എല്ലരും ചേർന്ന് പെട്ടി കെട്ടി എയർപോർട്ടിൽ കൊണ്ട് വിടുമ്പോൾ പറഞ്ഞതാണ് ഇനി ആര് നാട്ടിൽ വന്നാലും വീട്ടിൽ വന്ന് പരിചയം പുതുക്കണം എന്ന് .. പക്ഷെ……..

_upscale

എഴുത്ത്:- സൽമാൻ സാലി

കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…

എയർപോർട്ടിൽ നിന്നിറങ്ങി ടാക്സിയിൽ കേറിയിരുന്ന അബദുക്കയുടെ കണ്ണ് എന്തിനെന്നറിയാതെ നിറഞ്ഞിരുന്നു …

ടാക്സി റാശിദീയ സിഗ്നലിൽ നിർത്തിയപ്പോ അബദുക്ക പുറത്തേക്ക് നോക്കി .. ആദ്യമായി ജോലിക്ക്. വന്ന അബു നാസർ ഹോട്ടലിൽ നല്ല തിരക്കുണ്ട് .. പതിയെ കണ്ണുകളടച്ചു അബദുക്ക ഓർമ്മയിലേക്ക് പോയി ..

എട്ട് മാസം മുൻപ് റൂമിലെ എല്ലാവരും ചേർന്ന് തന്നെ യാത്രയാക്കിയ ആ ദിവസം അബദുക്കയുടെ മനസ്സിൽ വീണ്ടും തെളിഞ്ഞു ..

” ഇതാ നമ്മുടെ എല്ലാം സ്വന്തമായ അബദുക്ക പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുകയാണ് സുഹൃത്തുക്കളെ .. ഇനി നാട്ടിൽ പേരക്കുട്ടികളേം നോക്കി ഒരുപാട് കാലം സന്തോഷമായി ജീവിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു ..

റൂമിലെ നൗഫലിന്റെ ഉച്ചത്തിലുള്ള പ്രസംഗം ഓർമ വന്നപ്പോ അബദുക്കയുടെ ചുണ്ടിൽ നിസ്സഹായനായ ഒരു ചിരി വിരിഞ്ഞു ..

എല്ലരും ചേർന്ന് പെട്ടി കെട്ടി എയർപോർട്ടിൽ കൊണ്ട് വിടുമ്പോൾ പറഞ്ഞതാണ് ഇനി ആര് നാട്ടിൽ വന്നാലും വീട്ടിൽ വന്ന് പരിചയം പുതുക്കണം എന്ന് .. പക്ഷെ എട്ട് മാസത്തിന് ശേഷം ഇതാ വീണ്ടും പ്രവാസത്തിന്റെ മണ്ണിലേക്ക് അബദുക്ക തിരിച്ചു വന്നിരിക്കുന്നു …

റൂമിന് മുന്നിൽ ടാക്സി ഇറങ്ങി അകത്തേക്ക് വരുമ്പോൾ നെഞ്ചിലൊരു കനം അനുഭവപെട്ടു അബദുക്കക് …

വെള്ളിയാഴ്ച ആയതുകൊണ്ട് എല്ലാരും റൂമിൽ തന്നെ ഉണ്ടായിരുന്നു …

” അള്ളാഹ് ഇതാരാ വരുന്നേ .. പേര കുട്ടികളെ കളിപ്പിച്ചു പറമ്പില് വാഴയും ചേനയും നട്ട് നാട്ടിൽ കൂടാൻ പോയ ഞമ്മളെ കാക്ക പെട്ടീം കെട്ടി തിരിച്ചു ഇങ്ങട്ട് തന്നെ വന്നോ .. ന്തേയ് കാക്കാ പേരക്കുട്ടി മടിയിൽ അപ്പിയിട്ടാ .. നൗഫൽ തന്നെയാണ് ഈ പ്രാവശ്യവും ഡയലോഗ് വിട്ടത്.. നൗഫൽ അങ്ങിനെയാണ് വായിൽ വരുന്നത് അതേപടി പറയും .. അതുകൊണ്ട് തന്നെ റൂമിലുള്ളവർ ആ ഒരു സെൻസിൽ തന്നെയേ അവന്റെ സംസാരം എടുക്കാറുള്ളു …

” ഡാ നൗഫു .. ഇജ്ജ് മിണ്ടാതിരിയെട .. സാദിക്ക് നൗഫലിനോട് കണ്ണിറുക്കി വേണ്ടെടാ എന്ന് ആംഗ്യം കാണിച്ചു ..

എല്ലാവരോടും സലാം പറഞ്ഞു കുറച്ചു സംസാരിച്ചു അബദുക്ക കുളിച്ചു വന്ന് ഒന്ന് മയങ്ങി .. അല്പം വൈകിയാണ് ഉറക്കം തെളിഞ്ഞത് .. അടുക്കളയിൽ പോയി ഒരു ചായയിട്ട് അതുമായി ബാൽക്കണിയിൽ വന്നിരുന്നു ചായ കുടിക്കുകായായിരുന്നു ..

” ഇങ്ങനെ വെട്ടി വിഴുങ്ങി വെറുതെ ഇരിക്കാൻ ഒന്നും സമ്പാദിച്ചിട്ടൊന്നും ഇല്ലല്ലോ .. ന്നെകൊണ്ട് പറ്റൂല എല്ലാരേം നോക്കാൻ .

മൂത്ത മകന്റെ സംസാരം അബദുക്കയുടെ കാതുകളിൽ വീണ്ടും വീണ്ടും കേട്ട് കൊണ്ടിരുന്നു ..

