എന്നാലും ആളുകൾ പറയുന്നത് പോലെ ക ഞ്ചാവ് എന്ന് പറയുന്നത് വിഷ്ണുവിന്റെ കാര്യത്തിൽ എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല…..

_upscale

കാഴ്ച

Story written by Girish Kavalam

“മനുവേട്ടാ നമ്മുടെ വിഷ്ണു ആദ്യമായിട്ട് ഇന്നെന്നെ നോക്കി കളിയാക്കി സംസാരിച്ചു ഇതിനെല്ലാം കാരണം മനുവേട്ടൻ ഒറ്റയൊരാളാ “

ആ പറഞ്ഞതിന്റെ പൊരുൾ അറിയാതെ ഒരു നിമിഷം ആശയെ തന്നെ നോക്കി നിന്നുപോയി മനു

“കണ്ണുരുട്ടി നോക്കാൻ അല്ല പറഞ്ഞത് TV ഓൺ ചെയ്‌താൽ ചാനൽ ചർച്ച മാത്രം കാണുന്ന മനുവേട്ടനെ അനുകരിക്കുവാൻ അവനും തുടങ്ങിയെന്നാ പറഞ്ഞത് “

ആദ്യം ഒന്ന് ശങ്കിച്ചെങ്കിലും അവളുടെ വാക്കുകളുടെ അർഥം മനസ്സിലാക്കിയ മനു പുഞ്ചിരിയോടെ പറഞ്ഞു

“എടീ അവൻ രാഷ്ട്രീയം കൂടി പഠിക്കെട്ടെ അതിനെന്താ..അത് അക്കാദമിക് തലത്തിലെ ഒരു പഠന വിഷയം അല്ലെ..മാത്രമല്ല സയൻസിനോടൊപ്പം അതും കൂടി പഠിച്ചാൽ UPSC പരീക്ഷക്ക് അത് എത്ര പ്രയോജനം ആകുമെന്ന് നിനക്ക് അറിയുമോ. അതെങ്ങനെ അറിയാൻ, സീരിയലിലെ ഡയലോഗ് മാത്രം കേട്ട് അതാണ്‌ ജീവിതം എന്ന് വിചാരിക്കുന്നതുകൊണ്ട് തോന്നുന്നതാ നിനക്ക്”

“അതൊന്നും അല്ല ഈ വേണ്ടാത്ത രാഷ്ട്രീയ ചർച്ചകൾ കാണുന്നകൊണ്ടാ എന്റെ കുഞ്ഞ് ഇങ്ങനെയൊക്കെ പറയാൻ തുടങ്ങുന്നേ. സ്കൂൾ ഫസ്റ്റാ മോൻ അവന്റെ പഠിത്തത്തെ എങ്ങാനും ബാധിച്ചാൽ ഉണ്ടല്ലോ .. ഉം..എന്നെകൊണ്ടൊന്നും പറയിപ്പിക്കല്ല്..”

“ഇത് അസൂയ തന്നെ അവൾ സീരിയലിന്റെ ആള് ഞാൻ രാഷ്ട്രീയ ചർച്ചയുടെ ആള്, എന്റെ പക്ഷത്തേക്ക് മോൻ വന്നതിന്റെ പച്ചയായ അസൂയ”

ആശയെ നോക്കി ഇരുന്ന മനുവിന്റെ മനസ്സിലൂടെ അവൾക്കുള്ള പരിഹാസം മിന്നി മറഞ്ഞുപോയി

അന്നൊരു ദിവസം ഓഫീസിൽ ഇരിക്കുമ്പോൾ ആണ് ആശയുടെ ഫോൺ മനുവിന് വന്നത്

“ചേട്ടാ താലൂക്ക് ആശുപത്രിയിലേക്ക് പെട്ടന്ന് വാ നമ്മുടെ വിഷ്ണുമോൻ ആരോടോ വഴക്ക് ഉണ്ടാക്കിയെന്ന് കൈ ഒടിഞ്ഞു കുഞ്ഞിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി”

