അവൻ നെഞ്ച് പൊട്ടി മരിച്ചതാകും എന്നത് പക്ഷെ എനിക്ക് മാത്രം അറിയാവുന്ന സത്യമായിരുന്നു…..

എഴുത്ത്:-സൽമാൻ സാലി

“”രാവിലെ ഡ്യൂട്ടിക്ക് പോകാൻ സമയമായിട്ടും എഴുന്നേൽക്കാതെ പോത്തിനെ പ്പോലെ ഉറങ്ങുന്ന വിനോദിന്റെ അടുത്ത് പോയി വിളിച്ചു നോക്കി… പക്ഷെ അനക്കമില്ലായിരുന്നു.. പുതപ്പ് മാറ്റി ഒന്നൂടെ വിളിച്ചു നോക്കി.. പക്ഷെ യാതൊരു പ്രതികരണവും ഇല്ല….

ചെരിഞ്ഞു കിടന്നുറങ്ങുന്ന അവനെ ഉണർത്താനായി ഞാൻ കൈ പിടിച്ചു ഉയർത്തി നോക്കി.. തണുത്ത് മരവിച്ച അവന്റെ ശരീരം ഒന്നനങ്ങിയത് മാത്രം….

അൽപനേരം കൊണ്ട് റൂം നിറയെ ആളുകൾ വന്നു പോലീസും ആംബുലൻസും ഒക്കെയായി ബഹളം.. ഞാൻ എന്തോ അപരാതം ചെയ്തത് പോലെ ചിലർ സംശയത്തോടെ എന്നേ നോക്കുന്നു….

പോസ്റ്റ്മോർട്ടം റിപ്പോര്ട്ട് വന്നു.. അറ്റാക്ക് ആയിരുന്നു.. എന്നും ടെനീസ് കളിച്ചു നല്ല ആരോഗ്യത്തോടെ നിൽക്കുന്ന അവന് അറ്റാക്ക് വന്നു എന്ന് കേട്ടത് പലർക്കും വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല…അവൻ നെഞ്ച് പൊട്ടി മരിച്ചതാകും എന്നത് പക്ഷെ എനിക്ക് മാത്രം അറിയാവുന്ന സത്യമായിരുന്നു…..

തലേദിവസം രാത്രി….

“”ഡാ വിനു… എന്താടാ മൈ….. മുഖത്ത് ഒരു വിഷമം… വല്ലോം കഴിച്ചോ നീ…

“”ഒന്നൂല്ലേടാ… എനിക്ക് വിശപ്പില്ല നീ കഴിച്ചോ..

“”ഡാ കോപ്പേ എന്തേലും ടെൻഷൻ ഉണ്ടേൽ പറ വെറുതെ മനുഷ്യനെ വട്ട് കളിപ്പിക്കരുത് നമുക്ക് ശരിയാക്കാം…!

“”ഇത് നമ്മൾ വിചാരിച്ചാൽ ശരിയാവില്ലേടാ.. ഇത് എന്റെ വിധി ഇങ്ങനെ ആണ്.. സാരമില്ല ഞാൻ ഒന്നുറങ്ങട്ടെ…!!

“”ഓഹോ.. അതാണ് കാര്യം.. അവർ വീണ്ടും തുടങ്ങി അല്ലെ…? “സാരമില്ലെടാ നീ ഒന്ന് നാട്ടിൽ പോയി എല്ലാം ഒന്ന് പറഞ്ഞു മനസിലാക്കിയാൽ തീരാവുന്ന പ്രശ്നങ്ങളെ ഉള്ളൂ.. എല്ലാം ശരിയാകും.. ഞാൻ പറഞ്ഞു നിർത്തി.. വിനോദ്.. ഞാൻ വിനുന്ന് വിളിക്കും ഞങ്ങൾ ഒരേ കമ്പനിയിൽ ജോലി ചെയ്യാൻ തുടങ്ങിയിട്ടി ആറ് വർഷം ആയിരിക്കുന്നു… ഒരേ റൂമിൽ ഒരുമിച്ച് സഹോദരങ്ങളെ പോലെ കഴിഞ്ഞവർ…

കല്യാണം കഴിഞ്ഞു അവൾക്ക് ആറ് മാസം ഉള്ളപ്പോൾ ഗൾഫിലേക്ക് വന്നതാണവൻ.. ഗൾഫിൽ വന്നു കുറച്ചു മാസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ അവന്റെ ജീവിതം ടെൻഷൻ നിറഞ്ഞതാണെന്ന് എനിക്ക് മനസിലായിരുന്നു… ആദ്യമൊക്കെ ഒന്നും പറഞ്ഞില്ലെങ്കിലും പിന്നീട് അവൻ മനസ്സ് തുറന്നു…

വീട്ടിൽ ഏക മകൻ രണ്ട് പെങ്ങന്മാരെ കെട്ടിച്ചു വിട്ടതിനു ശേഷമാണ് കല്യാണം കഴിച്ചത്.. പക്ഷെ അവന്റെ നിർഭാഗ്യം എന്ന് അവൻ പറയുന്നത് അവളും അമ്മയും ഒരിക്കലും ഒത്തുപോകുന്നില്ല എന്നതാണ്..

