ഒരു ദിവസം മോനെ കൂട്ടിക്കൊണ്ട് പോകാൻ ദേവിക വൈകിയപ്പോ മുരളി അവനോട് ചോദിച്ചു…..

Story written by Ammu Santhosh

ഹൃദയത്തിൽ ദൈവത്തിന്റെ കയ്യൊപ്പ്

“എന്റെ മോൻ നന്നായി പാടും സാർ “

മുരളീകൃഷ്ണ കുട്ടിയെ ഒന്ന് നോക്കി കഷ്ടിച്ച് 12വയസ്സുണ്ടാവും.

“കുട്ടി ഇത് വരെ സംഗീതം പഠിച്ചിട്ടുണ്ടോ?”

“അമ്മ പറഞ്ഞു തന്ന കുറച്ചു സ്വരങ്ങൾ മാത്രേ വശമുള്ളൂ ” കുട്ടി വിനയത്തോടെ പറഞ്ഞു

മുരളീകൃഷ്ണൻ അപ്പോഴാണ് ആ സ്ത്രീയെ ശ്രദ്ധിച്ചത്. എവിടെയോ കണ്ടു പരിചയയമുള്ള മുഖം.

“പേരെന്താ?”അയാൾ അവരോടു ചോദിച്ചു

“ദേവിക.. ഞാൻ ഗാനമേളകൾക്ക് പാടുമായിരുന്നു. സാറിനെ ഞാൻ കണ്ടിട്ടുണ്ട്. ഒന്ന് രണ്ടു തവണ നമ്മൾ ഒന്നിച്ചു പാടിയിട്ടുമുണ്ട് “

അയാൾക്ക് അപ്പൊ ഓർമ്മ വന്നു

“സാർ ഈ സ്കൂളിൽ മാഷാണെന്ന് ഈയിടെ ആണ് അറിഞ്ഞത്. മോന് കുറച്ചു നേരം സംഗീതം പറഞ്ഞു കൊടുക്കാമോ?”

“പിന്നെന്താ എന്നെ കൊണ്ട് പറ്റുന്ന പോലെ ചെയ്യാമല്ലോ. വൈകുന്നേരം വീട്ടിലോട്ട് വന്നോളൂ എന്റെ വീട് അറിയുമോ?”

“അറിയാം മാഷേ “കുട്ടി ഉത്സാഹത്തോടെ പറഞ്ഞു

“മോന്റെ പേരെന്താ?”

“കാശി… കാശി നാഥൻ “

“ശരി അപ്പൊ..എനിക്ക് ഈ പീരിയഡ് ക്ലാസ്സ്‌ ഉണ്ട്. “. അവർ കൈ കൂപ്പി യാത്ര പറഞ്ഞു പോയി

പാടും എന്ന് ദേവിക പറഞ്ഞെങ്കിലും അത്യപൂർവമായ സിദ്ധി ഉള്ള കുട്ടിയാണ് കാശി എന്ന് ഓരോ തവണയും അവന്റെ കഴിവ് കാണുമ്പോൾ അയാൾക്ക് ബോധ്യപ്പെട്ടു

“അമ്മയ്ക്കെന്താ ജോലി?”

ഒരു ദിവസം മോനെ കൂട്ടിക്കൊണ്ട് പോകാൻ ദേവിക വൈകിയപ്പോ മുരളി അവനോട് ചോദിച്ചു

“അമ്മ രണ്ടു മൂന്ന് വീട്ടിൽ ജോലിക്ക് പോകുന്നുണ്ട്. അവിടെ ചിലപ്പോൾ കൂടുതൽ ജോലിയുണ്ടാവും അതാണ് വൈകുന്നത്. ഞാൻ ഒറ്റയ്ക്ക് പൊയ്ക്കോളാം മാഷേ. രണ്ടു വളവ് തിരിഞ്ഞാൽ എന്റെ വീടായി “

“അയ്യോ വേണ്ട ട്ടോ ഒറ്റയ്ക്ക് പോകണ്ട. എനിക്ക് കുറച്ചു സാധനം വാങ്ങാൻ ഉണ്ട്. എന്തായാലും വാങ്ങണം. ഞാൻ കൊണ്ട് വിടാം “

