സാൾട്ട്ആൻ്റ്പെപ്പർ…
എഴുത്ത് :- ശ്രീജിത്ത് പന്തല്ലൂർ
കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…
കലശലായ നെഞ്ചു വേദന മൂലം ആശുപത്രിയിൽ അഡ്മിറ്റായതായിരുന്നു ഞാൻ. നെഞ്ചിൻ്റെ ഇടതുഭാഗത്തായിരുന്നു വേദന. ആദ്യമേ നടത്തിയ ടെസ്റ്റുകളെല്ലാം ഈ വേദനയിൽ ഹൃദയത്തിന് യാതൊരു വിധത്തിലുള്ള പങ്കുമില്ലെന്ന് തെളിയിച്ചിരുന്നെങ്കിലും ആശ്വസിക്കാൻ എനിക്കു കഴിഞ്ഞിരുന്നില്ല… കാരണം, ആശ്വാസത്തോടെ ഒന്ന് നെടുവീർപ്പിടുമ്പോൾ പോലും വേദനയെന്നെ വിഷമിപ്പിച്ചിരുന്നു.
നീർക്കെട്ടാണ്, മസിൽ പെയിനാണ്, ഞരമ്പിലെ വീക്കമാണ്, ഗ്യാസ് ട്രബിളാണ് എന്നൊക്കെയുള്ള കാരണങ്ങൾ നിരത്തിയെങ്കിലും യഥാർത്ഥത്തിൽ ഇതിലേതാണ് കാരണമെന്ന് കണ്ടു പിടിക്കാൻ മെഡിക്കൽ സയൻസിനു കഴിഞ്ഞിരുന്നില്ല…
വേദനയാണെങ്കിലോ, ഒന്ന് തിരിഞ്ഞു കിടക്കാനോ നടക്കാനോ പോയിട്ട് ഒന്ന് അനങ്ങാൻ പോലും പറ്റാത്ത അവസ്ഥയായിരുന്നു… കാര്യങ്ങൾ ഇങ്ങനെ യൊക്കെ ആണെങ്കിലും ഇത്തവണത്തെ ആശുപത്രിവാസം എന്നെ വിഷമിപ്പിച്ചതിനു കാരണം വേറെയായിരുന്നു…
പണ്ടൊക്കെ എന്തസുഖത്തിന് ആശുപത്രിയിൽ വന്നാലും സുഖമില്ലായ്മ മറന്ന് മനസ്സു കൊണ്ട് ഞാൻ സന്തോഷിക്കുമായിരുന്നു. സുന്ദരിമാരായ നഴ്സുമാർ തന്നെയാണ് അതിനു കാരണം. അവരെ കാണുമ്പോൾത്തന്നെ വേദനയെല്ലാം പമ്പ കടക്കും. പണ്ടൊരിക്കൽ ബൈക്കിൽ നിന്ന് മോന്തയും കുത്തി വീണ് ആശുപത്രിയിലെത്തിച്ചപ്പോൾ പരിശോധിക്കാൻ വന്ന നഴ്സിനെ നോക്കി തകർന്ന കവിളെല്ലും വച്ച് ചിരിക്കാൻ ശ്രമിച്ച കഥ എനിക്കോർമ്മ വന്നു. വേദന കൊണ്ട് കണ്ണു നിറഞ്ഞെങ്കിലും ഇളിച്ചു കാട്ടുന്നതിൽ ഞാനന്ന് വിജയിച്ചിരുന്നു.
എന്നാലും ഇത്തവണത്തെ ആശുപത്രിവാസം എന്നെ സന്തോഷിപ്പിക്കാതിരുന്നതിനു കാരണം സുന്ദരിമാരായ നഴ്സുമാർ ഇല്ലെന്നതായിരുന്നില്ല. നഴ്സുമാരെല്ലാം സുന്ദരികൾ തന്നെ… പക്ഷേ, അത് ആസ്വദിക്കാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല ഞാൻ. കാരണം, അഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന ടീച്ചറ്ഭാര്യ സിസിടിവി നിരീക്ഷണവുമായി കൂടെയുള്ളപ്പോൾ അന്യവനിതകൾക്കു നേരെ കണ്ണു പായിച്ചാൽ ആ കണ്ണടിച്ചു പൊട്ടിക്കുമെന്ന പേടി കൊണ്ടു തന്നെയായിരുന്നു…
ഞാൻ പുണ്യാളനാണെന്നൊക്കെ ആണയിട്ടു പറഞ്ഞാലൊന്നും ടീച്ചറ് വിശ്വസിക്കൂല്ല. 1996 മുതൽ ഞാനെഴുതിയ ഡയറികളെല്ലാം ടീച്ചർക്ക് മന:പാഠമാണെന്നതു തന്നെ അതിനു കാരണം. അങ്ങനെ പച്ചയായ ജീവിതാനുഭവങ്ങൾ എഴുതി വച്ചിട്ടുണ്ടെങ്കിൽ ശരിയായി സൂക്ഷിക്കാൻ കഴിയില്ലെന്നുറപ്പുണ്ടെങ്കിൽ അത് എന്നെന്നേക്കുമായി നശിപ്പിച്ചു കളഞ്ഞേക്കണം. അല്ലെങ്കിൽ വിവാഹ ശേഷം ഭാര്യ അതെല്ലാമെടുത്ത് വായിച്ച് നമ്മുടെ പൂർവ്വചരിത്രമെല്ലാം അറിയും എന്നത് ഞാൻ നേരിട്ട് അനുഭവിച്ച് മനസ്സിലാക്കിയെടുത്ത ജീവിതസത്യമാണ്… വിവാഹം കഴിക്കാൻ തയ്യാറെടുക്കുന്ന ചെറുപ്പക്കാരൻമാരോട് എനിക്ക് പറയാനുള്ള ഉപദേശം അതാണ്…
അങ്ങനെ ഇഞ്ചക്ഷനെടുക്കാനും മരുന്നു തരാനും ബിപി നോക്കാനുമൊക്കെ വരുന്ന മാലാഖമാരുടെ മുഖത്തേക്കു നോക്കാനും അവരോടു മിണ്ടാനുമാവാതെ ശ്വാസം മുട്ടിയിരിക്കുമ്പോഴാണ് ഒരു മാലാഖ ഇങ്ങോട്ടു ചോദിച്ചത്…
” എന്തു പറ്റിയതാ…?”.
