മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ:
ശ്രീഹരിയുടെ കല്യാണം കഴിഞ്ഞ് ആളും ആരവങ്ങളുമടങ്ങിയപ്പോഴേക്കും മാസം മൂന്ന് കഴിഞ്ഞിരുന്നു.
ആകെയുള്ളത് നാല് മാസത്തെ ലീവാ..
ഇനി ഒരു മാസം കൂടിയെ ബാക്കിയുള്ളൂ അവന് തിരിച്ചു പോകാൻ.
അനൂനാണെങ്കിൽ അക്കാര്യം ഓർക്കുമ്പഴേക്കും സങ്കടം വരും.. കണ്ണും നിറയും. അത് കാണുമ്പോൾ ശ്രീഹരിക്ക് വല്ലാതാവും.
“ന്റെ അനൂ…ഞാനവിടെത്തി തികച്ചൊരു മാസം വേണ്ട..
അപ്പഴേക്കും നീയും അങ്ങോട്ടെത്തില്ലേ..?
പിന്നെന്തിനാ ഇങ്ങനെ വെഷമിക്കുന്നത്..?”
അവളെ അങ്ങോട്ട് കൊണ്ടു പോകുന്ന കാര്യം പറഞ്ഞ് ശ്രീഹരി സമാധാനിപ്പിക്കും.
“ഹര്യേട്ടനില്ലാണ്ട് ന്നക്കൊണ്ട് പറ്റില്ല്യാ ട്ടൊ..”
അവള് സങ്കടം പറയും.
“കുറച്ച് നേരം..ഒന്ന് കാണാണ്ടിരുന്നാ ദാ ഇവിടൊരു പെടയ്ക്കലാണ്..
ശ്വാസം കിട്ടൂല..”
നെഞ്ചത്ത് കൈവെച്ചാ അവളത് പറയ.
“ഒരു മാസംന്ന്ളളത് നിയ്ക്കൊരു കൊല്ലാവും..”
ഇത് കേൾക്കുമ്പോ ശ്രീഹരി അവളെ തന്നിലേക്ക് ചേർത്തു പിടിക്കും.
തിരിയുന്നടത്തും മറിയുന്നിടത്തും “അനു..” ഈ ഒരു നാമമെ ഇപ്പോ ശ്രീഹരിക്കുള്ളൂ.
ഏറെക്കുറെ അനൂന്റെ കാര്യേം ഇതൊക്കെ തന്നയാ.
പണ്ട് ശ്രീക്കുട്ടി എങ്ങനായിരുന്നോ അതുപോലൊക്കെത്തന്നെ.
തൊടി മുഴുവൻ ശ്രീഹരിയുടെ കൈയ്യും പിടിച്ച് നടക്കും.
വല്ല അത്യാവശ്യത്തിനും ഹരിയൊന്ന് പുറത്ത് പോയാൽ തിരിച്ചെത്തുന്നത് വരെ വഴിയിലേക്കും നോക്കി ഉമ്മറത്തുണ്ടാവും..
അത്കൊണ്ട് തന്നെ എവിടെപ്പോവാണെങ്കിലും ശ്രീഹരി അവളെയും കൂട്ടും.
“ഹര്യേട്ടാ…ശ്രീക്കുട്ടിയെന്താ കല്യാണത്തിന് വരാഞ്ഞെ..?”
പെട്ടന്ന് അനുവത് ചോദിച്ചപ്പോ ശ്രീഹരിയൊന്നു ഞെട്ടി.
“ശ്രീക്കുട്ടിയെ പോലണ്ടന്നാ ല്ലാരും പറേണെ..”
അത് കേട്ടപ്പോ ഹരിയൊന്ന് ചിരിക്കാൻ ശ്രമിച്ചു.
“അവള് ബാംഗ്ലൂരല്ലേ.. വല്ലപ്പോഴേ അച്ഛനേം അമ്മേം പോലും കാണാൻ വരുന്നുള്ളൂ.
അരവിന്ദന് ഞാൻ വിളിച്ചതാ.. വരാൻ പറ്റിയിട്ടുണ്ടാവില്ല..”
ഒരുവിധത്തിൽ ശ്രീഹരി പറഞ്ഞു നിർത്തി.
“അമേരിക്കയിലൊന്നുല്ലല്ലോ ഈ ബാംഗ്ലൂര്..? ന്റെ വല്ല്യമ്മേം വല്യച്ഛനോം ഗുജ്റാത്തിലാ.. ന്നെട്ടും കല്യാണത്തിന്റെ രണ്ടൂസം മുന്നേ അവരെത്തി..
