‘എപ്പോഴാ നമ്മുടെ കല്യാണം
Story written by Ajeesh Kavungal
കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…
“അതേ.. എപ്പോഴാ നമ്മുടെ കല്യാണം?” ചോദ്യം കേട്ടതും അവള് അവന്റെ മുഖത്തേയ്ക്ക് നോക്കി. ചെക്കന്റെ മുഖം അസ്തമയ സൂര്യനെപ്പോലെ ചുവന്നിരിക്കുന്നു. അതില്‍ തെളിഞ്ഞുകാണാം അവന് തന്നോടുള്ള പ്രണയം. “കഴിക്കാം അഭി, ഉറപ്പായും കഴിക്കാം” അവള് ഒരു പുഞ്ചിരിയോടെ മറുപടി കൊടുത്തു. “അതേ.. നാളെ പറ്റുമോ?” വീണ്ടും അവന് ചോദിച്ചപ്പോള്‍ അവള് ഒരു കള്ളച്ചിരിയോടെ അവന്റെ കുറ്റിരോമങ്ങള്‍ നിറഞ്ഞ താടിയില്‍ ചെറുതായി നുള്ളി. “എന്താടാ ചെക്കാ നിനക്കിത്ര ധൃതി? ഞാന്‍ പോവുംന്ന് പേടിച്ചാണോ? എനിക്ക് കുറച്ച് സമയം വേണം.വീട്ടില്‍ പറഞ്ഞ് സമ്മതിപ്പിക്കണം. അതുവരെ നിനക്കൊന്ന് ക്ഷമിച്ചൂടെ…?”
അവളുടെ മൃദുലമായ കൈവിരലുകളില്‍ അവന്റെ കൈവിരലുകള്‍ മുറുകെ പിടിച്ചുകൊണ്ടവന്‍ പറഞ്ഞു. “ധൃതി കൂടീട്ടല്ല ശ്യാമ. പക്ഷേ, മനസ്സിലെന്തോ ഒരു കനം പോലെ. എപ്പോഴും നീ ഇങ്ങനെ അരികത്തുണ്ടാവണ൦ന്ന് ഒരു തോന്നല്‍. നിന്റെ വാക്കുകള്‍, നിന്റെ ചിരി, പരിഭവങ്ങള്‍ ഇതെല്ലാം എനിക്ക് മാത്രമായ് വേണമെന്നൊരു തോന്നല്‍. ഇപ്പോള്‍ നിന്നെ പ്പറ്റിയല്ലാതെ എനിക്ക് വേറൊന്നും ചിന്തിക്കാനാവുന്നില്ല.
അവളുടെ മുഖത്തേയ്ക്ക് ഒരു നിമിഷം നോക്കി ദൂരേയ്ക്ക് കൈചൂണ്ടി അവന് പറഞ്ഞു. “ശ്യാമാ, ഈ സന്ധ്യയ്ക്ക് എന്ത് ഭംഗിയാണെന്ന് നോക്ക്… അതിന്റെ കാരണം എന്താണെന്ന് നിനക്ക് അറിയോ?”
“അറിയാം അഭി.. എനിക്ക് നന്നായി അറിയാം. ആ സന്ധ്യ, അത് ഞാനാണ്. എന്റെ അഭി ആ സൂര്യനും. സൂര്യന്റെ ആ ചുവന്ന രശ്മികളാണ് സന്ധ്യയെ സുന്ദരി യാക്കുന്നത്. ആ രശ്മികള്‍ പോലെയാണ് എനിക്ക് നിന്റെ പ്രണയം. ഇപ്പോള്‍ എനിക്ക് തോന്നുന്നുണ്ട് അഭി.. ഞാന്‍ ജീവിച്ചിരിക്കുന്നത് പോലും നിന്റെ ശ്വാസം കൊണ്ടാണെന്ന്” അവന് അവളെ ഒന്നുകൂടി ചേര്‍ത്തുപിടിച്ചു. “ആ സൂര്യന് മറഞ്ഞാല്‍ പിന്നെ സന്ധ്യ ഉണ്ടാവില്ല അഭി” അവളുടെ ആ വാക്കുകളില്‍ ഒരുപാട് പ്രണയ മുണ്ടായിരുന്നു.
