എന്താ എന്റെ പൊന്നിന് പറ്റിയത് ?” ഭക്ഷണം ഉണ്ടാകുമ്പോൾ ഹരി വന്നു പിന്നിലൂടെ എന്നെ അമർത്തിപ്പിടിച്ചു…..

നീ…. നീ മാത്രമാകുക

Story written by Ammu Santhosh

ഇഷ്ടം കൂടുമ്പോൾ പിണക്കവും കൂടും .കലഹവും ശുണ്ഠിയും വാഗ്‌വാദവും ഒക്കെ കൂടും .എനിക്കും ഹരിക്കുമിടയിൽ ഇഷ്ടത്തിന്റെ അളവ് വളരെ കൂടുതലായിരുന്നു അതായതു എപ്പോളും കലഹം തന്നെ

ഞങ്ങൾക്ക് ശരിക്കു അങ്ങോട്ടു മനസിലാകുന്നുണ്ടായിരുന്നില്ല .വിവാഹാലോചന വന്ന് ഒരു മാസത്തിനുള്ളിലായിരുന്നു വിവാഹം.. അത് കൊണ്ട് തന്നെ തമ്മിൽ അധികം അറിയാൻ സാധിച്ചിരുന്നില്ല.

സത്യത്തിൽ ഹരി ഒരു പാവമാണ് . ആ കണ്ണ് ,ചിരി ,നെറ്റിയിലേക്ക് ഉതിർന്നു കിടക്കുന്ന അലസമായ മുടിയിഴകൾ ,തല ചരിച്ചുള്ള കുസൃതി നോട്ടം ഒക്കെ എനിക്ക് വലിയ ഇഷ്ടം തന്നെ .പക്ഷെ എന്റെ ഫോൺ വിളികൾക്കു മറുപടി ഇല്ലാതിരിക്കുമ്പോൾ, അത്യാവശ്യമാണ് എന്ന് പറഞ്ഞേൽപ്പിക്കുന്ന ഒരു സാധനം വാങ്ങാൻ മറക്കുമ്പോൾ ,ഒന്നിച്ചു പോകാമെന്നു പറഞ്ഞ യാത്രകൾ മാറ്റി വെയ്ക്കുമ്പോൾ ഒക്കെ എന്നിലെ കലഹ ക്കുട്ടി കൂടു തുറന്നു പുറത്തു വരും .ചെറിയ കാര്യങ്ങൾക്കാണെങ്കിലും ഞാൻ വല്ലാതെ കലഹിക്കും.

“ഇങ്ങനെ ആണെങ്കിൽ നിന്റെ ഹരി നിന്നെ ഇട്ടേച്ചു പോകും ..നോക്കിക്കോ ” എന്റെ കൂട്ടുകാരി ദിവ്യ ഒരു ദിവസം എന്നോട് പറഞ്ഞു

“പിന്നെ ..?” ഞാൻ ചിരിച്ചു

“എപ്പോളും കലഹിക്കുന്ന പെണ്ണിനെ ആണിന് ഇഷ്ടമല്ല നീനു ..അവർക്കു അവരെ എപ്പോളും കരുതുന്ന ,ലാളിക്കുന്ന ,അവർക്കു മുന്നിൽ കുറച്ചു താഴ്ന്നു നിൽക്കുന്ന പെണ്ണിനെയാ ഇഷ്ടം “

“ഓ അങ്ങനെ ഇപ്പൊ പോകുന്നെങ്കിൽ പോകട്ടെ ” എന്നൊക്കെ വാശിക്ക് പറഞ്ഞെങ്കിലും അവൾ പറഞ്ഞതൊക്കെ എന്റെ ഉള്ളിൽ ദഹിക്കാതെ കിടന്നു .ഞാൻ സ്വയമറിയാതെ മൗനിയായി

“എന്താ എന്റെ പൊന്നിന് പറ്റിയത് ?” ഭക്ഷണം ഉണ്ടാകുമ്പോൾ ഹരി വന്നു പിന്നിലൂടെ എന്നെ അമർത്തിപ്പിടിച്ചു

“ഒന്നൂല്യ “

ഞാൻ മെല്ലെ പറഞ്ഞു

“അതല്ല എന്തോ ഉണ്ട് …ഞാൻ വല്ലോം മറന്നോ വാങ്ങാൻ …അതോ വയ്യായ്ക വല്ലോമുണ്ടോ?”

“ഊഹും”

“വീട്ടിലൊന്നു പോകണമെന്ന് തോന്നുന്നോ ?അവരെ മിസ് ചെയ്യുന്നോ ?”

