ഒറ്റമന്ദാരം ❤️ ~~ഭാഗം 09 എഴുത്ത്: മഷ്ഹൂദ് തിരൂർ

മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ:

ശ്രീയേട്ടാ…”

പതിഞ്ഞ ശബ്ദത്തിലാണ് ആ വിളി കേട്ടത്. അച്ഛന്റെ ചാരുകസേരയിൽ കിടക്കുക യായിരുന്ന ഹരി മെല്ലെ തല ഉയർത്തി നോക്കി.

വാതിലിൽ ആ രൂപം കണ്ടു മെലിഞ്ഞുണങ്ങിയ ഒരു രൂപം..

“ശ്രീക്കുട്ടി…”

മനസ്സിൽ പറഞ്ഞുകൊണ്ട് കസേരയിൽ നിന്നും എഴുന്നേറ്റതും, കമിഴ്ന്നടിച്ച് കട്ടിലിൽ നിന്നും ഹരി താഴെ വീണു.

“ഹര്യേട്ടാ… എന്താവടൊരു ശബ്ദം..?

മുകളിൽ നിന്നുള്ള ശബ്ദം കേട്ട് അനു ഉച്ചത്തിൽ വിളിച്ചു ചോദിച്ചു.

“ഹേയ്… ഒന്നുംല്യ..”

വേദനയിൽ പുളഞ്ഞു കൊണ്ട് ഹരി കട്ടിലിലേക്ക് എഴുന്നേറ്റിരുന്നു.

“ഈശ്വരാ… വീണോ..?

ന്താ ഹര്യേട്ടൻ കാണിച്ചെ..?”

“ഒരു സ്വപ്നം കണ്ടതാ…”

മുഖത്തെ ജാള്യത മറക്കാൻ ചിരിക്കാൻ ശ്രമിച്ച് കൊണ്ടാ ഹരി പറഞ്ഞത്.

“ശ്രീക്കുട്ടിയെയാവും..”

എടുത്തടിച്ചടിച്ചപോലെ ചോദിച്ചു കൊണ്ട് അനു ഹരിയെ തറപ്പിച്ചൊന്നു നോക്കി

ഊറിവന്ന ഉമിനീര് അറിയാതെ ഹരിയുടെ തൊണ്ടക്കുഴിയിലേക്കിറങ്ങി.

“അതല്ലടി…”

“പിന്നെ..?”

അനു സംശയത്തോടെ ചോദിച്ചു.

“അച്ഛൻ കുളത്തിൽ വീണ് മരിക്കുന്നതാ ഞാൻ സ്വപ്നം കണ്ടത്..”

കണ്ട കാര്യം പറഞ്ഞു ഹരി.

“ന്റീശ്വരാ…അങ്ങിനെയൊന്നും പറയല്ലെ ഹര്യേട്ടാ.. അച്ഛനില്ലാത്തതിന്റെ വെഷമം നിയ്ക്കേ അറിയൂ..”

അനു സങ്കടപ്പെട്ടു.

“കൂട്ടത്തിൽ ശ്രീക്കുട്ടിയെയും കണ്ടു..”

അനൂനെ ചൊടിപ്പിക്കാനായിപ്പറഞ്ഞു.

“നേരംകെട്ട നേരത്ത് ശീലല്യാത്ത ഒറക്കൊറങ്ങ്യാ പിന്നെ ചീത്ത സ്വപ്നങ്ങള് എങ്ങന്വാ കാണാണ്ട്രിക്യാ..”

ദേഷ്യത്തോടെ പിറുപിറുത്തു.

“അച്ഛനെവിടെ..?”

പെട്ടന്നാണ് ഹരി ചോദിച്ചത്.

“തൊടിയിലുണ്ട്..”

“തൊടിയിലോ..? “

എന്നും ചോദിച്ച് വെപ്രാളപ്പെട്ട് ഹരി തൊടിയിലേക്ക് എഴുന്നേറ്റോടി.

“ഹര്യേട്ടാ..”

ഉച്ചത്തിലുള്ള അനൂന്റെ വിളിക്ക് പോലും ചെവി കൊടുക്കാതെയാണ് ഇറങ്ങിയോടിയത്.

“ഹരി..”

വെപ്രാളപ്പെട്ട് തൊടിയിലേക്കോടുന്ന ഹരിയെ കണ്ട് അച്ഛൻ നീട്ടി വിളിച്ചു.

അച്ഛന്റെ വിളികേട്ട് സഡൻ ബ്രേക്കിട്ട് പോലയാ ഹരി നിന്നത്.

“നീ തെങ്ങോട്ടാടാ വെപ്രാളപ്പെട്ട് ഓടുന്നത്..?”

“അത് ഞാനച്ഛാ… അച്ഛനെ കാണാൻ..”

മുഴുമിപ്പിക്കാതെ പറഞ്ഞൊപ്പിച്ചു.

“നീയൊന്ന് വേഗം വാ.. ഒന്ന് പുറത്ത് പോണം..? “

അല്പം കാര്യത്തിലാ അച്ഛനത് പറഞ്ഞത്.

“എന്താ അച്ഛാ..?”

അച്ഛന്റെ വാക്കിലെ ഗൗരവം മനസ്സിലാക്കി ഹരി ചോദിച്ചു.

“അതൊക്കെപ്പറയാം നീ വേഗം വാ..”