“ശ്യാമാ.. നീയെന്റെ പുണ്യമാണ്.” അതിന് മറുപടിയായി അവളും പറഞ്ഞു “അഭി എന്റെ ഭാഗ്യവും”
“അഭീ, നമ്മുക്കൊരു വീട് വെയ്ക്കണ്ടേ? അഭിയുടെ ഇഷ്ടംപോലെ നിറയെ ചെടികളും മരങ്ങളുമൊക്കെയുള്ള വീട്. അവിടെ ഞാനും അഭിയും പിന്നെ നമ്മുടെ കുഞ്ഞുസ്വപ്നങ്ങളും. സ്വര്‍ഗ്ഗമാക്കി മാറ്റണം അത്.” അവനൊന്നു പുഞ്ചിരിച്ചു.
“ശ്യാമാ, പ്രണയം എന്താണെന്ന് അറിയോ നിനക്ക്? ഒരാള്‍ ജീവിക്കുന്നത് മറ്റൊരാള്‍ക്ക് വേണ്ടിയാണെന്നുള്ള തോന്നലുണ്ടാവണം. പരസ്പരം ഇഷ്ടമാകുന്നത് എപ്പോഴാണെന്ന് അറിയാമോ? നമ്മുടെ മനസ്സിലുള്ള ചെറിയ ഇഷ്ടങ്ങള്‍ വേറൊരാള് അതുപോലെ ഇഷ്ടപ്പെടുമ്പോഴാണ്.” അഭിയുടെ ചുണ്ടുകള്‍ ശ്യാമയുടെ നെറ്റിയില്‍ പതിഞ്ഞു.
“എനിക്ക് മനസ്സിലാവുന്നുണ്ട്. അഭിയുടെ മനസ്സ്. അതില്‍ എന്നോടുള്ള ഇഷ്ടവും എത്രത്തോളമുണ്ടെന്ന് എനിക്ക് നന്നായി അറിയാം. എന്ത് സംഭവിച്ചാലും ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ശ്യാമ അഭിയുടെതാവും. അതിനൊരു മാറ്റവുമില്ല. എന്റെ അച്ഛന് പാവമാണ് അഭി. അച്ഛന് സമ്മതിക്കും. അഭിയെ എല്ലാവര്ക്കും ഇഷ്ടമാകും. ശ്യാമ തീരുമാനിച്ചു കഴിഞ്ഞാല്‍ അതിനൊരു മാറ്റവുമില്ല. നമ്മള് ഒരുമിച്ച് ജീവിക്കുക തന്നെ ചെയ്യും. നാളെ ഞാന്‍ വീട്ടില്‍ പോവുന്നുണ്ട്. ഒരു തീരുമാനം ഉണ്ടാക്കിയിട്ടേ തിരിച്ചു വരൂ. അതുവരെ അഭി സമാധനമായിരിക്കണ൦.”
“ഉം” അഭിയൊന്ന് അമര്‍ത്തിമൂളി.
“ഇരിക്കാം ശ്യാമാ.. ഇതു തന്നെയാണ് എന്റെ വിശ്വാസം. കാരണം നീ ഒരു പക്വതയില്ലാത്ത കുട്ടിയല്ല. നല്ലൊരു ജോലിയും വിദ്യാഭ്യാസവു൦ നിനക്കുണ്ട്. നിന്റെ ജീവിതം നീ തീരുമാനിക്കുന്നതായിരിക്കും എന്നെനിക്കറിയാം. അത് തന്നെയാണ് എന്റെ പ്രതീക്ഷയും.”
