എനിക്ക് ഒരെണ്ണം മതി. പിന്നെ നാളെ തൊട്ട് ഞാൻ പുറത്തു നിന്ന് കഴിച്ചോളാം വെറുതെ രാവിലെ എന്റെ സമയം കളയണ്ടല്ലോ..,….

Story written by Sumayya Beegum T A

അടിപൊളി ഇന്നും ദോശയാണോ?

ഇതാവുമ്പോ എളുപ്പമാണ് ചേട്ടാ പോരാത്തതിന് ഹെൽത്തിയും.മക്കൾക്കും കൊടുക്കാലോ?

എനിക്ക് ഒരെണ്ണം മതി. പിന്നെ നാളെ തൊട്ട് ഞാൻ പുറത്തു നിന്ന് കഴിച്ചോളാം വെറുതെ രാവിലെ എന്റെ സമയം കളയണ്ടല്ലോ?

പിറ്റേന്ന് രാവിലെ ചൂട് പൊറോട്ടയും അവിപറക്കുന്ന ബീഫും ഓഫീസിനടുത്ത ഹോട്ടലിൽ നിന്നും മുന്നിൽ വന്നപ്പോൾ വല്ലാത്തൊരു ആക്രാന്തം ആയിരുന്നു.

ബിൽ കൊടുക്കാൻ നേരത്തു ഞെട്ടി എങ്കിലും രുചി ഓർത്തപ്പോൾ സഹിച്ചു.

പിന്നെ അതൊരു ശീലമായി. പുട്ടും മുട്ടയും, ചിക്കനും ചപ്പാത്തിയും, താറാവും കള്ളപ്പവും അങ്ങനെ അങ്ങനെ എന്നും വെറൈറ്റി.

ഒരു ദിവസം രാവിലെ ഇറങ്ങുമ്പോൾ മക്കൾ കടലയും പുട്ടും കഴിക്കുന്ന കണ്ടു ദേഷ്യം വന്നു.

ടി നിനക്ക് പൈസ എടുത്തു ഇറച്ചിയോ മീനോ വാങ്ങിക്കരുതോ. പിള്ളേർ രുചിക്ക് കഴിക്കട്ടെ.

ദിവസവും അവർ മീൻ കൂട്ടി തന്നെ ആണ് ചോർ കഴിക്കുന്നത് പിന്നെ ഇറച്ചി അത് ആഴ്ചയിൽ ഒരിക്കൽ മതി. പയറുവർഗങ്ങളും പച്ചക്കറിയും ഒക്കെ കൂട്ടണം എന്നാലേ വളർച്ച പൂർണമാകു.

ഓഹ് ശരി,പിന്നെ ഓഫീസിനടുത്തുള്ള ഹോട്ടലിൽ മീൽസ് തുടങ്ങി ഇനി അവിടുന്ന് തന്നെ ഞാൻ ഉച്ചയ്ക്കും കഴിച്ചോളാം. നീ പൊതി കെട്ടി തരണ്ട.

അത് കേട്ടപ്പോൾ അവളുടെ മുഖം ഒന്ന് വാടി എങ്കിലും എന്റെ സ്വഭാവം നന്നായി അറിയാവുന്ന കൊണ്ട് എതിര് പറഞ്ഞില്ല.

അല്ലെങ്കിൽ തന്നെ അവളുണ്ടാക്കുന്ന ഫുഡ്‌ ഒക്കെ മടുത്തു തുടങ്ങി.

എരിവ് പുളി ഒന്നും ആവശ്യത്തിന് ചേർക്കില്ല. ഉപ്പിനും ഒരു കണക്കുണ്ട്. ചോദിച്ചാൽ പറയും പിള്ളേർ കൂടി കഴിക്കുന്ന ഭക്ഷണം അല്ലേ ചേട്ടാ എന്ന്.

വെളിച്ചെണ്ണ തീരെ കുറച്ചേ ചേർക്കു. സൺ‌ഡേ സ്പെഷ്യൽ ആണ് ഏറ്റവും കഷ്ടം ബിരിയാണി, ഫ്രൈഡ് റൈസ് ഒന്നിലും ആവശ്യത്തിന് നെയ്യ് ചേർക്കില്ല. അതോണ്ട് വല്യ രുചിയുമില്ല. വായും വയറും അറിയാതെ കുറെ തിന്നാം അത്ര തന്നെ.

മാസങ്ങൾ രണ്ടുമൂന്ന് കഴിഞ്ഞു. ശമ്പളത്തിന്റെ ഒരു നല്ല പങ്ക് ഹോട്ടലിൽ കൊടുക്കുന്നുണ്ടെങ്കിലും ആ രുചി ഓർക്കുമ്പോൾ ഒരുമാതിരി മയക്കു മരുന്ന് അഡിക്റ്റായ പോലൊരു ഫീൽ. ഉപേക്ഷിക്കാൻ തോന്നുന്നില്ല.

