ഒറ്റമന്ദാരം ❤️ ~~ഭാഗം 19 എഴുത്ത്: മഷ്ഹൂദ് തിരൂർ

മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ:

ഹോസ്പിറ്റൽ വരാന്തയിൽ കരഞ്ഞു തളർന്നിരിക്കുകയാണ് ഹരിയുടെ അച്ഛൻ രാമേട്ടൻ.

രാമേട്ടന് അളിയനാണ് കൃഷ്ണേട്ടൻ. പക്ഷെ ഏട്ടനനുജന്മാരെ പോലെയാണ് അവർ കഴിഞ്ഞിരുന്നത്. എന്തിനും ഏതിനും രണ്ടാളും ഒരുമിച്ചുണ്ടാകും.

ശ്രീക്കുട്ടിയെ അറസ്റ്റ് ചെയ്തെന്നറിഞ്ഞതും ഗസ്റ്റ്ഹൗസിന് മുന്നിൽ കുഴഞ്ഞു വീഴുകയായിരുന്നു.

ഉടനെ തൊട്ടടുത്തുള്ള ഹോസ്പിറ്റലിലെത്തിച്ചെങ്കിലും യാത്രാമധ്യേ രാമേട്ടന്റെ മടിയിൽ കിടന്നാണ് മരിച്ചത്.

കുഞ്ഞായിക്കയും ജോണിയും അങ്ങിനെ കൃഷ്ണേട്ടനെ അറിയുന്നവരൊക്കെ തന്നെ സംഭവം അറിഞ്ഞ് ഹോസ്പിറ്റലിൽ എത്തിയിട്ടുണ്ട്.

ഓടി നടന്ന വേണ്ട കാര്യങ്ങളെല്ലാം ചെയ്യുന്നത് ചന്ദ്രനാണ്, ഒപ്പം അരവിന്ദ്ന്റെ അച്ഛൻ മഹീന്ദ്രനും ഉണ്ട്.

കൃഷ്ണേട്ടന്റെ ബോഡി വീട്ടിലേക്ക് കൊണ്ടുപോകാനുള്ള ഒരുക്കത്തിലാണ്.

“ന്റെ ജോണ്യേ ദ്പ്പോ ബല്ലാത്തൊരു പോക്കാ കൃഷ്ണൻ പോയത്.”

കുഞ്ഞായിക്കാന്റെ ശബ്ദം ഇടറി.

“നേരോം കാലോം നോക്കിയല്ലല്ലാ കർത്താവ് മേലോട്ട വിളിക്ക്ണത്..”

ജോണിച്ചൻ കുഞ്ഞായിക്കയെ സമാധാനപ്പെടുത്തി.

“ആകെള്ളൊരു പെൺത്തര്യാ അയിന്റെ ജീവിതോം ങ്ങനായി.. ന്നാലും ന്റെ ജോണ്യേ ഓളത് ചെയ്തിട്ട്ണ്ടാവോ..?”

സങ്കടത്തോടെ കുഞ്ഞായിക്ക ചോദിച്ചു.

“എന്താ കുഞ്ഞായിക്ക ഇങ്ങളി ചോയ്ക്ക്ണത്..? നമ്മള കൺമുന്നില് വളർന്ന കുട്ടിയല്ലേ അവള്ആ പാവത്തിന് അങ്ങനൊക്കെ ചിന്താക്കാൻ പോലും പറ്റ്വോ.. ന്താ ഇണ്ടായതെന്ന് കർത്താവിനറിയാം..”

“പടച്ചോന്റെ കോടതീനേക്കാളും ബല്യ കോടതീണ്ട ദുനിയാവില്.. ഒക്കത്തിനും ഒരു ബഴി കണ്ടോളും മൂപ്പര്..”

കുഞ്ഞായിക്ക സ്വയം പറഞ്ഞാശ്വസിച്ചു.

കൃഷ്ണേട്ടന്റെ ബോഡി വീട്ടിലേക്ക് കൊണ്ടുപോകാനായി ആംബുലൻസിലേക്ക് കയറ്റി.
ജോണിയുടെ ജീപ്പിലാണ് രാമേട്ടും കുഞ്ഞായിക്കയും കയറിയത്.

മഹീന്ദ്രനും കുഞ്ഞായിക്കയുടെ ഇളയമോൻ ഫൈസലും കൃഷണേട്ടന്റെ ഏട്ടന്റെ മോൻ പ്രകാശും ആംബുലൻസിലാണ്ക യറിയത്. ബാക്കിയുള്ളവർ ജോണിയുടെ ജീപ്പിലും ചന്ദ്രന്റെ ഓട്ടോയിലുമായി ആംബുലൻസിനെ അനുകമിച്ചു.

