മഴ പോലെ നമ്മൾ….
Story written by Ammu Santhosh
കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…
“എം എൽ എ മാത്യു ചാണ്ടിയുടെ മകൻ അലക്സ് മാത്യുവിനെ മർദിച്ച സംഭവത്തിൽ അന്വേഷണ വിധേയമായി എസിപി നിഖിൽ പരമേശ്വരനു സസ്പെൻഷൻ ” ടീവിയിൽ ന്യൂസ് വന്നത് കണ്ട് അനുപമ മെല്ലെ സെറ്റിയിൽ നിന്ന് എഴുനേറ്റു. അച്ഛൻ അവളെയൊന്നു നോക്കി
“ഇപ്പൊ മനസിലായില്ലേ ഇവനെ കല്യാണം കഴിക്കണ്ട എന്ന് ഞാൻ പറഞ്ഞതിന്റെ കാരണം.He is a rascal .”
അവൾ മറുപടി കൊടുത്തില്ല
ഉള്ളിൽ ഒരു ഓർമയുടെ തിരിനാളം മെല്ലെ തെളിഞ്ഞു
തന്റെയും നിഖിലിന്റെയും വിവാഹനിശ്ചയ ദിവസം.
അച്ഛന് ഒട്ടും ഇഷ്ടം അല്ലായിരുന്നു നിഖിലിനെ. കാരണങ്ങൾ ഒരു പാട്
നിഖിലിന് സ്ഥിരമായി ജോലിയില്ല അന്ന് നിഖിൽ പ്രൈവറ്റ് കമ്പനിയിലായിരുന്നു
അച്ഛന്റെ കുടുംബത്തിന്റെ പേരിനൊപ്പം ചേർത്ത് വെയ്ക്കാനുള്ള കുടുംബ പാരമ്പര്യം ഇല്ല
എന്നിട്ടും അച്ഛൻ സമ്മതിച്ചു തന്റെ കണ്ണീര്, യാചന, വാശി
പക്ഷെ അന്ന്
അമ്മാവന്റെ മകൻ അർജുൻ നിഖിലിനോട് എന്താ പറഞ്ഞത് എന്ന് അറിയില്ല. അവർ തമ്മിൽ വാക്ക് തർക്കം ഉണ്ടായി. അർജുന്റെ മുഖത്ത് നിഖിൽ ഒന്ന് കൊടുത്തു.അതായിരുന്നു തുടക്കം.
നിഖിൽ ഇറങ്ങിപോകും മുന്നേ തന്റെ അടുത്ത് വന്നു
“ഇന്ന് ഇപ്പൊ നി എന്റെ കൂടെ വരണം. എന്നെ സ്നേഹിക്കുന്നെങ്കിൽ… എന്റെ കൂടെ ജീവിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ.. ഇന്ന് വന്നില്ലെങ്കിൽ ഇത്രയും പേരുടെ മുന്നിൽ വെച്ച് നിഖിൽ തോറ്റു പോകും. പിന്നെ എന്റെ ജീവിതത്തിൽ നി ഉണ്ടാവില്ല “
നിസ്സഹയായി നിൽക്കാൻ മാത്രമേ അന്ന് കഴിഞ്ഞുള്ളു. ഇറങ്ങി പോകുക എളുപ്പമല്ല. അന്ന് വരെ സ്നേഹിച്ചവരെ, വളർത്തിയവരെ, പൊന്നു പോലെ നോക്കിയവരെ ഒക്കെ വിട്ടിട്ട്…. അത് എളുപ്പ മായിരുന്നില്ല. നിഖിലിന് തന്നെ മനസിലാകും എന്ന് വിശ്വസിച്ചു.
പക്ഷെ
പിന്നീട് ഓരോ തവണ ആ മുന്നിലെത്തിയപ്പോഴും അവഗണിച്ചു
മാപ്പ് പറഞ്ഞു.കാല് പിടിച്ചു.ഒടുവിൽ നിന്നേ എനിക്ക് വേണ്ട എന്ന് നിഖിൽ മുഖത്ത് നോക്കി പറഞ്ഞപ്പോൾ ഒക്കെ അവസാനിച്ചു.
പിന്നെ നിഖിൽ എവിടെയോ പോയി.
താൻ എൽ എൽ ബി പഠനം തുടർന്നു
ഇന്ന് അഡ്വക്കേറ്റ് സീതാലക്ഷ്മിയുടെ ജൂനിയർ.