” അസ്സലാമു അലൈക്കും .. ജോലി കഴിഞ്ഞു വരുന്ന ഹബീബിന്റെ സലാം കേട്ട് പുറത്തേക്ക് നോക്കി നാട്ടിലെ ഓർമയിൽ ആയിരുന്ന അബദുക്ക ഒന്ന് ഞെട്ടി കയ്യിലെ ചായ ഒന്ന് തുളുമ്പി താഴേക്ക് മറിഞ്ഞു …

കുശലാന്വേഷണത്തിന് ഇടയിൽ ഹബീബ് ” എന്തെ തിരിച്ചു പൊന്നേ എന്ന ചോദ്യം വന്നപ്പോ അബദുക്കയുടെ കണ്ണ് നിറഞ്ഞു …

അൽപ മൗനമായി പുറത്തേക്ക് നോക്കി …

” ഞാനൊരു കറിവേപ്പില ആയിരുന്നെടാ .. വീട്ടുകാരുടെ ജീവിതത്തിൽ രുചിയും മണവും നൽകി പോന്നിരുന്ന വെറും കറിവേപ്പില …

എല്ലാം അവസാനിപ്പിച്ചു നാട്ടിൽ എത്തിയപ്പോ അവർക്ക് മനസ്സിലായി ഇനി അവരുടെ ജീവിതത്തിൽ മണവും രുചിയും നല്കാൻ എന്നെകൊണ്ട് പറ്റില്ല എന്ന് .. അതോടെ എന്റെ സ്ഥാനം എച്ചിലുകൾക്കിടയിലായി ..

ഹബീബിനെ നോക്കാതെ പറഞ്ഞു നിർത്തിയ അബദുക്ക ഹഹ്ഹമ്ഹ .. ഒന്ന് നിശ്വസിച്ചു ..

അനക്ക് അറിയോ കഴിഞ്ഞ കുറച്ചു മാസങ്ങളായി ഞാൻ ആ വീട്ടിൽ ഒരു കാവൽ പട്ടി മാത്രമായിരുന്നു .. ഭാര്യയും മകനും പേരകുട്ടികളുമായി പുറത്തേക്ക് പോകുമ്പോൾ വീടിന് കാവൽ നിൽക്കുന്ന കാവൽക്കാരൻ .. അവർ പുറത്ത് നിന്നും ഭക്ഷണം കഴിച്ചു കൊണ്ട് വരുന്ന പൊതി ഒരു കാവൽ പട്ടിക്ക് ഇട്ടുകൊടുക്കും പോലെ ആണ് എനിക്ക് തന്നിരുന്നത് ..

അബദുക്കയുടെ കണ്ണ് നിറഞ്ഞു .. കൈകൾ ബാൽക്കണിയിൽ മുറുകി പിടിച്ചു ..

” അതൊക്കെ ഞാൻ സഹിക്കുമായിരുന്നെടാ .. എന്റെ വിരൽ പിടിച്ചു പിച്ചവെച്ചു നടന്ന ന്റെ മോൻ ന്റെ കോളറക്ക് പിടിച്ചിട്ട് പറയാ ആ വീടും വസ്തുവും അവന്റെ പേരിൽ എഴുതികൊടുക്കാൻ .. അതും അവന്റെ ഉമ്മാന്റെ സമ്മതത്തോടെ .. ചങ്ക് തകർന്ന് പോയെടാ ഹബീബേ .. പൊട്ടിക്കരഞ്ഞുകൊണ്ട്‌ അബദുക്ക ഹബീബിന്റെ ചുമലിലേക്ക് വീണു …

” പിന്നെ എനിക്ക് തോന്നി .. അപമാനിതനായി അവിടെ കഴിയുന്നതിലും നല്ലത് ഇങ്ങോട്ട് വരുന്നതാണെന്ന് ഒന്നുമില്ലെങ്കിലും നിങ്ങൾ ഒക്കെ ഇല്ലെടാ ഇവിടേ …

” ഇനി ഞാൻ എനിക്ക് വേണ്ടി ജീവിക്കും .. അവർക്ക് വേണ്ടി ഞാൻ മുപ്പൊത്തി നാല് കൊല്ലം ഇവിടുത്തെ വെയിലും തണുപ്പും കൊണ്ടത് .. പക്ഷെ നന്ദിയില്ലാത്ത അവരുടെ പണം വരുന്ന ഒരു വഴി മാത്രമായിരുന്നു ഞാൻ …

” എടാ നമ്മൾ പ്രവാസികൾ ഇങ്ങനെയാണ് സ്വയം ജീവിക്കാതെ എല്ലാം നാട്ടിലുള്ളവർക്ക് അയച്ചു കൊടുക്കും .. അവർ കരുതുന്നത് നമ്മൾ അവരെക്കാൾ സന്തോഷത്തിലും ആര്ഭാടത്തിലും ആണ് ഇവിടേ ജീവിക്കുന്നത് എന്നാണ് ..

” ഇനി യെങ്കിലും കിട്ടുന്നതിന്റെ പാതി സ്വന്തമായിട്ട് ഉപയോഗിക്കാൻ പഠിക്കണം .. സമ്പാദിക്കണം .. എല്ലാം അവസാനിപ്പിച്ചു നാട്ടിൽ പോയാലും കുറച്ചു കാലമെങ്കിലും സ്വന്തം കാലിൽ തലയുയർത്തി ജീവിക്കാൻ ഉള്ളത് നമ്മുടെ കയ്യിൽ ഉണ്ടാവണം .. ഇന്നത്തെ കാലത്ത് കയ്യിൽ ഒന്നുമില്ലാത്തവന് പിച്ചക്കാരന്റെ വിലപോലും ആരും നല്കില്ലെടാ …

ഇത്രേം പറഞ്ഞു അബ്‌ദുക്ക് അകത്തേക്ക് കേറിപോയി .. പുറത്തേക്ക് നോക്കി നിന്ന ഹബീബിന്റെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു ….