ഇതാകുമ്പോൾ ആരെയും ഭയക്കാതെ ആഗ്രഹം സാധിക്കുകയും ചെയ്യാം മതിയാകുമ്പോൾ…….

Story written by Saji Thaiparambu

ബാൽക്കണിയിൽനിന്ന് കൊണ്ട് ലാൻഡ്സ്കേപ് ചെയ്ത മുറ്റത്തിരുന്ന് ,ഹർഷ നോടൊപ്പം മദ്യപിക്കുന്ന, തൻ്റെ പൂർവ്വ കാമുകനെ, ഇന്ദ്രാണി കണ്ണിമയ്ക്കാതെ നോക്കി നില്ക്കുകയായിരുന്നു.

താഴെ, ടീപോയ്ക്ക് മുകളിൽ മ ദ്യം പകർന്ന രണ്ട് ഗ്ളാസ്സുകളിൽ ഒന്നെടുത്ത്
ചുണ്ടോട് ചേർത്ത് വയ്ക്കുമ്പോൾ അർജ്ജുൻ്റെ കൈകൾക്ക് നേരിയ വിറയലുണ്ടായിരുന്നു.

ആദ്യമായണയാൾ തൻ്റെ ബോസിനൊപ്പം, ഡ്രിങ്ക്സ് ഷെയറ് ചെയ്യുന്നത്

ഹർഷൻ്റെ കമ്പനിയിലെ റീജണൽ മാനേജരായിരുന്ന അർജ്ജുനുമായി,
പ്രണയത്തിലായിരുന്ന സമയത്താണ്ഇ ന്ദ്രാണി ഹർഷൻ്റെ ഓഫീസിൽ സ്റ്റെനോഗ്രാഫറായി ജോയിൻ ചെയ്യുന്നത്.

ആരെയും ആകർഷിക്കുന്ന ഇന്ദ്രാണിയുടെ സൗന്ദര്യവും ജോലിയിലുള്ള അവളുടെ കാര്യപ്രാപ്തിയുമാണ് ഹർഷനെ അവളിലേക്കാകർഷിച്ചത്.

ഒരിക്കൽ അവളറിയാതെ, ഹർഷൻ അവളുടെ വീട്ടിൽ ചെന്ന് ,തൻ്റെ ഇംഗിതം ഇന്ദ്രാണിയുടെ അച്ഛനോട് പറഞ്ഞു

നിർദ്ധനനായ ആ വൃദ്ധന് ,ആദ്യമത് വിശ്വസിക്കാനായിരുന്നില്ല ,

മുതലാളി , എന്നെ കളിയാക്കുവാണോ ? സ്വന്തമായി വീടില്ലാത്തത് കൊണ്ട്, വാടക വീട്ടിൽ അന്തിയുറങ്ങുന്ന, പ്രായപൂർത്തിയായ മൂന്ന് പെൺകുട്ടികളുടെ അച്ഛനാണ് ഞാൻ, ഇത്രയും ദരിദ്രനായ എൻ്റെ മകളെ ,കോടീശ്വരനായ അങ്ങേയ്ക്ക് ഭാര്യയാക്കേണ്ട എന്ത് ഗതികേടാണുണ്ടായിരിക്കുന്നത്,?

നിഷ്കളങ്കനായ ആ വൃദ്ധൻ്റെ ചോദ്യത്തിന് മറുപടിയൊന്നും പറയാതെ ,തൻ്റെ കൈയിലുണ്ടായിരുന്ന സ്യൂട്ട്കെയ്സ്, ഹർഷൻ ,വരാന്തയുടെ അരമതിലിന് മുകളിലേക്ക് വച്ചു.

