ഒറ്റമന്ദാരം ~~ ഭാഗം 01,എഴുത്ത്: മഷ്ഹൂദ് തിരൂർ

എയർപോർട്ടിലിരിക്കുമ്പോഴും ശ്രീഹരിയുടെ മനസ്സ് അസ്വസ്ഥമായിരുന്നു. സൈറ്റിലെ ജോലി കഴിഞ്ഞ് മെസ്സിൽ ഉച്ചഭക്ഷണത്തിനിരിക്കുമ്പോഴാണ് പതിവില്ലാതെ ഭാര്യയുടെ മിസ്സ് കോൾ വന്നത്. പെട്ടന്ന് തന്നെ നെറ്റ് ഒൺ ചെയ്ത് നാട്ടിലേക്ക് വിളിച്ചു..

” ഇതെവിട്യാ ഹര്യേട്ടാ നിങ്ങള് പോയി കിടക്ക്ണത്.. എത്ര നേരായീന്നറിയൊ വിളിക്കാൻ തുടങ്ങീട്ട്.. “

വിളിച്ചപാടെ അനുവിന്റെ സങ്കടത്തോടെയുള്ള പരാതിയാണ് കേട്ടത്.

“എടീ ഞാൻ വർക്ക് സൈറ്റിലായിരുന്നു. അവിടെ റേഞ്ച് കുറവാ. ഭക്ഷണം കഴിക്കാൻ വേണ്ടി മെസ്സിലെത്തിയതെയുള്ളൂ.. നീ വിളിച്ച കാര്യം പറ..! “

“ഹര്യേട്ടാ.. ശ്രീനന്ദക്ക് തീരെ സുഖല്ല്യ.. ICU വിലാണ്. മിനിഞ്ഞാന്ന് കൊണ്ടുപോയതാ ഇടയക്ക് ബോധം വന്നപ്പോ ഹര്യേട്ടനെ ചോദിച്ചു, കാണണമെന്ന് പറഞ്ഞ് കരഞ്ഞു.”

ഒരു ഞെട്ടലാണ് ശ്രീഹരിക്കുണ്ടായത്. നാലുമാസം മുമ്പ് ലീവിന് നാട്ടിൽ പോയപ്പോ, പണ്ട് ശ്രീഹരിയുടെ കൈയ്യും പിടിച്ച് നടന്ന തൊടി മുഴുവൻ അവന്റെ കൈയ്യും പിടിച്ച് നടന്നു കണ്ടതാ.

അച്ഛനും അമ്മയും സരസ്വതിച്ചിറ്റയും ചേർന്ന് കളിയാക്കിയപ്പോ..

” ന്റെ ശ്രീയേട്ടന്റെ കൈയ്യും പിടിച്ച് നടക്ക്ണതില് ങ്ങക്കെന്താ ഛേദ്ദം..”

എന്ന് ചിറികോട്ടി പരിഭവം പറഞ്ഞവളാ.

അവൾക്ക് വയ്യെന്ന് കേട്ടപ്പോ ശ്രീഹരിക്കത് പെട്ടന്ന് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല.

“എന്റെ അനൂ.. എന്നിട്ടിപ്പോഴാണൊ വിളിച്ചറിയിക്കുന്നത്.. എന്താടി അവൾക്ക് പറ്റിയത്..? “

ദേഷ്യവും സങ്കടവും കലർന്നാണ് ചോദിച്ചത്.

“സരസ്വതി ചിറ്റേട മോള്ടെ കുഞ്ഞിന്റെ ചോറൂണായിരുന്നില്ലെ മിനിഞ്ഞാന്ന്.. ഗുരുവായൂര് വെച്ച്.. അതിന് പോകാനുള്ള ഒരുക്കത്തിലായിരുന്നു.. അതിനിടയ്ക്ക് തളർന്നുവീണു..”

“ഡോക്ടർമാരെന്താ പറഞ്ഞത്..?”

കേട്ടിരിക്കാൻ ക്ഷമയില്ലാതെ ഹരി വീണ്ടും ചോദിച്ചു.

“ഡോക്ടർമാര് മാറി മാറി നോക്കുന്നുണ്ട്.. ഇതുവരെ അവരൊന്നും വിട്ടു പറഞ്ഞിട്ടുംല്ല്യ.. അച്ഛനും അമ്മേം ഹോസ്പിറ്റലിൽ തന്ന്യാ..”

“ശരി.. നീ വെച്ചേക്ക്.. ഞാൻ വിളിക്കാം.. “

അതും പറഞ്ഞ് മെസ്സിൽ നിന്നും ഇറങ്ങി വണ്ടിയുമെടുത്ത് നേരെ ഓഫിസിലേക്ക് പോയി. മാനേജറെ ചെന്ന് കണ്ട് കാര്യം പറഞ്ഞു. അമ്മയ്ക്ക് സുഖമില്ലെന്നാണ് പറഞ്ഞത്. 15 ദിവസത്തെ എമർജൻസി ലീവിനാവശ്യപ്പെട്ടു. പക്ഷെ മുടന്തൻ ന്യായം പറഞ്ഞ് മാനേജർ ഉടക്കി നിന്നു. ഭാഗ്യത്തിന് MD അവിടെ ഉണ്ടായിരുന്നു. ഹരി നേരെ MDയെ ചെന്ന് കണ്ട് കാര്യം പറഞ്ഞു. പറഞ്ഞ നേരം കൊണ്ട് 15 ദിവസത്തെ എമർജൻസി ലീവ് അനു വദിച്ചു കൊടുക്കുകയും ചെയ്തു.

അവിടന്നിറങ്ങി നേരെ ട്രാവൽസിലേക്ക്, ടിക്കറ്റുമെടുത്ത് തിരിച്ച് റൂമിലേക്ക്. അപ്പഴേക്കും മണി 4 pm കഴിഞ്ഞിരുന്നു. രാത്രി 8.30 നാണ് ഫ്ലൈറ്റ്. ഉണ്ടായിരുന്ന വസ്ത്രങ്ങൾ പെറുക്കി യെടുത്ത്ഹാ ൻഡ് ബാഗിൽ കുത്തിനിറച്ചു. ദൃതിയിലൊരു കുളിയും പാസാക്കി സുഹൃത്തിന്റെ വണ്ടിയിൽ എയർപോർട്ടിലേക്ക്. എമിഗ്രേഷൻ ക്ലിയറൻസും കഴിഞ്ഞ് ബോർഡിംഗ് പാസ്സുമെടുത്ത് പാസ്സഞ്ചർ ഹാളിൽ ഫ്ലൈറ്റും കാത്തുള്ളിരിപ്പാണ്.

മനസ്സ് മുഴുവൻ ശ്രീനന്ദയാണ്. അവൾക്കെന്താ പറ്റിയതെന്നറിയാത്ത ഉത്കണ്ഠ ശ്രീഹരിയുടെ മുഖത്ത് പ്രകടമാണ്.

പെട്ടന്നാണ് വരുന്നുണ്ടെന്ന കാര്യം ഭാര്യയെ വിളിച്ചു പറയേണ്ട കാര്യം ഓർത്തത്. അതിനിടയ്ക്ക് അക്കാര്യം മറന്നിരുന്നു.

തുടരും..