“മാഷിന് ബുദ്ധിമുട്ട് ആവില്ലേ?” പന്ത്രണ്ടു വയസ്സ് ഉള്ള ഒരു കുട്ടിയുടെ ചോദ്യം അല്ലായിരുന്നു അത്. പക്വത എത്തിയ മുതിർന്ന ഒരാൾ ചോദിക്കും പോലെ

ആയാൾ പുഞ്ചിരിച്ചു

“സാരമില്ല ഇത് ഞാൻ അങ് സഹിച്ചു “

അപ്പോഴേക്കും ഓടിക്കിതച്ചു ദേവിക എത്തി

“ക്ഷമിക്കണം. മാഷേ.. ഞാൻ വൈകി.. ഇന്ന് അവിടെ ജോലി ചെയ്യുന്ന വീട്ടിലെ കുട്ടി ഒരു ചാനലിൽ ഒഡിഷനു പോകുന്നു എന്ന് പറയുന്നത് കേട്ടു. പതിനഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികളുടെ ആണത്രേ.. ചോദിച്ചറിഞ്ഞു വന്നപ്പോൾ നേരം പോയി. നമുക്ക് മോനെയും കൊണ്ട് പോയാലോ സാറെ.. നാളെ ആണ് ലാസ്റ്റ് ഡേറ്റ് “

മുരളി അത്ഭുതത്തോടെ അത് കേട്ടു നിന്നു താൻ അത് ശ്രദ്ധിച്ചില്ലല്ലോ ടീവിയിൽ ഇടക്ക് കാണിക്കുന്നുണ്ടായിരുന്നു. പക്ഷെ ഓർത്തില്ല

“നല്ലതാ. നാളെ പക്ഷെ എനിക്ക് വേറെ ഒരു അത്യാവശ്യം ഉണ്ടല്ലോ. ഒരു കാര്യം ചെയ്യാം ഞാൻ നിങ്ങളെ അവിടെ കൊണ്ട് പോയി ആക്കി തരാം ‘

“അയ്യോ മാഷ് വരണ്ട മാഷേ. ഞങ്ങൾ പൊയ്ക്കോളാം മോനെ കൊണ്ട് പോകാൻ ഒരു അനുവാദം ചോദിച്ചതാ ഞാൻ. മാഷല്ലേ അവന്റെ ഗുരു. അനുഗ്രഹം വേണം മാഷേ “

ദേവിക വിനയത്തോടെ പറഞ്ഞു

അപ്പോഴും മുരളിക്ക്‌ അത്ഭുതം ആണ് തോന്നിയത്. ഈ കാലത്തും ഇങ്ങനെ ചിലർ

അയാളുടെ കാല് തൊട്ട് അനുഗ്രഹം വാങ്ങി കാശി അമ്മയ്‌ക്കൊപ്പം നടക്കുന്നത് അയാൾ നോക്കി നിന്നു

“ടൈം കഴിഞ്ഞല്ലോ “

ആപ്ലിക്കേഷൻ കൗണ്ടറിൽ ഇരിക്കുന്ന ചെറുപ്പക്കാരൻ പറഞ്ഞു

“ഇന്നും കൂടിയുണ്ടെന്നാണല്ലോ പറഞ്ഞത് “ദേവിക ആധിയിൽ ചോദിച്ചു

“അതെ പക്ഷെ ഇന്ന് പന്ത്രണ്ടു മണി വരെ ഉള്ളായിരുന്നു.”

“ഞങ്ങൾ കുറച്ചു ദൂരെന്ന് വരുവാ.അതാ വൈകിയേ. എങ്ങനെ എങ്കിലും..”

