എഴുത്ത്:-അപ്പു
” നിനക്ക് ജിഷയെ അറിയില്ലേ..? ശരിക്കും പറഞ്ഞാൽ പുള്ളിക്കാരി എനിക്കൊരു അനുഗ്രഹമാണ്. രാവിലെ മുതൽ അവൾ ഇവിടെ ഉള്ളതുകൊണ്ട് എനിക്ക് പ്രത്യേകിച്ച് ഒരു ബുദ്ധിമുട്ടുമില്ല. മിണ്ടിയും പറഞ്ഞും ഇരിക്കാൻ ഒരു കൂട്ടായി.”
മകളോട് ഫോണിൽ സംസാരിക്കുകയാണ് ഗീത.
“എന്തായാലും നീ ഇനിയിപ്പോൾ ഉടനെ ഇങ്ങോട്ട് വരുമല്ലോ.അപ്പോൾ ജിഷയെ പരിചയപ്പെടാം.അവളെ ഒരിക്കൽ പരിചയപ്പെട്ടു കഴിഞ്ഞാൽ പിന്നീട് നീ മറക്കില്ല.”
അവർക്ക് എത്ര പറഞ്ഞിട്ടും മതി വരുന്നുണ്ടായിരുന്നില്ല.
“ശരി മോളെ എന്നാൽ..”
അവർ ഫോൺ കട്ട് ചെയ്തു.
ഗീതയുടെ വീടിന് അടുത്താണ് ജിഷയുടെ വീട്. ഗീതയുടെ വീട്ടിൽ അടുക്കള പണിയൊക്കെ ചെയ്യുന്നത് ജിഷയാണ്. അത് അവർക്ക് വലിയൊരു സഹായവും ആണ്.
ഫോൺ വിളിയൊക്കെ കഴിഞ്ഞ് ഗീത അടുക്കളയിലേക്ക് ചെല്ലുമ്പോൾ ജിഷ ജോലി കഴിഞ്ഞ് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു.
“ചേച്ചി ഞാൻ ഇറങ്ങട്ടെ..”
അവർ യാത്ര ചോദിച്ചു.
” നീ പോയിട്ട് വാ.. അല്ല നിനക്ക് പച്ചക്കറി വേണമെന്ന് പറഞ്ഞില്ലേ..? ഫ്രിഡ്ജിൽ ഇരിപ്പുണ്ടല്ലോ.. എടുത്തിട്ട് പൊയ്ക്കൂടെ..? “
അവർ ചോദിച്ചപ്പോൾ ജിഷ ചിരിച്ചു. പിന്നെ കിച്ചൻ ടോപ്പിൽ എടുത്തു വച്ചിരുന്ന പച്ചക്കറി കാണിച്ചു കൊടുത്തു.
“ഞാൻ ഇത് എടുത്തിട്ടുണ്ട്.”
അവർ പറഞ്ഞപ്പോൾ ഗീതയുടെ നെറ്റി ചുളിഞ്ഞു.
” ഇത് നമ്മൾ കളയാൻ വേണ്ടി എടുത്തു വച്ചതല്ലേ.. നീ എന്തിനാ ഈ കേടായത് കൊണ്ട് പോകുന്നത്..?”
അവർ താൽപര്യക്കുറവ് പറഞ്ഞു.
” അങ്ങനെ കേടായിട്ടൊന്നുമില്ല ചേച്ചി. എനിക്ക് ഇതു മതി.. “
അത്രയും പറഞ്ഞു ആ പച്ചക്കറികൾ ഒരു കവറിലേക്ക് എടുത്തു കൊണ്ട് അവർ യാത്ര പറഞ്ഞു പോയി.
പിന്നീട് രണ്ടു മൂന്നു ദിവസത്തേക്ക് അവർ ജോലിക്ക് വന്നില്ല.അതോടെ ഗീതയ്ക്ക് ടെൻഷനായി.
“എന്നാലും ഈ ജിഷ എന്താണാവോ ജോലിക്ക് വരാത്തത്..?”
അവർ സ്വയം എന്നതു പോലെ ചോദിച്ചു. ജിഷയെ വിളിച്ച് അന്വേഷിച്ചപ്പോൾ അവർക്ക് പനിയാണ് എന്ന് പറഞ്ഞിരുന്നു.
എന്തായാലും അവരുടെ വീട് വരെ ഒന്ന് പോകണമെന്ന് ഗീത ഉറപ്പിച്ചു. ഭർത്താവിനോട് യാത്ര പറഞ്ഞു അവർ, ജിഷയുടെ വീട്ടിലേക്ക് ചെന്നു.