“എന്താ അച്ഛനും മോനുംകൂടി ഒരു സ്വകാര്യം പറച്ചില്..?”

അമ്മയാണ് ചോദിച്ച് കൊണ്ട് അങ്ങോട്ട് വന്നത്.

“ഒന്ന് പുറത്ത് പോണംന്ന് പറയായിരുന്നു അച്ഛൻ”

“എങ്ങോട്ട്..?”

അമ്മ വീണ്ടും ചോദിച്ചു.

“അതൊക്കെപ്പറയാം.. നീ വേഗം വാടാ..”

ഹരിയെയും പിടിച്ചു വലിച്ചു അച്ഛനിറങ്ങിപ്പോയി.

“ന്നേരത്ത് ദെവിടെക്ക്യാ ന്റെ കുട്ടിനേം കൊണ്ട്..”

അമ്മ സ്വയം പിറു പിറുത്തു.

“ന്താ അമ്മേ..?”

ചോദിച്ചിട്ട് ശ്രീലക്ഷ്മി അമ്മക്കരികിലേക്ക് വന്നു.

“നിയ്ക്കറില്ല്യ കുട്ടീ.. ദേ പോണു രണ്ടും കൂടി.. ചോദിച്ചിട്ട് ഒരു വക പറഞ്ഞതുംല്ല്യ…”

പരിഭവം പറഞ്ഞ് അമ്മ അകത്തേക്ക് പോയി.

“ന്താ പ്പോ ണ്ടായെ..” എന്ന മട്ടിൽ ഒന്നും തിരിയാതെ ശ്രീലക്ഷ്മി അന്ധാളിച്ചു നിന്നു.

ഓടിക്കിതച്ച് ആശുപത്രിയിലെത്തുമ്പോഡ്രൈവർ ചന്ദ്രനും ബാർബർ കുഞ്ഞായിയും റേഷൻ കടക്കാരൻ ജോണിയും അവിടത്തന്നെയുണ്ട്.

“എന്താ കുഞ്ഞായി…എന്താടാ ചന്ദ്രാ ഉണ്ടായെ..?”

എന്താന്നറിയാത്ത വെപ്രാള ത്തോടെ രണ്ടാളോടുമായി അച്ഛൻ ചോദിച്ചു. ഒന്നും മനസ്സിലാകാതെ അന്ധാളിച്ച് നിക്കുകയാണ് ഹരി.

“അത് രാമേട്ടാ…പേടിയ്ക്കാനൊന്നുംല്ല..കൃഷ്ണേട്ടന് ചെറിയൊരു തളർച്ച.. ഞങ്ങള് പെട്ടന്നിങ്ങ് കൊണ്ടു വന്നു…”

ഒരു വിധത്തില് ജോണി കാര്യം പറഞ്ഞു.

കേട്ടമാത്രയിൽ അച്ഛന് ആധികേറി വീഴാൻ പോയി. ഹരിയും ചന്ദ്രനുംകൂടി താങ്ങിപ്പിടിച്ച് തൊട്ടടുത്തുള്ള ബെഞ്ചിൽ കൊണ്ടു വന്നിരുത്തി.

“എന്താ ചന്ദ്രേട്ടാ കൃഷണമ്മാമയ്ക്ക്ണ്ടായെ..?

ആധിപിടിച്ചാ ഹരി ചോദിച്ചത്.

“കുഞ്ഞായിക്കാന്റടുത്ത് മുടിവെട്ടാൻ വന്നതാ.. പെട്ടന്നൊരു അസ്വസ്ഥത തോന്നിയപ്പോ ഞങ്ങളിങ്ങ് കൊണ്ടന്ന്..”

അച്ഛനെയും ഹരിയെയും സമാധാനിപ്പിച്ച് കൊണ്ട ചന്ദ്രൻ പറഞ്ഞു.

“പിന്നാസ്പത്ര്യല്ലേ…ഓലക്ക് കിട്ട്യാ ബേം അയിന്റുള്ളക്ക് ബൽച്ച്യോണ്ടോവും…”

കുഞ്ഞായിക്കയും സമാധാനിപ്പിച്ചു.

“ഹര്യേ…ഒന്ന്ബ്ട ബരിം..”

കുഞ്ഞായിക്ക ഹരിയെയും വിളിച്ച്,ചന്ദ്രനെയും കൂട്ടി കുറച്ചങ്ങ് മാറിനിന്നു.

“ബാംഗ്ലൂർന്നാ തോന്ന്ണെ..രണ്ട് മൂന്ന് വട്ടം കൃഷണേട്ടന്റെ ഫോണ്ക്ക് ആരോ വിളിച്ചിര്ന്ന്..”

പറഞ്ഞ് കൊണ്ട് ചന്ദ്രൻ കൃഷ്ണേട്ടന്റെ ഫോൺ ഹരിക്ക് കൊടുത്തു.

എന്തന്നറിയാത്ത ആധിയോടെ സംശയിച്ച് നിക്കു മ്പോഴാണ് പെട്ടന്ന് ഫോൺ വീണ്ടും ശബ്ദിച്ചത്.

തെല്ല് സംശയത്തോടെ ഹരി കോളെടുത്തു.

അങ്ങേ തലക്കൽ നിന്നുമുള്ള ആ വിവരം കേട്ട്ഫ് ഹരി ഞെട്ടിത്തരിച്ചു നിന്നു.

തുടരും..