ആര്യ..ഞാൻ സമ്മതിച്ചാൽ തന്നെ ആര്യടെ വീട്ടുകാർ ഇങ്ങനെ ഒരു റിലേഷൻ സമ്മതിക്കുമെന്നു തോന്നുന്നുണ്ടോ…….

Story written by Nitya Dilshe

ട്രെയിനിലെ തിരക്കേറിയ കംപാർട്മെന്റുകളിലൊന്നിൽ നാരായണന്റെ തോളിലേക്കു തലചായ്ച്ചിരിക്കുമ്പോഴും എതിർവശത്തെ സീറ്റിലിരിക്കുന്ന അമ്മയും കുഞ്ഞിലുമായിരുന്നു എന്റെ കണ്ണുകൾ…മുലപ്പാലിനു വേണ്ടി ചെറിയ വാശിയിയിൽ തുടങ്ങിയ അവന്റെ കരച്ചിൽ ഇപ്പോൾ ഉച്ചത്തിലായിരിക്കുന്നു..അവരുടെ ബാഗിനുള്ളിലെ ബിസ്ക്കറ്റിനും കുപ്പിപ്പാലിനും അവന്റെ വാശിയെ ശമിപ്പിക്കാനായില്ല…..

കരച്ചിൽ കൂടിയതോടെ ആ അമ്മയുടെ മുഖത്ത് വേവലാതി കണ്ടു..പിന്നെ ചുറ്റുമുള്ളതൊന്നും വക വെക്കാതെ മാറിൽ കിടന്ന സാരിയല്പം താഴ്ത്തി കുഞ്ഞിനെ അതിനുള്ളിലാക്കി…പാൽ കിട്ടി അവൻ ശാന്തനായപ്പോൾ അമ്മയുടെ മുഖത്തും ആശ്വാസം കണ്ടു..

ഷർട്ടിൽ നനവ് പടർന്നപ്പോൾ നാരായണൻ വായിച്ചുകൊണ്ടിരുന്ന പുസ്തകം അടച്ചുവെച്ച്‌, തലയല്പം ചെരിച്ചു തോളിൽ ചാരിയിരിക്കുന്ന അവളെ ശാസനയോടെ നോക്കി..ശേഷം .പോക്കെറ്റിൽ നിന്നും കർചീഫ്‌ എടുത്ത് അവളുടെ കണ്ണും മുഖവും തുടച്ചു കൊടുത്തു….

“ഇനിയും രണ്ടു മണിക്കൂർ കൂടിയുണ്ട് യാത്ര…. ഉറങ്ങിക്കോളൂ..” ആ അമ്മ കുഞ്ഞിനെ ഉറക്കുന്നത് പോലെ അവനും അവളുടെ തോളിൽ തട്ടിക്കൊണ്ടിരുന്നു…പുസ്‌തകത്തിലായിരുന്നു കണ്ണെങ്കിലും കുഞ്ഞിന്റെ കരച്ചിൽ ഉയർന്ന സമയത്ത്‌ അവൻ അവളെ ഒന്നുകൂടി ചേർത്തുപിടിച്ചിരുന്നു..

—————————

ആദ്യമായ് കോളേജിൽ ചെന്ന ദിവസം കുട്ടികൾ ആരാധനയോടെ പറഞ്ഞു കേട്ട പേര്..നാരായണൻ.. ചെയർമാൻ.. എതിരില്ലാതെ ജയിച്ച സ്ഥാനാർത്ഥി. കേട്ടപ്പോൾ ഏതു നേരവും നാരായണ ജപവുമായ് നടക്കുന്ന മുത്തശ്ശി യെയാണ് ഓർമ വന്നത്…ഒരിക്കൽ നേരിട്ടു കണ്ടു..കുറച്ചു ചെറുപ്പക്കാരുടെ കൂടെ തലയെടുപ്പോടെ പോകുന്ന നേതാവിനെ..ആളുടെ തീപ്പൊരി പ്രസംഗം കേൾക്കാൻ കുട്ടികൾക്കൊപ്പം അദ്ധ്യാപകർക്കും ആവേശമായിരുന്നു..