അവിടെ വീട് അടച്ചിട്ടിരിക്കുന്നത് കണ്ട് ഗീത അമ്പരന്നു.
ഉമ്മറത്തു നിന്ന് ഒന്ന് രണ്ട് വട്ടം വിളിച്ചു ചോദിച്ചിട്ടും അവിടെ ആരും ഒന്നും മിണ്ടുന്നത് കേട്ടില്ല. അതോടെ അവർ അടുക്കള ഭാഗത്തേക്ക് നടന്നു.
പുറത്ത് ആരും വന്നതു പോലുമറിയാതെ പണി തിരക്കിലായിരുന്നു ജിഷ.
” ജിഷേ.. “
ഗീത വിളിക്കുന്നത് കേട്ടപ്പോൾ അവർ അത്ഭുതത്തോടെ തിരിഞ്ഞു നോക്കി.
” അയ്യോ ഗീതേച്ചി.. ചേച്ചി എന്താ ഇവിടെ..? ചേച്ചി അകത്തേക്ക് കയറി വാ.. ഞാൻ ചെയർ എടുത്തിട്ട് വരാം.”
ജിഷ വെപ്രാളപ്പെട്ടു.
” നീ ഇങ്ങനെ വെപ്രാളം പിടിക്കേണ്ട ജിഷേ.. ഞാൻ ദേ ഇവിടെ ഇരുന്നോളാം.. “
അതും പറഞ്ഞുകൊണ്ട് ഗീത അടുക്കളത്തിണ്ണയിലേക്ക് ഇരുന്നു.
” നിനക്ക് പനി കുറവുണ്ടോ..? “
അവർ അന്വേഷിച്ചു.
” അതൊക്കെ മാറി വരുന്നുണ്ട് ചേച്ചി. എന്നാലും വല്ലാത്ത ക്ഷീണം ആണ്. ഇവിടെത്തന്നെ എനിക്ക് ഒന്നും ചെയ്യാൻ വയ്യ. എന്നാലും ഞാൻ എഴുന്നേറ്റ് എന്തെങ്കിലും ഉണ്ടാക്കിയില്ലെങ്കിൽ ഇവിടെയുള്ളവർ പട്ടിണിയാവും. അതുകൊണ്ട് മാത്രമാണ് വയ്യ എങ്കിലും വച്ചുണ്ടാക്കുന്നത്. “
സങ്കടത്തോടെ അവർ പറഞ്ഞു.
” ഇപ്പോഴത്തെ പനിയൊക്കെ അങ്ങനെ തന്നെയാണ്. വന്നു കഴിഞ്ഞാൽ പിന്നെ മാറാൻ നല്ല ബുദ്ധിമുട്ടാണ്.”
ഗീത സംസാരത്തിൽ പങ്കുചേർന്നു.
പെട്ടെന്ന് വീടിനകത്ത് നിന്ന് ഉച്ചത്തിലുള്ള തെiറിവിളികൾ കേട്ടു. ജിഷ വല്ലായ്മയോടെ ഗീതയെ നോക്കി. പെട്ടെന്നുള്ള ബഹളങ്ങളിൽ അവരും ആകെ ഒന്ന് പകച്ചു പോയിരുന്നു.
” ആരാ ജിഷേ അത്..? “
അമ്പരപ്പോടെ അവർ ചോദിച്ചു.
” എന്റെ ഭർത്താവാണ് ചേച്ചി..പുള്ളിക്കാരൻ കുiടിച്ചിട്ട് വന്നാൽ ഇവിടെ ഇങ്ങനെ തന്നെയാണ്. ചിലപ്പോൾ രാത്രിയിൽ ഒക്കെ അiടിയും ബഹളവും ഒക്കെ ആയിട്ട് ആകെ പ്രശ്നമാണ്. “
ജിഷ പറഞ്ഞപ്പോൾ ഗീതയ്ക്ക് വല്ലായ്മ തോന്നി.
” നിനക്ക് ഒരു മോൻ ഇല്ലേ.. അവൻ എവിടെ..? “
അവർ അന്വേഷിച്ചു.