കോടതിയിൽ വെച്ച് നിഖിലിനെ കണ്ടപ്പോൾ നടുങ്ങി പോയി. എ സി പി ആയി ചാർജ് എടുത്തത് താൻ അറിഞ്ഞിരുന്നില്ല.
നിഖിൽ തന്നെ നോക്കിയില്ല. അല്ലെങ്കിൽ കണ്ടിട്ടും നോക്കിയില്ല എന്നതാണ് ശരി. നിഖിൽ ഒട്ടും മാറിയിട്ടില്ല. അതെ മുരടൻ സ്വഭാവം. അതെ ധാർഷ്ട്യം. അടുത്ത് പോകാൻ മിണ്ടാൻ ഒക്കെ തോന്നിയിരുന്നു. പക്ഷെ “നിന്നേ എനിക്ക് വേണ്ട” എന്ന വാചകം പുറകോട്ട് വലിച്ചു. ഒന്നുടെ അത് സഹിക്കാൻ വയ്യ.
നിഖിലിനെ സ്നേഹിച്ചതും ആഗ്രഹിച്ചതുമൊക്കെ എന്നും താനായിരുന്നു. അങ്ങോട്ട് ചെന്ന് ഇഷ്ടം പറഞ്ഞത്,പിന്നാലെ നടന്ന് ആ ഇഷ്ടം തിരിച്ചു വാങ്ങിച്ചത് ഒക്കെ താനായിരുന്നു. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി ഇന്നും മറക്കാൻ കഴിയാത്ത പൊള്ളുന്ന ഒരോർമയായി നിഖിൽ.
പ്രണയം തീ പോലെയാണ്. വെന്തുരുകി അടർന്നങ്ങനെ.. ഹോ വേദന വേദന..
“അനു വയ്യേ?”
സീതാ ലക്ഷ്മി
“തലവേദന “
അവൾ മെല്ലെ പറഞ്ഞു
“നിഖിൽ ആണോ ആ തലവേദന”?
സീത ചിരിച്ചു
“കുട്ടിക്ക് അത് മറന്ന് കൂടെ അയാൾ അത് ഓർക്കുന്നില്ലല്ലോ. “
“എനിക്ക് വേറെ ആരെയും ഇത് പോലെ ഓർമ്മിക്കാൻ ഇല്ല മാഡം..” അവൾ ദയനീയമായി പറഞ്ഞു
“നിഖിൽ എന്ന ഒരാളിൽ ആണ് എന്നും ഞാൻ. മണ്ടത്തരം തന്നെയാണ്. പക്ഷെ ചിലർക്ക് പകരം വെയ്ക്കാൻ ഈ ഭൂമിയിൽ മറ്റൊരാളില്ല. നിഖിൽ എനിക്ക് തന്നത്.. ഒരു ജന്മത്തിന്റ ഓർമ്മകളാണ് .. അതിൽ കണ്ണീരുണ്ട്,ചിരിയുണ്ട്. നിഖിൽ തന്ന ഉമ്മകളുടെ ചൂടുണ്ട്.. ചേർത്ത് പിടിക്കലിന്റ കരുതൽ ഉണ്ട്.. ഇപ്പോഴും ഞാൻ അവിടെ ജീവിക്കുകയാ… വിഡ്ഢിയാ ഞാൻ “
അവൾ വിങ്ങി കരഞ്ഞു കൊണ്ട് മേശയിൽ മുഖം അമർത്തി.
സീതലക്ഷ്മിക്ക് എന്താ പറയുക എന്ന് അറിയാതെയായി. അവർ അൽപനേരം അവളെ ചേർത്ത് പിടിച്ചു.
നിഖിൽ ഒരു സി ഗരറ്റിന് തീ കൊളുത്തി
അലസമായ ഒരു പകൽ. ഇന്നവളെ കണ്ടില്ല.മനസ്സ് മുറുകി തന്നെ ഇരിക്കുന്നുണ്ട്. അവളോട് പറഞ്ഞ നോ അങ്ങനെ തന്നെ ഉള്ളിലുണ്ട് .എങ്കിലും കാണണം. കണ്ടില്ലെങ്കിൽ ഭ്രാന്ത് പിടിക്കും പോലെയാണ്.. സത്യത്തിൽ പ്രണയം ഒരു ദ്വീപാണ്. ചുറ്റും ഓർമകളുടെ പ്രണയജലം നിറഞ്ഞ ഒരു ദ്വീപ്.