പതിയെ തോന്നിയ ആരാധന..പിന്നെ എപ്പോഴോ എനിക്കും തോന്നി അങ്ങേരോട് പ്രണയം…എന്റെ പിന്നാലെ പ്രണയം പറഞ്ഞു നടക്കുന്ന ചെക്കന്മാരെ കണ്ടപ്പോൾ ഒരു ചെയർമാനെ പ്രണയിക്കാനുള്ള യോഗ്യതയൊക്കെ എനിക്കും ഉണ്ടെന്നു തോന്നി.. പ്രണയം മനസ്സിൽ വല്ലാതെ വിങ്ങിയപ്പോൾ നേരിട്ടു പോയി പറഞ്ഞു…

“രണ്ടുദിവസത്തിനുള്ളിൽ എനിക്കൊരു മറുപടി തരണം ” ഗൗരവത്തോടെ അതും കൂടി പറഞ്ഞപ്പോൾ എല്ലാറ്റിന്റെയും കിളികൾ പറന്നു പോയെന്നു മനസ്സിലായി..അവർ എന്നെ അന്യഗ്രഹജീവിയെ‌പ്പോലെ തുറിച്ചു നോക്കി..

രണ്ടു ദിവസം പോയി.,രണ്ടുമാസം കഴിഞ്ഞിട്ടാണ് പിന്നീട്‌ ആളെ ഒന്നു കണ്ടത്…ആവശ്യം എന്റേതായോണ്ട് വീണ്ടും ചെന്നു…എന്റെ മുൻവരവ് ഓർമയിൽ ഉള്ളത് കൊണ്ടാവും ഒപ്പമുള്ളവരോടു എന്തോ പറഞ്ഞൂ ധൃതിയിൽ അടുത്തേക്ക് വന്നു..

“നോക്കു….” എന്നു പറഞ്ഞു നിർത്തി..മുഖഭാവം കണ്ടപ്പോൾ ബാക്കി ഞാൻ പറഞ്ഞൂ…”ആര്യ…”

“ആഹ്..ആര്യ…എനിക്കിതിനൊന്നും ഒട്ടും താൽപര്യമില്ല.. സമയവുമില്ല…നിങ്ങൾ സുന്ദരിയാണല്ലോ… നിങ്ങൾക്ക് പറ്റിയ ഒരാളെ നോക്കു..എന്നെ വിട്ടേക്ക്..” പറഞ്ഞതും ആൾ തിരിഞ്ഞു നടന്നു… ഇത് തന്നെയാവും മറുപടി എന്നറിയാവുന്നത് കൊണ്ട് വിഷമമില്ലായിരുന്നു…

“അതേ..നിങ്ങൾ എന്നെ സ്നേഹിക്കേണ്ട…എനിക്ക് നിങ്ങളെ സ്നേഹിക്കാലോ…” ഞാൻ ഉറക്കെ ചോദിച്ചു..ഇതെന്ത് ജീവി എന്ന മട്ടിൽ എന്നെ ഒന്ന് തറപ്പിച്ചു നോക്കി നടന്നു പോയി…

പിന്നീട് അങ്ങേരെ കാണുമ്പോഴൊക്കെ ഇടിച്ചു കയറി എനിക്ക് പറയാനുള്ളതൊക്കെ അങ്ങു പറയും…മറ്റുള്ളവർ കേൾക്കുന്നതിൽ പുള്ളിക്ക് നാണക്കേടുള്ളത് കൊണ്ടാവും എന്റെ നിൽപ് കാണുമ്പോഴേ അടുത്തു വരും….പറയാനുള്ളത് റെക്കോർഡ് ചെയ്തുവച്ച പോലെയാണ്..

“”ആര്യ.. ഞാനിപ്പോൾ കുറച്ചുതിരക്കിലാണി..നമുക്ക് പിന്നീട് സംസാരിക്കാം…””

ഞാൻ അങ്ങേർക്കു വല്ലാത്തൊരു ശല്യമായ് മാറുകയായിയുന്നു…എന്നെ കാണുമ്പോഴേ ആൾടെ ഒപ്പമുള്ളവർ അമർത്തി ചിരിക്കുന്നത് കാണാം…കോളേജിൽ എല്ലാവരും അറിഞ്ഞു തുടങ്ങി…

ഒരിക്കൽ എന്നെ തന്നെ ഞെട്ടിച്ചു കൊണ്ട് ഞാൻ വിളിക്കാതെ അടുത്തേക്ക് വന്നു..