കരഞ്ഞുകൊണ്ട് ആശ അത് പറയുമ്പോൾ ശബ്ദം നിലച്ചപോലെ നിൽക്കുകയായിരുന്നു മനു

പെട്ടന്ന് തന്നെ മനു ഓഫീസിൽ നിന്നു താലൂക്ക് ആശുപത്രിയിലേക്ക് തിരിച്ചു

“പത്താം ക്ലാസിൽ സ്കൂളിൽ ഫസ്റ്റാ ചെറുക്കൻ.. പക്ഷെ പറഞ്ഞിട്ടെന്താ കാര്യം കഞ്ചാവിന് അടിമയായി “

ആശുപത്രി ഗേറ്റിന് മുന്നിൽ നിൽക്കുന്ന നാട്ടുകാരായ രണ്ട് പേര് സ്വരം താഴ്ത്തി പറഞ്ഞത് കേട്ട മനുവിന്റെ മനസ്സിൽ കൊള്ളിയാൻ മിന്നി

“മറ്റേ പയ്യൻ ക ഞ്ചാവ് ആണ് പക്ഷെ നമ്മുടെ മനുവിന്റെ മകൻ അങ്ങനെ……”

മനു പുറകിൽ നിൽക്കുന്നത് കണ്ണിൽപെട്ട അയാൾ പെട്ടന്ന് സംസാരം നിർത്തി

കൈയ്യിൽ പ്ലാസ്റ്റർ ഇട്ട് അന്ന് വൈകുന്നേരം തന്നെ വിഷ്ണുവുമായിട്ട് മനുവും ആശയും വീട്ടിൽ എത്തി

“വിഷ്ണുവും മറ്റേ പയ്യനും അവരവരുടെ ലെവലിൽ കുഞ്ഞു രാഷ്ട്രീയം പറഞ്ഞു ഇതിന് മുൻപ് വാക്ക് തർക്കം ഉണ്ടായിട്ടുണ്ട് അന്ന് അത് നേരിൽ കണ്ട ഞാൻ രണ്ടു പേരെയും താക്കീത് ചെയ്തു നിർത്തിയതാ.. എന്നാലും ആളുകൾ പറയുന്നത് പോലെ ക ഞ്ചാവ് എന്ന് പറയുന്നത് വിഷ്ണുവിന്റെ കാര്യത്തിൽ എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല”

സ്കൂൾ പ്രിൻസിപ്പൽ ഫോൺ ചെയ്തു പറഞ്ഞതും ആശയുടെ കൈകൾ വിറക്കാൻ തുടങ്ങി. അവൾ വിഷ്ണുവിനെ തന്നെ നോക്കി നിന്നു

“ഇല്ല അമ്മേ ഞാൻ രാഷ്ട്രീയം മാത്രമേ സംസാരിച്ചിട്ടുള്ളൂ അല്ലാതെ ആളുകൾ ഒക്കെ പറയുന്നത് തെറ്റാ “

മകനെകുറിച്ചുള്ള പ്രതീക്ഷകൾ മണിക്കൂറുകൾക്കുള്ളിൽ തച്ചുടഞ്ഞുപോയ ഷോക്കിൽ ആയിരുന്നു മനുവും, ആശയും. അന്ന് ആ വീടിന്റെ അടുപ്പ് പുകഞ്ഞില്ല . ഹോട്ടലിന്ന് പാർസൽ വാങ്ങിയെങ്കിലും ആർക്കും കഴിക്കാൻ കഴിഞ്ഞില്ല

“മോനെ സത്യത്തിൽ എന്താ നടന്നത്. ?

മനു മനസ്സിൽ തട്ടി ചോദിച്ചപ്പോൾ വിഷ്ണു മനസ്സ് തുറക്കാൻ തുടങ്ങി

“രാഷ്ട്രീയ ചർച്ച ആദ്യമൊക്കെ രസമായിരുന്നു. ഞാനും അവനും രണ്ട് പാർട്ടിക്കാർ ആയിരുന്നു..പിന്നെ പിന്നെ അത് വലിയ വാഗ്വാദത്തിലേക്ക് പോയി അതിന് കാരണം അച്ഛൻ ചാനൽ ചർച്ചകൾ കാണുന്നത് ഞാൻ ഒളിച്ചിരുന്ന് കാണുന്നകൊണ്ടായിരുന്നു. പക്ഷെ അവൻ ഇങ്ങനെ പ്രകോപിതൻ ആകുമെന്ന് ഞാൻ കരുതിയില്ല. അവൻ ക ഞ്ചാവ് ആണെന്ന് എല്ലാവരും പറയുന്നു പക്ഷേ അതൊന്നും എനിക്ക് അറിയില്ല.”