അവൻ ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു
അനുപമ കോടതിയിൽ നിന്ന് ഇറങ്ങിയപ്പോൾ വൈകി. അവൾ കാറിനടുത്തേക്ക് നടന്നു.
ബുള്ളറ്റിൽ ചാരി മൊബൈലിൽ നോക്കി നിൽക്കുന്ന അവനെ കണ്ട് പെട്ടെന്ന് ഹൃദയം ഒന്ന് കുതിച്ചു ചാടി. അടുത്തേക്ക് ചെല്ലണം. അവൾ മുന്നോട്ട് കാൽ വെച്ചു. പെട്ടെന്ന് ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു നിഖിൽ അവളെ കടന്നു ഓടിച്ചു പോയി.അവൾ തളർന്നു പോയ ഹൃദയത്തോടെ അത് നോക്കി നിന്നു.
ഡിജിപി അയ്യർ സാറിന്റെ ഓഫീസ്. അവൻ ചെല്ലുമ്പോൾ അവിടെ ഒരു പെൺകുട്ടി ഉണ്ടായിരുന്നു.
“നിഖിൽ ഇത് നീത അയ്യർ ഐ പി എസ്. എവിടെയാണ് ഫസ്റ്റ് പോസ്റ്റിങ്ങ് എന്ന് അറിയില്ല. ഇപ്പൊ അവധിയാഘോഷിക്കാൻ വന്നതാണ് “ഡിജിപി അയ്യർ സാർ പരിചയപ്പെടുത്തിയപ്പോ അവൻ അവൾക്ക് നേരേ കൈ നീട്ടി
“എന്റെ മോളാണ് കേട്ടോ ” അയ്യർ സാർ പറഞ്ഞു. അവൻ ഒന്ന് പിശുക്കി ചിരിച്ചു. സാറിന്റെ മൊബൈലിൽ ഒരു കാൾ വന്നപ്പോൾ അദ്ദേഹം പുറത്തേക്ക് പോയി
“എനിക്ക് നിഖിലിനെ അറിയാം. ഇയാൾ അക്കാഡമിയിൽ ഫേമസ് ആയിരുന്നുല്ലോ. കേട്ടത് പോലെ തന്നെ you are very handsom..” അവളുടെ കണ്ണുകൾ അവന്റെ കണ്ണുകളിലേക്ക് ആഴ്ന്നിറങ്ങി
അവന് സ്ത്രീകളുടെ ശരീരഭാഷ പെട്ടെന്ന് മനസിലാകും. അവരുടെ നോട്ടം ചിരി… ചലനങ്ങൾ
“എനിക്ക് കുറച്ചു തിരക്കുണ്ട്.കാണാം “
“നമുക്ക് കാണണം കേട്ടോ “അവൾ വശ്യമായി ചിരിച്ചു
അവൻ അവളെ കടന്നു പോയി
അനു അല്ലാതെ മറ്റോരു പെണ്ണും ഭ്രമിപ്പിച്ചിട്ടില്ല
അവളുടെ പ്രണയത്തോളം വ ശ്യമായതൊന്നും ഭൂമിയിലില്ല
അവളല്ലാതെ ഒരു പെണ്ണിനോടും ഒന്നും ഇത് വരെ തോന്നിയിട്ടുമില്ല.
നീത അയ്യർക്ക് തന്നെ ശരിക്കും അറിയാഞ്ഞിട്ടാണ്
ഒറ്റ പെണ്ണിൽ ഉടലും ഉയിരും ഉറപ്പിച്ച ആണിന് പിന്നെ മുന്നിൽ കാണുന്നതൊക്കെ മരപ്പാവകളാണ് എന്ന് എത്ര പേർക്ക് അറിയാം.
അനുവാണ് എല്ലാം.. എല്ലാം.. എല്ലാം.
അവൻ കണ്ണിറുക്കിയടച്ചു തല കുടഞ്ഞു.