“പോവണ്ടേ ചെക്കാ നമ്മുക്ക്? സമയം കുറെയായി” ശരി എന്നര്‍ത്ഥത്തില്‍ അവന് തലയാട്ടി.
അവള് എഴുന്നേല്‍ക്കുമ്പോഴേയ്ക്കും സൂര്യം കടലിലേയ്ക്ക് താഴ്ന്നിരുന്നു. കൈകോര്‍ത്തുപിടിച്ച് അവര്‍ രണ്ടുപേരും രണ്ടുവഴിയ്ക്ക് തിരിയാന്നേരം പരസ്പരം ഒന്നുനോക്കി. ഒരു കള്ളച്ചിരിയോടെ അവന് ചോദിച്ചു. “അതേ.. എപ്പോഴാ നമ്മുടെ കല്യാണം?” അവനെ നോക്കി “പോടാ ചെക്കാ..” എന്നുപറഞ്ഞ് തിരിഞ്ഞ അവളുടെ കൈയ്യില്പിടിച്ച് വലിച്ചു തന്നിലേയ്ക്ക് ചേര്‍ത്തുകൊണ്ടവന്‍ തന്റെ വലത്തേകവിള് അവളുടെ മുഖത്തിനുനേരെ നീട്ടിക്കൊണ്ട് പറഞ്ഞു. “കിട്ടിയില്ലാ…” ഒരു പുഞ്ചിരിയോടെ ശ്യാമ അവളുടെ അധരം കൊണ്ടവന്റെ കവിളില്‍ ഒരു ചെറിയ ചിത്രം വരച്ചു. അവളെ ഒന്നുകൂടി നോക്കിയ ശേഷം അവന് തിരിഞ്ഞുനടന്നു.
രണ്ടുവര്‍ഷത്തെ പരിചയമുണ്ട് അഭിയ്ക്കും ശ്യാമയ്ക്കും. പരസ്പരം ഇഷ്ട മാണെന്നറിഞ്ഞും പറയാതെ നടന്നവര്‍. പിന്നീടെപ്പോഴോ അത് മറനീക്കി പുറത്തുചാടി. ഇപ്പോള്‍ ഒരു നിമിഷംപോലും പിരിഞ്ഞിരിക്കാന്‍ പറ്റാത്ത അവസ്ഥയില്‍ എത്തി നില്ക്കുന്നു. തന്റെ വീട്ടില്‍ പ്രശ്നം ഉണ്ടാകില്ലെന്ന് അഭിയ്ക്കറിയാം. പക്ഷേ, ശ്യാമയുടെ വീട്ടില്‍ അത് വലിയൊരു പ്രശ്നമാണ്. ശ്യാമയുടെ അച്ഛനും അമ്മയും ഇപ്പോഴും കുടുംബമഹിമ, അഭിമാനം ഇതൊക്കെ മുറുക്കിപ്പിടിക്കുന്നവരാണ്.
പിറ്റേദിവസം എന്തുചെയ്യണമെന്ന് അഭിയ്ക്കറിയില്ലായിരുന്നു. ശ്യാമയുടെ വീട്ടിലെ അവസ്ഥ എന്തെന്നറിയാന്‍ കഴിയാതെ അവന്റെ ഉള്ളുമുഴുവന്‍ എരിഞ്ഞു കൊണ്ടിരുന്നു. രാത്രിയായപ്പോള്‍ അവന് അവളുടെ മൊബൈലിലേയ്ക്ക് വിളിച്ചു. റിംഗ് ചെയ്തെങ്കിലും ഫോണ്‍ എടുത്തില്ല.
ഈ സമയം അവളുടെ അച്ഛന്റെ മുന്പില് കുനിഞ്ഞ ശിരസ്സുമായ് നില്ക്കുക യായിരുന്നു ശ്യാമ. അയാളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. ഇടറിയ ശബ്ദത്തില്‍ അയാളില്‍ നിന്നും വാക്കുകള്‍ പുറത്തുവന്നു.
“മോളേ ശ്യാമേ.. നീ ചെയ്തത് തെറ്റാണെന്ന് ഞാന്‍ പറയില്ല. അച്ഛനെപറ്റി നിനക്കറിയാല്ലോ? വളരെ കഷ്ടപ്പെട്ടാണ് നിന്നെയും നിന്റെ ചേച്ചിയെയും ഞാന്‍ വളര്‍ത്തിയത്. അവളുടെ കല്യാണം നല്ല രീതിയില്‍, ഞാന്‍ ആഗ്രഹിച്ചതുപോലെ നടത്തുകയും ചെയ്തു. നമ്മുടെ കുടുംബക്കാരെ അറിയാലോ.. എല്ലാവരും ഉയര്‍ന്ന നിലയിലാണ്. അവരുടെ മുന്പില് ഞാന്‍ തല ഉയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്നത് നിങ്ങള്‍ രണ്ടുപെണ്മക്കളുടെ പേരിലാണ്. എന്റെ മക്കള്‍ ഒരു ചീ ത്തപ്പേരും കേള്‍പ്പിച്ചിട്ടില്ല. മാത്രമല്ല നിങ്ങളെ രണ്ടാളെയും കഷ്ടപ്പെട്ട് ഈ നിലയില്‍ എത്തിച്ചതില്‍ അഭിമാനിക്കുന്നയാളുമാണ് ഞാന്‍. ദൈവം എനിക്ക് തന്നത് രണ്ടു പെണ്‍കുട്ടികളെ ആയിട്ടും ഞാന്‍ പിടിച്ചു നിന്നത് എല്ലാവരുടെ മുന്‍പിലും ജീവിച്ചു കാണിച്ചുകൊടുക്കണമെന്നുള്ള വാശിയിലാണ്. അതില്‍ ഞാന്‍ വിജയിക്കുകയും ചെയ്തു. പക്ഷേ, നീ ഇപ്പൊ താഴ്ന്നജാതിയില്‍പ്പെട്ട ഒരാളോടൊപ്പം പോയാല്‍പ്പിന്നെ ഇല്ലാണ്ടാവുന്നത് ഇതൊക്കെയാണ്. ഇതു മാത്രമല്ല ഞാനും അങ്ങനൊരു പേരുകേട്ട് ജീവിക്കുന്നതിലും ഭേദം മരിക്കുന്നതാണ്. സത്യമാണ് പറഞ്ഞത്. ഞാന്‍ മാത്രമല്ല നിന്റെ അമ്മയുംകൂടി അപ്പോ എന്റെ കൂടെയുണ്ടാകും. പിന്നീട് നിനക്ക് സന്തോഷമായി ജീവിക്കാം. ഇനി എല്ലാം നിന്റെ ഇഷ്ടംപോലെ..”
ശ്യാമയുടെ കണ്ണുകളില്‍നിന്നും കണ്ണുനീര് താഴേയ്ക്ക് വീണുകൊണ്ടിരുന്നു. എന്തു തീരുമാനമെടുക്കണമെന്ന് അവള്‍ക്ക് അറിയില്ലായിരുന്നു. അഭിയെ ആലോചിച്ചപ്പോള്‍ അവളുടെ നെഞ്ചൊന്ന് പൊള്ളി. ആ പാവം ഒരുപാട് പ്രതീക്ഷയോടെ തന്നെയും കാത്തിരിപ്പുണ്ടാകും. ഒരു കൊച്ചുജീവിതവും ആഗ്രഹിച്ച്… പക്ഷേ, അച്ഛനെ തനിക്ക് നന്നായി അറിയാം. പറഞ്ഞാല്‍ അത് ചെയ്യുമെന്ന് ഉറപ്പാണ്. അതിന് തനിക്ക് ധാരാളം അനുഭവമുണ്ട്. തന്നെ പഠിപ്പിക്കാന്‍ അച്ഛന് പെട്ട കഷ്ടപ്പാട് അവളുടെ മനസ്സിലൂടെ കടന്നുപോയി. മുറിയില്‍ കയറി കതകടച്ച് കരയാന്‍ മാത്രമേ അവള്‍ക്ക് കഴിഞ്ഞുള്ളൂ.
