അപ്പുന്റെ യാത്ര
Story written by JB Edathruthy
അന്നൊരു വെളുപ്പാംകാലത്ത് എയർപോർട്ടിലേക് പോകാൻ തോമസേട്ടന്റെ കാറും വരുന്നത് കാത്തു ഉറങ്ങി (ഉറങ്ങിയോ?ഇല്ല സംശയമാണ് )എണീറ്റത് അപ്പുനു മാത്രം അറിയാം.രാവിലെ 9.30 ആണ് അപ്പച്ചൻ /പപ്പാ ഞങ്ങളോട് എത്താൻ പറഞ്ഞിരിക്കുന്നത്. വിമാനം ഏകദേശം 7.30-8.30നുള്ളിൽ ഇറങ്ങിക്കാണും. ആ ഒരു യാത്ര ജീവിതത്തിൽ തരുന്ന സന്തോഷം പറഞ്ഞറിയിക്കാൻ ആകില്ല.
2വർഷത്തിൽ ഒരിക്കൽ നാട്ടിൽ എത്തുന്ന അച്ഛന്മാരെ കൊണ്ടുവരാൻ പോകുന്ന മക്കളുടെ സന്തോഷം കണ്ടനുഭവിച്ചവർ ധാരാളം ഉണ്ടാകും. അതിലൊരാൾ അപ്പുവും.അമ്മയും തനിക്ക് താഴെയുള്ള 2 പെങ്ങന്മാരും ആ കാറിൽ നെടുമ്പാശ്ശേരിയിലേക് പോകുമ്പോ ചേട്ടനായ അപ്പു തോമസേട്ടന്റെ ഒപ്പം മുൻ സീറ്റിൽ ഉണ്ടാവുക. വല്യ ആളല്ലേ. കുടുംബത്തിലെ ഏക ആണ് തരി. അപ്പച്ചൻ കഴിഞ്ഞാൽ പ്രമാണി നമ്മളാ.
ഇരയെ തേടി കഴുകനും പരുന്തും വട്ടമിട്ടു പറക്കുന്ന പോലെ നാട്ടിലുള്ള മനുഷ്യ ചെകുത്തന്മാർ ചെത്തി തേക്കാത്ത പെരയിൽ, ഉറപ്പില്ലാത്ത വാതിലും ജനലുകളുമുള്ള വീട്ടിൽ അടുത്തുള്ള സിനിമ തീയേറ്ററിൽ (അയൽപ്പക്കo )സിനിമ 9മണിയുടെ സിനിമ 12മണിക്ക് കഴിഞ്ഞു ആളുകൾ പോയി കഴിഞ്ഞാൽ ഈ പ്രമാണിയുടെ ധൈര്യം തീർന്നു. അമ്മ വിളിച്ചു പ്രാർത്ഥിക്കുന്ന മാതാവും ഈശോയുമാണ് പിന്നയുള്ള പിടിവള്ളി.അങ്ങനെയുള്ള വീടിന്റെ നാഥാനാണ് ഇന്ന് വിമാന താവളത്തിൽ എത്തുന്നത്.
അമ്മ നഷ്ടപെട്ട ബാല്യം, കൗമാരം ,10ആം ക്ലാസ്സ് കഴിയുമ്പോളേക്കും പണ്ടത്തെ ബോംബെക് തീവണ്ടി കേറി അവിടെ ഹെവി ഡ്രൈവിംഗ് ലൈസൻസ് എടുത്ത് വണ്ടി ഓടിക്കാൻ ധൈര്യം ഇല്ലാതെ തയ്യൽക്കാരനായി ജോലി നോക്കുനതിനിടയിൽ നാട്ടീലുള്ള പെൺകുട്ടിയെ കൂട്ടുകാരും ബന്ധക്കാരും പറഞ്ഞത് അനുസരിച് കല്യാണവും കഴിച്ചു. മകനും 1മകളും ഉണ്ടായായതിന് ശേഷം അമ്മയേം പൊടികുഞ്ഞുങ്ങളെയും നാട്ടിലേക്കു പറഞ്ഞു അയച്ചു അറബി കടൽ കടന്നു ദുബായിൽ എത്തിയ അപ്പനാണ് ഇന്നു ഖത്തറിൽ നിന്നും വിമാനമിറങ്ങുന്നത്.