“ഒരു ഗോസിപ്പ് ഇങ്ങനെ കിടന്നു കറങ്ങുന്നുണ്ടല്ലോ അനു.. നമ്മുടെ അയ്യർ സാറിന്റെ മകളെ നിഖിലിന് ആലോചിച്ചുവത്രേ. മിക്കവാറും ഉടനെ കല്യാണം ഉണ്ടാകുമെന്ന്.. സാറിന്റെ ഓഫീസിൽ ഉള്ള ഒരാൾ വഴി കിട്ടിയ ന്യൂസ് ആണ് “സീതലക്ഷ്മി അനുവിനോട് പറഞ്ഞു
അനു ഒരു ഞെട്ടലോടെ അവരുടെ മുഖത്ത് നോക്കി.
“നി ഇനിയെങ്കിലും ഇത് മനസ്സിൽ നിന്ന് കളയൂ.. പ്ലീസ് “
അവൾ ചിരിക്കാൻ ശ്രമിച്ചു.
നിഖിൽ ഒന്നുടെ നോക്കി. ഓഫീസിൽ അവളില്ല. കോടതിയിൽ കുറച്ചു ദിവസമായി അവൾ വരാറില്ല.
ഉടൽ കത്തും പോലെ… ഉള്ളിങ്ങനെ പിടഞ്ഞടിക്കുന്നുണ്ട്
വൈരാഗ്യവും വാശിയുമൊക്കെ എവിടെയോ പോയി മറഞ്ഞു.
അച്ഛനുമമ്മയും ഒരു കല്യാണത്തിന് പോയിരുന്നത് കൊണ്ട് വീട്ടിൽ അനുപമ തനിച്ചായിരുന്നു.കാളിംഗ് ബെൽ അടിച്ചത് കേട്ട് അവൾ വന്നു വാതിൽ തുറന്നു.
മുന്നിൽ നിഖിൽ
“നീയെന്താ കോടതിയിൽ വരാത്തത്.. ഓഫീസിൽ കണ്ടില്ലല്ലോ “
അവളമ്പരന്ന് അവനെ നോക്കി
എന്നും വിശേഷങ്ങൾ പറയുന്നവരെ പോലെ
അവനവളെ അടിമുടി നോക്കി
വിളറി ക്ഷീണിച്ച മുഖവും ഉടലും കരഞ്ഞു തടിച്ച കണ്ണുകൾ
അവന്റെ ഉള്ളിൽ അലിവിന്റ കടലിരമ്പി
തന്റെ പെണ്ണ്
തന്റെ പാവം…
“ഇരിക്ക്.ഞാൻ കുടിക്കാൻ എന്തെങ്കിലും..” അവൾ പെട്ടെന്ന് തിരിഞ്ഞു
നിഖിൽ ആ കയ്യിൽ പിടിച്ചവളെ തന്നിലേക്ക് ചേർത്തു .
അവൾ കണ്ണീരോടെ ആ മുഖത്തേക്ക് നോക്കി. പിന്നെ വേണ്ട എന്ന് തലയാട്ടി
“എന്നെ വേണ്ടേ നിനക്ക്?”
അവൻ അവളെ വീണ്ടും തന്നോടടുപ്പിച്ചു. അവൾ വേണ്ട എന്ന് വീണ്ടും തലയാട്ടി
“എന്നാൽ അത് എന്നോട് പറ. എന്റെ മുഖത്ത് നോക്കി..എന്റെ കണ്ണിൽ നോക്കി പറയണം എന്നെ വേണ്ടാന്ന്. പിന്നെ നിഖിൽ ഇവിടെ ഉണ്ടാവില്ല. ഒരു പക്ഷെ ഈ ഭൂമിയിൽ പോലും ഉണ്ടാവില്ല “
അവന്റെ ശബ്ദം ഒന്ന് അടച്ചു അനു ഞെട്ടിപ്പോയി
“പറയടി…” നിഖിലിന്റ ശബ്ദം ഉയർന്നു
“പറയ്..”
അവന്റെ ചുണ്ടുകൾ തൊട്ടടുത്താണ്
മുഖം താഴ്ന്നു വരുന്നു
ആ കണ്ണുകൾ
നേർത്ത ചുവപ്പാർന്ന കണ്ണുകൾ
അവൾ ശ്വാസം എടുത്തു.