കുഷ്ണേട്ടന്റെ ബോഡിയും വഹിച്ചുച്ചുള്ള ആംബുലൻസ് വിട്ടിലേക്ക് നീങ്ങി.

രാത്രിയായിട്ടും വീടും പരിസരവും ബന്ധുക്കളെ കൊണ്ടും നാട്ടുകാരെ കൊണ്ടും നിറഞ്ഞിട്ടുണ്ട്.

അല്പ്പസ്വല്പം രാഷ്ട്രീയവും ജനസേവനവുമൊക്കെയായി നാട്ടുകാർക്കും ഏറെ പ്രിയപ്പെട്ട ഒരാളായിരുന്നു കൃഷ്ണേട്ടൻ.

ഏക മകൾക്കുണ്ടായ ഈ ദുരന്തവും, കൃഷണേട്ടന്റെ പെട്ടന്നുള്ള മരണവും തൃശ്ശേരി എന്ന നാടിനെത്തന്നെ അക്ഷരാർത്ഥത്തിൽ പിടിച്ചു കുലുക്കിയിട്ടുണ്ട്.

“കൃഷ്ണേട്ടന്റെ മോള് ഭർത്താവിനെ വെഷം കൊടുത്ത് കൊന്നൂന്ന് പറഞ്ഞാൽ തൃശ്ശേരിക്കാര് ഒരാളും വിശ്വസിക്കൂല..

അത്രക്ക് ചിട്ടയോട്വേ കൃഷണേട്ടൻ മോളെ വളർത്തീട്ട്ളളത്..”

കൂടി നിന്നവരിലാരൊ സങ്കടത്തോടെ അടക്കം പറഞ്ഞു.

“നേരാടൊ.. അതിനെപ്പോലൊരു പാവത്തിനെ ഞാകണ്ടിട്ട്ല്ല.. നമ്മടൊക്കെ കൺമുന്നില് കിടന്ന് വളർന്ന കുട്ട്യല്ലേ.. ന്താണ്ടായേന്ന് ദൈവത്തിനറിയാം..”

മറ്റൊരാളും പറഞ്ഞു.

“കല്യാണം കയിഞ്ഞ് പോയെ പിന്നെ ഇങ്ങട്ടൊന്നും അധികം വരാറില്ലെന്നാ കേട്ടത്..”

എല്ലാം അറിഞ്ഞമട്ടിൽ മറ്റൊരു വിരുതൻ പറഞ്ഞു.

“അയിന് ഓള് കെട്ട്യോന്റെ കൂടെ ബാംഗ്ലൂരല്ലായ്ര്ന്നാ… പിന്നെന്ത് വർത്താനാ ഇയ്യ് പറയ്ണത്..”

മറ്റൊരാള് ദേഷ്യപ്പെട്ട് ചോദിച്ചു.

“ദ്പ്പോ.. അവള് തന്നെ കൊന്നതാണെന്നാ കേക്ക്ണത്.. ഒന്നും കാണാതെ പോലീസ് അറസ്റ്റ് ചെയ്യില്ലല്ലൊ. കേസ്.. കൊലക്കുറ്റാ… കൊലക്കുറ്റം..”

പുശ്ചത്തോടെ അയാൾ വീണ്ടും പറഞ്ഞു.

“ന്ത് കുറ്റായാലും അത് തെളിയിക്കാനും ശിക്ഷിക്കാനും ഇവടെ പോലീസും കോടതീം ഒക്കെണ്ട്, ഇയ്യ് വെറുതെ ഓരോന്ന് പറഞ്ഞ് ഊതി പെരുപ്പിക്കണ്ട..”

അതും പറഞ്ഞ് അയാളങ്ങോട്ട് മാറി നിന്നു.

അപ്പോഴേക്കും സൈറൺ മുഴക്കി കൊണ്ട് ആംബുലൻസ് വിടിന്റെ പടിക്കലെത്തി..

ആംബുലൻസിന്റെ ശബ്ദം കേട്ടതും..

“കൃഷ്ണേട്ടാ…” എന്നൊരലർച്ചയോടെ സുഭദ്രയുടെ നിലവിളി ഉയർന്നു.

പിന്നീടത് കൂട്ടക്കരച്ചിലായി..

“നിയ്ക്കൊന്നും കാണണം ന്റെ കൃഷ്ണേട്ടനെ.. ഞാനൊന്ന് കണ്ടോട്ടെ..

ന്റെ മോളെവിടെ.. മോളെ ശ്രീക്കുട്ടീ..”

