ഇക്കാ… ഇക്കാ .. ബലാല് ന്നെ കുലുക്കി വിളിക്കുന്നത് കേട്ട് വല്ല കള്ളനും വന്നോ എന്ന് കരുതി ഞെട്ടി എണീറ്റപ്പോൾ കുരിപ്പ് ചോയ്ക്കാ……

എഴുത്ത്:-സൽമാൻ സാലി

” ഇക്കാ .. ഇക്കോയ് … മ്മക്കൊരു യുട്യൂബ് ചാനൽ തുടങിയാലൊ …?

യാതൊരു വികാരവുമില്ലാതെ വെറും ഒച്ച മാത്രമുണ്ടാക്കി കറങ്ങുന്ന ഫാനിന്റെ ചോട്ടിൽ കിടന്ന് ഒരു വിധം ഉറക്കം പിടിച്ചു വരുമ്പോളാണ് ഓള് യുട്യൂബ് ചാനലുമായി വന്നത് …

” അല്ല ഷാഹിയെ ഇപ്പൊ തന്നെ തുടങ്ങാനോ നിന്റെ ചാനല് .. നാളെ നേരം വെളുത്തിട്ട് പോരെ …

കണ്ണ് തുരക്കതെ ഓൾക്കുള്ള മറുപടി കൊടുത്തു ഞാൻ വീണ്ടും മയക്കത്തിലേക്ക് പോയി ..

””ഹും .. അല്ലേലും ഞാൻ എന്തേലും പറഞ്ഞാൽ ഇങ്ങക്ക് പുച്ഛമാണല്ലോ .. സാരല്ല ഞാൻ ചാനല് തുടങ്ങി 1 മില്യൻ സബ്സ്ക്രൈബർ ആവുമ്പോള് ഇങ്ങള് വാ കേട്ടോ അപ്പൊ കാണിച്ചുതരാ …

പിന്നേം ഓള് ന്തൊക്കെയൊ പറഞ്ഞോണ്ടിരുന്നു …ഞാൻ നല്ല ഉറക്കവുമായി ..

” ഇക്കാ… ഇക്കാ .. ബലാല് ന്നെ കുലുക്കി വിളിക്കുന്നത് കേട്ട് വല്ല കള്ളനും വന്നോ എന്ന് കരുതി ഞെട്ടി എണീറ്റപ്പോൾ കുരിപ്പ് ചോയ്ക്കാ മ്മള് ചാനലിന് ന്താ പേരിടുവാ ന്ന് ..

” ആന്റമ്മയീന്റെ മോതിരക്കല്ല് ന്ന് ഇട്ടോ .. ആ സമയത്ത് ന്റെ വായിൽ വന്നത് അങ്ങിനെ ആണ് ..

” എന്റെ ആക്കണ്ട ഇങ്ങളെ അമ്മയീന്റെ ചീന ചട്ടി ന്നാക്കിക്കൊ .. ഓളും വിട്ട് തരാൻ ഭാവമില്ല ..

” പിന്നേയ് ‘ഷാഹീസ് കിച്ചൺ ‘ അല്ലെങ്കിൽ ””ഷഹീസ് വേൾഡ് ‘ ഇതിലേതാ നല്ലത് ..

വല്ല കൊതുക് ആണ് ഉറക്കം കളഞ്ഞതെങ്കിൽ തല്ലിക്കൊല്ലമായിരുന്നു ഇതിപ്പോ ഈ കുരിപ്പ് ആണല്ലോ തല്ലി കൊല്ലാനും പറ്റൂല ..

” അല്ല ഷാഹിയെ ആ അടുക്കള തന്നെ അല്ലെ നിന്റെ ലോകം ഇനി എന്തിനാ രണ്ട് പേര് ഇയ്യ്‌ ഏതേലും ഒന്ന് ഉറപ്പിച്ചോ ..

” എന്നാല് ഇങ്ങള് ഇതിൽ ഏതെങ്കിലും ഒന്ന് തൊട്ടേ എന്നും പറഞ്ഞു കണ്ണടച്ച് രണ്ട് വിരലുകൾ എന്റെ മുന്നിലേക്ക് നീട്ടി .. അതിൽ ചൂണ്ട് വിരൽ ഞാൻ തൊട്ടപ്പോൾ ഓള് പറയുവാ ‘ഷാഹീസ് വേൾഡ് ‘ എന്ന് പേര് ഉറപ്പിച്ചു ട്ടാ ….