ചെറുപ്പക്കാരനവളുടെ മുഷിഞ്ഞ വേഷവും രൂപവും കണ്ടിട്ട് പുച്ഛം തോന്നി

“സമയം മെനക്കെടുത്താതെ പോകാൻ നോക്ക് “

“അങ്ങനെ പറയല്ലേ. ആരെയാ കാണേണ്ടത്? പ്രോഗ്രാമിന്റെ ചാർജ് ഉള്ള ആരെങ്കിലും ഉണ്ടെങ്കിൽ ഞാൻ പോയി സംസാരിക്കാം.. പ്ലീസ് ഒരു പാട് ആഗ്രഹത്തോടെ വന്നതാ “

“ആഹാ കൊള്ളാമല്ലോ. ഇതിന്റെ ചാർജ് ഉള്ളവരോട് സംസാരിക്കാൻ ഉള്ള ധൈര്യം ഒക്കെ ഉണ്ടോ നിങ്ങൾക്ക്?”അവൻ പുച്ഛത്തോടെ ചോദിച്ചു

“സ്വന്തം കാര്യം സംസാരിക്കാൻ ധൈര്യം ഇല്ലെങ്കിൽ ഈ ഭൂമിയിൽ ജീവിച്ചിരിക്കുന്നതെന്തിനാ കുട്ടി?” അവൾ ആത്മവിശ്വാസത്തോടെ തിരിച്ചു ചോദിച്ചു
അവൻ ഒന്ന് പതറി

അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ വൈഷ്ണവി മുറിയിൽ ഉണ്ടായിരുന്നു

“വൈഷ്ണവി മാഡം ഇവർക്ക് മാഡത്തിനെ ഒന്ന്കാ ണണം ന്ന് “

വൈഷ്ണവി ആ അമ്മയെയും മോനെയും ഒന്ന് നോക്കി. അവൾ അവരോടു ഇരിക്കാൻ പറഞ്ഞു. എന്നിട്ട് അവരെ കേൾക്കാൻ ആരംഭിച്ചു

ദേവിക അവരോട് എല്ലാം പറഞ്ഞു

“നോക്കു. ഓഡിഷൻ കഴിഞ്ഞു സിംഗേഴ്സ് എല്ലാം പോയി ജഡ്ജസിലൊരാൾ മാത്രമേയുള്ളു.കാർ എത്താൻ വെയിറ്റ് ചെയ്യുകയാണ്. നമ്മുക്ക് ഒന്നും ചെയ്യാൻ പറ്റില്ല “എല്ലാം കേട്ടിട്ട് വൈഷ്ണവി പറഞ്ഞു

“മാഡം.. ഞാൻ… എന്റെ വീട്ടിൽ ടീവി ഇല്ല. ഞാൻ ജോലിക്ക് നിൽക്കുന്ന വീട്ടിലെ ആൾക്കാർ പറഞ്ഞു അറിഞ്ഞതാ.എന്റെ മോൻ നന്നായി പാടും.. അവന്റെ പാട്ട് കുറച്ചു കൂടി ആൾക്കാർ കേട്ടെങ്കിൽ… അവരുടെ ശബ്ദം ഒന്ന് ഇടറി. “എന്റെ മോനായത് കൊണ്ട് മാത്രം അവന്റെ കഴിവുകൾ ലോകം അറിയാതെ പോയാൽ ഞാൻ ഒരമ്മയാണെന്നതിനു പിന്നെ അർത്ഥം ഉണ്ടൊ മാഡം?” വൈഷ്ണവിയുടെ കണ്ണുകൾ അറിയാതെ നിറഞ്ഞു പോയി

“ഒരു ജഡ്ജ് ഉണ്ടെന്നല്ലേ പറഞ്ഞത്? ഒരു തവണ എന്റെ മോൻ ഒന്ന് പാടിക്കോട്ടെ.. അദ്ദേഹത്തിന് ഇഷ്ടം ആയില്ലെങ്കിൽ വേണ്ട “

ദേവിക കൈ കൂപ്പി

“നോക്കു അദ്ദേഹം ഹിന്ദി സിങ്ങർ ആണ്. മുംബയിൽ നിന്നുള്ള രൺവീർ തിവാരി. കേട്ടിട്ടുണ്ടോ?”

“ഇല്ല മാം “

“Young ആണ് പുതിയ സിങ്ങർ ആണ്. പക്ഷെ very സ്ട്രിക്ട്.. ഹിന്ദി പാട്ട് വല്ലോം അറിയുമോ മോന്?”