പെട്ടെന്നാണ് ഫോണ്‍ റിംഗ് ചെയ്യുന്ന ശബ്ദം കേട്ടത്. എടുത്തു നോക്കിയപ്പോള്‍ അത് അഭിയാണ്. സ്വരം പരമാവധി നേരെയാക്കികൊണ്ട് അവള് പറഞ്ഞു. “അഭി ഞാന്‍ നാളെ തിരിച്ചുവരും എന്നിട്ട് ബാക്കി പറയാം. ഇവിടെ നിന്ന് സംസാരിക്കാന്‍ പറ്റില്ല. അതുകൊണ്ടാ എടുക്കതിരുന്നെ..” അവളുടെ സ്വരം കാതില്‍ വീണപ്പോഴാണ് അവന് സമാധാനമായത്.
“സാരമില്ല നമ്മുക്ക് നാളെ കാണാം. നീ വേഗം വന്നാല്‍ മതി. കടല്‍ത്തീരത്ത് തന്നെ ഞാന്‍ ഉണ്ടാവും. ഇത്രയുംനേരം കാണാതിരുന്നപ്പോ പേടിച്ചുപോയി. നീ ഉറങ്ങിക്കോളൂ. ഞാന്‍ ഫോണ്‍ വെക്കാണ്.. ഉമ്മ…” എന്ന് പറഞ്ഞവന് ഫോണ്‍ കട്ട് ചെയ്തു. പിറ്റേദിവസം വൈകുന്നേരമാകാന്‍ അവന്റെ ഹൃദയം തുടിച്ചു കൊണ്ടിരുന്നു. അന്ന് പതിവിനും വിപരീതമായി അഭി എത്തുന്നതിന് മുന്‍പേ ശ്യാമ കടല്ക്കരയില് എത്തിയിരുന്നു. ‘ശ്യാമാ..’ എന്ന വിളികേട്ടതും അവള് തിരിഞ്ഞുനിന്നു. അവളുടെ കണ്ണില്‍നിന്നും കണ്ണുനീരോഴുകുന്നത് കണ്ട് അവനൊന്നു ഞെട്ടി.
“അഭി, എന്നോട് ക്ഷമിക്കണം… എന്നെ മറക്കണം. എന്റെ വീട്ടുകാരെ വിട്ട് എനിക്ക് വരാന്‍ പറ്റില്ല. കൂടുതലൊന്നും ചോദിക്കരുത്. എല്ലാത്തിനും മാപ്പ്. ഞാന്‍ അഭിയുടെ കൂടെ വന്നാല്‍ അച്ഛനും അമ്മയും ആത്മഹ ത്യ ചെയ്യുംന്ന്. എന്നെ വളര്‍ത്താനും പഠിപ്പിക്കാന്‍ അവര്‍ ഒരുപാട് കഷ്ടപ്പെട്ടതാണ്. അത് മറന്ന് ഒന്നും ചെയ്യാന്‍ എന്നെകൊണ്ടാവില്ല.”