വേണംന്ന് വെച്ചാ ഒന്നും ഒരു ദൂരല്ല ഹര്യേട്ടാ..”
അതും പറഞ്ഞ് കൊണ്ട് അവള്ളെഴുന്നേറ്റ് അടുക്കളയിലേക്ക് പോയി.
അർത്ഥം വെച്ചുള്ള വാക്കോണൊ എന്നമട്ടിൽ സംശയിച്ച് ഹരി അവിടത്തന്നെയിരുന്നു.
“ശരിയാണ്.. വേണംന്ന് വെച്ചാ ഒന്നും ദൂരല്ല.
വർഷം രണ്ടര കഴിഞ്ഞിട്ടും അവൾക്കെന്നെയൊന്ന് കാണണമെന്ന് പോലും തോന്നിയില്ല..”
അവള് വരാത്തതിലും കാണാത്തതിലുമുള്ള അമർഷ്യേം സങ്കടോം കൊണ്ട് എന്തൊക്കയൊ ആലോചിച്ചിരുന്നു ശ്രീഹരി.
വന്ന ഉടനെ അമ്മാവനെ കൂട്ടി ഒരിക്കൽ ബാംഗ്ലൂർക്ക് പോകാനൊരുങ്ങിയതാ. പക്ഷെ അന്നവര് രാജസ്ഥാനിലൊ മറ്റോ പോയതായിരുന്നു. പിന്നീട് പോവാനും പറ്റിയില്ല. കല്യാണത്തിന്റെ തിരക്കിലുമായി.
അമ്മാവന്റെടുത്ത്ന്ന് നമ്പർ വാങ്ങിയിട്ടാണ് കല്യാണം ക്ഷണിക്കാനായി ശ്രീഹരി അരവിന്ദ്നെ വിളിച്ചത്.
അന്നേരം ഓഫീസിലായിരുന്നു അരവിന്ദ്. ശ്രീക്കുട്ടിയെ കിട്ടിയില്ല.
രാത്രി വീട്ടിലെത്തിയിട്ട് വിളിക്കാമെന്ന് പറഞ്ഞതാ. പക്ഷെ വിളിച്ചില്ല. തിരിച്ചങ്ങോട്ട് വിളിച്ചപ്പോ അരവിന്ദ്ന്റെ ഫോൺ സ്വിച്ചോഫായിരുന്നു. പിന്നീട് വിളിക്കാനും നിന്നില്ല.
അമ്മാവനോടും അമ്മായിയോടും ഇതു പറഞ്ഞാൽ അവർക്ക് സങ്കടാവുംന്ന് കരുതി അവരോട് പറയാനും നിന്നില്ല.
പുലർച്ചയ്ക്കാണ് ശ്രീഹരിക്ക് ഫ്ലൈറ്റ്. രാത്രി നേരത്തെ വീട്ടിൽ നിന്നിറങ്ങണം.
അനു ഹരിയുടെ കൈയ്യും പിടിച്ച് നടക്ക്വാ. കരയാതിരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും കണ്ണീര് കവിൾ തടത്തെ നനക്കുന്നുണ്ട്.
അനൂന്റെ അമ്മേം കൂട്ടരും നേരത്തെ വന്നു പോയി. ഹരിയ്ക്ക് കൊണ്ടുപോവാനായി എന്തൊക്കയൊ പലഹാരങ്ങള് കൊണ്ടു വന്നിട്ടുണ്ട്. അമ്മയും ഒരുക്കിയിട്ടുണ്ട് പലവിധം. എല്ലാം വൃത്തിക്ക് പായ്ക്ക് ചെയ്ത് ബാഗിൽ അടുക്കി വെക്കുവാണ് അച്ഛനും ചേച്ചിയും കൂടി.
ശ്രീഹരി കുളിച്ചൊരുങ്ങി വന്നു. കൊണ്ടു പോകാനുള്ള സാധനങ്ങളൊക്കെ എടുത്ത് അച്ഛൻ കാറിൽ കൊണ്ടുപോയി വെച്ചിരുന്നു.
എല്ലാവരോടും യാത്ര പറഞ്ഞിറങ്ങുമ്പോ പതിവില്ലാത്തൊരു സങ്കടം ശ്രീഹരിക്കുണ്ടായിരുന്നു.
കണ്ണീരോടെയാണ് ഹര്യേട്ടൻ പോകുന്നതും നോക്കി അനു ഉമ്മറത്ത് നിന്നത്.
കണ്ണിൽ നിന്നും മറയുന്നത് വരെ അവളവിടെത്തന്നെ നോക്കി നിന്നു..!!!
തുടരും..