“ആര്യ..ഞാൻ സമ്മതിച്ചാൽ തന്നെ ആര്യടെ വീട്ടുകാർ ഇങ്ങനെ ഒരു റിലേഷൻ സമ്മതിക്കുമെന്നു തോന്നുന്നുണ്ടോ ??”‘

ചോദ്യത്തിലെ കുനുഷ്ട് മനസ്സിലായെങ്കിലും “ഇല്ല..’”എന്ന് മറുപടി പറയാൻ ഒട്ടും ആലോചിക്കേണ്ടി വന്നില്ല..ഞാൻ ആളെക്കാൾ സാമ്പത്തികമായും ജാതിയിലും ഉയർന്നതാണെന്നു ഇതിനകം മനസ്സിലാക്കികഴിഞ്ഞിരുന്നു….

“പിന്നെ എന്തിനാ കുട്ടി..??””..എന്ന് കണ്ണു ചുരുക്കി ചോദിച്ചു..

“അതിനല്ലേ രജിസ്റ്റർ ഓഫീസ്..തീയതി പറഞ്ഞാൽ മതി..ഞാൻ അവിടെ എത്തും….” തീർത്തും നിഷ്കളങ്കമായിരുന്നു എന്റെ ഉത്തരം..ആൾ കണ്ണ്‌ തുറിച്ചു എന്നെയൊന്നു നോക്കി, ..ഇതൊക്കെ ഇവിടെ നിന്നു വരുന്നു എന്ന് മുഖം വിളിച്ചു പറയുന്നുണ്ട്…

മൂന്നു വർഷം പെട്ടെന്ന് കടന്നുപോയി..ആൾ അപ്പോഴേക്കും PG കഴിഞ്ഞിരുന്നു.. ഞാൻ ഡിഗ്രിയും…

PG ക്കു ഞാൻ വീണ്ടും അതേ കോളേജിൽ തന്നെ തുടർന്നു.. ആളെ രക്ഷപ്പെടാൻ അനുവദിച്ചില്ല… ഫോണിൽ ശല്യം തുടങ്ങി എന്നു മാത്രം…വൈകാതെ തന്നെ ആൾക്ക് ജോലി കിട്ടിയെന്നറിഞ്ഞു…ഒന്നുരണ്ടു തവണ നമ്പർ മാറ്റിയെങ്കിലും അത് കണ്ടുപിടിക്കൽ എനിക്ക് വലിയ ബുദ്ധിമുട്ടായി തോന്നിയില്ല..ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ എപ്പോഴും നമ്പർ മാറ്റുന്നത് ആൾക്ക് ബുദ്ധിമുട്ടായിരുന്നു..

എന്നും രാവിലെയും വൈകീട്ടും മരുന്നു പോലെ എന്റെ വിളി മുടക്കിയില്ല…ഫോൺ എടുത്തില്ലെങ്കിൽ നേരിട്ടു വരുമെന്നു ഭീഷണിയും മുഴക്കി…അതേറ്റു.. എത്ര തിരക്കിലാണെങ്കിലും എടുക്കും..പഴയ റെക്കോർഡ് ഡയലോഗ് തന്നെ…
.””തിരക്കിലാണി..പിന്നെ വിളിക്കാം..”” ഒരിക്കലും തിരിച്ചെന്നെ വിളിക്കില്ലെന്ന് അറിയാമായിരുന്നു..

PG കഴിഞ്ഞു PSC കോച്ചിങ്ങിനിടയിലാണ് അമ്മക്കൊപ്പം അമ്മയെ കാണിക്കാൻ ഹോസ്പിറ്റലിൽ എത്തിയത്… പരിചയമുള്ള ഡോക്ടർ ആയതുകൊണ്ട് എന്റെ ഇടത് ബ്രെസ്റ്റിൽ കണ്ട നിസ്സാര തടിപ്പിനെ പറ്റി പറഞ്ഞു..പിന്നെ ടെസ്റ്റ്കളായി…അവസാനം വിധിയെത്തി….ബ്രെസ്റ്റ് കാൻസർ..