“വേണ്ടേ നിനക്കെന്നെ?”അമർത്തിയ സ്വരം
അവൾ പൊടുന്നനെ അവനെ ഇറുകെ കെട്ടിപിടിച്ചു വിങ്ങിക്കരഞ്ഞു
“എന്നെയല്ലേ ഉപേക്ഷിച്ചത്? എന്നോടല്ലേ വേണ്ട എന്ന് പറഞ്ഞത്? ഓരോ തവണ ഞാൻ വന്നപ്പോഴും എന്നെയല്ലേ ആട്ടിപ്പായിച്ചത്?നിഖിലിന്.. എന്നോടല്ലേ സ്നേഹം ഇല്ലാണ്ടായേ?”അവൾ വിങ്ങി വിതുമ്പി പറഞ്ഞു കൊണ്ടിരുന്നു
അവൻ ആ മുഖം നെഞ്ചിൽ അമർത്തി പിടിച്ചു. പിന്നെ പിൻകഴുത്തിൽ മുഖം അമർത്തി.
“അത്രയും അപമാനിക്കപ്പെട്ടില്ലേ ഞാൻ? ഓർത്തു നോക്ക്. അച്ഛനില്ലാത്ത ഒരു വ്യക്തിയോട് ത ന്തയില്ലാത്തവൻ എന്ന് വിളിച്ചാക്ഷേപിച്ചപ്പോ കേട്ട് നിൽക്കണമായിരുന്നോ ഞാൻ? നിന്റെ മൗനമാണ് അനു എന്നെ ഏറ്റവും വേദനിപ്പിച്ചത്. നിഖിലിന് സ്നേഹിക്കാൻ അറിയില്ലാ എന്ന് നീ എപ്പോഴും പറയാറുണ്ട്. അതെ നിഖിൽ ഇങ്ങനെയാണ് നിഖിലിന് ഇങ്ങനെ ഒക്കെയേ ആവാൻ സാധിക്കു. പക്ഷെ നിനക്ക് എന്നെ വേണ്ടതായാൽ പിന്നെ… എനിക്ക് എന്തിനാ എന്നെ?”
അവൻ ഇടറിപ്പോയ ശബ്ദത്തിൽ പറഞ്ഞു
“വാശി കാണിച്ചതിന്, കരയിച്ചതിന് ഒക്കെ മാപ്പ്. ” അവൾ നിറഞ്ഞ കണ്ണുകളോടെ അവന്റെ മുഖത്തേക്ക് ഇമ വെട്ടാതെ നോക്കി നിന്നു.
അവളിലേക്ക് അവന്റെ മുഖം താഴ്ന്നു. ചും ബനങ്ങളുടെ പെരുമഴ പെയ്തു തുടങ്ങി .
വർഷങ്ങൾ കാത്ത് വെച്ച പ്രണയമഴ.
അവളുടെ തളർന്നു പോയ ഉടൽ നെഞ്ചിൽ ചേർത്ത് അവൻ ആ കണ്ണുകളിൽ ചുംബിച്ചു. പിന്നെ മെല്ലെ അകന്ന് മാറി വാതിൽക്കലേക് നടന്നു
“പോവാണ്… ഒരിക്കൽ കൂടി ഞാൻ വരും. നിന്നേ ചോദിക്കാൻ. അന്ന് നിന്റെ അച്ഛൻ നോ ആണ് പറയുന്നതെങ്കിൽ..”
“ഞാൻ വരും… ഞാൻ കൂടെ വരും. വാക്ക് “
അവൾ ഉറപ്പോടെ പറഞ്ഞു.
അവൻ മെല്ലെ ചിരിച്ചു
“ഈ ചിരി കണ്ടിട്ടെത്ര നാളായി?” പ്രണയത്തിൽ ചുവന്ന മുഖത്തോടെ അവൾ ആ മുഖത്ത് തൊട്ടു.
“ഇതെന്താ താടിയൊക്കെ?”
“സസ്പെൻഷൻ കഴിഞ്ഞിട്ടില്ല ” അവൻ വീണ്ടും ചിരിച്ചു
“ഇതാണ് പണ്ടത്തെ നിഖിൽ… എനിക്ക് ഇതാണ് കൂടുതൽ ഇഷ്ടം “
അവനവളെ ഒന്നടുപ്പിച്ചു പിടിച്ചൊരുമ്മ കൊടുത്തു.
“പോയി വരാം “
അവൾ തലയാട്ടി. അവന്റെ ബുള്ളറ്റ് അകന്ന് പോകുന്നത് വരെ അതെ നിൽപ് തുടർന്നു.കഴിഞ്ഞതൊക്കെ സത്യമായിരുന്നുവെന്ന് വിശ്വസിക്കാനാവാതെ…