മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ:
വീട്ടിലേക്കുള്ള മടക്കയാത്രയിലാണ് ഹരിയും ശ്രീക്കുട്ടിയും. പരസ്പരം ഒന്നും മിണ്ടുന്നില്ല.
അരവിന്ദ് കൊല്ലപ്പെട്ടതാണെങ്കിൽ ആ സത്യം ശ്രീക്കുട്ടിയ്ക്കറിയാം.
പക്ഷെ അവളത് തുറന്നു പറയുന്നില്ല. പലതും മറച്ചുവെക്കാൻ ശ്രമിക്കുക്കുകയാണ്.
ആരെയൊ അവൾ ഭയക്കുന്നുണ്ട്..?
ഒരു പക്ഷെ അത് സ്റ്റീഫനെത്തന്നെയാണെങ്കിൽ..?.
എന്തിനാണ് അവൾ സ്റ്റീഫനെ ഭയക്കുന്നത്..?
സ്റ്റീഫനുമായി എന്ത് ബന്ധമാണ് അവൾക്കുള്ളത്..?
എന്താണ് അരവിന്ദ്ന്റെയും ശ്രീക്കുട്ടിയുടെയും ജീവിതത്തിൽ സംഭവിച്ചത്..?
സ്വയം ചോദ്യങ്ങളുടെ ഇരമ്പൽ ഹരിയുടെ മനസ്സിനെ ഏറെ അസ്വസ്ഥനാക്കികൊണ്ടിരുന്നു.
അപ്പഴേക്കും വീടെത്തി.
സീറ്റിലേക്ക് ചാരിക്കിടന്ന് മയക്കത്തിലാണെന്ന് തോന്നുന്നു., വീടെത്തിയത് അവൾ അറിഞ്ഞിട്ടില്ല.
“ശ്രീക്കുട്ടി…!”
ഹരി പതിയെ വിളിച്ചു.
“ങും…”
ഒരു മൂളലോടെ കണ്ണ് തുറന്ന് ഹരിയെ നോക്കി.
“വീടെത്തി.. ഇറങ്ങിക്ക്യോ.. “
ഹരി ഓർമ്മപ്പെടുത്തി.
ഡോർ ഗ്ലാസിലൂടെ അവൾ പുറത്തേക്ക് നോക്കി.
അവരെ കണ്ട് ഉമ്മറത്ത് നിന്നും ആകാംക്ഷയോടെ മുറ്റത്തേക്കിറങ്ങുന്ന അച്ഛനെയും അമ്മയെയും അവൾ കണ്ടു.
ഡോർ തുറന്ന് പുറത്തേക്കിറങ്ങി, ഒപ്പം ഹരിയും..!
അവളോടെന്തോ ചോദിക്കാനായി തുനിഞ്ഞ അമ്മാവനെ ഹരി കണ്ണുകൊണ്ട് കാണിച്ചു വിലക്കി.
“തല്ല തലവേദന.. ഞാനൊന്ന് കിടക്കട്ടെ അമ്മേ..”
അമ്മയോടായി പറഞ്ഞു കൊണ്ട് അവൾ അകത്തേക്ക് കയറിപ്പോയി.
“ഹരീ… ഈ പ്രായത്തില് ഇനി ഞാനെന്തൊക്കെ കാണണം.. അനുഭവിക്കണം..?”
ശബ്ദം ഇടറിക്കൊണ്ട് അമ്മാവൻ ചോദിച്ചു. അമ്മായിയെല്ലാം കണ്ണീരിലൊതുക്കി. ഹരി അമ്മാവന്റെ കൈ ചേർത്ത് പിടിച്ചു.
“ഇല്ലമ്മാവാ.. ഞാനുള്ളടത്തോളം കാലം ഒരാൾക്കും ഒന്നും സംഭവിക്കില്ല.. ഓരോന്ന് ചോദിച്ച് അവളെ വെഷമിപ്പിക്കണ്ട.. ഈശ്വരൻ നമ്മളെ കൈവിടില്ല..”