കേട്ടതും വല്ലാത്തൊരു മരവിപ്പായിരുന്നു… ഫോൺ സ്വിച്ച് ഓഫ് ചെയ്ത് വച്ചു….പതിയെ ആ സത്യത്തെ അംഗീകരിക്കാൻ തയ്യാറായി…എന്റെ ആശകളുടെയും സ്വപ്നങ്ങളുടെയും കൂടി വിധിയാണ് അതെന്നു തോന്നി..

ബ്രെസ്റ്റ് റിമൂവ് ചെയ്യാൻ തീരുമാനമായി..സർജറി ഡേറ്റ് ഫിക്സ് ചെയ്തപ്പോൾ ഒന്നേ ചോദിക്കാനുണ്ടായിരുന്നുള്ളൂ..

“ഡോക്ടർ.. ഈ സർജറി ചെയ്തില്ലെങ്കിൽ എത്ര നാൾ ഞാൻ ജീവിച്ചിരിക്കും..??”

“ഈ പ്രായത്തിൽ ഒരു മോൾ എനിക്കുമുണ്ട്…ധൈര്യമായി ഇരിക്കു..ഈ സർജറി കഴിഞ്ഞാൽ പ്ലാസ്റ്റിക് സർജറി ചെയ്ത് പഴയപോലെ ആവാം..”” ഡോക്ടർ തലയിൽ തലോടി….

“പക്ഷെ…എനിക്കുണ്ടാകുന്ന കുഞ്ഞുങ്ങൾക്ക് മതിയാവോളം പാൽ കൊടുക്കാൻ കഴിയില്ലല്ലോ.. …” എത്ര അടക്കിയിട്ടും എന്റെ ശബ്ദം ഇടറിയിരുന്നു…

സർജറിയുടെ തലേന്നു വാതിൽക്കൽ പരിചയമുള്ളൊരു മുഖം ….നാരായണൻ…

“നിന്റെ ഫോൺ സ്വിച്ച്ഡ് ഓഫ് ആണല്ലോ..” അടുത്തേക്ക് വന്നതും ചോദിച്ചു..കേട്ടത് വിശ്വാസം വരാതെ ആ മുഖത്തേക്ക് നോക്കി…ഹൃദയമിടിപ്പ് വല്ലാതുയർന്നു…ഒരായിരം വസന്തം ഒരുമിച്ച് മനസ്സിലേക്കോടിയെത്തിയ പോലെ…പക്ഷെ അതിന്റെ ആയുസ്സു ഒരു നിമിഷമേ ഉണ്ടായിരുന്നുള്ളു..

“ഇത് നാരായണൻ..എന്റെ ഫ്രണ്ടാണ്..” ആൾക്കല്ല ആകാംക്ഷയോടെ നോക്കിയ മറ്റുമുഖങ്ങൾക്കാണ് മറുപടി കൊടുത്തത്..ആളും അപ്പോഴാണ് റൂമിലുള്ള അച്ഛനുമമ്മയെയും ചേട്ടന്മാരെയും ശ്രദ്ധിച്ചത്..

ചേട്ടന്മാർക്കൊപ്പം പുറത്തു പോയി സംസാരിക്കുന്നത് കണ്ടു…കുറച്ചു കഴിഞ്ഞു അച്ഛനുമമ്മയും പുറത്തു പോകുന്നത് കണ്ടു..ഈശ്വരാ..ഞാൻ അങ്ങേരെ ബുദ്ധിമിട്ടിച്ചത് മുഴുവൻ പറയാനാകുമോ…ഒരു പേടി മനസ്സിൽവന്നു….കുറച്ച് നിമിഷം മുന്പു കിട്ടിയ സുഖം ഒറ്റയടിക്ക് പോയിക്കിട്ടി..

തിരിച്ചു റൂമിൽ വന്നപ്പോൾ .എല്ലാ മുഖങ്ങളിലേക്കും ഞാനൊന്നു പാളിനോക്കി… ഇല്ല..ദേഷ്യമൊന്നും കാണാനില്ല..ആൾ ചിരിച്ചു കൊണ്ട് അടുത്തേക്ക് വന്നു…കുറ്റബോധം തോന്നി..എല്ലാറ്റിനും മാപ്പു പറയണം….ഇനി ശല്യപ്പെടുത്തില്ലെന്നു പറയണം…പറയാനായി മുഖമുയർത്തിയപ്പോഴേക്കും കഴുത്തിലൊരു മഞ്ഞച്ചരട് വീണിരുന്നു…

ബെഡിലിരിക്കുന്ന എന്റെ മുഖത്തോടു ചേർന്ന് ഞാനേറെ ആഗ്രഹിച്ച ആ ഹൃദയം…. കെട്ടുമുറുക്കുന്നതിനിടയിൽ ആ ശബ്ദവും ശ്വാസവും എന്റെ കാതിനരികിൽ….

