ഇഷ്ടങ്ങൾ
Story written by Ammu Santhosh
പതിവ് പോലെ ഒരുങ്ങുമ്പോൾ രാഹുൽ ഒപ്പം വന്നു നിന്നു.
“ദേ ആ വട്ട പൊട്ടാണ് ഭംഗി “
മേടിച്ചു വെച്ച നീളൻ പൊട്ടുകളുടെ പാക്കറ്റുകൾ എന്നെ നോക്കി കൊഞ്ഞനം കുത്തി.
“” ഈ മനുഷ്യന് വട്ടപ്പൊട്ടിൽ ആരെങ്കിലും കൈവിഷം കൊടുത്തിട്ടുണ്ടോ ?”
“എന്റെ പൊന്നു രാഹുൽ എനിക്ക് നീളൻ പൊട്ടാണിഷ്ടം .വട്ടപൊട്ടു എനിക്ക് ചേരില്ല “
“ആരൂ പറഞ്ഞു ?നല്ല ഭംഗി ഉണ്ട് “രാഹുൽ തന്നെ പൊട്ടു നെറ്റിയിൽ ഒട്ടിച്ചു തന്നു .
നീല ചുരിദാർ എടുത്തപ്പോൾ അതിനും പിടുത്തം വീണു .
“മഞ്ഞ മതി വീണ .നിന്റെ നിറത്തിനു അതാ ഭംഗി “
” എന്റെ മനുഷ്യാ ആഴ്ചയിൽ ഞാൻ ഇപ്പൊ അഞ്ചു ദിവസവും മഞ്ഞയാ ഇടുന്നത്. ആൾക്കാർ ചോദിച്ചു തുടങ്ങി മഞ്ഞപ്പിത്തമാണോ ജാഥയ്ക്ക് പോവാനോ എന്നൊക്കെ?”
“അതിനെന്താ നിന്റെ ഭർത്താവു പറഞ്ഞിട്ടല്ലേ ? അവരോടു പോകാൻ പറ “
മഞ്ഞയണിഞ്ഞ എന്നെ കണ്ടു എനിക്ക് തന്നെ ബോറടിച്ചുതുടങ്ങി
സ്വന്തം ഇഷ്ടത്തിനൊരു പൊട്ടു പോലും വെക്കാൻ പറ്റില്ലെന്ന് വെച്ചാലെങ്ങനെയാ ?
കാര്യം രാഹുൽ നല്ല ഭർത്താവു ആണ് .സ്നേഹസമ്പന്നൻ. എന്ന് കരുതി നമുക്കും ചില ഇഷ്ടങ്ങളുണ്ടാകില്ലേ?
എനിക്കെന്റെ നീളൻ മുടി അഴിച്ചിടുന്നതാണിഷ്ടം .രാഹുലിനത് ഇഷ്ടമേയല്ല .എപ്പോളും പിന്നിക്കെട്ടി വെയ്ക്കണം .മഴ നനയാൻ എനിക്ക് വലിയ ഇഷ്ടം ആണ് .രാഹുൽ ഒരിക്കലും അനുവദിച്ചു തരില്ല ,ഞാൻ കഴിക്കുന്ന ഭക്ഷണം പോലും രാഹുലിനിഷ്ടമുള്ളതാണ് .വായന എനിക്ക് വലിയ ഇഷ്ടമാണ് .രാഹുലിന് പുസ്തകങ്ങൾ അലെർജിയും .വായിക്കാനിരിക്കുമ്പോൾ ബുക്ക് പിടിച്ചു വാങ്ങി മാറ്റി വെയ്ക്കും .
“ഞാൻ എവിടെയാണ് “?എനിക്കെന്നെ നഷ്ടപ്പെട്ടുപോകുംപോലെ. ഇങ്ങനെയായാൽ ഞാൻ രാഹുലിനെ വെറുത്തു പോകും എന്നെനിക്കു മനസ്സിലായി .എന്താ വഴി ?
“രാഹുൽ ..രാഹുൽ പറഞ്ഞത് ശരിയാട്ടോ.എന്റെ ഓഫീസിലെ ജിജോയില്ലേ ? ജിജോ പറഞ്ഞു എനിക്ക് വട്ടപൊട്ടു നല്ല ഭംഗി ഉണ്ടെന്നു “
” കണ്ടോ ഞാൻ പറഞ്ഞില്ലേ “രാഹുൽ ചിരിക്കുന്നു
ദൈവമേ ! പ്ലാൻ ഏൽക്കില്ലേ ?