അതും പറഞ്ഞ് ഹരി വീട്ടിലേക്ക് നടന്നു.
അത്താഴം കഴിഞ്ഞ് എല്ലാരും കിടന്നിട്ടും ഹരി കിടന്നിട്ടില്ല. മട്ടുപ്പാവിലെ വരന്തയിൽ നീളൻ കസേരയും വലിച്ചിട്ട് കണ്ണടച്ച് നീണ്ടുനിവർന്ന് കിടക്കുകയാണ്. മട്ടുപ്പാവിലേക്ക് ചാഞ്ഞുകിടക്കുന്ന മൂവാണ്ടൻമാവിന്റെ ശിഖിരങ്ങൾക്കിടയിലൂടെ, മൂടിക്കെട്ടിയ കാർമേഘങ്ങൾക്കിടയിൽ നിന്ന് നിലാവ് പരത്താൻ ശ്രമിച്ച് കൊണ്ട് മാനത്ത് പൂർണ്ണചന്ദ്രനുണ്ട്.
പുഴക്കക്കരെ നിന്ന്, കൊളത്താപ്പിള്ളി നരായണൻ നമ്പൂതിരിയുടെതാണെന്ന് തോന്നുന്നു കഥകളി പദവും നേർത്ത ശബ്ദത്തിൽ കേൾക്കുന്നുണ്ട്.
“ഹര്യേട്ടാ… തെന്താപ്പോ പതിവില്ലാത്തൊരുരിപ്പ്..?
നേരം എത്രായെന്നറിയൊ..?”
വന്ന് കൊണ്ട് അനു ചോദിച്ചു.
ചോദ്യം കേട്ട് കണ്ണു തുറന്ന് അനുവിനെ നോക്കി.
“ഈ മനസ്സെന്ന് പറയുന്ന സാധനം.. അത് വല്ലാത്തൊരു സംഭവം തന്ന്യാ.. ല്ലേ അനൂ..?”
ചോദിച്ച് കൊണ്ട്ഹരി അനുവിനെ നോക്കി.
“അതത്ര പെട്ടന്നൊന്നും ആർക്കും അങ്ങനെ പിടികൊടുക്കില്ല്യ..”
പറഞ്ഞു വരുന്നതിന്റെ പൊരുൾ മനസ്സിലാകാതെ മുഖം കൂർപ്പിച്ച് അനു ഹരിയെ നോക്കി.
“തെന്താപ്പോ ഇങ്ങനെയൊക്കെ പറയാൻ.. ഹര്യേട്ടൻ മുന്നിൽ ഞാൻ വല്ല കള്ളത്തരം കാണിച്ചുന്ന് തോന്ന്യൊ ഹര്യേട്ടന്..?
സംശയത്തോടയാ അനു ചോദിച്ചത്.
“ഹേയ്… ഒരിക്കലുംല്ല്യ… ഞാൻ പൊതുവായി പറഞ്ഞന്നെ ഉള്ളൂ..”
അനുവിനെപ്പിടിച്ച് മടിയിലിരുത്തി. പ്രണയത്തോടെ അവൾ ഹരിയുടെ കണ്ണുകളിലേക്ക് നോക്കി..!
“രാവിലെ അഭ്യാസം കാണിച്ചപ്പോ ന്റെ കൈയ്യാ മുറിഞ്ഞത്..”
പരിഭവം കണക്കെ കൈയ്യിലെ മുറിവ് കാണിച്ചു കൊണ്ട് പറഞ്ഞു. കൈപിടിച്ച് ശക്തിയിൽ തള്ളിമാറ്റിയപ്പോ ഹരിയുടെ നഖം തട്ടി അനുവിന്റെ കൈത്തലം ചെറുതായിട്ടൊന്ന് മുറിഞ്ഞിട്ടുണ്ട്.
കൈപിടിച്ച് നോക്കി മുറിവിൽ ഹരി അമർത്തി ചുംബിച്ചു. അവൾ ഹരിയിലേക്ക് ചേർന്നിരുന്നു.