ഇതിൽ പത്ത് ലക്ഷം രൂപയുണ്ട്, കല്യാണച്ചിലവുകൾക്ക് മാത്രമുള്ളതാണ്, അവൾക്കാവശ്യമുള്ള ഓർണമെൻ്റ്സും മറ്റും, എൻ്റെ മാനേജർ ഇവിടെ കൊണ്ട് തരും , പിന്നെ ,വിവാഹം കഴിഞ്ഞാൽ, ഇന്ദ്രാണിയുടെ അനുജത്തിമാർ എൻ്റെയും കൂടെ സഹോദരിമാരാണല്ലോ ? അത് കൊണ്ട്, അവരുടെ കാര്യം ഞാൻ നോക്കിക്കൊള്ളാം ,എൻ്റെ പപ്പയും, മമ്മയും നേരത്തെ മരിച്ച് പോയതാണ്, പിന്നെ സ്വന്തമെന്ന് പറയാൻ, അവിവാഹിതനായി കഴിയുന്ന ഒരു ഇളയച്ഛൻ മാത്രമേ വീട്ടിലുള്ളു, അത് കൊണ്ട്, എനിക്കാരോടും പ്രത്യേകിച്ച് ആലോചിക്കാനൊന്നുമില്ല , നിങ്ങൾക്ക് ആരോടെങ്കിലുമൊക്കെ പറയാനുണ്ടെങ്കിൽ വേഗമായിക്കോട്ടെ, വരുന്ന 31ന് എൻ്റെ കമ്പനിയുടെ ആനുവൽ സെലിബ്രേഷനാണ് , അന്നവിടെ വച്ച് ,വലിയ ആർഭാടമൊന്നുമില്ലാതെ, നമുക്ക് ചടങ്ങ് നടത്താം, എങ്കിൽ ഞാൻ നില്ക്കുന്നില്ല ,ഇന്ദ്രാണി വരുമ്പോൾ, അച്ഛൻ തന്നെ കാര്യങ്ങൾ പറഞ്ഞവളെ ബോധിപ്പിച്ചാൽ മതി.

അത്രയും പറഞ്ഞിട്ട് ഹർഷൻ തൻ്റെ കാറിൽ മടങ്ങിപ്പോയപ്പോഴും, ഏതോ സ്വപ്ന ലോകത്തകപ്പെട്ടത് പോലെ നില്ക്കുകയായിരുന്നു, ആ വൃദ്ധൻ .

വീട്ടിലെത്തിയപ്പോൾ വിവരമറിഞ്ഞ ഇന്ദ്രാണി, അച്ചനോട് പൊട്ടിത്തെറിച്ചെങ്കിലും, അച്ഛൻ്റെ നിസ്സഹായാവസ്ഥ കണ്ട് അവൾക്കതിന് സമ്മതിക്കേണ്ടി വന്നു.

തൻ്റെ തീരുമാനത്തെ ആശ്രയിച്ചാണ് അനുജത്തിമാരുടെ ഭാവി നിലകൊള്ളുന്നതെന്ന സത്യം മനസ്സിലാക്കിയ അവൾക്ക് , തല്ക്കാലത്തേക്കെങ്കിലും , അർജ്ജുനെ മറന്ന് , ഹർഷൻ്റെ ഭാര്യയാകേണ്ടി വന്നു.

എന്താ അർജജുൻ, താൻ ആദ്യമായാണോ മ ദ്യപിക്കുന്നത് ?

അയാളുടെ മുഖത്തെ സ്ട്രെസ്സ് കണ്ടപ്പോൾ ഹർഷൻ ചോദിച്ചു

അല്ല സാർ ,അത് പിന്നെ , സാറ് പെട്ടന്ന് വിളിച്ചിട്ട് ,ഇവിടെ വരെ വരണമെന്ന് പറഞ്ഞപ്പോൾ മുതൽ ഒരു ടെൻഷനുണ്ടായിരുന്നു , അതിൻ്റെ കൂടെ സാറിൻ്റെയൊപ്പം രണ്ട് പെഗ്ഗ് കഴിക്കാൻ കൂടിയുള്ള ഓഫറ് കിട്ടിയപ്പോൾ ഞാനാകെ അപ്സറ്റാണ് സർ

ഒഹ് റിയലി ?അപ്പോൾ ഞാൻ ഇനി പറയാൻ പോകുന്ന കാര്യങ്ങൾ, താൻ സംയമനത്തോടെ വേണം കേൾക്കാൻ

എന്താണ് സർ ,സാറ് ടെൻഷനടിപ്പിക്കാതെ വേഗം പറയു

എൻ്റെ ഭാര്യ ഇന്ദ്രാണിയെ തനിക്കറിയാമല്ലോ അല്ലേ?

അത് കേട്ടപ്പോൾ , അർജ്ജുൻ്റെ മുഖത്ത് ഞെട്ടൽ പ്രകടമായത് ഹർഷൻ ശ്രദ്ധിച്ചു .

ഹർഷൻ സർ, എല്ലാമറിഞ്ഞെന്നും, ഇനിയൊന്നും മറച്ച് വയ്ക്കുന്നതിൽ അർത്ഥമിലെന്നും, അർജ്ജുന് മനസ്സിലായി.

അറിയാം സർ,

എങ്ങനെ അറിയാം ?

ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലായിരുന്നു,

എന്നിട്ടെന്തേ, താൻ എന്നോടത് പറഞ്ഞില്ല?

സാറ് വിവാഹം കഴിക്കാൻ പോകുന്നത് ,ഇന്ദ്രാണിയെ ആണെന്ന്, അവളല്ലാതെ, കമ്പനിയിലെ ,ഞാനുൾപ്പെടെയുള്ളവർ അറിയുന്നത് , സെലിബ്രേഷൻ്റെ അന്നായിരുന്നല്ലോ സർ, പിന്നെങ്ങനെയാണ് സാർ, ഞാൻ മുൻകൂട്ടി സാറിനെ വിവരമറിയിക്കുന്നത് ,അല്ലെങ്കിലും ജീവന് തുല്യം സ്നേഹിച്ച എന്നെ മറന്നിട്ട് ,സാറിൻ്റെ കോടികൾ കണ്ട് മതിമറന്ന അവളെ, ഞാൻ അന്നേ മനസ്സിൽ നിന്നും പിഴുതെറിഞ്ഞു സർ

അത് കേട്ട് കൊണ്ട്, ബാൽക്കണിയിലെ ഇരുളിൻ്റെ മറവ് പറ്റി നിന്ന, ഇന്ദ്രാണി ഞെട്ടിത്തരിച്ചു പോയി.

പക്ഷേ അർജ്ജുൻ ,നിങ്ങൾ കരുതുന്നത് പോലെ അവളല്ല നിങ്ങളെ ചതിച്ചത് , മൂത്ത മകൾക്കൊരു നല്ല ജീവിതം കിട്ടിയാൽ ,ഇളയ പെൺകുട്ടികൾ കൂടി രക്ഷപെടുമെന്ന് കരുതിയ, അവളുടെ അച്ഛൻ്റെ സെൻ്റിമെൻസിലാണ്, നിസ്സഹായയായി പോയ ഇന്ദ്രാണിക്ക് , വഴങ്ങേണ്ടി വന്നത്,

ഇതിപ്പോൾ എന്നോട് പറയുന്നതെന്തിനാണ് സാർ?

സീ അർജ്ജുൻ, ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് ഇപ്പോൾ ഒരു മാസമായി, പക്ഷേ ഈ നിമിഷം വരെ അവളുടെ വിരൽത്തുമ്പിൽ സ്പർശിക്കാൻ പോലും എനിക്ക് കഴിഞ്ഞിട്ടില്ല

ങ്ഹേ! അതെന്താണ് സർ? എനിക്കൊന്നും മനസ്സിലാകുന്നില്ല,

എടോ, ഭാര്യയാണെങ്കിൽ പോലും അവളുടെ അനുവാദമില്ലാതെ ദേഹത്ത് സ്പർശിക്കാൻ സ്വന്തം ഭർത്താവിന് പോലും അവകാശമില്ല അപ്പോൾ പിന്നെ ,വിവാഹം കഴിഞ്ഞിട്ടും, താൻ സ്നേഹിച്ച പുരഷനെയോർത്ത് നീറിക്കഴിയുന്ന ഒരുവളെ, ഏതെങ്കിലും ഭർത്താവിന് ബലപ്രയോഗത്തിലൂടെയല്ലാതെ കീഴ്പ്പെടുത്താൻ കഴിയുമോ ?ബിസിനസ്സിലായാലും ജീവിതത്തിലായാലും ആരെയും ചതിച്ച്, ഞാനിന്ന് വരെ നേട്ടങ്ങളുണ്ടാക്കിയിട്ടില്ല, അത് കൊണ്ട്, ഇന്ദ്രാണിയെ തനിക്ക് വിട്ട് തരാനാണ് ഞാൻ തന്നെ ഇങ്ങോട്ട് വിളിപ്പിച്ചത് ,അവള് മുകളിലുണ്ട് ,താൻ കൂട്ടികൊണ്ട് പൊയ്ക്കോളു,