മുഖമടച്ച് ഒരു അടി അല്ലെങ്കില്‍ ഒരു ഭീഷണി പ്രതീക്ഷിച്ചുനിന്ന ശ്യാമയെപോലും ഞെട്ടിച്ചുകൊണ്ട് അഭി ഒന്ന് പുഞ്ചിരിച്ചു. “നിന്റെ അച്ഛന് സമ്മതിക്കില്ലെന്ന് എനിക്കറിയാമായിരുന്നു. ഞാനിതു മുന്‍പേ പ്രതീക്ഷിച്ചതാണ്. അതിനാണോ നീ ഇത്രേം വിഷമിക്കുന്നത്? മകളുടെ പ്രണയം അറിയുന്ന എതൊരു അച്ഛനും ഇങ്ങനെ തന്നെ പ്രതികരിക്കൂ. സാരമില്ല നമ്മുക്ക് കാത്തിരിക്കാം. ഒക്കെ മാറും ശരിയാകും. വിഷമിക്കണ്ട. എത്ര കാലം കഴിഞ്ഞാലും ശ്യാമ അഭിയുടെ തന്നെയാണ്. അതിലൊരു മാറ്റവുമില്ല.”
അവന് പറഞ്ഞു നിര്‍ത്തുന്നതിനുമുന്‍പേ അവള് പറഞ്ഞു. “ഇല്ല അഭി, ഒന്നും ശരിയാവില്ല. എന്റെ അച്ഛനെ എനിക്ക് നന്നായി അറിയാം. അഭി എന്നെ മനസ്സിലാക്കണം. അഭി പോണം. എന്നെ വിട്ട് വേറെ ഒരു കല്യാണം കഴിച്ച് സുഖമായി ജീവിക്കണം. എനിക്ക് അഭിയെ കിട്ടാനുള്ള യോഗ്യതയില്ല. പോയി സന്തോഷമായി ജീവിക്കൂ.”
അവളുടെ അപ്പോഴത്തെ മുഖഭാവം അവനെ ശരിക്കും തളര്‍ത്തിക്കളഞ്ഞിരുന്നു. കുറച്ചുനേരം നിശബ്ദനായി നിന്നശേഷം അവന് തുടര്‍ന്നു.
“ശരി ഞാന്‍ പോയേക്കാം.. നിന്റെകൂടെ സന്തോഷമായിട്ടും സമാധാനമായിട്ടും ജീവിക്കാനായിരുന്നു എന്റെ ആഗ്രഹം. ഈ ലോകത്ത് ആരും ആരേയും സ്നേഹിക്കാത്തപോലെ സ്നേഹിക്കണം എന്നൊക്കെ ഉണ്ടായിരുന്നു. നിന്റെ അച്ഛന് പറഞ്ഞത് നൂറു ശതമാനം ശരിയാണ്. ഇത്രയുംകാലം വളര്‍ത്തി വലുതാക്കിയ അവരെ വിട്ട് ഇന്നലെ കണ്ട എന്നോടൊപ്പം വരുന്നത് തെറ്റ് തന്നെയാണ്. മാത്രവുമല്ല ഇപ്പൊ വീടിന്റെ സാമ്പത്തിക സ്രോതസ്സ് നീയാണ്. നീ വേണം അവരെ നോക്കാന്‍. നിന്റെ കടം അങ്ങനെ നിനക്ക് വീട്ടാം. അച്ഛനോട് ഇത്രയും സ്നേഹമുള്ള നീ അച്ഛന് പറയുന്ന ആളെത്തന്നെ കല്യാണം കഴിക്കുമെന്ന് ഉറപ്പുണ്ട്. നിനക്കൊരു ജീവിതമുണ്ടാകും. എനിക്കതുമതി. ഇനി നിന്റെ കണ്മുന്പില് പോലും ഞാന്‍ വരില്ല.”