“വേദനിച്ചോ നിനക്ക്..?”
സ്നേഹത്തോടെ അവളുടെ കണ്ണിൽ നോക്കിയാ ചോദിച്ചത്. ഇല്ലെന്ന് തലയാട്ടിപ്പറഞ്ഞു.
“സ്നേഹം കാണിയ്ക്ക്യണ്ടിടത്ത് സ്നേഹം കാണിക്ക്യണം.. ഉശിര് കാട്ടേണ്ടിടത്ത് ഉശിര് തന്നെ കാട്ടണം..
ഇല്ലെങ്കി ചവിട്ടിത്താഴ്ത്താൻ തലയ്ക്കുമീതെ ഒരുപാട് കാലുകളുയരും.. തോറ്റു കൊടുക്കേണ്ടത് സ്നേഹത്തിന്റെ മുന്നിലാ.. ചങ്കൂറ്റം കാണിക്കുന്നവന്റെ മുന്നിലല്ല..”
വീറോടയാണ് അത്രയും ഹരി പറഞ്ഞത്
“ഒന്നും വേണ്ടന്ന് ഞാൻ പറയില്ല്യ.. ഒന്നിനും മടിക്കാത്ത കൂട്ടങ്ങളാ അവറ്റകള്.. എറങ്ങി പുറപ്പെടുമ്പോ ഇവിടിങ്ങനൊരാള് കാത്തിരിയ്ക്കിണ്ടെന്ന് ഓർത്താൽ മാത്രം മതി..”
ശബ്ദത്തിന്റെ ഇടർച്ചയിൽ അനുവിന്റെ കണ്ണ് നിറഞ്ഞു. ഹരി അവളുടെ കണ്ണുകളിലേക്ക് തന്നെ നോക്കി.
“പേടിയുണ്ടോ നിനക്ക്..?”
പതിഞ്ഞ ശബ്ദത്തിൽ ഹരി ചോദിച്ചു.
നിറഞ്ഞു തുളുമ്പിയ കണ്ണുകളോടെ അവൾ അതെയെന്ന് തലയാട്ടി. അനുവിന്റെ കുഞ്ഞു മുഖം ഹരി തന്റെ കൈകുമ്പിളിൽ ഒതുക്കി. അങ്ങേയറ്റത്തെ സ്നേഹത്തോടെ അവളുടെ കണ്ണിലേക്ക് തന്നെ നോക്കി.
“നിന്നെപ്പോലൊരു സുകൃതം കൂടെയുണ്ടെങ്കി.. നിയ്ക്കൊന്നും പറ്റില്ല്യ..”
ഹരിയുടെ ശബ്ദം ഇടറി. പറഞ്ഞു കൊണ്ട് അനുവിനെ വാരിപ്പുണർന്നു. അവൾ ഹരിലേക്ക് ചേർന്ന് കിടന്നു.
അപ്പോഴും പുഴക്കക്കരെ നിന്നും കേൾക്കുന്ന കഥകളി പദം അവസാനിച്ചിട്ടില്ല. അതങ്ങനെ ഉയർന്ന് കേൾക്കുന്നുണ്ട്.
സർപ്പക്കാവിനോട് ചേർന്നുള്ള പുഴക്കരയില് അരവിന്ദ്ന്റെ അച്ഛൻ മഹീന്ദ്രനെയും കാത്തു നിക്കുകയാണ് ഹരി. വിളിച്ച് പറഞ്ഞതാണ് അദ്ദേഹത്തോടൊന്നു വരാൻ. കൂടിക്കാഴ്ച്ച രണ്ടു വീട്ടിലും വെച്ചാവണ്ടന്നു കരുതിയാണ് ഇങ്ങോട്ട് വരാൻ പറഞ്ഞത്. അധികം നിന്ന് മുഷിയേണ്ടി വന്നില്ല,അരവിന്ദ്ന്റെ അച്ഛൻ വന്നു.
പുഴക്കരയിലൂടെ കുറച്ചു ദൂരം രണ്ടാളുംകൂടി നടന്നു.
