അല്പം ന്യൂജൻ
എഴുത്ത്:-രാജീവ് രാധാകൃഷ്ണപണിക്കർ
“അയ്യോ നിങ്ങളിങ്ങോട്ടൊന്നു പെട്ടെന്ന് വന്നേ “
രാവിലെ കിടക്കയിൽ നിന്നും എഴുന്നേൽക്കാൻ മടി പിടിച്ചു കിടന്ന ഞാൻ നല്ല പാതിയുടെ അലമുറ കേട്ടാണ് ചാടിയെഴുന്നേറ്റത്.
ശരീരത്തിൽ നിന്നും അകന്നു പോയ മുണ്ടു തപ്പിയെടുത്തു വയറിനു മീതെ ചുറ്റിക്കൊണ്ടു ഞാൻ സിറ്റൗട്ടിലേക്ക് ചെന്നു.
സിറ്റൗട്ടിൽ പ്രേതത്തെ കണ്ട പോലെ വിളറിയ മുഖവുമായി പ്രിയതമ നില്പുണ്ട്. ഒപ്പം താണ മുഖവുമായി സൽപുത്രനും.
എന്താണ് കാര്യമെന്നറിയാനായി കണ്ണൊന്നു തുടച്ചു നോക്കി. ഉമ്മറത്ത് ഒരു പെൺകുട്ടി നിൽക്കുന്നു.?പതിനാറോ പതിനേഴോ വയസ്സു പ്രായം തോന്നിക്കും .കയ്യിൽ ഒരു ബാഗുമുണ്ട്മ നസിൽ എന്തോ ഒരു പന്തികേട് തോന്നി.
“എന്താ കാര്യം. ഏതാ ഈ കുട്ടി?” ആകാംക്ഷയോടെ ഞാൻചോദിച്ചു.
“ഈ കൊച്ചു ഇവനെ തേടി വീട്ടീന്നു ഇറങ്ങി വന്നതാ.ഇവര് തമ്മിൽ പ്രേമമാണെന്ന്”
കരച്ചിലിൽ കുതിർന്ന ശബ്ദത്തിൽ ഭാര്യ പറഞ്ഞൊപ്പിച്ചു.
ഒരു നിമിഷം ഞാൻ പുത്രനെ നോക്കി.വരുന്ന ഒക്ടോബറിൽ പതിനെട്ട് തികയുകയെയുള്ളു. അപ്പോഴേക്കും പണി പറ്റിച്ചോ.
ഇവിടത്തെ കോലാഹലങ്ങൾ കേട്ടിട്ടാണെന്നു തോന്നുന്നു അടുത്ത വീടുകളിൽ നിന്നും തലകൾ എത്തി നോക്കി തുടങ്ങി.
“മോളേതാ. എവിടെയാ വീട് .എന്തായാലും അകത്തേക്ക് കയറ്”
ഞാൻ എന്താണ് ചെയ്യേണ്ടതെന്നറിയാതെ പുകയുന്ന തലയുമായി ഹാളിലേക്ക് കയറി.
പുറകെ അമ്മയും മോനും ‘പുതുപ്പെണ്ണും’.
“അങ്കിളെ ഇവനും ഞാനും ഒരേ ക്ലാസ്സിലാ പഠിക്കുന്നത് . ഞങ്ങൾ തമ്മിൽ ലൗ ആണ്.ഇക്കാര്യം എന്റെ വീട്ടിൽ അറിഞ്ഞു. അവരെന്നെ പൂട്ടിയിട്ടേക്കുക യായിരുന്നു. ഡാഡിയും മമ്മിയും പുറത്തു പോയപ്പോൾ ഞാൻ ചാടി പോന്നതാ. എനിക്കിവനില്ലാതെ ജീവിക്കാൻ വയ്യ .”
“ശരിയാണോടാ”
മകൻ അതേ എന്നു തലയാട്ടി.
“മൊട്ടേന്നു വിരിഞ്ഞില്ലല്ലോടാ?അതിനുമുമ്പേ കേറി ഗോളടിച്ചല്ലോ”
പെണ്ണുംപിള്ളയുടെ കരച്ചിലിന്റെ ശക്തി കൂടി.ഇടക്ക് ബാക് ഗ്രൗണ്ട് മ്യൂസിക് പോലെ നെഞ്ചത്തിട്ടു രണ്ടിടിയും പാസാക്കി.
