ഒറ്റമന്ദാരം ❤️ ~~ഭാഗം 05 എഴുത്ത്: മഷ്ഹൂദ് തിരൂർ

മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ:

രണ്ടു വർഷം കഴിഞ്ഞു ശ്രീഹരി പോയിട്ട്.

എത്ര പെട്ടന്നാ ദിവസങ്ങളും മാസങ്ങളും കടന്നു പോയത്. വർഷം ഒന്നു കഴിഞ്ഞപ്പഴേ അമ്മ പറയാൻ തുടങ്ങിയിട്ട് ഒന്നു വന്നു പോകാൻ.

“ന്റെ കുട്ടി എന്നാ വര്യാ.. അമ്മയ്ക്ക് കാണാൻ പൂതിയായി..”

വിളിക്കുമ്പോ വിളിക്കുമ്പോ അമ്മ സങ്കടം പറയും.

“വരാം അമ്മേ..”

എന്നും പറഞ്ഞ് അമ്മയെ സമാധാനിപ്പിക്കും.

പക്ഷെ ഇത്തവണ വരാന്ന് പറഞ്ഞ് അമ്മയെ പറ്റിക്കാൻ നിന്നില്ല.

“ന്റെ കുട്ടി വരുന്നുണ്ട്.. ശ്രീഹരി വരുന്നുണ്ട്..”

കുടുംബക്കാരോടും അയൽപക്കക്കാരോടുമൊക്കെ പറഞ്ഞു നടക്കായിരുന്നു അമ്മ.

അവന്റെ മുറിയൊരുക്കലും ഇഷ്ടപ്പെട്ട വിഭവങ്ങളൊരുക്കാനുള്ള വട്ടങ്ങളൊരുക്കലും ആകെക്കൂടെ ഒരു വെപ്രാളമായിരുന്നു അമ്മയ്ക്ക്.

“ന്റെ വത്സലേ..അവനിങ്ങോട്ട് തന്ന്യല്ലേ വരണത്..

പിന്നെന്തിനാ നീയീ കിടന്ന് വെപ്രാളപ്പെടുന്നത്..?

അമ്മയുടെ വെപ്രാളം കണ്ട് ചിലപ്പോഴൊക്കെ അച്ഛൻ ദേഷ്യപ്പെടും.

“ങ്ങക്കത് പറഞ്ഞാ മതി.. കാലം കുറെ കഴിഞ്ഞാ ന്റെ കുട്ടി ഒന്ന് വരണത്..”

അമ്മയും ദേഷ്യത്തോടെ മുപടി കൊടുക്കും.

“അച്ഛനൊന്നും പറയാൻ നിക്കണ്ട.. അവൻ വന്നു കേറിയാലെ അമ്മയ്ക്ക് സമാധാനാവൂ..”

ശ്രീലക്ഷ്മി അച്ഛനെ ഉപദേശിക്കും.

ശ്രീഹരിക്ക് നേരെ മൂത്തതാണ് ശ്രീലക്ഷ്മി. മക്കളായിട്ട് അവര് രണ്ടാളും തന്നെയുള്ളൂ.

വന്നാലുടനെ ശ്രീഹരിയുടെ കല്യാണണ്ട്.

സുഹൈലും കൂട്ടരും ചേർന്ന് വിദേശത്ത് നിന്ന് ഉണ്ടാക്കിയതാണ് ഈ വിവാഹക്കാര്യം.

അവരുടെ കൂടെത്തന്നെ ജോലി ചെയ്യുന്ന സേതൂന്റെ ചെറ്യമ്മേട മോളാണ് പെണ്ണ്.

“അനിത..”

ശ്രീഹരിക്ക് ചേർന്ന കുട്ട്യാ.

കണ്ടാൽ ശ്രീക്കുട്ടിയെപ്പോലെയൊക്കെ തോന്നും.

അത്ര എടുപ്പില്ലന്നേ ഉള്ളൂ. നല്ല കുടുംബവും കൂട്ടരും.

കുട്ടിയ്ക്ക് അച്ഛനില്ലെന്ന ഒരു കുറവെ ഉള്ളൂ.

ഫോട്ടോ കണ്ട് കുട്ടികൾക്ക് പരസ്പരം ഇഷ്ടായിട്ടുണ്ട്.

ബാക്കി കാര്യങ്ങളൊക്കെ കാരണോന്മാര് പറഞ്ഞു വാക്കാലുറപ്പിച്ചു വെച്ചിട്ടുമുണ്ട്. വന്നാലുടനെ കല്യാണം. അതാണ് കണ്ടീഷൻ.

വന്ന ഉടനെ ശ്രീക്കുട്ടിയുടെ കാര്യങ്ങളാണ് ശ്രീഹരി ചോദിച്ചറിഞ്ഞത്. രണ്ടര വർഷം കഴിഞ്ഞു അവളെയൊന്ന് കണ്ടിട്ട്. ചേച്ചിയോടാണ് കാര്യങ്ങളൊക്കെ തിരക്കിയത്.

