എന്റെ ജീവിതം, അതെന്റെ ഇഷ്ടം. ആ വാക്കുകൾ കാതിൽ അലയടിച്ചു കൊണ്ടിരുന്നു. ഒരു നിമിഷം കേൾവി ശക്തി ശാപമായ നേരം….

വാത്സല്യം

രചന: Sarya Vijayan

ജീവിതത്തിന്റെ രണ്ടു ബിന്ദുക്കൾ കൂട്ടിമുട്ടിക്കുന്നത്തിൽ താൻ പരാജിതനായി എന്നയാൾക്ക് തോന്നി.

കുഞ്ഞുനാൾ മുതൽ ലാളിച്ചു വളർത്തിയെടുത്ത മകൾ പറഞ്ഞ വാക്കുകൾ….

“എന്റെ കാര്യത്തിൽ ആരും തന്നെ ഇടപ്പെടേണ്ട.. എന്റെ കാര്യങ്ങൾ നോക്കാൻ എനിക്കറിയാം…

എന്റെ ജീവിതം, അതെന്റെ ഇഷ്ടം. ആ വാക്കുകൾ കാതിൽ അലയടിച്ചു കൊണ്ടിരുന്നു. ഒരു നിമിഷം കേൾവി ശക്തി ശാപമായ നേരം.

എന്റെ ശബ്‌ദം ഒന്നുയർന്നാൽ തേങ്ങി കരഞ്ഞു ചിണുങ്ങി നിന്ന കുട്ടിയായിരുന്നു. ഇന്ന് അവളുടെ ശബ്‌ദം എന്നേക്കാൾ ഉയർന്നിരിക്കുന്നു.

ആവശ്യത്തിൽ കൂടുതൽ ലാളന നല്കിയപ്പോഴൊക്കെ അതുവേണ്ട എന്ന് പറഞ്ഞ അമ്മയോട് തല്ലുകൂടി അവളെ ലാളിച്ചു.

“മക്കളെ കണ്ടും മാമ്പൂകണ്ടും കൊതിക്കരുത്”…പഴമൊഴികൾ ഉണ്ടാകിലും മക്കളെ കുറിച്ച് സ്വപ്നങ്ങൾ നെയ്തുകൂട്ടാത്ത മാതാപിതാക്കൾ ഉണ്ടാകില്ലല്ലോ. നെഞ്ചിലെ ചൂടു നൽകി ഉറക്കി.

രാപകൽ അധ്വാനിച്ചു കൊണ്ടുവന്നൂട്ടി. അവളുടെ ആഗ്രഹങ്ങൾ നടത്തുവാൻ സ്വന്തം ആഗ്രഹങ്ങൾ ദൂരെയെറിഞ്ഞു.

എന്തിനായിരുന്നു. ജീവിതത്തിന്റെ കണക്കെടുപ്പ് നടത്തിയതല്ല, കണക്കുപ്പറച്ചിലുമല്ല. അറിയാതെ മനസ്സ് സ്വയം ചോദിക്കുന്ന ചോദ്യങ്ങൾ.

ഇതുവരെ ചെയ്തവയെല്ലാം വെള്ളത്തിൽ വരച്ച വരകൾ മാത്രം. എല്ലാ അച്ഛന്മാരും ഇങ്ങനെ ആകുമോ?

ഒരിക്കൽ സ്കൂളിൽ പോയി വന്നെന്റെ മടിയിൽ കയറി ഇരുന്നുകൊണ്ടവൾ പറഞ്ഞു. എന്റെ ക്ലാസ്സിലെ പൊന്നുവിന്റെ അച്ഛനും അമ്മയും എന്ത് സ്നേഹമാ അവളോടെന്ന് അറിയാമോ.അവളുടെ ബാല്യകൗതുകം നിറഞ്ഞ ചോദ്യം.. എന്നാൽ അത് എന്നിലെ അച്ഛന്റെ തോൽവിയായി തോന്നി.

പിന്നീട് അങ്ങോട്ട് എന്റെ അച്ഛനാണ് ലോകത്തിലെ ബെസ്റ്റ് അച്ഛൻ എന്ന് എല്ലാവരോടും അവൾ പറഞ്ഞു നടക്കണമെന്ന വാശി എന്റെ ഉള്ളിൽ ഉടലെടുത്തത് കൊണ്ടോ എന്തോ?.

അവളുടെ ശരികൾ തെറ്റാണെങ്കിൽ കൂടി മിണ്ടാതെ ശരിയെന്ന രീതിയിൽ ശരി വെച്ചു.

അമ്മയും മുത്തശ്ശിയും എന്തു പറഞ്ഞാലും തറുതല പറഞ്ഞപ്പോൾ. നിങ്ങൾ ഇതു കേട്ടോ?എന്ന് ചോദിച്ച ഭാര്യയോട്.. അവൾ തമാശ പറഞ്ഞതല്ലേ. എന്ന് പറഞ്ഞു ഞാൻ അവളുടെ ഭാഗം നിന്നു.

എല്ലാം എന്റെ തെറ്റായിരുന്നു. ഇന്ന് ആ മനസിലാക്കലിന് എന്ത് പ്രസക്തി. എല്ലാം കൈവിട്ടു പോയിരിക്കുന്നു.

ഇന്നിന്റെ അവളുടെ ശരികൾ ഒരു തെറ്റാണെന്ന് എനിക്ക് തോന്നിയത് കൊണ്ട്, അത് തിരുത്താൻ ശ്രമിച്ചു… എന്നാൽ അതൊരു കതിരിൽ മേലുള്ള വളം വെപ്പ് മാത്രമായി പോയല്ലോ.

പുരുഷന്മാർ കരയരുതെന്ന നിയമം ആരുണ്ടാക്കിയാലും, ഇന്നാ നിയമം ലംഘിച്ചുകൊണ്ട് നിശബ്ദതമായി കരഞ്ഞു.

പഠനം കഴിഞ്ഞ് ,ഇഷ്ടമുള്ള ജോലിയും അവൾ തിരഞ്ഞെടുത്തു. രാവിലെ അമ്മാവൻ വിളിച്ചു പറഞ്ഞ കാര്യം.

“ചന്ദ്രാ നിന്റെ മോളുടെ വിവാഹം ഉറപ്പിച്ചോ. ഇന്ന് ടൗണിൽ വെച്ച് അവളെ ഒരു പയ്യനൊപ്പം കണ്ടല്ലോ”.അമ്മാവന് ആളുമാറിയതാകുമെന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്തു.

അതവൾ ആകില്ല എന്ന് മനസ്സിൽ കരുതി, അവളോടു വന്നു ചോദിച്ചപ്പോൾ ..കിട്ടിയ മറുപടി.

ഒന്നുകൂടി പറഞ്ഞു മനസിലാക്കാൻ നോക്കാം അവൾ എന്റെ മോളല്ലേ.
ഇതുപോലെ എത്രയെത്ര വാശികൾ അവൾ കാട്ടിട്ടുണ്ട് കുട്ടിക്കാലത്ത്.

അടുത്തുകണ്ട കടയിൽ നിന്ന് മകൾക്കിഷ്ടപ്പെട്ട മധുരവും വാങ്ങി വീട്ടിലേയ്ക്ക് തിരിച്ചു.

കുട്ടിക്കാലത്ത് മോളെ അടിച്ച സങ്കടം തീർക്കാൻ മിട്ടായിയും വാങ്ങി പോകുംപോലെ.