“ഹരിയെന്നാ തിരിച്ചു പോണത്..?”
അതിനിടയിൽ മഹീന്ദ്രൻ ചോദിച്ചു.
“നാളെ കാലത്ത് പോവും.., ഇനി നീട്ടാൻ പറ്റില്ല്യ..”
തുടർന്നാണ് ഹരി പറഞ്ഞു തുടങ്ങിയത്..
“ശ്രീക്കുട്ടിയെ അന്വോഷിച്ച് ആ സ്റ്റീഫൻ വന്നിരുന്നു തവാട്ടിൽ..”
ഹരി പറഞ്ഞു.
“ഞാനറിഞ്ഞു.. എന്നെക്കാണാനും വന്നിരുന്നു അവൻ.. ഭീഷണി പ്പെടുത്തിയിട്ടാ പോയത്..
ഉള്ളതൊക്കെ വിറ്റ് പെറുക്കിയിട്ടാണെങ്കിലും അവന്റെ കടം ഞാൻ വീട്ടും.. ന്റെ മോനായിട്ട് ഉണ്ടാക്കി വെച്ചതല്ലെ.. നിയ്ക്ക് കുറച്ച് സാവകാശം വേണംന്നേ ഒള്ളൂ..”
മഹീന്ദ്രൻ പറഞ്ഞു.
“അതൊക്കെ നമുക്ക് ചെയ്യാവുന്ന കാര്യങ്ങളെ ഒള്ളൂ.. പക്ഷെ എനിക്ക് മനസ്സിലാവാത്തത് അവനെന്തിനാ ശ്രീക്കുട്ടിയെ തേടി വന്നതെന്നാ..?”
സംശയത്തോടെ ഹരി ചോദിച്ചു.
“അതിനൊരു കാരണമുണ്ട്..”
മഹീന്ദ്രൻ പറഞ്ഞു നിർത്തി. എന്താണെന്നറിയാനുള്ള ആകാംക്ഷയോടെ ഹരി അദ്ദേഹത്തെ നോക്കി.
മഹീന്ദ്രൻ പറഞ്ഞു തുടങ്ങി..
“ബാംഗ്ലൂരിലുള്ള അരവിന്ദ്ന്റെ കമ്പനി, അവന്റെയും ശ്രീനന്ദയുടെയും പേരിലാണ്. സ്റ്റീഫനിൽ നിന്നും കൈപറ്റിയ തുകയ്ക്ക്, ശ്രീനന്ദയുടെ പേരിലുള്ള ബ്ലാങ്ക് ചെക്കാണ് പകരം നൽകിയിട്ടുള്ളത്. എഗ്രിമെന്റിലും ലീഗൽ പേപ്പേഴ്സിലും ഒപ്പ് വെച്ചിട്ടുള്ളതും ശ്രീനന്ദയാണ്.
അതായിരിക്കാം ശ്രീനന്ദയെത്തേടി സ്റ്റീഫൻ വരാനുള്ള കാരണം..”
അദ്ദേഹം പറഞ്ഞു നിർത്തി.
“ഇതൊക്കെ ഇപ്പഴാണൊ ങ്ങള് പറയ്ണത്…?”
അല്പം ശബ്ദം കനപ്പിച്ചാ ഹരി ചോദിച്ചത്.
“ഹരീ.. ഞാനും ഇതൊക്കെ ഇപ്പഴാ അറിയ്ണത്.. കഴിഞ്ഞ ദിവസം ഞാൻ ബാംഗ്ലൂരിൽ പോയിരുന്നു. കുറച്ചു കാലം ഞാനും അരവിന്ദ്ന്റെ കൂടെ ബാംഗ്ലൂരായിരുന്നു. ആ പരിചയം വെച്ച് അന്വോഷിച്ചപ്പഴാ ഇക്കാര്യങ്ങളൊക്കെ അറിഞ്ഞത്. അത് തന്നെ വന്ന് കണ്ട് പറയണന്ന് കരുതിയിരിക്കുമ്പഴാ നിന്റെ വിളിയും വന്നത്.”