തറവാട്ടിലും പോയിരുന്നു. അമ്മാവനെയും അമ്മായിയേയും കണ്ട് ചോദിച്ചതും ശ്രീക്കുട്ടിയുടെ കാര്യങ്ങളാണ്.

“വല്ലപ്പോഴും വിളിക്കും.

വല്ല മരിപ്പിനൊ കല്യാണത്തിനൊ ഒന്ന് വന്നാ വന്നൂന്ന് പറയാം.. അത്ര തന്നെ..

നിന്ന് തിരിയാൻ നേരല്ല്യാത്ത തിരക്കാണത്രെ അരവിന്ദന്..

ഇനി പറഞ്ഞിട്ടെന്തു കാര്യം.. അവളും മറന്നു എല്ലാരേയും..”

സങ്കടത്തോടെ അമ്മാവനത് പറഞ്ഞപ്പോ ചോദിക്കേണ്ടായിരുന്നൂന്ന് തോന്നിപ്പോയി ശ്രീഹരിക്ക്.

അമ്മായിക്കും അവള് വിളിക്കാത്തതിലും വരാത്തതിലും നല്ല സങ്കടണ്ട്. ഒന്നും പറഞ്ഞില്ലന്നെ ഉള്ളൂ. നിറഞ്ഞൊഴുകിയ കണ്ണീരിൽ എല്ലാം ഉണ്ടായിരുന്നു.

അവിടന്നിറങ്ങുമ്പോ ഒരറ്റ ചിന്ത മാത്രമായിരുന്നു അവന്റെ മനസ്സില്.

“എല്ലാവരേയും മറന്ന കൂട്ടത്തില് അവളുടെ ശ്രീയേട്ടനെയും അവള് മറന്നോന്ന്..?”

“മറന്നിട്ടുണ്ടാകും.. പെണ്ണല്ലേ വർഗ്ഗം..

അല്ലെങ്കിലും ഓർത്തിരിക്കാൻ മാത്രം ഞാനവൾക്ക് ആരായിരുന്നു..?

ഒരു കുടുംബമൊക്കെ ആവുമ്പോ എല്ലാവരും ഇങ്ങനെ തന്ന്യാവും.. എല്ലാരേം മറക്കും..”

ഓരോന്നോർത്ത് കിടന്ന് ഉറങ്ങിപ്പോയതറിഞ്ഞില്ല.അമ്മവന്ന് കതകിൽ തട്ടിയപ്പഴാ ശ്രീഹരി ഞെട്ടിയുണർന്നത്.

“ന്ത് ഉറക്കാ കുട്ട്യേ ത്.. മണി പത്താകുന്നു..

അച്ഛൻ തിരക്കുന്നുണ്ട്..”

വിളിച്ചുണർത്തികൊണ്ട് അമ്മ പറഞ്ഞു.

“അലാറം വെക്കാണ്ടുറങ്ങിയപ്പോ അറഞ്ഞില്ലമ്മേ..ഉറങ്ങിപ്പോയി..

എ സിയുടെ തണുപ്പിനേക്കാൾ എന്ത് നല്ല കാറ്റാജനവാതില് തുറന്ന് വെച്ചപ്പോ കിട്ടുന്നത്..

കുറച്ചു കാലത്തിന് ശേഷം നല്ലോണം ഒന്നുറങ്ങി..”

“മതി പുരാണം പറഞ്ഞത്.. പോയി കുളിച്ചിട്ടു വാ.. സോപ്പും തോർത്തൊക്കെ അമ്മ കുളിപ്പുരയില് എടുത്ത് വെച്ചിട്ടുണ്ട്..”

“എന്റമ്മേ.. ഒന്ന് ചാടി കുളിക്കണം..

ഞാന്…കുളത്തില് പോയി കുളിച്ചിട്ടു വരാം.. എന്നാലെ ഒന്നുഷാറാവൂ..”

അതും പറഞ്ഞ് ശ്രീഹരി എഴുന്നേറ്റ് കുളക്കരയിലേക്ക് പോയി.

“ശ്രീക്കുട്ടാ.. കെട്ടിനിക്കണ വെള്ളാ.. ചാടിക്കുളിച്ച് അസുഖൊന്നും വരുത്തി വെക്കണ്ട..”

അമ്മ പറഞ്ഞെങ്കിലും അതിനൊന്നും ചെവികൊടുക്കാൻ നിന്നില്ല.

തെളിനീര് പോലെ നീല നിറത്തിൽ കെട്ടിനിൽക്കാണ് കുളത്തിലെ വെള്ളം.

പതിയെ കാല് നീട്ടിൽ വെള്ളത്തിലൊന്നു തൊട്ടു.

നല്ല തണുപ്പുണ്ട്. കുളിര് കൊണ്ട് അവന്റെ മേനി ഒന്നായിട്ടൊന്നു കുലുക്കി.

അടുത്ത നിമിഷം വെള്ളത്തിലേക്ക് എടുത്ത് ചാടി. മീൻ കണക്കെ വെള്ളത്തിന്റെ അടിത്തട്ടിലേക്ക് നിമിഷനേരംകൊണ്ട് ഊളിയിട്ടു പോയി.

തുടരും..