പിറ്റേ ദിവസം രാവിലെ എണീറ്റ് അടുക്കളയിൽ ചെന്നപ്പോൾ ഓള് ഭയങ്കര തിരക്കിട്ട ജോലിയിൽ ആണ് . അലമാരയിൽ ഉള്ള മസാലപൊടിയുടെ ബോട്ടിലുകൾ എല്ലാം പുറത്തിട്ടിട്ടുണ്ട് സ്റ്റോർ റൂമിൽ കിടന്ന പാത്രങ്ങളെല്ലാം കഴുകി ഉണങ്ങാനിട്ടിരിക്കുന്നു .. മേശപ്പുറത്ത് ഒരു കുറ്റി പുട്ടും കടല കറിയും എന്നെ നോക്കി ഇരിപ്പുണ്ട് ..

എനിക്കാണേൽ പുട്ടുമായി ആജന്മശത്രുതയാണ് വേറൊന്നുംകൊണ്ടല്ല പുട്ട് തിന്നാൽ അപ്പൊ എനിക്ക് ബാത്‌റൂമിൽ പോണം .. എന്നാലും ആഴ്ചയിൽ രണ്ട് ദിവസം പുട്ട് ആയിരിക്കും പ്രഭാതത്തിൽ എന്നെ വരവേൽക്കുന്നത് …

ഫുഡ് കഴിഞ്ഞു ബാത്രൂം സന്ദർശനം അവസാനിപ്പിച്ചു ഇറങ്ങി വരുമ്പോൾ ഷാഹി മുന്നിൽ ..

” ഇക്കാ നമുക്ക് സൂപ്പർമാർക്കറ്റിൽ ഒന്ന് പോണം കുറച്ചു സാധനം വാങ്ങിക്കാനുണ്ട് ..

ന്തെലും വീട്ട് സാധനം വാങ്ങിക്കാനാവും എന്ന് കരുതി ഓളേം കൂട്ടി ഞാൻ സൂപ്പർമാർക്കറ്റിലേക്ക് പോയി .. ഫുഡ് സെക്ഷൻ കടന്നു ഓള് നേരെ വീട്ട് സാധനങ്ങൾ ഉള്ള ഏരിയയിലേക്ക് പോയപ്പോൾ തന്നെ എനിക്ക് ഒരു പന്തികേട് മണത്തതാണ് ..

ഒന്നര മണിക്കൂർ കൊണ്ട് പുതിയ പ്‌ളേറ്റ് ഗ്ലാസ് മസാലപ്പൊടികൾ ഇട്ടുവെക്കാൻ ആറ്‌ കള്ളികൾ ഉള്ള ഒരു ബോക്സ് പുതിയ ഫ്രൈപാൻ അങ്ങിനെ ഒരു അടുക്കളയിൽ വേണ്ട സധങലെല്ലം പുതിയത് വാങ്ങിക്കൊണ്ടാണ് ഓൾടെ വരവ് ..

ഒറ്റയടിക്ക് എട്ടായിരത്തിമുന്നൂറ്റിനാല്പത്തിഏഴ് രൂപ എഴുപത്തിയഞ്ച് പൈസയുടെ ബില്ല് കയ്യിൽ വെച്ച് തന്ന് ഓള് ട്രോളിയും തള്ളി വണ്ടിയിലേക്ക് പോയി ..

ബില്ലും കയ്യിൽ പിടിച് അന്തംവിട്ട് നിൽക്കുന്ന എന്നെ നോക്കി കൗണ്ടറിലുള്ള പയ്യൻ ചോദിക്കുവാ പുതിയ യുട്യൂബ് ചാനൽ തുടങ്ങുന്നുണ്ടോ എന്ന് ..

ഓന്റെ ചോദ്യം കേട്ട് പിന്നേം അന്തം വിട്ട് നിൽക്കുമ്പോൾ ഓൻ പറയുവാ ഇതിപ്പോ സ്ഥിരം കാഴ്ച്ചയാണ് ചാനൽ തുടങ്ങാനായി പുതിയ സാധങ്ങൾ വാങ്ങി ആളുകൾ പോകുന്നത് എന്ന് ..