ഭാര്യയെ, മക്കളെ കാണാൻ വെമ്പി നിൽക്കുന്ന എത്രയോ ജന്മങ്ങൾ വന്നു ഇറങ്ങുന്ന, കുടുംബത്തിന് വേണ്ടി എല്ലാം കണ്ണീരിൽ മാച്ച് കളഞ്ഞു തിരികെ നോക്കാതെ ഓടുന്ന പാവപെട്ടവരുടെ അപ്പുന്റെ വാക്കുകളിൽ പറഞ്ഞാൽ ഇന്ത്യയുടെ അതിർത്തിയിലേക്കാണ് ഈ വെള്ള അമ്പസഡർ കാറിൽ ഉള്ള യാത്ര.
അപ്പൻ കൊണ്ടുവരുന്ന പെട്ടികളിൽ എന്താകും, കളിപ്പാട്ടങ്ങൾ, പുതിയ ഡ്രസ്സ്, സോപ്പ്, പൌഡർ, പെർഫ്യൂം എല്ലാം മനസ്സിൽ സങ്കൽപ്പിച്ചു ഇരിക്കാണ്. ചാലക്കുടി -അങ്കമാലി എത്തുമ്പോളേക്കും ആകാശത്തേക്കു നോക്കി തുടങ്ങും. താഴ്ന്നു പറക്കുന്ന വിമാനങ്ങളെ. നമ്മുടെ അപ്പൻ വരുന്നത് ഇതിലാണോ എന്ന്. വിമാനങ്ങളെ അത്രയധികം സ്നേഹിക്കാൻ തുടങ്ങാനുള്ള കാരണം ഇതാണ്.
എയർ ഇന്ത്യയും, എമിരേറ്റെസും, ജെറ്റ് എയർവേസും, ഖത്തർ എയർവേസും, ശ്രീലങ്കൻ എയർവേസും അന്ന് മുതലേ മനസ്സിൽ കേറിക്കൂടി.അങ്കമാലി കഴിഞ്ഞു, ഇടവഴികളിൽ കൂടി കറോടുമ്പോൾ നിറച്ചു തിരക്കാണ് റോഡ് മുഴുവൻ. ആളുകളെ എടുക്കാൻ പോകുന്നു, വിമാനം ഇറങ്ങിയവരേ കൊണ്ടു പെട്ടികളും നിറച്ചു തിരിച്ചു പോകുന്ന വണ്ടികളും. എല്ലാം കൂടി കാണുന്നതിനിടക് ആകാശത്തിന്റെ അങ്ങേ അറ്റത്തു തല ഉയർത്തി നിൽക്കുന്ന എയർപോർട്ട് കൺട്രോൾ ടവർ കെട്ടിടമാണ് അപ്പുന്റെ ശ്രദ്ധ / നോട്ടം / ലക്ഷ്യം. അതും കൂടെ കണ്ടാൽ എന്തോ സാമ്രാജ്യം വെട്ടിപിടിച്ചവനെ പോലെയാകും അപ്പു.
പറന്നു പൊങ്ങുന്ന വിമാനങ്ങൾ, ഇറങ്ങി കൊണ്ടിരിക്കുന്ന വിമാനങ്ങൾ എല്ലാം കാണുമ്പോൾ ഉള്ള മനസിലെ കുളിരു ഒന്ന് വേറെ തന്നെയാണ്.
അങ്ങനെ അവസാനം എയർപോർട്ടിൽ എത്തി. തോമസേട്ടൻ അവരെ ഇറക്കിവിട്ട് പാർക്കിങ്ങിലേക് കാറും കൊണ്ട് പോയി. “വരുമ്പോ വിളിച്ചാൽ മതി “എന്നും പറഞ്ഞ്. സംഭവ ബഹുലമായ 2മാസത്തേക്കു വീട്ടിലേക്ക് ഉള്ള അതിഥിയെ കാത്തു കണ്ണിൽ എണ്ണയും ഒഴിച്ച് കാത്തു നിൽക്കുന്ന അനേകം ആളുകളെ അവിടെ കാണാൻ പറ്റി. ഒരേ ദുഃഖം പേറുന്നവർ. ആ വലിയ കൂട്ടത്തിൽ അപ്പുവും അമ്മയും പെങ്ങന്മാരും. നീണ്ട കാത്തിരിപ്പിനൊടുവിൽ അപ്പുന്റെ പപ്പാ വന്നു അരികിലേക് ട്രോളിയിൽ 3പെട്ടികളുമായി.