സത്യാവസ്ഥ ഹരിയെ പറഞ്ഞു ബോധിപ്പിച്ചു. എങ്കിലും ചില സംശയങ്ങളും പൊരുത്തക്കേടുകളും ഹരിയുടെ മനസ്സിൽ അങ്ങിനത്തന്നെ കിടന്നു.
“ഹരീ…”
കാറിലേക്ക് കയറാൻ തുടങ്ങിയതാ, അപ്പഴാണ് മഹീന്ദ്രൻ പുറകിൽ നിന്നും വീണ്ടും വിളിച്ചത്. ഹരി കാറിലേക്ക് കയറാതെ അവിടത്തന്നെ നിന്നു.
“ഹരീ.. ന്നോടൊന്നും തോന്നരുത്.. എങ്ങനയാ പറയേണ്ടതെന്നും നിയ്ക്കറിയില്ല.. കേട്ടതൊന്നും സത്യാവരുതേന്നാ ന്റെ പ്രാർത്ഥന. ന്റെ അരവിന്ദ്… അവൻ ആത്മഹത്യ ചെയ്തല്ല.. കൊന്നതാ..!”
ഇടർച്ചയോടെയാണ് മഹീന്ദ്രൻ പറഞ്ഞൊപ്പിച്ചത്. ആ സത്യം അറിഞ്ഞിരുന്നത് കൊണ്ട് തന്നെ ഹരിയിൽ പ്രത്യേകിച്ച് മാറ്റമൊന്നും ഉണ്ടായില്ല.
“ന്റെ മോനെ കൊന്നത്.. അവളാണ്.. ശ്രീനന്ദ..! “
ഇത് കേട്ടതും ഹരി സതംഭിച്ചു നിന്നു. കാലിൽ നിന്നും ഒരു തരിപ്പാണ് മേലാകെ വന്നത്. മറുചോദ്യങ്ങൾക്കുള്ള ഇടകൊടുക്കാതെ മഹീന്ദ്രൻ കാറെടുത്ത് ഓടിച്ചു പോവുകയും ചെയ്തു.
കുളക്കടവിൽ എന്തൊക്കയൊ ആലോചിരിക്കുകയാണ് ശ്രീക്കുട്ടി. അവളെ അന്വോഷിച്ച് ഹരി അങ്ങോട്ടെത്തി.
“ന്താ ശ്രീക്കുട്ട്യേ… ഇവടങ്ങനെ ഒറ്റയ്ക്കിരിക്ക്ണെ..”
ചോദിച്ച് കൊണ്ട് ഹരിയും പടവിലേക്കിറങ്ങിവന്ന് അവൾക്ക് തൊട്ടുമുകളിലുള്ള പടവിലിരുന്നു.
ചോദിച്ച് കൊണ്ട് ഹരിയും പടവിലേക്കിറങ്ങിവന്ന് അവൾക്ക് തൊട്ടുമുകളിലുള്ള പടവിലിരുന്നു.
“ഹേയ് ഒന്നൂല്ല്യ ശ്രിയേട്ടാ.. കൊറച്ച്നേരം ഇങ്ങനെ ഇരിയ്ക്കണന്ന് തോന്നി.. ഇരുന്നു.. ഒറ്റയ്ക്ക്യായില്ലെ ഞാൻ..!”
ചോദിച്ച് കൊണ്ട് ഹരിയൊ ഒന്നു നോക്കി. അവനൊന്നും പറഞ്ഞില്ല. തുടർന്നാണ് ഹരി പറഞ്ഞു തുടങ്ങിയത്..
“അരവിന്ദ്ന്റെ അച്ഛൻ കാണാൻ വന്നിരുന്നു. കമ്പനി നിന്റെയുംകൂടി പേരിലാണെന്ന് അച്ഛൻ പറഞ്ഞപ്പഴാ ഞാനറിയുന്നത് തന്നെ..
