Story written by Sumayya Beegum T A
ഞാൻ എന്തിനവളെ സ്വീകരിച്ചു എന്നതാണ് എല്ലാവരുടെയും വിഷയം പക്ഷേ അതിന് മറുപടി കൊടുക്കാൻ എനിക്ക് സൗകര്യമില്ല അതാണ് എന്റെ ഭാഗത്തു നിന്നുള്ള മാന്യമായ ഉത്തരം ഇനി ആ ടോപ്പിക്ക് വിട്ടേക്കുക കൂടെ ഞങ്ങളെയും.
ബന്ധുക്കാരുടെയും സുഹൃത്തുക്കളുടെയും ആയിരം ചോദ്യങ്ങൾക്ക് ഒറ്റ മറുപടി.
എനിക്ക് വേറൊന്നും വേണ്ട എന്നെ കേട്ടാൽ മാത്രം മതിയെന്ന അവളുടെ നിലവിളി എത്ര രാത്രികളിൽ ഞാൻ ശ്രദ്ധിക്കാതെ പോയി.
കൂർക്കം വലിച്ചുറങ്ങുന്നതിനിടയിൽ ഇടയ്ക്ക് നിന്നുപോകുന്ന ഫാനിന്റെ അലോസരത്തിൽ കൺ തുറക്കുമ്പോൾ ഉറങ്ങാതെ നിറഞ്ഞ കണ്ണുകളുമായി കട്ടിലിന്റെ ഓരത്തു ഉറങ്ങാതെ ഭ്രാന്തിയെപ്പോലെ ഇരിക്കുന്നവളെ നോക്കി എത്ര വട്ടം പുച്ഛിച്ചു ചിരിച്ചു.
കാറ്റുകൊള്ളാനോ കടലുകാണാനോ കളിപറയാനോ നേരമില്ലാതെ തനിച്ചു ഓടി തീർത്തപ്പോൾ ബിസിനസ്സിൽ നൂറുശതമാനം വിജയവും കുടുംബ ജീവിതത്തിൽ വട്ടപൂജ്യവുമായി…
അതൊക്കെ മനസിലാക്കാൻ കഴിഞ്ഞ ഒരു കൊല്ലം വേണ്ടി വന്നു.അതങ്ങനാണ് ഒരു തിരിച്ചടി കിട്ടുമ്പോൾ മാത്രമേ പുറകിലോട്ട് നോക്കു, ഒരു നിമിഷം നിൽക്കു അത് ഇവിടെയും സംഭവിച്ചു.
അവൾ പറഞ്ഞതുപോലെ അവളൊരു കടലാണ് അടങ്ങാത്ത തിരകൾ പോലെ ആഗ്രഹങ്ങളെ പേറുന്നവൾ ഒടുങ്ങാത്ത സ്വപ്നങ്ങളുടെ കൊടുങ്കാറ്റാവൻ കൊതിക്കുന്നവൾ.
അവളുടെ ജീവിതത്തിനു മഴവില്ലിന്റെ നിറമാണ് അവൾക്ക് പുതുമഴയുടെ ഭംഗിയും. ആ ഏഴഴക് കാണാതെ അവളെ ഒരു കുപ്പിക്കുള്ളിൽ ഭൂതത്തെ പോലെ തളച്ചിട്ടത് ഞാൻ മാത്രം ആണ്.
നിങ്ങൾ ഓടിപ്പോയ പെണ്ണിന്റെ കഥകൾ വായിച്ചിട്ടുണ്ടാവും അവളെ പഴിക്കുന്നവരെയും അവൾക്കായി വാദിക്കുന്നവരെയും കണ്ടിട്ടുണ്ടാവും.
പക്ഷേ അവളുടെ ഭാഗത്തു നിന്ന് ചിന്തിക്കുന്ന അവളാൽ ഉപേക്ഷിക്കപ്പെട്ട ഒരു ഭർത്താവിന്റെ ഭാഗത്തു നിന്ന് പറയാനുള്ളതും അറിയുക.
വൈകിയാണെങ്കിലും ഞാൻ തിരിച്ചറിയുന്നു അവളെ, പെണ്ണുടലി നകത്തെ അവളുടെ മനസ്സ് എന്ന മാസ്മരിക ലോകത്തെ…
എല്ലാരും ചോദിക്കുന്നത് പോലെ അവൾക്ക് ഞാൻ മാപ്പ് കൊടുത്തോ? രണ്ടുപേരും ഒരുപോലെ ചെയ്ത ഒരു തെറ്റിൽ പരസ്പരം ഏറ്റുപറച്ചിൽ അല്ലാതെ മാപ്പ് എന്നൊരു കാര്യം ഇടയ്ക്കുണ്ടോ ഒരിക്കലും ഇല്ല.
ഒരിക്കൽ വേർപിരിഞ്ഞതാണ് രണ്ടുപേരും അവരവരുടെ വഴിക്ക് പോയി എങ്കിലും ഒന്നും പൂർണമാകാതെ ഒറ്റയ്ക്ക് ആണ് ഇപ്പോഴും. സഞ്ചരിച്ചത് കുറച്ചു ദൂരം എങ്കിലും യുഗങ്ങളുടെ അലച്ചിൽ രണ്ടാളും അനുഭവിച്ചു. കൈകുമ്പിളിൽ കിട്ടിയ തിനേക്കാൾ വലുതായി നേടാൻ ഇനിയൊന്നുമില്ലെന്നു ഏറ്റുപറഞ്ഞു.
അതുകൊണ്ട് നാളെ അവൾ വീണ്ടും ഇങ്ങോട്ട് വരുകയാണ്. ഇത്തവണ താലിയുടെ ബന്ധനമില്ലാതെ തീർത്തും സ്വതന്ത്രമായി. ഇനിയുള്ള ജീവിതം അങ്ങനെയാവട്ടെ ഭയന്നല്ലാതെ സ്നേഹിക്കാൻ ഞങ്ങൾക്ക് കഴിയും എന്ന് തന്നെ വിശ്വസിക്കുന്നു.
ഇനിയും ചോദ്യങ്ങൾ വേണ്ട അറിയാനുള്ളത് ഇനിയുള്ള ജീവിതം നിങ്ങളോടു പറയും.