“അവൻ പഠിക്കാൻ പോയല്ലോ ചേച്ചി. അവനു പോകാൻ താല്പര്യമൊന്നുമില്ല .പഠിക്കാൻ മടിയുണ്ടായിട്ടൊന്നുമല്ല കേട്ടോ. പഠിക്കാൻ മിടുക്കനാണ്. പക്ഷേ എന്റെ കഷ്ടപ്പാടും ബുദ്ധിമുട്ടും ഒക്കെ കാണുമ്പോൾ അവൻ തന്നെ പറയും ഞാൻ പഠിക്കാൻ പോകുന്നില്ല എന്തെങ്കിലും ജോലിക്ക് പോകാമെന്ന്.അത് വേണ്ടെന്ന് ഞാൻ തന്നെയാണ് പറയാറ്.എന്നെക്കൊണ്ട് പറ്റുന്ന ജോലികൾ ചെയ്ത് അവനെ ഞാൻ പഠിപ്പിക്കും.വിദ്യാഭ്യാസം ആണല്ലോ എല്ലാത്തിന്റെയും അടിസ്ഥാനം. അവനെ നല്ല രീതിയിൽ പഠിപ്പിക്കാൻ കഴിഞ്ഞാൽ നാളെ ഒരുപക്ഷേ അവന് നല്ലൊരു ജോലി കിട്ടും. അതോടെ എന്റെ കഷ്ടപ്പാടുകൾക്കൊക്കെ ഒരു അവസാനം ഉണ്ടാകുമല്ലോ..”
അതു പറഞ്ഞപ്പോൾ അവരുടെ കണ്ണുകൾ നിറയാൻ തുടങ്ങി.
“അത് ശരിയാ.. അവനെ എന്തായാലും പഠിപ്പിക്കണം.”
ഗീതയും ആ അഭിപ്രായത്തോട് ശരിവെച്ചു.
” ഞാൻ നാളെ മുതൽ അവിടേക്ക് ജോലിക്ക് വരാം ചേച്ചി. ഞാനിന്ന് ചേച്ചിയെ ഒന്ന് വിളിക്കണം എന്ന് കരുതിയിരുന്നതാണ്.”
ജിഷ പറഞ്ഞപ്പോൾ ഗീത തലയാട്ടി.
“നിനക്ക് മാറിയിട്ട് നീ വന്നാൽ മതി.. അല്ലാതെ വെപ്രാളം പിടിച്ചു വരിക യൊന്നും വേണ്ട. ഇപ്പോഴത്തെ പനിയൊക്കെ വന്നാൽ സൂക്ഷിക്കേണ്ടതാണ്.”
ജിഷയോട് കുറച്ചു നേരം കൂടി സംസാരിച്ചിരുന്നിട്ട് ഗീത വീട്ടിലേക്ക് പോയി.
അവിടെ എത്തിയ ഉടനെ അവർ മകളെ ഫോൺ ചെയ്തു.
“ഞാൻ ഇന്ന് ജിഷയുടെ വീട്ടിൽ പോയിരുന്നു. അവൾക്ക് സുഖമില്ലാതെ ആയിട്ട് കുറച്ചു ദിവസമായി അവൾ വരുന്നുണ്ടായിരുന്നില്ല. അവിടെ ചെന്ന് അവളുടെ അവസ്ഥയൊക്കെ കണ്ടപ്പോൾ സത്യം പറഞ്ഞാൽ സങ്കടം തോന്നി .”
അവർ പറഞ്ഞത് കേട്ടപ്പോൾ മകൾ അതിശയിച്ചു.
” എന്തുപറ്റി അമ്മേ.? “
അവൾ ചോദിച്ചു.
” ജിഷയുടെ ഭർത്താവ് നല്ല രീതിയിൽ മiദ്യപിക്കുന്ന ആളാണ്. അയാൾ കുടിച്ചിട്ട് വന്നാൽ വീട്ടിൽ ആകെ പ്രശ്നങ്ങളാണ്. ഞാൻ ചെന്ന സമയത്ത് വരെ അയാൾ മ iദ്യപിച്ചിട്ട് ബോധമില്ലാതെ ആയിരുന്നു അവിടെ ഉണ്ടായിരുന്നത്.അവളെയും കുട്ടിയെയും ഒക്കെ ഉപദ്രവിക്കാറുണ്ടെന്ന് പറഞ്ഞു കേട്ടു. എന്തൊരു കഷ്ടപ്പാട് ആണെന്ന് നോക്കിയേ.. പിന്നെ അവൾക്ക് ആകെയുള്ളത് ഒരു മോനാണ്. അവളുടെ ഒരേ ഒരു പ്രതീക്ഷയും ആ കുട്ടിയാണ്. പഠിക്കാൻ മിടുക്കൻ ആണെന്നാണ് അവൾ പറഞ്ഞത്. അവൻ പഠിച്ചു നല്ലൊരു ജോലി വാങ്ങണമെന്നും, അതോടെ അവരുടെ ജീവിതം രക്ഷപ്പെടും എന്നുമൊക്കെയാണ് അവൾ പറയുന്നത്. അവളുടെ ഒരേയൊരു പ്രതീക്ഷയാണ് ആ കുട്ടി. അത് അങ്ങനെ തന്നെ നടന്നാൽ മതിയായിരുന്നു.. “
സങ്കടത്തോടെ അമ്മ പറയുന്ന വാക്കുകളൊക്കെയും മകൾ ശ്രദ്ധിച്ചു കേട്ടു.