അലറിക്കരഞ്ഞ് ഉമ്മറത്തേക്ക് ഓടാൻശ്രമിച്ച സുഭദ്രയെ ആരൊക്കയെ ചേർന്ന് പിടിച്ചുവെച്ചു.

അവരുടെ കൈകളിലേക്ക് അവർ തളർന്നുവീണു. കരഞ്ഞു തളർന്ന് അനുവും അമ്മയും മറ്റൊരു കട്ടിലിലും ഇരിപ്പുണ്ട്.

ബോഡി ഇറക്കാൻ ഭാഗത്തിന് ആംബുലൻസ് മുറ്റത്തേക്ക് പിൻവശം തിരിച്ചിട്ടു. കൂടിനിന്നവരെല്ലാം കൂടി ആംബുലൻസിനടുത്തേക്ക് ഓടിയടുത്തു.

മഹീന്ദ്രനും പ്രകാശനും ഫൈസലും മറ്റെല്ലാവരുംകൂടി ചേർന്ന്, കൃഷ്ണേട്ടന്റെ ജീവനറ്റ ശരീരം തളത്തിൽ കൊണ്ടുവന്നു കിടത്തി.

കുഞ്ഞായിക്കയുടെ കൈപിടിച്ച് ഉമ്മറപ്പടിയിലേക്ക് വന്നിരുന്ന

രാമേട്ടൻ തളത്തിലേക്ക്നോക്കി പൊട്ടിക്കരഞ്ഞു.

ആശ്വസിപ്പിക്കാൻ ജോണിയും കുഞ്ഞായിക്കയും മറ്റുള്ളവരും നന്നേ പാട്പ്പെട്ടു.

തേങ്ങപ്പൊട്ടിച്ച് എണ്ണയൊഴിച്ച് തിരിയിട്ട് കത്തിച്ച് താഴെയും മുകളിലും വെച്ചു.

കത്തിച്ചു വെച്ച ചന്ദനത്തിരിയുടെ ഗന്ധം ചുറ്റിലും പടർന്നു പിടിച്ചു.

ഒന്നും കാണാനും അറിയാനും പറ്റാതെ കരഞ്ഞു തളർന്നിട്ടുണ്ട് ഹരി.

സുഹൃത്തുക്കള് നിർബന്ധിച്ചിട്ടാണ് അല്പം വെള്ളം കുടിച്ചത്. വേറെ ഒരുവക കഴിച്ചിട്ടില്ല.

“ഹരീ.. ഡാ എഴുന്നേറ്റ് വല്ലതും കഴിക്ക്.. പോയോര് പോയി.. പൊറകെ പോവാൻ പറ്റ്വോ നമക്ക്..”

സേതു ഹരിയെ സമാധിനിപ്പിക്കാൻ നോക്കി.

“ഇറങ്ങാൻ നേരത്തും ആ കൈപിടിച്ച് വാക്ക് കൊടുത്തിട്ടാ ഞാനെറങ്ങിയത്.. ന്ന്ട്ടും കൈവിട്ട് പോയില്ലെ…”

സങ്കടം സഹിക്കാനാവാതെ ഹരി പൊട്ടിക്കരഞ്ഞു. സുഹൈല് നാട്ടിലുള്ള ആരുമായൊ ഫോണിൽ സംസാരിക്കുകയാണ്. മാത്യു സാറിനോടാണെന്ന് പിന്നീട് മനസ്സിലായി.

“നീയൊന്ന് സമാധാനിക്ക് ഹരി..മാത്യു സാറിനെയാ ഞാനിപ്പോ വിളിച്ചത്.. ബാംഗ്ലൂർത്ത കാര്യങ്ങളൊക്കെ അദ്ദേഹം നോക്കും, അഡ്വ: വട്ടേക്കാടനെയും വിളിച്ചിര്ന്നു.

വെറുമൊരു സംശയത്തിന്റെ പേരിലുള്ള അറസ്റ്റ് മാത്രാ നടന്നിട്ട്ള്ളത്. അദ്ദേഹത്തിന് പരിജയള്ള നല്ല വക്കീലന്മാര് ബാംഗ്ലൂരെന്നെ ഇണ്ടെന്നാ മൂപ്പര് പറയ്ണത്..

അതല്ല അദ്ദേഹം തന്നെ പോണന്ന്ണ്ടങ്കില് അതിനും മൂപ്പര് റെഡിയാണ്..

ഈസിയായിട്ട് കോടതീന്ന് ജാമ്യെടുക്കാന്നും പറഞ്ഞു. അന്റ ശ്രീക്കുട്ടിക്ക് വേണ്ടതൊക്കെ നമ്ക്ക് ഇവട ഇര്ന്ന് ചെയ്യാടൊ.. ഇയ്യൊന്ന് സാമാധാനായിട്ടിരിക്ക്..”

ഹരിയെ ആശ്വസിപ്പിച്ച് കൊണ്ട് എന്തോ ആവശ്യത്തിനായി സുഹൈല് പുറത്തേക്കിറങ്ങിപ്പോയി.

IPC 302 ആണ് ശ്രീനന്ദക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇവിടുത്തെ ലോക്കൽ പോലീസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളെല്ലാം ചെയ്തതിനു ശേഷമാണ് ശ്രീനന്ദയുടെഅറസ്റ്റ് രേഖപ്പെടുത്തുന്നത്.

തുടർന്ന് രാത്രിതന്നെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി 14 ദിവസത്തെ റിമാൻഡ് കസ്റ്റഡിയിലേക്ക് മാറ്റി. രാവിലെ അവളെയും കൊണ്ട് ഉദ്യോഗസ്ഥർ ബാംഗ്ലൂർക്ക് തിരിക്കും.

തെക്കെപറമ്പിലാണ് കൃഷ്ണേട്ടനുള്ള ചിതയൊരുങ്ങുന്നത്. പത്തുമണിയായപ്പോഴേക്കും കർമ്മങ്ങളെല്ലാം കഴിഞ്ഞു.

അവസാനമായി അച്ഛനെ ഒരു നോക്കു കാണാനായി ശ്രീക്കുട്ടിയെ കൊണ്ടു വരുന്നുണ്ട്.

ഇതുവരെ അച്ഛന്റെ മരണം അവളെ അറിയിച്ചിട്ടില്ല.. പോലീസ് വാഹനത്തിൽ വീട്ടിലേക്കുള്ള യാത്രാമധ്യേയാണ് അവളെ അറിയിക്കുന്നത്.

കുറച്ചു നേരം വിവരം പറഞ്ഞ ഉദ്യോഗസ്ഥയെത്തന്നെ നോക്കിയിരുന്നു. പൊട്ടി ക്കരയാനുള്ള ശേഷി ഇല്ലാത്തത് കൊണ്ടാണെന്നു തോന്നുന്നു രണ്ട് കണ്ണുകളും നിറഞ്ഞൊഴുകി.

ശ്രീക്കുട്ടിയെയും കൊണ്ടുള്ള പോലീസ് വാഹനം വീടിന്റെ പടിക്കലെത്തി. വീടും പരിസരവും ആളുകളെ കൊണ്ട് നിറഞ്ഞിട്ടുണ്ട്.

ബാംഗ്ലൂർ പോലീസിന്റെ വാഹനത്തെ അനുഗമിച്ച് ലോക്കൽ സ്റ്റേഷനിൽ നിന്നുള്ള രണ്ട് വനിതാ കോൺസ്റ്റബിൾമാരും ഉണ്ട്.

അവർക്കൊപ്പമാണ് ശ്രീക്കുട്ടി വീട്ടിനകത്തേക്ക് കയറി. ഉമ്മറത്ത് അവസാന യാത്ര ക്കൊരുങ്ങിക്കിടക്കുന്ന അച്ഛനെ

അവൾ അവസാനമായി കണ്ടു. കണ്ണ് രണ്ടും നിറഞ്ഞ് തുളുമ്പി. പക്ഷെ കരഞ്ഞില്ല, അവളുടെ കരച്ചിലൊക്കെ നിലച്ചിരിക്കുന്നു.

നിന്ന നിൽപ്പിൽ അച്ഛനെ കുറച്ചു നേരം നോക്കി നിന്നു. പിന്നെ അമ്മയെ കാണാൻ അകത്തെ മുറിയിലേക്ക് പോയി.

“ഞാൻ പോണ്ട സ്ഥാനത്ത് ന്റെച്ഛൻ പോയി ല്ലേ അമ്മേ..”

അമ്മയെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു. അകത്ത് നിന്നും നിലവിളികളും പൊട്ടിക്കരച്ചിലുകളും ഉയർന്നു. അമ്മ കരഞ്ഞ് തളർന്നുവീണു.

“അനുചേച്ചി.. ഞാനും പോവാട്ടൊ..”

അനുവിനോട് യാത്ര പറഞ്ഞ് പോലീസുകാർക്കൊപ്പം വണ്ടിയിൽ വന്നു കയറി. അവളെയും കൊണ്ട് പോലീസ് വാഹനം ബാംഗ്ലൂർ ലക്ഷ്യമാക്കി നീങ്ങി. തെക്കെ പറമ്പിൽ അച്ഛന്റെ ചിതയും കത്തിയെരിഞ്ഞു..!!!

തുടരും..