‘എന്റെ അഭീ’ എന്നുപറഞ്ഞ് പൊട്ടിക്കരഞ്ഞുകൊണ്ടവള് ചോദിച്ചു. “എനിക്ക് ഒരു ഉ മ്മ തരോ..” അവളുടെ രണ്ടു കവിളുകളും കൈയ്യിലെടുത്തുകൊണ്ടവന് അവളുടെ മൂര്‍ദ്ധാവില്‍ ചും ബിച്ചു. അതിനുശേഷം പറഞ്ഞു. “നിന്റെ വിഷമം നീ കരഞ്ഞുbതീര്‍ത്തല്ലോ പെണ്ണേ.. പക്ഷേ, ഞാനെന്തുചെയ്യും? കുറെ കരഞ്ഞാല്‍ മാത്രം ഒഴുകിപ്പോകുന്ന ഒരിഷ്ടമായിരുന്നില്ല എനിക്ക് നിന്നോട്. ഭ്രാന്തായിരുന്നു നീ എനിക്ക്.. വല്ലാത്തൊരു ഭ്രാന്ത്…” പറഞ്ഞു നിര്‍ത്തിയതും അവള് അവനെ കെട്ടിപ്പിടിച്ചു പറഞ്ഞു. “മാപ്പ്.. പൊറുക്കണം എന്നോട് എല്ലാത്തിനും..”
മെല്ലെ അവളുടെ കൈപിടിച്ചുമാറ്റി അവന് തിരിഞ്ഞുനടന്നു. പുറകില്‍ നിന്നും നേര്‍ത്ത ശബ്ദത്തില്‍ അവള് വിളിച്ചു. “അഭീ.. ഒന്നു ചോദിച്ചോട്ടെ..? എന്നോടൊന്നു ദേഷ്യപ്പെട്ടിട്ടു പൊയ്ക്കൂടെ?” വേദന കലര്‍ന്ന ഒരു പുഞ്ചിരി അവന്റെ മുഖത്തുണ്ടായി.
“എന്തിന്? നിന്റെ അച്ഛനോടു പോലും എനിക്ക് ഒരു തരിമ്പും ദേഷ്യമില്ല. പിന്നെയാണോ നിന്നോട്? കാരണം നിങ്ങള്‍ രണ്ടുപേരുമാണ് ശരി. തെറ്റ് ഞാനാണ്. അര്‍ഹിക്കുന്നതാണോ എന്നറിയാതെ മോഹിച്ചു പോയി. തെറ്റ് എന്റെ മാത്രമാണ്. പക്ഷേ, ഒന്നുചോദിച്ചോട്ടെ?”
അവള് അവന്റെ മുഖത്തേയ്ക്ക് നോക്കി.
” എന്നായാലും നിന്റെ അച്ഛന് നിന്നെ വേറെ ഒരാള്‍ക്ക് കല്യാണം കഴിച്ചു കൊടുക്കില്ലേ? അത് എന്നെപ്പോലെ നിന്നെ അറിയുന്ന ഒരാളെ ആയിരിക്കുമോ? ഇല്ല.. അങ്ങനെ ആവില്ല. അവന്റെ ജോലിയുടെയും പണത്തിന്റെയും മുകളില്‍ അവര്‍ നിനക്ക് വില പറയും. ചിലപ്പോള്‍ നല്ല ഒരാളെത്തന്നെ കിട്ടുമായിരിക്കും .പക്ഷേ, അത് എന്നെപോലെ ആവുമോ ശ്യാമാ.. ഒന്നുപറയാം.. ഇപ്പൊ നീ കരുതുന്നതുപോലെ നിന്റെ അച്ഛനും അമ്മയും നിന്റെ കൂടെ വേണമെങ്കില്‍ അതിന് ഞാനായിരുന്നു നല്ലത്.. അച്ഛനോട് എന്നെങ്കിലും ഒരിക്കല്‍ പറയണം. മനുഷ്യരെ മനസ്സിലാക്കിവേണം തീരുമാനം എടുക്കാനെന്ന്. ഇല്ലെങ്കില്‍ അതില്‍ ഇല്ലാതായിപ്പോകുന്നത് എന്നെയും നിന്നെയും പോലുള്ളവരുടെ സ്വപ്നങ്ങളായിരിക്കുമെന്നത്. ചിലപ്പോള്‍ ജീവിതവും…”
“അഭി എന്നും സന്തോഷമായിരിക്കണ൦… അല്ലാതെ ഞാന്‍ എന്താ പറയാ അഭീ..” ശ്രമിക്കാം എന്നവന് മറുപടി പറഞ്ഞു. തിരിഞ്ഞു നടന്ന അവന് ഒരിക്കല്‍ക്കൂടി അവളെ തിരിഞ്ഞുനോക്കി ചോദിച്ചു. “അതേ.. എപ്പോഴാ നമ്മുടെ കല്യാണം?” മുഖം പൊത്തിക്കരഞ്ഞുകൊണ്ടവള് മണലിലേക്കിരുന്നു. തിരിഞ്ഞുനോക്കാതെ അവന് നടന്നകലുന്നതും നോക്കി…
കാലം അതിന്റെ കരവിരുത് ഭംഗിയായി തന്നെ നിർവഹിച്ചകൊണ്ടിരിന്നു.കാലം മായിക്കാത്ത മുറിവുകൾ ഇല്ല. അതു പോലെ കാലം മാറ്റാതെ മനുഷ്യരും.