അവളേം കൂട്ടി എവിടെയെങ്കിലും പോകണം എന്ന് പറഞ്ഞാൽ അപ്പൊ മുതൽ മുഖം വീർപ്പിച് നടക്കുന്ന അമ്മ, അല്ലെങ്കിൽ പെട്ടന്ന് ക്ഷീണം വരും.. ഒന്നുമില്ലെങ്കിൽ അന്ന് മഴയായിരിക്കും.. അതുകൊണ്ട് അവളേം കൊണ്ട് സന്തോഷത്തിൽ ഒരിക്കൽ പോലും പുറത്ത് പോയിട്ടില്ല..

പെങ്ങന്മാർ വീട്ടിൽ വന്നാൽ അതും ഇതും കുറ്റം പറഞ്ഞു രാത്രി റൂമിൽ വന്നു കരയുന്ന അവളെ സമാധാനിപ്പിക്കാൻ അവനെക്കൊണ്ട് പറ്റാറില്ലായിരുന്നു എന്ന് അവൻ തന്നെ പറഞ്ഞിട്ടുണ്ട്…

ആദ്യമാദ്യം സങ്കടം പറച്ചിൽ മാത്രമായിരുന്ന അവൾ അമ്മയോട് തിരിച്ചു പറയാനും പ്രവർത്തിക്കാനും തുടങ്ങിയപ്പോളാണ് ശരിക്കും വിനുവിന്റെ ജീവിതം സങ്കടത്തിൽ ആയത്…

എന്നും അമ്മയെ വിളിച്ചാൽ ഭാര്യയുടെ കുറ്റം കേൾക്കണം അവളെ വിളിച്ചാൽ അമ്മയുടെ കുറ്റം കേൾക്കണം.. അതിനിടയിൽ ജോലിയിലെ ടെൻഷനും.. ഒരു മനുഷ്യന്റെ ജീവിതം മടുക്കാൻ ഇതിലും വലിയ കാരണം വേറെ വേണ്ടായിരുന്നു…

മകളെ ഓർത്തു മാത്രം ജീവിക്കുകയാണ് എന്നും പറഞ്ഞു അവൻ പല രാത്രികളും എന്റെ മുന്നിൽ കരഞ്ഞിട്ടുണ്ട്…

ഈയിടെ ആയിട്ട് അമ്മയും അവളും തമ്മിൽ തർക്കം കൂടുതൽ ആണ്.. എല്ലാത്തിലും കുറ്റം മാത്രം വിളിച്ചു പറയുന്ന അമ്മയോടൊപ്പം നിക്കാൻ പറ്റില്ല എന്നും പുതിയ ഒരു വീട്‌ വെച്ച് വേഗം താമസം മാരണമെന്നും ആയിരുന്നു അവളുടെ നിർദേശം…. ഒരു വശത്ത് അമ്മയെ തനിച്ചാക്കാനും പറ്റില്ല അവളെ വിടാനും പറ്റാത്ത അവസ്ഥ….

പാവം ഈ മാസം നാട്ടിൽ പോകാനിരുന്നതായിരിന്നു… നാട്ടിലെത്തിയാലും സമാധാനം കിട്ടില്ലല്ലോ എന്നോർത്ത് കിടന്നിട്ടുണ്ടാകും…

ഒന്നുറപ്പാണ് ചങ്ക് പൊട്ടി അവൻ മരിക്കുമ്പോൾ കണ്മുന്നിൽ തെളിഞ്ഞ അവന്റെ മകളുടെ മുഖം ഓർത്തിട്ടെങ്കിലും അവൻ ജീവിതത്തിലേക്ക് തിരിച്ചു വരാൻ ശ്രമിച്ചിട്ടുണ്ടാകും…

പ്രവാസത്തിലെ പല പ്രശ്നങ്ങളും നാട്ടിലുള്ളവരെ അറിയിക്കാതെ കഴിഞ്ഞു പോകുന്നവരാണ് പ്രവാസികൾ.. നാട്ടിലുള്ളവർ അവർ ഫോൺ ചെയ്യുമ്പോൾ എങ്കിലും മനസ്സിന് സന്തോഷം നൽകാൻ ശ്രമിക്കാം…