുവിന്റെ ശബ്ദം ഇടറി. നിറഞ്ഞ കണ്ണുകളോടെ ഹരി ഡയറിയുടെ രണ്ടാം പേജ് മറിച്ചു.
മനോഹരമായ കൈയ്യക്ഷരത്തിൽ എഴുതി വെച്ചിരിക്കുന്ന ശ്രീക്കുട്ടിയുടെ മനസ്സിനെ ഹരി വായിച്ചു തുടങ്ങി..!!!
തുടരും….