അപ്പോൾ തല കുനിച്ചു ഇരിക്കുകയായിരുന്നു മനുവും, ആശയും

“ഇന്നുകൊണ്ട് ഞാൻ സീരിയൽ കാണുന്നത് നിർത്തുവാ മനുവേട്ടാ.. ഇന്ന് മഞ്ഞുരുകും കാലം തീരുന്ന ദിവസമാ. നാളെമുതൽ ഞാൻ കാണില്ല”

ആശ, മനുവിനെ നോക്കി പറയുമ്പോൾ ഒരു ശപഥത്തിന്റെ സ്വരം ഉണ്ടായിരുന്നു ആ വാക്കുകൾക്ക്

“ഇന്ന് ഇന്ത്യ, പാകിസ്ഥാൻ മാച്ച് ഉണ്ട് അതുകൂടി കണ്ടുകഴിഞ്ഞു ഞാനും അനാവശ്യമായി TV കാണുന്നത് നിർത്താൻ പോകുവാ “

മനു സ്വിച്ച് ഓൺ ചെയ്തെങ്കിലും TV ഓൺ ആയില്ല.

കേബിൾ കണക്ഷൻ ഇല്ല

“അല്ലേലും ഇങ്ങനെയാ എന്തെങ്കിലും അതിയായ ആഗ്രഹത്തോടെ കാണാൻ ആഗ്രഹിച്ചാൽ ഒന്നുകിൽ കറന്റ്‌ ഇല്ല അല്ലെങ്കിൽ കേബിൾ കാണില്ല”

മനുവിന്റെയും, ആശയുടെയും മുഖം നേരിയ തോതിൽ ഇരുണ്ടു

“പേടിക്കണ്ട ഞാൻ കേബിൾ കണക്ഷൻ കട്ട്‌ ചെയ്തു വച്ചതാ. നിങ്ങളുടെ അഡിക്ഷൻ എത്രമാത്രം ഉണ്ടെന്നറിയാൻ”

ആ കുഞ്ഞ് വാക്കുകൾക്കു മുൻപിൽ അവന്റെ അച്ഛനമ്മമാർ തോറ്റു പോയ നിമിഷം ആയിരുന്നു അത്

വിഷ്ണു TV ഓൺ ചെയ്തു കൊടുത്തെങ്കിലും അവർ രണ്ട് പേരും കാണാൻ കൂട്ടാക്കിയില്ല

“ഇല്ല നമുക്ക് ചേരാത്തത് ആണെങ്കിൽ നമ്മുടെ ഇഷ്ടങ്ങൾ തല്ലി കെടുത്തി എന്തിനാ വെറുതെ നമ്മൾ അതിന്റെ പുറകെ പോകുന്നത്. ഇനി ചാനൽ ചർച്ചകൾ കാണുന്നത് ഞാൻ നിർത്താൻ പോകുവാ . ഒഴിച്ചുകൂടാൻ പാടില്ലാത്തതല്ലല്ലോ ഇതൊന്നും “

“അയ്യോ നിങ്ങൾ രണ്ട് പേരും കണ്ടോ ഞാൻ ഇനി മുതൽ കാണില്ല. ഞാൻ എന്റെ പഠിത്തത്തിൽ മാത്രമേ ഫോക്കസ് ചെയ്യുന്നുള്ളൂ”

വിഷ്ണു അത് പറഞ്ഞതും അവർ രണ്ട് പേരുടെ മുഖവും തിളങ്ങാൻ തുടങ്ങുക യായിരുന്നു

എങ്കിലും അവന്റെ പഠന സമയത്ത് പതിവിന് വിപരീതമായി TV ഓഫ്‌ ആകാൻ തുടങ്ങുകയായിരുന്നു അന്നുമുതൽ……