ഭാഗ്യം!!! ചോദ്യത്തിന് ഉത്തരം കൊടുക്കുമ്പോൾ ഒരു ടീച്ചറും കുറ്റം പറയില്ലല്ലോ… ഉത്തരം തെറ്റിയാലാണ് ശിക്ഷ കിട്ടുക. ഞാൻ ശരിയായ ഉത്തരം തന്നെ കൊടുത്തു.
” ഒരു ചെറിയ നെഞ്ചുവേദന… എന്തായാലും ഹൃദയത്തിന് യാതൊരു കുഴപ്പവു മില്ല… ആരുടെ യൊക്കെയോ പ്രാർത്ഥന ഫലിച്ചിട്ടുണ്ട്…”.
ഞാനൊന്ന് ഇടംകണ്ണിട്ടു നോക്കി… ഭാഗ്യം!!! ടീച്ചറും മാലാഖമാരും പുഞ്ചിരിക്കു കയാണെന്ന് കണ്ണുകളിലൂടെ എനിക്കു മനസ്സിലായി. കാരണം, എല്ലാവരും മാസ്കും വച്ചാണല്ലോ നിൽപ്പ്. അതു കൊണ്ടു തന്നെ വായ്നോട്ടത്തിന് യാതൊരു ചാൻസുമില്ല… ആകെപ്പാടെ പുറത്തു കാണുന്നത് കണ്ണുകളാണ്. മുഖഭാവം തിരിച്ചറിയുന്നതിന് ഇപ്പോൾ കണ്ണുകൾ ശ്രദ്ധിച്ചേ മതിയാവൂ…
അങ്ങനെ ദിവസവും നാലഞ്ചു നേരം വീതം മാലാഖമാർ പരിശോധനയ്ക്കായി വന്നു പോയി… കണ്ണുകളിലൂടെ ഞാൻ പലതും ഊഹിച്ചെടുത്തു… എൻ്റെ സാൾട്ട് ആൻ്റ് പെപ്പർ ലുക്ക് കൊള്ളാമെന്ന് ആരൊക്കെയോ പറഞ്ഞു കേട്ടിട്ടുണ്ട്… അതും നന്നായെന്നു തോന്നുന്നു.
അങ്ങനെ ഡിസ്ചാർജ്ജായി. ടീച്ചർ ബില്ലടച്ചു വന്നതിനു ശേഷം മുറിയിലെത്തി തുണികളും മറ്റും ഒതുക്കാൻ തുടങ്ങി. ഞാൻ കൈയിൽ തറച്ചു വച്ചിരുന്ന സൂചിയെടുക്കാനെന്നു പറഞ്ഞ് പുറത്തു കടന്ന് ഡ്യൂട്ടി നഴ്സിൻ്റെ മുറിയിലെത്തി… ഭാഗ്യം!!! ആ ഒരു മാലാഖ മാത്രമേയുള്ളൂ… തഞ്ചത്തിൽ ചോദിച്ച് വാട്ട്സാപ്പ് നമ്പർ വാങ്ങാം… ഞാൻ ഓരോന്ന് മനസ്സിൽ കണക്കു കൂട്ടി…
കൈയിൽ ഒട്ടിച്ചിരുന്ന പ്ലാസ്റ്റർ പൊളിച്ച് സൂചി ഊരിയെടുക്കുന്നതിനിടയിൽ പുഞ്ചിരിയോടെ മാലാഖ ചോദിച്ചു.
” അപ്പച്ചാ, ഇപ്പോ വേദനയൊക്കെ മാറിയോ…?”.
അപ്പച്ചാ വിളി കേട്ട ഞെട്ടലോടെ തലയാട്ടിക്കൊണ്ട് വേറെയാരെങ്കിലും കേട്ടോ എന്നറിയാൻ ഞാൻ പിന്തിരിഞ്ഞു നോക്കി… പിന്നിൽ മാസ്ക് വയ്ക്കാത്ത ചിരിയോടെ ടീച്ചർ…
കഴിഞ്ഞു… എല്ലാം കഴിഞ്ഞു…
ഇറങ്ങാൻ നേരം ഞാൻ മാലാഖയോടായി യാത്ര പറഞ്ഞു.
” പോട്ടെ മോളേ…”.
വാത്സല്യത്തോടെ ഞാൻ ആശുപത്രിയിൽ നിന്നും പടിയിറങ്ങി…
സാൾട്ട് ആൻ്റ് പെപ്പറാണത്രേ… ഹും…