“കഭി കഭി അറിയാം മാം ഞാൻ പഠിപ്പിച്ചു കൊടുത്തതാ സ്കൂളിൽ പാടാൻ.. അത് പാടും “

ദേവിക മോന്റെ ശിരസിൽ തൊട്ടു

“നിങ്ങൾ വിചാരിക്കും പോലെ ഇത് സ്കൂളിൽ മത്സരത്തിൽ പാടും പോലെ ഒന്നല്ല. സ്വരം ജതി രാഗം എല്ലാം അറിയണം.”

“എന്റെ മോൻ പാടും ” ദേവിക നനഞ്ഞ കണ്ണുകളോടെ പറഞ്ഞു

“ഞാൻ ഒന്ന് സംസാരിച്ചു നോക്കട്ടെ “

അവർ അകത്തേക്ക് പോയി

“മോന് ഓർമ ഉണ്ടല്ലോ അല്ലെ.? ദേവിക അവനോട് ചോദിച്ചു .”

“ഞാൻ അമ്മ പഠിപ്പിച്ചത് എന്തെങ്കിലും ഇത് വരെ മറന്നിട്ടുണ്ടോ “

അവൻ അവളുടെ കവിളിൽ ഉമ്മ വെച്ചു

അവൾ അവനെ നെഞ്ചോട് ചേർത്ത് അനങ്ങാതെ ഇരുന്നു

“അമ്മ പഠിപ്പിച്ചതൊന്നും ഒരിക്കലും മറക്കാതെ ഇരിക്കുക മകനെ..”

അവൾ ഉള്ളിൽ പറഞ്ഞു

രൺവീർ അവനെ കേൾക്കാൻ സമ്മതിച്ചു. വൈഷ്ണവി അത്രമേൽ കെഞ്ചിയത് കൊണ്ട് മാത്രം.

വളരെ ചെറിയ ഒരു കുട്ടി

നിറം മങ്ങിയ നിക്കറും അവനെക്കാൾ വലിയ ഒരു ഷർട്ടും

അവന്റെ മുഖത്ത് പക്ഷെ എന്തൊ ഒന്ന് തിളങ്ങുന്നുണ്ടായിരുന്നു. അയാൾ കസേരയിലേക്ക് ഒന്ന് ചാഞ്ഞലസമായിരുന്നു

അവൻ പാടി തുടങ്ങി

“കഭി കഭി മേരെ ദിൽ മേം ഖയാൽ ആത്താ ഹേ..

ഇടക്കെപ്പോഴൊക്കെയോ അയാളുടെ കണ്ണ് നിറഞ്ഞു.

പാട്ട് തീർന്നതറിയാതെ അയാൾ അവനെ നോക്കിക്കൊണ്ടിരുന്നു

പിന്നേ അടുത്തേക്ക് വരാൻ കൈ കാണിച്ചു.

“Can you give me a hug ?”അയാൾ മെല്ലെ ചോദിച്ചു

അവൻ തെല്ല് പതർച്ചയോടെ വൈഷ്ണവിയെ നോക്കി

അവൾ പുഞ്ചിരിച്ചു

അയാളുടെ കാല് തൊട്ട് വന്ദിച്ചു കാശി. പിന്നേ ചെറിയ ഒരു ചമ്മലോടെ അയാളുടെ കൈകളിൽ ചേർന്ന് നിന്നു

പക്ഷെ ഫലം ഉണ്ടായില്ല

“റൂൾസ്‌ മാറ്റാൻ പറ്റില്ല വൈഷ്ണവി.. പിന്നെ അതാവും ഏറ്റവും വലിയ വാർത്ത.. നമ്മുക്ക് ആ കുട്ടിയെ എടുക്കാൻ പറ്റില്ല. ഇനിയും അവസരങ്ങൾ വരും അപ്പൊ priority കൊടുക്കാം “

പ്രോഗ്രാം മാനേജർ സിദ്ധാർഥ് തീർത്തു പറഞ്ഞു

“സിദ്ധു അവർ പാവങ്ങള.. അവർക്ക് ഇതിനെ കുറിച്ച് അറിയുമായിരുന്നില്ല.. ആ കുട്ടി അസ്സലായി പാടും.. നീ ഒന്ന് കേട്ട് നോക്ക് “