ഹ ഹ ഹ ,ഇതൊക്കെ ഞാൻ പ്രതീക്ഷിച്ചിരുന്നതാണ് സർ ,അല്ലെങ്കിലും സാറിനെ പോലെ പൂത്തകാശുള്ള മുതലാളിമാർ, തൻ്റെ ആഗ്രഹം സാധിക്കാനായി ,ഇത് പോലെ ഗതികെട്ട വീട്ടിൽ നിന്ന് വരുന്ന പെമ്പിള്ളേരെ ,വിവാഹ വാഗ്ദാനം നല്കിയിട്ട് ,കാര്യംസാധിച്ച് പറഞ്ഞ് വിടുകയാണ് പതിവ് , പിന്നെ, സാറ് ബുദ്ധിമാനായത് കൊണ്ട് ,അവളെ വിവാഹം കഴിച്ച് കൂടെ പൊറുപ്പിച്ചു ,എന്തിനാ? ഇതാകുമ്പോൾ ആരെയും ഭയക്കാതെ, ആഗ്രഹം സാധിക്കുകയും ചെയ്യാം ,മതിയാകുമ്പോൾ എന്നെപ്പോലെയുള്ള പഴയ കാമുകൻമാരെ കണ്ടെത്തി, അവരുടെ തലയിൽ വച്ച് കെട്ടുകയും ചെയ്യാം ,സാറെന്ത് വിചാരിച്ച് ?, ഞാൻ നിങ്ങളുടെ വിഴുപ്പ് ചുമക്കാനുള്ള കഴുതയാണെന്നോ? സോറി സർ ,ഞാൻ നിങ്ങളുടെ മാനേജരാണ് ,അല്ലാതെ ….

ബാക്കി മുഴുമിപ്പിക്കാതെ , അയാൾ ഗ്ളാസ്സിൽ മുക്കാൽഭാഗത്തോളമുണ്ടായിരുന്ന വിസ്കിയെടുത്ത് വായിലേക്ക് കമഴ്ത്തി.

സാരമില്ല അർജ്ജുൻ ,അർജുൻ്റെ സ്ഥാനത്ത് ഞാനാണെങ്കിലും ചിലപ്പോൾ ഇങ്ങനെയൊക്കെ ചിന്തിച്ച് പോകും ,പക്ഷേ താൻ ഞാൻ പറയുന്നതൊന്ന് വിശ്വസിക്ക്, താൻ പറയുന്നത് പോലെ അവളെയെനിക്ക് മടുത്തി ട്ടൊഴിവാക്കാനാണെങ്കിൽ അതിന് പറ്റിയ വേറെ എത്രയോ പേരുണ്ട് ,കാശ് കൊടുത്താൽ ,ജീവിതത്തിൽ ഏത് വേഷവും കെട്ടാൻ തയ്യാറുള്ള നൂറ് പേരെ ഞാൻ കാണിച്ച് തരാം ,തനിക്കറിയാമോ ? ഇന്ദ്രാണിയെ വിവാഹം ചെയ്ത ദിവസം തന്നെ, എൻ്റെ കോടി ക്കണക്കിന് ആസ്തിയുള്ള ബാംഗ്ളൂരിലെ കമ്പനിയുടെ മുഴുവൻ ഷെയറും ,ഞാൻ അവളുടെ പേരിലേക്ക് മാറ്റിയിരുന്നു. എനിക്കവളെ ആവശ്യം കഴിഞ്ഞ് ഉപേക്ഷിക്കാനായിരുന്നെങ്കിൽ ഞാനങ്ങനെയൊരു മണ്ടത്തരം കാണിക്കുമോ ?ഇന്ദ്രാണിയെ സ്വന്തമാക്കുമ്പോൾ ആ കമ്പനിയും തനിക്കുള്ളതായിരിക്കും, ഇതാ ,ഇതാണതിൻ്റെ ഡോക്യുമെൻ്റ്സ്

അവിശ്വസനീയതയോടെ അർജ്ജുൻ, ഹർഷൻ നീട്ടിയ ഫയല് രണ്ട് കൈയ്യും നീട്ടി വാങ്ങിച്ചു.

എന്നോട് ക്ഷമിക്കു സർ, ഞാൻ സത്യമറിയാതെ സാറിനെ കുറെ തെറ്റിദ്ധരിച്ചു, ഞാനിപ്പോൾ തന്നെ ഇന്ദ്രാണിയെ കൊണ്ട് പോകുകയാണ് ,പിന്നെ ഒരാഴ്ചത്തേയ്ക്ക് ഞാൻ ലീവിലായിരിക്കും കെട്ടോ സർ ,ഞങ്ങൾക്ക് നഷ്ടപ്പെട്ട ദിവസങ്ങൾ വീണ്ടെടുക്കാൻ ഒരു ഹണിമൂൺ ട്രിപ്പ് പോകണം

അർജ്ജുൻ ,ആകെ എക്സൈറ്റഡായിരുന്നു, തൻ്റെ കൈയ്യിൽ മുറുകെ പിടിച്ച ഫയലുമായി, അയാൾ ആ വീടിൻ്റെ മുകൾനിലയിലേക്കോടി കയറി.