“ഇല്ല്യ “

“പിന്നെന്താടാ ….” ഞാൻ നിറകണ്ണുകൾ മറച്ചു മെല്ലെ ചിരിച്ചു

“ഒന്നൂല്ല ഹരീ..വേഗം പോയെ ഓഫീസി ലെത്താൻ നേരമാകുന്നു”ഞാൻ ഹരിയെ അടർത്തി മാറ്റി

കലഹങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കുമ്പോൾ ചിലപ്പോളൊക്കെയും ഞാൻ ഞാനല്ലാതെ ആകുന്നത് പോലെ .വേറെ യൊരു നീനു ..എന്റെ കാതലായ സ്വഭാവം പൊട്ടിചിരിയുടെയും പൊട്ടിത്തെറി ക്കലിന്റേതുമാണ് .അത് മാറ്റി വെച്ച് അടക്കവും ഒതുക്കവുമുള്ള ഭാര്യയാകാൻ ശ്രമിക്കുമ്പോൾ ഞാൻ എനിക്ക് തന്നെ അന്യയായി

അന്ന് പതിവില്ലാതെ ഹരീ വൈകിയാണ് വന്നത്

“എന്താ വൈകിയേ ?”

“ഒന്നൂല്ല ” ഹരീ മൊബൈലിൽ നോക്കി കിടന്നു എന്റെ ഉള്ളിൽ ദേഷ്യം ഉണരുന്നത് ഞാൻ അറിഞ്ഞു എന്നിട്ടും ഞാൻ സ്വയം നിയന്ത്രിച്ചു

“അല്ല എന്തോ ഉണ്ട് പറയ് “

“ഒന്നൂല്ലെടി …”പെട്ടെന്ന് ഹരീ പൊട്ടിത്തെറിച്ചു നീനുട്ടി എന്നല്ല എടി എന്ന് …ഒരിക്കലും ഹരീ അങ്ങനെ എന്നെ വിളിച്ചിട്ടില്ല ..

അത് സാരോല്ല

പക്ഷെ വീണ്ടും മൊബൈൽ നോക്കി കിടക്കുന്നത് കണ്ടപ്പോൾ ഞാൻ പഴയ നീനു തന്നെയായി

മൊബൈൽ വാങ്ങി നിലത്തു എറിഞ്ഞു ഞാൻ ഹരിയെ പിച്ചുകയും മാന്തുകയും ഒക്കെ ചെയ്തു .അത് വരെ പൂട്ടിട്ട് വെച്ച തെല്ലാം പുറത്തു വന്നു. ഒടുവിൽ കരഞ്ഞു കൊണ്ട് ഞാൻ എന്റെ മുഖം പൊത്തി

“എന്റെ നീനുട്ടി ..”ഹരീ എന്നെ വാരിയെടുത്തു നെഞ്ചോട് ചേർത്ത് പൊട്ടിച്ചിരിച്ചു … നീ ഇങ്ങനെയാകാൻ ചെയ്തതല്ലേ ഞാൻ? ..ഈ പെണ്ണിനെ ആണ് എനിക്കിഷ്ടം ..മറ്റേതു നിനക്ക് ചേരില്ലടാ …ഒരു ഓൾഡ് ടിപ്പിക്കൽ വൈഫ് …നീ കലഹിക്കണം ,പിണങ്ങേണം, വേണ മെങ്കിൽ എന്നെ ഒന്ന് തല്ലിക്കൊ ..എന്നാലും നീ നീയായിരിക്കണം …നിന്റെ നഖത്തിന് എന്ത് മൂർച്ചയാ..എന്റെ നെഞ്ചോക്കെ മുറിഞ്ഞു…”

ഞാൻ സങ്കടത്തോടെ മുറിവു കളിൽ വിരലോടിച്ചു. പിന്നെ ദിവ്യ പറഞ്ഞൊ തൊക്കെ പറഞ്ഞു കേൾപ്പിച്ചു. അത് കേട്ട് ഹരി എന്റെ മുഖം കയ്യിലെടുത്തു എന്റെ കണ്ണുകളിലേക്ക് ഉറ്റു നോക്കി.

“നിന്നെ എനിക്ക് എന്തിഷ്ടമാണെന്നോ ..നീ വഴക്കിടുമ്പോളൊക്കെ ഞാൻ എന്റെ അനിയത്തിയെ ഓർക്കും …അവളും ഇങ്ങനെയാണ് …നീ എനിക്ക് ഭാര്യ മാത്രമല്ല … എന്റെ കൂട്ടുകാരി ,അനിയത്തി ,’അമ്മ ,കാമുകി …എല്ലാം ..അപ്പോൾ നിനക്കെന്നോട് പിണങ്ങാം, ശാസിക്കാം, വഴക്കിടാം ..നിന്റെ അവകാശമാ അത് ..മനസ്സിലായോ ?”

ഞാൻ തലയാട്ടി

” എന്ത് വേണേൽ ആയിക്കോ എന്റെ മാത്രമായിരുന്നാൽ മതി എന്നും …” ഹരീ എന്റെ ചുണ്ടിൽ മെല്ലെ ചുംബിച്ചു

ദീർഘമായ ആ ചുംബനത്തിന്റെ ഒടുവിൽ ഞാൻ ആ നെഞ്ചിനു മുകളിലേക്ക് എന്റെ മുഖം ചേർത്ത് വെച്ചു

ഹൃദയത്തിനു മുകളിലേക്ക്

ഞാൻ ഉണ്ടവിടെ

അല്ല അവിടെ ഞാൻ മാത്രമേയുള്ളു