ഒരു പാട് വർഷങ്ങൾക്കു ശേഷമുള്ള ഒരു ദിവസം.
പെരുമഴയത്ത് നഗരത്തിലെ ഷോപ്പിംഗ് മാളിനു മുൻപിൽ ഒരു കാർ വന്നു നിന്നു. നാലു വയസുള്ള ഒരു കുട്ടിയെയും കൈയിൽ പിടിച്ചു ഒരു സ്ത്രീ കുട നിവർത്തി അതിൽ നിന്നും ഇറങ്ങി. അതു ശ്യാമ ആയിരുന്നു. ഡ്രൈവിംഗ് സീറ്റിൽ നിന്നും അവളുടെ ഭർത്താവെന്നു തോന്നിക്കുന്ന ഒരാളും. കുഞ്ഞിനേയും പിടിച്ചു കൊണ്ടവൾ മാളിലേക്ക് കയറാൻ തുടങ്ങിയതും ഒരു ശബ്ദം അവളുടെ കാതിൽ വീണു….
“അതേയ് എപ്പോളാ നമ്മുടെ കല്യാണം ?”….
ഒരു ഞെട്ടലോട് അവൾ തിരിഞ്ഞു നോക്കി താടിയും മുടിയും വളർത്തി മഴയിൽ കുതിർന്ന ഒരു രൂപം. കിറി പറിഞ്ഞു ഒരു മുഷിഞ്ഞു നാറിയ വേഷം ധരിച്ചിരിക്കുന്നു. റോഡിൽ കുട ചൂടി നിൽക്കുന്ന ഒരോ സ്ത്രീയുടേയും നേർക്ക് നോക്കി അയാൾ ചോദിക്കുന്നുണ്ട്.
“എപ്പോഴാ നമ്മുടെ കല്യാണം ?”
വീശിയടിച്ച കാറ്റിൽ അവളുടെ കുട പറന്നു പോയി. പറന്നു പോയ കുട തിരിച്ചു എടുത്തു കൊണ്ടു വന്നു അവളെയും കുഞ്ഞിനെയും ചൂടിച്ചുകൊണ്ടു ഭർത്താവ് ദേഷ്യത്തിൽ പറഞ്ഞു. “എന്തു നോക്കി നിൽക്കുവാ ?മഴ പെയ്യുന്നത് കണ്ടില്ലേ ? അകത്തോട്ടു പോകാം “
അയാൾ അവളുടെ കൈപിടിച്ചു അകത്തേക്ക് വലിച്ചു കൊണ്ടുപോകുമ്പോഴും ആ ശബ്ദം അവൾ കേൾക്കുന്നുണ്ടായിരുന്നു.ഒരിക്കൽ അവളുടെ കാതിൽ തേന്മഴയായി പൊഴിഞ്ഞു അകം കുളിർപ്പിച്ചിരുന്ന അതേ സ്വരം …
“എപ്പോഴാ നമ്മുടെ കല്യാണം ?”