എന്തായാലും മനസ്സാന്നിധ്യത്തോടെ കൈകാര്യം ചെയ്യേണ്ട പ്രശ്നമാണ്.
പോ ക്സോ കേസിൽ വരെ അകത്താകാനുള്ള എല്ലാ വള്ളിക്കെട്ടുമുണ്ട്.
ഞാൻ ഭാര്യയെയും വിളിച്ചുകൊണ്ട് മുറിയിലേക്ക് ചെന്നു.
“എന്താ ചെയ്ക.”
“ആ കൊച്ചിന്റെ വീട്ടിലേക്കു വിളിച്ചു പറ?അല്ലെങ്കി പോലീസ് കേസാകും”
“ഞാനും അതു തന്ന്യാ ആലോചിക്കുന്നത്. എന്തായാലും ഞാൻ ആ കൊച്ചുമായൊന്നു സംസാരിക്കട്ടെ.നീ കിടന്നു മോങ്ങാണ്ടിരി.”
അവളെ സമാധാനിപ്പിച്ചുകൊണ്ടു ഞാൻ ഹാളിലേക്കു ചെന്നു.
പെട്ടെന്ന് ഒരലർച്ചയോടെ മകൻ മുന്നിലേക്ക് ചാടി വീണു
“ഏപ്രിൽ ഫൂൾ അച്ഛാ ഏപ്രിൽ ഫൂൾ അമ്മേ”
ആ പെൺകൊച്ചും പൊട്ടി ചിരിച്ചു കൊണ്ട് പറഞ്ഞു “ഏപ്രിൽ ഫൂൾ അങ്കിൾ ഏപ്രിൽ ഫൂൾ ആന്റി”
അപ്പോഴാണ് ഇന്ന് ഏപ്രിൽ ഒന്നാണല്ലോ എന്നോർത്തത്. ഒരു നിമിഷം കയ്ച്ചിട്ടിറക്കാനും മധുരിച്ചിട്ടു തുപ്പാനും വയ്യാത്ത അവസ്ഥയിലായി.
അങ്കിളെ, ആന്റി ഞങ്ങൾ തമ്മിൽ പ്രേമം ഒന്നുമല്ല.ഇവൻ എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ്. ഞാൻ ഹോസ്റ്റലിൽ ആണ് താമസിക്കുന്നത്.ഇവനെന്റെ നോട്സ് എഴുതാൻ വാങ്ങിയിരുന്നു. അതു വാങ്ങാൻ വന്നതാ. സ്റ്റഡി ലീവ് ആയതു കൊണ്ട് ഞാൻ വീട്ടിലേക്കു പോകാ. അതാ ബാഗ് ഒക്കെയായിട്ട്. വന്നപ്പോൾ നിങ്ങളെ ഒന്നു ഫൂളാക്കാമെന്നു കരുതി. ഡയറക്ഷൻ ഒക്കെ ഇവന്റെയാണെട്ടോ. ഞാൻ ഒൺലി ആക്ടിങ്”
ചിരിച്ചുകൊണ്ടവൾ പറഞ്ഞു.
“എന്നാലും ഇതിത്തിരി കടന്ന കയ്യായി പോയി കൊച്ചേ. എന്റെ നല്ല ജീവൻ അങ്ങു പോയി.എന്തായാലും മോളിവിടെ വരെ വന്നതല്ലേ. ഒരുഗ്ലാസ് ചായ കുടിച്ചിട്ട് പോകാം”
കണ്ണുനീർ തുടച്ചു കൊണ്ടു ഭാര്യ അടുക്കളയിലേക്കുനടന്നു .നിന്നെ പിന്നെ കണ്ടോളാമെടാ എന്ന മട്ടിൽ മകനെ നോക്കിയിട്ട് ഞാൻ ടോയ്ലറ്റിലേക്കും .
എന്താ ചെയ്യുക ഏപ്രിൽ ഒന്നായി പോയില്ലേ.പോരാത്തതിന് ന്യൂ ജനറേഷനും.
എല്ലാവർക്കും വിഡ്ഢിദിന ആശംസകൾ
ശുഭം