എന്നെപോലെ പണികിട്ടിയ ഭർത്താക്കന്മാരെ സ്മരിച്ചുകൊണ്ട് ബില്ലുമടച് ദേഷ്യത്തിൽ വണ്ടിയിൽ കയറിയ എന്നെ കണ്ടതും ഓള് പറയുവാ ഇങ്ങള് ബേജാറാവണ്ട യൂറ്റിയൂബിന്ന് പൈസ കിട്ടിയാൽ അന്ന് നിങ്ങടെ കടം ഞാൻ വീട്ടും എന്ന് …

വീട്ടിലെത്തി ചാനലും തുടങ്ങി ഓൾടെ സ്‌പെഷ്യൽ മീൻ ബിരിയാണി ഉണ്ടാക്കി ചാനലിൽ ഇട്ട് ഓള് ഫോണുമായി ഉമ്മറത്തിരിപ്പായി ..

അന്ന് വരെ ഒരു മെസ്സേജ് പോലും അയക്കാത്ത അവളുടെ വാട്സ്ആപ്പിൽ ഉള്ള സകല ആൾക്കാർക്കും ലിങ്ക് അയച്ചു കൊടുത്ത സബ്‌സ്‌ക്രൈബും ചെയ്യിച്ചു ബെല്ലുമടിപിച്ചു കഴിഞ്ഞപ്പോൾ ഓള് ന്റെ ഫോൺ വാങ്ങി അതിലെയും എല്ലാ ആൾക്കാർക്കും ലിങ്ക് അയച്ചു സബ്ര്ക്രൈബ് ചെയ്യിക്കാൻ തുടങ്ങി …

അങ്ങിനെ ഒറ്റ ദിവസം കൊണ്ട് നൂറ്റിഅറുപത്തിമൂന്ന് സബ്സ്ക്രൈബരും ഇരുനൂറ് വ്യൂവേഴ്‌സും ആയപ്പോൾ ഓൾക്ക് സന്തോഷമായി ..

” ഇക്കാ ഇങ്ങള് കണ്ടോ ഒരു മാസം കൊണ്ട് ഞാൻ പതിനായിരം സബ്സ്ക്രൈബർ ആക്കിയിരിക്കും .. എന്നിട്ട് വേണം എനിക്ക് നിങ്ങളുടെ കടം വീട്ടിയിട്ട് ഒന്ന് അടിച്ചുപൊളിക്കാൻ ..

ഇപ്പൊ ചാനൽ തുടങ്ങിയിട്ട് ഒന്നര വര്ഷം കഴിഞ്ഞു ഇരുനൂറ്റിയൊന്ന് സബ്സ്ക്രൈബരും മുന്നൂറ് വ്യൂവേഴ്‌സും ആയി കട്ടപുറത്തായ ksrtc ബസ്സ്‌ പോലെ ഓൾടെ മീൻ ബിരിയാണി യുട്യൂബില് അനാഥമായി കിടക്കുന്നു ..

എന്നാലും എന്റെ എട്ടായിരത്തിമുന്നൂറ്റിനാല്പത്തിഏഴ് രൂപ ..

കേരളത്തിലെ ഓരോ ആൾക്കാരുടെയും സ്വപ്നമാണ് ഇപ്പൊ സ്വന്തമായി ഒരു യുട്യൂബ് ചാനൽ ഉണ്ടാക്കുക എന്നിട്ട് അവിടെ ഇവിടെ കറങ്ങി നടന്നു ഫുഡ് കഴിചും കാഴ്ചകൾ കണ്ടും വിഡിയോ ഇട്ട് പൈസ ഉണ്ടാക്കുക എന്ന് ..

ചേലോർക്ക് ശരിയാവും ചേലോർക്ക് ശരിയാവൂല .. ന്നാലും ഞമ്മക്ക് ബെസമൊന്നും ഇല്ലാ ..

nb: ഷാഹിയുടെ യുട്യൂബ് ചാനൽ ലിങ്ക് കമന്റ് ബോക്സിൽ കൊടുക്കുന്നതായിരിക്കില്ല