എന്തേ ഈ ബുദ്ധി നേരത്തെ തോന്നിയില്ല ദാസാ എന്ന് നാവ് ചോദിച്ചു കൊണ്ടിരുന്നൊരു ദിവസം വയർ എട്ടിന്റെ പണി തന്നു.

വേറൊന്നുമല്ല അസിഡിറ്റി, അൾസർ, ഗ്യാസ് ട്രബിൾ.

ഭക്ഷണം പോയിട്ട് ശ്വാസം പോലും നല്ല പോലെ എടുക്കാൻ പറ്റാത്ത വണ്ണം വയർ വീർത്തുവന്നു.

ഡോക്ടറെ കണ്ടു കുറെ മരുന്നുകൾ കഴിച്ചപ്പോൾ അല്പം ആശ്വാസമായി. ഇപ്പൊ ഭക്ഷണം ഒക്കെ കാണുമ്പോൾ തന്നെ ഒരു അലർജി ആണ്.

അവൾ ഉണ്ടാക്കി തരുന്ന ചൂടുകഞ്ഞിയും അധികം എരിവും പുളിയും ഇല്ലാത്ത ചമ്മന്തിയും ചുട്ട പപ്പടവും കഴിക്കുമ്പോൾ എന്താ ഒരു ആശ്വാസം.

രാവിലെ ജോലിക്കിറങ്ങുമ്പോൾ ചൂടുചോറും പയർ തോരനും മത്തി തേങ്ങ അരച്ചു വെച്ചതും അല്പം മോരും കൂടി അവൾ പൊതിഞ്ഞു തന്നപ്പോൾ ലേശം ജാള്യത തോന്നാതിരുന്നില്ല.

അവളുടെ പാചകത്തെ ഭക്ഷണ രീതിയെ കുറച്ചൊന്നുമല്ലല്ലോ ഞാൻ പുച്ഛിച്ചിട്ടുള്ളത്.

ആ മാസം ശമ്പളം കിട്ടിയപ്പോൾ ഹോട്ടലിൽ കൊടുക്കുന്ന പൈസ മിച്ചം വന്നു. അതുകൊണ്ട് അവളെ ഏല്പിച്ചു മോൾടെ പേരിൽ ഒരു ചിട്ടി തുടങ്ങാൻ ഏല്പിച്ചപ്പോൾ അവൾക്കു എന്താ ഒരു സന്തോഷം. എന്റെ മനസും നിറഞ്ഞു.

ഓഫീസിലെ ഊണുമേശയിൽ ഇരുന്നു അയാൾ കൂട്ടുകാരനോട് പറഞ്ഞു,അപ്പൊ പ്രിൻസ് പറഞ്ഞുവരുന്നത് എന്റെ ഈ കഥയും നിന്റെ ജീവിതവുമായി ചില ബന്ധം ഇല്ലാതില്ല.

ഇപ്പൊ നിനക്ക് നിന്റെ ഭാര്യ റിയയോട് തോന്നുന്ന ഈ മടുപ്പ് നാളെ നിന്റെ നാശത്തിന്റെ തന്നെ ആണിക്കല്ലാവും.

ബാക്കി ഒക്കെ നീ ആലോചിച്ചു തീരുമാനിക്കുക.

എനിക്ക് ഭക്ഷണത്തിന്റെ കാര്യം ആയതുകൊണ്ട് തിരുത്താൻ പറ്റി. അത് പോലല്ല നീ അവളെ മറന്നു വഴിവിട്ട ബന്ധങ്ങളിൽ ചെന്ന് ചാടാൻ തയ്യാറാവുന്നത്. പിന്നെ തിരിച്ചു കേറാൻ പറ്റിയില്ലെന്നും വരാം . സൂക്ഷിച്ചാൽ നിനക്ക് കൊള്ളാം.

അതും പറഞ്ഞു അയാൾ അവൾ കൊടുത്തുവിട്ട ചോറും ചേന മെഴുക്കുപുരട്ടിയും രസവും പൊടി മീൻ തോരനും ചേർത്ത് ഒരു ഉരുള കുഴച്ചു കൂട്ടുകാരന്റെ വായിൽ വെച്ച് കൊടുത്തു.

രണ്ടുപേരും കൂടി ചോർ മുഴുവൻ കഴിച്ചു തീർക്കുമ്പോൾ പ്രിൻസ് കുറെ നാളുകൾക്കു ശേഷം വാട്സ്ആപ്പിൽ റിയയ്ക് മെസ്സേജ് അയച്ചു കൊണ്ടേയിരുന്നു.

ഭാര്യ ഇല്ലാതെ ഭർത്താവിനും ഭർത്താവ് ഇല്ലാതെ ഭാര്യക്കും ജീവിക്കാം പക്ഷേ ആത്മാർഥമായി സ്വീകരിച്ചു സ്നേഹിച്ചിട്ടുണ്ടെങ്കിൽ ചെറിയ ചെറിയ കാര്യങ്ങൾ കണ്ടില്ലെന്നു വെച്ച് അങ്ങ് മുറുകെ പിടിച്ചോണം.ജീവിതം ഒന്നല്ലേയുള്ളു.