അയാളെയും കാത്ത് ഇന്ദ്രാണി അപ്സ്റ്റൈയറിൽ തന്നെ നില്പുണ്ടായിരുന്നു.

സോറി ഇന്ദ്രാണി… ,നിന്നെ ഞാൻ കാര്യമറിയാതെ ഒരു പാട് തെറ്റിദ്ധരിച്ചു ,ഇപ്പോഴാണ് എനിക്കെല്ലാം മനസ്സിലായത് ,ഇത്രയും നാളും നീ എനിക്ക് വേണ്ടി കാത്തിരുന്നില്ലേ?ഇനിയങ്ങോട്ടുള്ള ജീവിതത്തിൽ പലിശയുൾപ്പെടെ നിനക്ക് ഞാനെൻ്റെ സ്നേഹം തിരിച്ച് തരും ,സമയം കളയാതെ നീ വേഗമിറങ്ങാൻ നോക്ക് , നമുക്ക് പോകാം ഇപ്പോൾ ചെന്നാൽ ബാംഗ്ളൂരിലേക്കുള്ള ബസ്സ് കിട്ടും ,

അയാൾ അവളുടെ കൈയ്യിൽ പിടിച്ച് വലിച്ചു.

ടപ്പേ ….

ഇന്ദ്രാണിയുടെ വലത് കരം, അയാളുടെ കരണം തകർത്തു.

മുതലാളിയുടെ ഭാര്യയുടെ കൈക്ക് പിടിക്കാനും മാത്രം നീ വളർന്നോ? കോടികൾ വിലമതിക്കുന്ന കമ്പനിയുടെ ഡോക്യുമെൻ്റ്സ് കൈയ്യിൽ കിട്ടിയപ്പോഴാണോ നിനക്കെന്നെക്കുറിച്ചുള്ള തെറ്റിദ്ധാരണ മാറിയത്, വർഷങ്ങൾ സ്നേഹിച്ചിട്ടും നിൻ്റെ ഉള്ള് കാണാൻ എനിക്ക് കഴിയാതെ പോയി ,ദൈവമാണ് എൻ്റെ കണ്ണ് തുറപ്പിച്ചത് ,നീ അങ്ങോട്ട് നോക്കിക്കേ ,ആ ഇരിക്കുന്നതാണ് എൻ്റെ ദൈവം ,കോടികൾ കണ്ടപ്പോൾ മറ്റൊരാളോടൊപ്പം ഒരു മാസത്തോളം കിടക്ക പങ്കിട്ടവളാണെങ്കിലും അതെല്ലാം സഹിക്കാൻ തയ്യാറായ നിന്നോടപ്പമല്ല ,മറിച്ച് ,ഭാര്യയായി താലികെട്ടി കൊണ്ട് വന്നൾക്ക് മറ്റൊരിഷ്ടമുണ്ടെന്നറിഞ്ഞപ്പോൾ അവളോട് ശത്രുത കാണിക്കാതെ അവളെ ബലം പ്രയോഗിച്ച് കീഴ്പ്പെടുത്താൻ ശ്രമിക്കാതെ അവളുടെ ഇഷ്ടമനുസരിച്ച് ജീവിക്കാൻ വേണ്ടി ,ഭാര്യയുടെ പഴയ കാമുകനോടൊപ്പം പോകാൻ അനുവദിച്ച ആ മനുഷ്യനോടൊപ്പം ജീവിക്കാനാണ് എനിക്കിഷ്ടം

അവൾ കിതപ്പോടെ പറഞ്ഞപ്പോൾ തൻ്റെ കൈയ്യിലിരുന്ന ഫയൽ അടുത്തിരുന്ന ടീ പോയിലേക്കിട്ടിട്ട് അയാൾ കുനിഞ്ഞ ശിരസ്സോടെ താഴേയ്ക്കിറങ്ങി പോയി.

ഇതൊന്നുമറിയാതെ, അടുത്ത പെഗ്ഗും വെള്ളം ചേർക്കാതെ വായിലേക്ക് കമഴ്ത്തുന്ന ഹർഷൻ്റെയടുത്തേയ്ക്ക് ,ആർദ്രമായ മനസ്സോടെ ഇന്ദ്രാണി നടന്ന് ചെന്നു.