“”ഇപ്പോൾ നടന്നില്ലെങ്കിൽ ഇനിയൊരിക്കലും നീയിതിനു നിന്നു തരില്ല…വീട്ടുകാർ സമ്മതം തന്നു കഴിഞ്ഞു…””

പറയുന്നതൊന്നും വ്യക്തമായ് ഞാൻ കേട്ടിരുന്നില്ല.. മറ്റേതോ ലോകത്തായിരുന്നു…കണ്ണുകൾ നിറഞ്ഞുതൂവുന്നതറിഞ്ഞു…

സർജറിക്കു പോകുന്നതിനു മുൻപ് ആഭരങ്ങൾ എല്ലാം അഴിച്ചു….കൂട്ടത്തിൽ എന്റെ പ്രിയപ്പെട്ട താലിയും… അത് ആൾടെ കൈയ്യിൽ തന്നെ കൊടുത്തു..

“”ദയയുടെ പുറത്ത് എനിക്കായ് നൽകിയ ജീവിതം….ഒരിക്കൽ ആഗ്രഹിച്ചിരുന്നു..അത് സന്തോഷത്തോടെ തന്നെ തിരിച്ചു തരുന്നു…..അടുത്ത ജന്മം എനിക്കായ്‌ തന്നാൽ മതി …സർജറി കോംപ്ലിക്കേറ്റഡ്‌ അല്ല എന്ന് പറയുന്നു..എങ്കിലും ദൈവം കൂടി വിചാരിക്കണമല്ലോ…ഇത്തവണ എന്റെ കൂടെ നിൽക്കണേ എന്നാണ് പ്രാർത്ഥന..””പറയുമ്പോൾ ഒരിക്കൽ പോലും എന്റെ ശബ്ദം ഇടറിയില്ല…കണ്ണുകൾ നിറഞ്ഞില്ല..മനസ്സും ശാന്തം…

“”പറഞ്ഞു കഴിഞ്ഞോ…”” ആ മുഖവും ശാന്തമായിരുന്നു..””ഒരിക്കൽ പോലും ഞാൻ നിന്നോട് പ്രണയമാണെന്നു പറഞ്ഞിട്ടില്ല…കഴിഞ്ഞ കുറച്ചു നാളുകളായി ഈ വിളി നിന്നപ്പോൾ മനസ്സിലായിരുന്നു..ഞാനും ഇത് ഒരുപാട് ആഗ്രഹിച്ചിക്കുന്നുണ്ടെന്ന്.. അതിനുമുന്പേ തീരുമാനിച്ചിരുന്നു…എന്റെ താലി..അതീ കഴുത്തിലെ ഉണ്ടാകു എന്ന്‌….ഞാനിവിടെ കാത്തിരിക്കുമ്പോൾ നിനക്കു തിരിച്ചു വരാതിരിക്കാനാവില്ല പെണ്ണേ…””


“”എണീക്കു…അടുത്ത സ്റ്റേഷൻ നമ്മുടെയാട്ടോ…”” ആൾ എന്റെ കവിളിൽ തട്ടി…പതിയെ കണ്ണു തുറന്നു..മുൻപ് ഞാൻ കരഞ്ഞു കണ്ടപ്പോൾ ദുഃഖപുത്രി എന്നു വിചാരിച്ചു കാണും..അല്ലാട്ടോ….ഇടക്ക് ഞാൻ ഇങ്ങനെ ഒന്നു തളരും..അപ്പോഴൊക്കെ താങ്ങായ് ആൾ ഒപ്പമുണ്ടാവും…അങ്ങനെയൊന്ന് ചേർത്തു പിടിച്ചാൽ മതി..ആ പഴയ ഞാൻ ആവാൻ…ഇങ്ങനെ ഒരാൾ ഉണ്ടാവുമ്പോൾ എനിക്ക് തിരിച്ചു വരാതിരിക്കാനാവില്ലല്ലോ….