നിന്റെ ബ്ലാക്ക് ചെക്കാണ് അരവിന്ദ് സ്റ്റീഫന് കൊടുത്തിട്ട്ള്ളത് അതിന്റെ പേരിലാ അവൻ നിന്നെത്തേടി ഇവടെ വന്നത്. അവന് കൊടുക്കാനുള്ള കാശ് അച്ഛൻ കൊടുക്കാന്ന് ഏറ്റിട്ടുണ്ട്.. “
എല്ലാം കേട്ട് അവളൊന്നു മൂളി.
“ഒന്നും എനിക്കറിയില്ലായിരുന്നു.. അരവിന്ദ് മരിക്കുന്നതിന്റെ കുറച്ച് ദിവസം മുമ്പ് സ്റ്റീഫൻ വന്ന് പറഞ്ഞപ്പഴാ ഞാനിതൊക്കെ അറിയുന്നത്..”
“എന്നിട്ട് അരവിന്ദ്നോട് ഇതെക്കുറിച്ചൊന്നും നീ ചോദിച്ചില്ലെ…”
ഹരി വീണ്ടും ചോദിച്ചു.
“ഇല്ല്യ… ചോദിച്ചാലും ഒന്നും പറയില്ല്യ.. അതോണ്ട് ഒന്നും ചോദിച്ചില്ല്യ.. നാലല്ല,നാപ്പത് കൊല്ലം കൂടക്കഴിഞ്ഞാലും അരവിന്ദ്നെ മനസ്സിലാക്കാൻ നിയ്ക്കന്നല്ല ആർക്കും പറ്റില്ല..”
സങ്കടത്തോടെ പറഞ്ഞു. ഒരു മൂളലിൽ ഹരി മറുപടിയൊതിക്കി.
“ഒരു കാര്യം കൂടി അച്ഛൻ ന്നോട് പറഞ്ഞു.. അരവിന്ദ്നെ കൊന്നത് ശ്രീക്കുട്ടിയാണന്ന്..?”
“ശ്രീയേട്ടനത് വിശ്വസിക്കുന്നുണ്ടോ..?”
ഹരിയുടെ ചോദ്യത്തിനുള്ള മറുചോദ്യം കണക്കെ അവൾ ചേദിച്ചു.
“ഇല്ല്യ.. ഒരിക്കലുല്ല്യ.. ന്റെ ശ്രീക്കുട്ടിയ്ക്ക് അങ്ങനൊന്ന് ചിന്തിക്ക്യാൻ പോലും പറ്റില്ല്യ..”
അവളെ സമാധാനിപ്പിക്കാനെന്നോണം ഹരി പറഞ്ഞു.
“എന്നാ ശ്രീയേട്ടന് തെറ്റി.., ഞാനാ അരവിന്ദ്നെ കൊന്നത്..”
എടുത്തടിക്കും പോലെയാണ് അവളത് പറഞ്ഞത്. പറഞ്ഞു കൊണ്ട് കൽപ്പടവ് കയറിപ്പോയി.
പ്രതീക്ഷിക്കാത്തത് കേട്ട ഞെട്ടലിൽ സ്തംഭിച്ചിരിക്കുകയാണ് ഹരി.
പെട്ടന്നാണ് അവന്റെ ഫോൺ ശബ്ദിച്ചത്.
വെപ്രാളത്തിൽ ആരാണെന്നു പോലും നോക്കാതെ അവൻ ഫോൺ അറ്റന്റ് ചെയ്തു..
“നാളെ രാവിലെ 9 മണിക്ക് ശ്രീനന്ദയെ വീണ്ടും ചോദ്യം ചെയ്യാനായി ഗസ്റ്റ് ഹൗസിൽ ഹാജരാക്കണം..”
ഇതായിരുന്നു ഫോൺ കോളിലെ സന്ദേശം. ഇരുന്ന ഇരിപ്പിൽ ഭൂമിയിലേക്ക് ആഴ്ന്നു പോകുന്നത്പോ ലെ ഹരിയ്ക്ക് തോന്നി..!!!
തുടരും..