” അമ്മ കഴിഞ്ഞ ദിവസം എന്നെ വിളിച്ചു പറഞ്ഞത് എന്താണെന്ന് ഓർമ്മയുണ്ടോ. ജിഷ ചേച്ചി ഉള്ളതുകൊണ്ട് അമ്മയ്ക്ക് അവിടെ സമാധാനമാണ്. അമ്മയ്ക്ക് മിണ്ടിയും പറഞ്ഞു ഇരിക്കാൻ ആളുണ്ടെന്ന്. അമ്മയ്ക്ക് അവർ നല്ലൊരു എന്റർടൈൻമെന്റ് ആണ് എന്നാണ് അമ്മ പറഞ്ഞത്. പക്ഷേ അവരുടെ യഥാർത്ഥ അവസ്ഥ എന്താണെന്ന് ഇപ്പോൾ അമ്മയ്ക്ക് മനസ്സിലായില്ലേ..? “
മകൾ ചോദിച്ചപ്പോൾ അവർ അതിനെക്കുറിച്ചാണ് ചിന്തിച്ചത്.
“മനസ്സിലായി. എല്ലാ ആളുകളും നമ്മൾ പുറമേ കാണുന്നതു പോലെ ഒന്നുമല്ലല്ലോ. മറ്റാരും അറിയാതെ ഇരിക്കാൻ അവർ മറച്ചുവെച്ച ഒരുപാട് സങ്കടങ്ങൾ പുഞ്ചിരിക്കുന്ന ഓരോ മുഖങ്ങൾക്ക് പിന്നിലും ഉണ്ടാകും. ജിഷയുടെ കാര്യത്തിൽ അവൾക്ക് ഇത്രത്തോളം ദുഃഖങ്ങൾ ഉണ്ടെന്ന് ഞാൻ അറിഞ്ഞിരുന്നില്ല. ഒരുപക്ഷേ അവൾ ദുഃഖങ്ങൾ മറക്കുന്നത് ഇങ്ങനെ പൊട്ടിച്ചിരിച്ചും തമാശകൾ പറഞ്ഞും ആയിരിക്കാം.”
ഗീത പറഞ്ഞപ്പോൾ മകളും അത് ശരി വെച്ചു.
” ശരിയാണ്. ഒരുപാട് വിഷമങ്ങൾ ഉള്ള ആളുകൾ ഒരുപാട് ചിരിക്കും എന്ന് എവിടെയോ പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്. അവരുടെ സങ്കടങ്ങളൊക്കെ അവർ മറക്കുന്നത് ആ ചിരിയിലാണ്. ഇനിയും ജിഷ ചേച്ചി അങ്ങനെ തന്നെയായിരിക്കും അമ്മയോട് ഇടപെടുക. തിരിച്ച് അമ്മയും അങ്ങനെ തന്നെ വേണം.ഈ കാര്യങ്ങളൊക്കെ അമ്മ അറിഞ്ഞതു കൊണ്ട് യാതൊരു വിധ സഹതാപങ്ങളും ജിഷ ചേച്ചിയോട് കാണിക്കരുത്. അത് അവരോട് ചെയ്യുന്ന ക്രൂരതയായി പോകും.”
മകൾ പറഞ്ഞത് സമ്മതിച്ചുകൊണ്ട് ഫോൺ കട്ട് ചെയ്യുമ്പോൾ അവരുടെ മനസ്സിലും ഉണ്ടായിരുന്നത് ആ ഒരു കാര്യമായിരുന്നു. പുഞ്ചിരിക്കുന്ന മുഖങ്ങൾക്ക് പിന്നിൽ സങ്കടത്തോടെയുള്ള ഒരുപാട് മുഖങ്ങളുണ്ട് എന്ന് അവർ തിരിച്ചറിഞ്ഞു തുടങ്ങുകയായിരുന്നു.