“രാഹുൽ എനിക്ക് മഞ്ഞയിടുമ്പോൾ ആലിയ ഭട്ടിന്റെ ചായ ആണെത്രേ ..ജിജോ പറഞ്ഞു .പുള്ളി ആലിയ ഭട്ടിന്റെ ഭയങ്കര ഫാന .ഏതോ സിനിമയിൽ അവൾ ഇടുന്നത് കണ്ടപ്പോൾ എന്നെ ഓർത്തെന്നു ..”
അത് ചിരിക്കാതെ പറയാൻ ഞാൻ പെട്ട പാട് .പണ്ടേ കള്ളം പറഞ്ഞാൽ എനിക്ക് ചിരി വരും .ഞാൻ ഒരു നിഷ്കു ആണെന്നെ .
രാഹുലിന്റെ മൂളലിന് വലിയ ശക്തി ഇല്ല . ഒരു ആണിനും സ്വന്തം ഭാര്യയെ അന്യപുരുഷൻ പുകഴ്ത്തുന്നത് അത്ര ഇഷ്ടം അല്ല ..
പതിവ് പോലെ ഒരുങ്ങുമ്പോൾ രാഹുൽ ഒപ്പം വന്നു നിന്നു.
“നീ ഈ നീളൻ പൊട്ടു ഒന്ന് ട്രൈ ചെയ്തേ നോക്കട്ടെ “രാഹുൽ തന്നെ അതെടുത്തു ഒട്ടിച്ചു
“നല്ല ഭംഗി ഉണ്ടല്ലേ “ഞാനിതു ശ്രദ്ധിച്ചില്ലാട്ടോ ..നീയിനി ഇത് തൊട്ടാൽ മതി “
എനിക്ക് ചിരി വന്നിട്ടു മേലാ.കൃഷ്ണ ! ഞാനിന്നു ചിരിച്ചു മരിക്കും .
മഞ്ഞ ചുരിദാറിലേക്കു കൈ നീണ്ടതേയുള്ളു .
“വേണ്ടഡീ നിനക്ക് ബ്ലൂ അല്ലെ ഇഷ്ടം ?അതിട്ടോ “
എന്താ വിശാലമനസ്കത .ഞാൻ സന്തോഷത്തോടെ പുത്തൻ മണം മാറാത്ത എന്റെ നീല ചുരിദാറിട്ടു.
എന്റെ സൈക്കിൾ ഓടിക്കൽ മൂവ് ഏറ്റു.
വേറൊരു വഴിയുമില്ലാഞ്ഞിട്ട .ഫെമിനിസ്റ്റ് ആവാനും വഴക്കടിക്കാനും രാഹുലിനെ നഷ്ടപ്പെടുത്താനും എനിക്ക് വയ്യ’
എനിക്കെന്നെയും നഷ്ടപ്പെടുത്താൻ വയ്യ.
കൊച്ചു കൊച്ചു സന്തോഷങ്ങൾ ..ഇഷ്ടങ്ങൾ അതൊക്കെ പൂര്ണമാകുമ്പോളാ ഒരു സ്ത്രീ ഏറ്റവും സുന്ദരി യായിരിക്കുക .അവളുടെ കണ്ണുകൾക്ക് തിളക്ക മുണ്ടാകുക .അവൾ ഭർത്താവിനെയും കൂടുതൽ സ്നേഹിക്കുക .ചെറിയ ആഗ്രഹങ്ങൾക്ക് തടയിടുമ്പോൾ അത് നിരാശയിലേക്കും കലഹത്തിലേക്കും ഒടുവിൽ ചിലപ്പോൾ വിവാഹമോചനത്തിലേക്കും എത്തും .
എനിക്കെന്തായാലും മഴ നനയാം,എന്റെ സ്വന്തം മുടി അഴിച്ചിടാം .എന്റെ സ്വന്തം നെറ്റിയിൽ ഇഷ്ട്മുള്ള പൊട്ടു വെയ്ക്കാം ..ഇഷ്ട മുള്ള നിറത്തിലെ വസ്ത്രം ധരിക്കാം.
അതിനു ഞാൻ ഒരു കുഞ്ഞു നുണ പറഞ്ഞതാ .തെറ്റുണ്ടോ ?