2വർഷത്തെ സമ്പാദ്യം 2 മാസം സ്വന്തം മക്കൾക്കും ഭാര്യക്കും കൊടുക്കാൻ കൊണ്ടുവന്നതാ.പിന്നെ ഒന്നും പറയണ്ട ആവശ്യമില്ലലോ. സന്തോഷവും സങ്കടവും ആനന്ദവും എല്ലാ വികാരങ്ങളും അണപ്പൊട്ടി ഒഴുകുന്ന നിമിഷം. ആർക്കും കരച്ചിൽ അടക്കാൻ പറ്റില്ല. എല്ലാരും ഒറ്റ ചോരയല്ലേ.4മനുഷ്യ ജന്മങ്ങൾ ജന്മം കൊടുത്ത 2കൈകളിലേക്ക് ഒട്ടിച്ചേരുന്ന ധന്യ നിമിഷം /മഹാ സംഗമം.കൂടുതൽ വർത്തമാനം ആ സീനിൽ ഇല്ല.
പറയാൻ വാക്കുകൾ നാവിൽ നിന്ന് പൊന്തി വരുന്നില്ല ആർക്കും. ജീവിതാഭിലാഷം /സ്വപ്ന സായൂജ്യം എന്നൊക്കെ പറയുന്നതിന്റെ പൊരുൾ മനസിലാകാൻ ഇവിടെ നെടുമ്പാശ്ശേരിയിൽ ഈ ധന്യ മുഹൂർത്തം കണ്ടാൽ മതി.
തോമസേട്ടനെ വിളിച്ചു, കാറിലേക് സാധനങ്ങൾ കേറ്റിവെച്ച് കുടുംബത്തിലേക്കു യാത്രയായി. പോരും വഴി എല്ലാ പ്രാവശ്യവും ഉള്ളപോലെ അമ്മയ്ക്കും മക്കൾക്കും ചായകുടിക്കണ്ടേ എന്നൊരു ചോദ്യവും. ഒപ്പം തന്നെ തോമസേട്ടനോട് നല്ല ഹോട്ടലിൽ വണ്ടി നിർത്താനും പറഞ്ഞു അപ്പുന്റെ പപ്പാ.മസാല ദോശയും/നെയ്റോസ്റ്റ് സാമ്പാറും, വടയും ചായയും കൂട്ടി ഒരു പിടിത്തം അതും ശരവണഭവനിൽ നിന്ന്. “എന്റെ സാറെ പിന്നെ ചുറ്റുള്ളതൊന്നും കാണാൻ പറ്റില്ല” അതാണ് അവസ്ഥ.
അതും കഴിഞു വീട്ടിലേക്കുള്ള യാത്രയിൽ ഉറക്കഷീണം ഉള്ള അമ്മ പപ്പയുടെ നെഞ്ചിൽ ചെലപ്പോ കെടന്നിട്ടുണ്ടാകും, പെങ്ങന്മാരും ചെലപ്പോ ഉറങ്ങും.അപ്പു മാത്രം പുറത്തെ കാഴ്ചകളും ഇനിയും താഴ്ന്നു പറക്കുന്ന വിമാനങ്ങളും നോക്കി ഇരിപ്പുണ്ടാകും മുന്പിലെ സീറ്റിൽ തോമസേട്ടന്റെ കൂടെ.
(വാൽകഷ്ണം : അപ്പുന്റെ അപ്പൻ ഇപ്പോഴും അറബി മണ്ണിൽ ഏകദേശം 35 വർഷം. അമ്മ നാട്ടിൽ ഒറ്റക്ക്.അപ്പു അപ്പന്റെ അതെ മണ്ണിൽ ഉണ്ട്,അപ്പുന്റേം പെങ്ങന്മാരുടെ കല്യാണം കഴിഞ്ഞു. പാവം തോമസേട്ടൻ നിത്യതയിലേക് യാത്രആയി വെള്ള വണ്ടിയിൽ തന്നെ )