“നടക്കില്ല.എനിക്ക് കുറച്ചു ജോലി ഉണ്ട് നീ പോ “അയാൾ പരുഷമായി പറഞ്ഞു
വൈഷ്ണവി തിരിച്ചു പോരുന്നു. അവനില്ലാത്ത സമയത്ത് രൺവീറിന്റെ മുന്നിൽ കുട്ടിയെ പാടിപ്പിച്ചതിന്റെ ദേഷ്യമാണ് അവൻ കാണിക്കുന്നത് എന്ന് അവൾക്ക് മനസിലായി

അവൾ അവർ കൊടുത്തിരിക്കുന്ന അപ്ലിക്കേഷൻ വായിച്ചു നോക്കി

ഫോൺ നമ്പർ ഇല്ല

ഫോൺ ഉണ്ടാവില്ല

അഡ്രെസ്സ് ഉണ്ട്

അവൾ ഒരു കത്ത് എഴുതി പോസ്റ്റ്‌ ചെയ്തു

കത്ത് വായിച്ച് ദേവിക നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ മോനെ നോക്കി

അവന്റെ കുഞ്ഞ് മുഖവും വാടിയത് കണ്ടു അവൾ വേഗം കണ്ണ് തുടച്ചു പുഞ്ചിരിച്ചു

“എന്റെ മോന് ഇതിലും വലിയ ഒരു അവസരം വരും നോക്കിക്കോ. അമ്മയ പറയുന്നേ..
വിശ്വാസം ഇല്ലേ?”

അവനും പെട്ടെന്ന് പുഞ്ചിരിച്ചു

“അമ്മ പറഞ്ഞാ ഉറപ്പല്ലേ?””വിശക്കുന്നു ചോറ് താ “

“ഉയ്യോ സ്കൂളിൽ നിന്ന് വന്നത് ഞാൻ മറന്നു. ഇപ്പൊ തരാട്ടോ “

ദേവിക അകത്തേക്ക് നടന്നു
ചുവരിലെ ഫോട്ടോക്ക്‌ മുന്നിൽ എത്തിയപ്പോൾ അവൾ ഒന്ന് നിന്നു

“മനുവേട്ടാ വിഷമമായോ? പോട്ടെ സാരമില്ല. ഇനിയും വരും അവസരങ്ങൾ. നമ്മുടെ മോനെ എല്ലാരും അറിയുന്ന ഒരു ദിവസം വരും.. അതിന് വേണ്ടി എന്ത് കഷ്ടപ്പാട് സഹിക്കാനും ഞാൻ തയ്യാറാണ് ” ഫോട്ടോയിൽ ഇരുന്നു മനു ചിരിക്കും പോലെ.. അവൾ മെല്ലെ കൈ കൊണ്ട് ആ മുഖത്ത് ഒന്ന് തൊട്ടു. കൂടെയുണ്ടാവണം കേട്ടോ എന്ന് മന്ത്രിച്ചു

“അന്ന് പാടിയ കുട്ടി.. അത് എവിടെ?”

ഒരു ദിവസം വൈഷ്ണവിയോടു രൺവീർ ചോദിച്ചു അവൾ നിയമങ്ങളെ ക്കുറിച്ചും അവനെ ഉൾപ്പെടുത്താൻ സാധിക്കാതെ വന്നതിനെ കുറിച്ചും പറഞ്ഞു

കുറച്ചു നാളുകൾക്കു ശേഷം

“അമ്മേ.. ദേ ആ ആന്റി “മുറ്റത്തു ഇരുന്നു പഠിക്കുകയായിരുന്ന കാശി ഉറക്കെ വിളിച്ചു പറഞ്ഞു

അവരുടെ ഓല കെട്ടിയ ചെറിയ വീട് നോക്കി നിൽക്കവേ വൈഷ്ണവിയുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു

“അയ്യോ മാഡം.. വാ ഇരിക്ക് “

ദേവിക ഒരു കസേര കൊണ്ട് മുറ്റത്തിട്ട് കൈ കൂപ്പി പറഞ്ഞു

വൈഷ്ണവി അവളുടെ അടുത്തേക്ക് ചെന്നു അവളെ ചേർത്ത് പിടിച്ചു

“നിങ്ങൾ നല്ല അമ്മയാണ് ദേവി.. ഇവൻ നല്ല ഒരു മകനും..ദൈവം നിങ്ങൾ ക്കൊപ്പമാണ്.രൺവീർ ആദ്യ സംഗീതസംവിധാനം ചെയ്യുന്ന സിനിമയിൽ ഒരു കുട്ടിയെ ആവശ്യമുണ്ട്. നിങ്ങളുടെ മകൻ പാടുന്നു. നമ്മുടെ കാശി പാടുന്നു “

ദേവിക നിശ്ചലയായി

അവളുടെ മുഖത്ത് കൂടി കണ്ണീര് ഒഴുകി കൊണ്ടിരുന്നു

അമ്മ കരയുന്നത് കണ്ട് കാശി സങ്കടത്തോടെ അമ്മയെ കുലുക്കി

“, കരയല്ലേ അമ്മേ “

ദേവിക അവനെ ചേർത്ത് പിടിച്ചു മുഖം തുടച്ചു

“എങ്ങനെ..
ഇതൊക്കെ.
?”

അവൾക്ക് ശബ്ദം കിട്ടാതായി

“നിമിത്തം..വിധി.”അവൾ പുഞ്ചിരിച്ചു “മുംബൈക്ക്‌ പോകണം. പേടിക്കണ്ട സകല ചിലവും അവർ വഹിക്കും..ഞാൻ കൂടി വരാം ഒരു സഹായത്തിന്. .ദേവിക ആഗ്രഹിച്ചത് പോലെ ലോകം ഇവനെ കേൾക്കാൻ പോകുകയാണ്..നിങ്ങളുടെ മകനായത് കൊണ്ട് മാത്രം എല്ലാ സൗഭാഗ്യങ്ങളും ഇവനുണ്ടാകാൻ പോകുകയാണ്. സന്തോഷം ആയില്ലേ?”

ദേവിക എന്ത് പറയണം എന്നറിയാതെ നിന്നതേയുള്ളു

വാക്കുകളില്ല

തൊണ്ട കഴച്ചു പൊട്ടും പോലെ

ഒരു കരച്ചിൽ ഉള്ളിൽ ഇരമ്പുന്നുണ്ട്

കേൾക്കുന്നത് സത്യമാണോ എന്ന് പോലും തോന്നുന്നുണ്ട്

അവൾ വൈഷ്ണവിയുടെ കൈകളിൽ മുറുകെ പിടിച്ചു

വൈഷ്ണവി യാത്ര ചോദിച്ചു പോകുന്നതിന് മുന്നേ ഒരു ഫോൺ കൊടുത്തു ദേവികക്ക്

“വിളിച്ചാൽ കിട്ടണ്ടേ?” അവൾ ചിരിച്ചു

“ദേവിക നിറകണ്ണുകളോടെ കൈ കൂപ്പി

മുരളിക്ക് അത് കേട്ടിട്ട് അത്ഭുതം ഒന്നും തോന്നിയില്ല.

എത്രയോ ഉയരങ്ങളിൽ എത്തേണ്ട കുട്ടിയാണ് അവനെന്നു അയാൾക്ക് എന്നെ മനസിലായി കഴിഞ്ഞിരുന്നു

അയാൾ കാശിയെ ചേർത്ത് പിടിച്ചു നിറുകയിൽ ഉമ്മ വെച്ചു

ചില നേരങ്ങളിൽ ദൈവം തേടി വരും

കണ്ണീര് കണ്ടു ദൈവത്തിനു മടുത്തിട്ടാവാം

ഇനിയിവൾ ഒന്ന് ചിരിച്ചോട്ടെ എന്ന് കരുതിയാവാം

എന്തായാലും വരും..

ചില നിമിഷങ്ങൾ അങ്ങനെയാണ്

ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ നിമിഷങ്ങൾ